കൊച്ചി:നടന്‍ തിലകന്‍റെ മകനും സിനിമ-സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍(56) അന്തരിച്ചു.കരള്‍ സംബസമായ അസുഖത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസിച്ചിരുന്നത്.1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്.മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍,ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കണ്ണൂരില്‍ ബസ് ദേഹത്ത് കയറി സ്ത്രീയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ:കണ്ണൂരില്‍ സ്വകാര്യ ബസ് ദേഹത്ത് കയറി സ്ത്രീയ്ക്ക് ദാരുണാന്ത്യം.വന്‍കുളത്ത് വയല്‍ സ്വദേശി കൃഷ്‌ണന്റെ ഭാര്യ പ്രേമയാണ് മരിച്ചത്. രാവിലെ ഒൻപതരയോടെ ആണ് സംഭവം.സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്വകാര്യ ബസ് പ്രേമയെ ഇടിച്ചു .തുടര്‍ന്ന് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഇവരുടെ ദേഹത്ത് കൂടെ ബസിന്‍റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.സംഭവസ്ഥലത്ത് വച്ച് തന്നെ പ്രേമ മരിച്ചു. ബ്യൂട്ടി പാര്‍ലറിലെ ശുചീകരണ ജീവനക്കാരിയാണ് പ്രേമ.
മലപ്പുറത്തും പക്ഷിപ്പനി സ്ഥിതീകരിച്ചു
മലപ്പുറം:സംസ്ഥാനത്ത് കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിതീകരിച്ചു.മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിതീകരിച്ചിരിക്കുന്നത്.നേരത്തേ അധികൃതര്‍ ചത്ത കോഴികളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ടും പോസീറ്റിവാണെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം. ജില്ലയില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.രോഗബാധ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് തീരുമാനം. ഇതിനുള്ള തീയതിയും സമയക്രമവും ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂരിൽ പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ കവർച്ച;65 പവന്‍ സ്വര്‍ണം കവര്‍ന്നു
കണ്ണൂര്‍: വാരത്ത് പ്രവാസി വ്യവസായിയുടെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. അറുപത്തഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും വിലകൂടിയ വാച്ചുകളും മോഷ്ടിച്ചു . വാരം സ്വദേശിയായ പ്രവാസി വ്യവസായി സുനാനന്ദകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്‍റെ ജനല്‍ കമ്പി അറുത്തുമാറ്റിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. ബെഡ്റൂമിന്‍റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത ശേഷം അലമാരകള്‍ കുത്തി തുറന്ന് അറുപത്തിയഞ്ച് പവനും അരലക്ഷം രൂപയും കൊള്ളയടിച്ചു.വിലകൂടിയ വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്.രണ്ട് മാസം മുൻപാണ് സുനാനന്ദകുമാര്‍ വിദേശത്ത് പോയത്.വീടിന്റെ പരിസരം വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ജനലിലെ കൊളുത്തുകള്‍ താഴെ വീണ് കിടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ചത്.ഡോഗ്സ്വക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്ന് മോഷണം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം .
കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍;ഇന്ത്യയിലേക്കുള്ള എല്ലാ വിസകള്‍ക്കും ഏപ്രില്‍ 15 വരെ വിലക്കേര്‍പ്പെടുത്തി
ന്യൂഡൽഹി:കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.ഇന്ത്യയിലേക്കുള്ള എല്ലാ വിസകള്‍ക്കും ഏപ്രില്‍ 15 വരെ കേന്ദ്രസർക്കാർ വിലക്കേര്‍പ്പെടുത്തി.നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കൊവിഡ് 19 ആഗോള പകര്‍ച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ വിസകളും റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.എന്നാല്‍ നയതന്ത്ര വിസകള്‍ക്കും, തൊഴില്‍ വിസകള്‍ക്കും, യുഎന്‍ ഉള്‍പ്പെടെ രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളുടെ വിസകള്‍ക്കും ഇളവുണ്ട്.ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്കും നിയന്ത്രണം ബാധകമാണ്. അടിയന്തര സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടവര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടണം. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും.കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാളെ സംസ്ഥാന ധനമന്ത്രിമാരുമായി നടത്താനിരുന്ന ഫിനാന്‍സ് കമ്മിഷന്റെ യോഗം മാറ്റിവെയ്ക്കുകയും ചെയ്തു.നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയാണ് കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്.
കൊറോണ വൈറസ്;ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പോകും
ഡല്‍ഹി:ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് നടപടിയുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇറ്റലിയില്‍ നിന്ന് നേരത്തെ 83 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. മിലാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇവരെ മനേസറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ 52 പേരില്‍ 9 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 18 പേരെ ആലുവ താലൂക്ക് ആശുപത്രിയും നിരീക്ഷണത്തിലാക്കി. ബാക്കി 25 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിലായി 63 പേർക്കാണ് കോവീഡ് 19 സ്ഥിതീകരിച്ചിരിക്കുന്നത്.പുതിയ കേസുകള്‍ സ്ഥിതീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.രാജ്യത്തെ 22 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിസ അനുവദിക്കുന്നതിലും ഏപ്രിൽ 15 വരെ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിലുള്ള വിദേശികൾ വിസ ആവശ്യങ്ങൾക്കായി റജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.
കൊറോണ വൈറസ്;പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നിത്യപൂജകൾ താൽക്കാലികമായി നിർത്തിവെച്ചു
കണ്ണൂർ:കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപുര ക്ഷേത്രത്തില്‍ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജകളും 11-03-2020 മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി ട്രസ്റ്റ് ജനറല്‍ മാനേജര്‍ അറിയിച്ചു.രോഗം പടരുന്നതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് നടപടി.എല്ലാ നിത്യപൂജകളും കുട്ടികള്‍ക്ക് നല്‍കി വരുന്ന ചോറൂണ്‍, നിര്‍മ്മാല്യ വിതരണം, പ്രസാദ ഊട്ട്, താമസ സൗകര്യം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടംകൂടി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്ത് ഭക്ത ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.മാര്‍ച്ച് 12മുതല്‍ 31വരെ കണ്ണൂര്‍ വിസ്മയ അമ്യുസ്മെന്റ് പാര്‍ക്കും തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
കൊറോണ വൈറസ്;പത്തനംതിട്ടയില്‍ 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
പത്തനംതിട്ട:കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.25 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. ഇതില്‍ 5 പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റില്‍ പെട്ടവരാണ്.റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്തുവിടും. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ കുട്ടിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കഴിയുന്ന വൃദ്ധദമ്പതികളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു.
കൊറോണ വൈറസ്:പത്തനംതിട്ടയിൽ പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
പത്തനംതിട്ട:കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.രോഗലക്ഷണമുള്ള 24 പേരുടെ പരിശോധനാ ഫലത്തില്‍ ഇന്ന് ഉച്ചയ്ക്ക് ലഭിച്ചത് അഞ്ച് പേരുടെ ഫലമാണ്. ഇത് അഞ്ചും നെഗറ്റീവായിരുന്നു. വൈകുന്നേരത്തോടെ അഞ്ച് പേരുടെ കൂടി ഫലം ലഭിച്ചപ്പോള്‍ അവര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. മാര്‍ച്ച് 10ന് സാമ്പിള്‍ അയച്ച 12 പേരുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍ കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും.നിലവില്‍ 900 പേരാണ് ജില്ലയില്‍ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30പേര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് 19 മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് 19 മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി.അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി, സഭയെ അറിയിച്ചു. കോവിഡ് നയന്‍റീന്‍ നേരിടുന്നതിനെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു കെ കൈ ശൈലജ.സംസ്ഥാനത്ത് 14 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസുള്ള രോഗിയുടെ ആരോഗ്യ നില ഗുരുതരമാണ്. ഇറ്റലിയില്‍ നിന്നും വന്ന കോവിഡ് ബാധിതരുടെ അടുത്ത ബന്ധുവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ പരിശോധനക്കയച്ച 12 പേരുടെ സാമ്ബിളുകളുടെ ഫലം വൈകീട്ടോടെ ലഭിക്കും. നിലവില്‍ സാമ്ബിള്‍ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പരിശോധന ഫലം വേഗത്തിലാവും.
അതേസമയം പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. ഇറ്റലിയില്‍ നിന്ന് വന്ന കുടുംബത്തിന്റെയും രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെയും റൂട്ട് മാപ്പാണ് തയ്യാറാക്കിയത്. രോഗബാധിതരുമായി നേരിട്ടും, അല്ലാതെയും ഇടപഴകിയ 800 ലധികം ആളുകളെയും തിരിച്ചറിഞ്ഞു. റൂട്ട്മാപ്പില്‍ ഉള്‍പ്പെട്ടവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.രോഗ ബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാര്‍പ്പിലെ ക്ലിനിക് പൂട്ടിച്ചു.