തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത.മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കും.ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഉത്സവങ്ങളും ആഘോങ്ങളും കുറയ്ക്കാന്‍ നിര്‍ദേശം നല്‍കും. കേരളത്തില്‍ ആറുപേര്‍ക്ക് കോവിഡ്19 ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കും കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
എസ്‌എസ്‌എല്‍സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. പതിമൂന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ ഒന്നിച്ച് നടത്തുന്നത്. ഉച്ചക്കുള്ള കനത്ത ചൂട് പരിഗണിച്ചുകൊണ്ട് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം എസ്‌എസ്‌എല്‍സി പരീക്ഷകള്‍ രാവിലെയാണ് നടത്തുന്നത്.രാവിലെ 9.45 മുതല്‍ 11.30 വരെ എസ്‌എസ്‌എല്‍സി പരീക്ഷകളും 12:30 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും നടക്കും.അതേസമയം കൊറോണവൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷകള്‍ നടത്തുന്നത്. കൊവിഡ് 19നെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് സേ പരീക്ഷകള്‍ നടത്തും.എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ രണ്ടിന് ആരംഭിച്ച് 23 ന് അവസാനിക്കും. നാല് മേഖലകളിലായി നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകളുടെ ആദ്യഘട്ടം ഏപ്രലില്‍ എട്ടിന് അവസാനിക്കും. മേയ് മാസം ആദ്യവാരം ഫലം പ്രഖ്യാപനമുണ്ടാകും. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകൾ ഏപ്രില്‍ ഒന്നിന് ആരംഭിക്കും.
കൊറോണ വൈറസ്;പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ യുവാവിനെ പിടികൂടി ആശുപത്രിയിലാക്കി; നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍
പത്തനംതിട്ട:പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരിക്കെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ യുവാവിനെ പിടികൂടി ആശുപത്രിയിലാക്കി. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കളക്ടര്‍ പിബി നൂഹ് പറഞ്ഞു.കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകരും അധികാരികളും നെട്ടോട്ടമോടുമ്പോൾ സഹകരിക്കാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവര്‍ക്ക് എതിരെ കര്‍ശ്ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ആശുപത്രിയിലെ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ ആശുപത്രിയില്‍ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയിൽ നിന്ന് ഒളിച്ചോടിയത്. വെച്ചൂച്ചിറ സ്വദേശിയായ ഇയാള്‍ ആശുപത്രി അധികൃതര്‍ അറിയാതെയാണ് മുങ്ങിയത് ആശുപത്രിയില്‍ നിന്ന് ആരോടും പറയാതെ ഒളിച്ചുകടന്ന ഇയാള്‍ ഇടപ്പെട്ടവരെയും നിരീക്ഷിക്കും. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ഉള്‍പ്പെടെ ബോധവത്കരണം നടത്തുമെന്നും കളക്ടര്‍ വിശദീകരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പർക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കുന്ന നടപടി ഇന്ന് പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇത്തരത്തില്‍ വീട്ട് നിരീക്ഷണത്തിലുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷ സംവിധാനം ഒരുക്കുന്നുണ്ട്.
കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി; പ്രദേശവാസികള്‍ ആശങ്കയില്‍
കോഴിക്കോട്:കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി.കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് സംഭവം.സംഭവമറിഞ്ഞ പ്രദേശവാസികൾ ആശങ്കയിലാണ്.സംഭവമറിഞ്ഞ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഇതോടെ ജനങ്ങളിൽ പരിഭ്രാന്തി വർദ്ധിച്ചിരിക്കുകയാണ്.വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് അധികൃതര്‍ ചത്ത വവ്വാലുകളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ഇവയെ ശാസ്ത്രീയ രീതിയില്‍ തന്നെ മറവുചെയ്യുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. നാട്ടുകാരില്‍ പലരും തങ്ങളുടെ കോഴികള്‍ അടക്കമുള്ള വളര്‍ത്തുപ്പക്ഷികളെ കൂട്ടത്തോടെ മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പലരും വീട്ടില്‍ വളര്‍ത്തുന്ന വിലകൂടിയ അലങ്കാര പക്ഷികളെയും മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും പക്ഷിപ്പനി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്.
കൊറോണ വൈറസ്;പത്തനംതിട്ട ജില്ലയിൽ കർശന നടപടികളുമായി ജില്ലാ ഭരണകൂടം;എല്‍.പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും
പത്തനംതിട്ട:ജില്ലയിൽ കൊറോണ വൈറസ് സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ കർശന നടപടികളുമായി ജില്ലാ ഭരണകൂടം.ജില്ലയിലെ എല്‍.പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും. വിവാഹച്ചടങ്ങുകള്‍ മാറ്റിവെയ്ക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ക്ഷേത്രോത്സവങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി.അന്നദാനത്തിനും സമൂഹ സദ്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി.സ്കൂള്‍ വാര്‍ഷികങ്ങള്‍ നടത്തരുതെന്നും നിർദേശമുണ്ട്. ഓമല്ലൂര്‍ വയല്‍ വാണിഭം റദ്ദാക്കും.ശവസംസ്ക്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണം. ജില്ലാ കോടതിയിലെ കേസ് നടപടികളും നിര്‍ത്തിവെച്ചു.അതേസമയം ജില്ലയിൽ കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐസലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കളെ വീട്ടില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കോവിഡ് 19 ബാധിച്ചവരുമായി നേരിട്ട ബന്ധപ്പെട്ട 150 പേരുടെ പ്രൈമറി ലിസ്റ്റ് ജില്ല ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട 10 പേരെയാണ് പുതിയതായി ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി.രോഗ ബാധിതരായവര്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമായി തന്നെ തുടരുകയാണ്.നിലവില്‍ 9 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗബാധിതരായവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റും.
കൊറോണ വൈറസ്;കെ.എസ്.ആര്‍.ടി.സിയില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി; ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ നൽകും
തിരുവനന്തപുരം:കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുമായി കെഎസ്ആർടിസിയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി.കൂടാതെ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് മാസ്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ജീവനക്കാര്‍ക്ക് ഇന്നു തന്നെ മാസ്ക് എത്തിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്കും ജില്ല വഴി കടന്നുപോകുന്ന മറ്റ് ജില്ലകളിലെ സര്‍വീസുകളിലെ ക്രൂവിനും അതത് ഡിപ്പോയിലെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും ഉപയോഗപ്രദമായ രോഗ പ്രതിരോധ സാധനങ്ങള്‍ വാങ്ങി നല്‍കാനും എംഡി ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ട് മുതല്‍ ആരംഭിച്ച സര്‍വീസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മാസ്‌ക് ധരിച്ചാണ് യാത്ര ചെയ്തത്.പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുളള എല്ലാ ബയോമെട്രിക് സേവനങ്ങളും താത്കാലികമായി നിര്‍ത്തിവെക്കുന്നതായും ജില്ലാകളക്ടര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി.
ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി;ആറ്റുകാൽ പൊങ്കാല ഇന്ന്
തിരുവനന്തപുരം:ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി.ലക്ഷക്കണക്കിന് ഭക്തര്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്.10.30 ഓടെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നിരത്തിയിരിക്കുന്ന ലക്ഷക്കണക്കിന് അടുപ്പുകളില്‍ നൈവേദ്യം തയാറാക്കുന്നതിനായി മറ്റ് അടുപ്പുകളിലേയ്ക്കും തീ പകര്‍ന്നു.മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ട് തീരുമ്പോൾ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്നാണ് മേല്‍ശാന്തിക്ക് നല്‍കിയത്. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം സഹമേൽശാന്തിമാർക്ക് കൈമാറി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവുകളിലുമാണ് പൊങ്കാല അടുപ്പുകള്‍ നിരന്നിരിക്കുന്നത്.രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷമാണ് പൊങ്കാലച്ചടങ്ങുകള്‍ ആരംഭിച്ചത്.ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം.നാളെ രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്കു പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും രോഗബാധിത രാജ്യങ്ങളില്‍നിന്നു വന്നവര്‍ വീടുകളില്‍തന്നെ പൊങ്കാലയിടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയം; പക്ഷികളെ കൊന്നൊടുക്കുന്നത് തുടരുന്നു
കോഴിക്കോട്:സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് അധികൃതർ.കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ പക്ഷികളെ കൊന്ന് കത്തിക്കുന്നത് തുടരുകയാണ്.പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഫാമുകളില്‍ കോഴികളെ കൊന്നൊടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യവും തുടങ്ങിയിട്ടുണ്ട്. 24 ടീമുകളാണ് ദൗത്യം നടത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വെറ്റിനററി സര്‍ജന്‍, നാല് ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ഒരു അറ്റന്‍ഡര്‍ എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്.പക്ഷിപ്പനി ബാധിത പ്രദേശങ്ങളായ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് തുടരും. പക്ഷികളെ നശിപ്പിക്കുന്നത് രണ്ട് ദിവസം കൂടി തുടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്.ഒഴിഞ്ഞ സ്ഥലങ്ങളില്‍ വലിയ കുഴിയെടുത്ത്. കൊന്നുകളഞ്ഞ പക്ഷികളെ അതിലിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പക്ഷിപ്പനി കോഴികളില്‍ സ്ഥീരികരിക്കുന്നത് ഇതാദ്യമായാണെന്ന് മൃഗസംരക്ഷണവകുപ്പ്. 2014-ല്‍ ആണ് സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 2016-ല്‍ വീണ്ടും ആലപ്പുഴയില്‍ സ്ഥിരീകരിക്കുകയും ലക്ഷക്കണക്കിന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കുകയും ചെയ്തു. എന്നാല്‍ അന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കോഴികളെ കൊന്നൊടുക്കിയത്. കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് വളരെ ഗൗരവമേറിയതാണെന്ന് അധികൃതര്‍ പറഞ്ഞു. മിക്ക വീടുകളിലും കോഴികളെ വളര്‍ത്തുന്നതിനാല്‍ മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയേറെയാണ്.പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എന്‍ 1 വൈറസിന്റെ സ്വാഭാവിക രോഗാണുവാഹകര്‍ താറാവുകളാണ്. സമ്മര്‍ദം അനുഭവപ്പെടുമ്പോഴും ചില പ്രത്യേകസാഹചര്യങ്ങളിലും താറാവുകളില്‍ വൈറസ് സജീവമാകും. ഇങ്ങനെയാണ് താറാവിനൊപ്പം വളര്‍ത്തുന്ന കോഴികളിലേക്കും മറ്റും രോഗാണു പടരുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എം.കെ. പ്രദീപ് കുമാര്‍ പറഞ്ഞു.പക്ഷിപ്പനിയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടി പാലോട് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡീസിസസ് സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം പരിശോധന നടത്തും. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പക്ഷികളെ സംസ്‌കരണ നടപടികള്‍ അവസാനിച്ചതിനു ശേഷമാവും ഉറവിടകാരണത്തെക്കുറിച്ച് പഠനം നടത്തുക. നിലവില്‍ ദേശാടനപ്പക്ഷികളില്‍ നിന്നാണ് പക്ഷിപ്പനി വന്നതെന്നാണ് കരുതുന്നത്.
കോവിഡ് 19;കനത്ത ജാഗ്രത നിർദേശവുമായി സംസ്ഥാന സർക്കാർ;പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി
തിരുവനന്തപുരം:കൊറോണ വൈറസ് ബാധ നിയന്ത്രിക്കാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ.രോഗികളുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ ശക്തമാക്കി.പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പത്തനംതിട്ടയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ പത്ത് പേര്‍ പത്തനംതിട്ട ജില്ല ആശുപത്രിയിലെ ഐസലേഷന്‍ വിഭാഗത്തിലുണ്ട്. ഇവരില്‍ 5 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കും. രോഗബാധിതരുമായി നേരിട്ട് ഇടപ്പെട്ടിട്ടുള്ള 150 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 58 പേർ വളരെ അടുത്ത ബന്ധം പുലര്‍ത്തിയരുന്നവരാണ്.കോട്ടയം, കൊല്ലം ജില്ലകളിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊല്ലത്ത് 5 ഉം കോട്ടയത്ത് 3 പേരും നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്നും എത്തിയവരുടെ ബന്ധുക്കളാണ് ഇവര്‍. രണ്ട് ഡോക്ടര്‍മാരരടക്കം 6 പേരടങ്ങുന്ന എട്ട് ടീമുകളാണ് ആളുകളുടെ പരിശോധനയ്ക്ക് വേണ്ടി രംഗത്തുള്ളത്.
സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു;എറണാകുളത്ത് മൂന്ന് വയസുകാരിക്ക് രോഗബാധ
കൊച്ചി:സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.എറണാകുളം ജില്ലയിൽ മൂന്നുവയസ്സുകാരിക്കാണ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയതാണ് കുട്ടി.ഏഴാം തീയതിയാണ് ഇവര്‍ നാട്ടിലെത്തിയത്.കുട്ടിയുടെ രക്ഷിതാക്കള്‍ക്കും നേരിയ തോതില്‍ പനിയുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇവർ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നു. ഉടന്‍തന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.ഇറ്റലിയില്‍ നിന്ന് ദുബായ് വഴി EK 503 വിമാനത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്.ഇവരെത്തിയ വിമാനത്തിലെ ആളുകളേയും നിരീക്ഷിക്കും.ഈ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റ് എടുത്ത് അതാത് ജില്ലകള്‍ക്ക് കൈമാറാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴുള്ളത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്ന് ഇവര്‍ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധനക്ക് വിധേയമാക്കും.കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് സംസ്ഥാനം. വിമാനത്താവളങ്ങളടക്കം അതീവ ജാഗ്രതയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. ഭയപ്പാടല്ല പകരം കരുതലോടെയുള്ള സമീപനമാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.