കണ്ണൂര്‍:കൊറോണ വൈറസ് ഭീതിയെ തുടർന്ന് വിദേശികള്‍ക്കു ഭക്ഷണം പോലും ലഭിച്ചില്ലെന്ന് പരാതി.ഫ്രാന്‍സില്‍ നിന്നെത്തിയ സലീനയും ഇറ്റലിയില്‍ നിന്നെത്തിയ മൗറയുമാണു പയ്യന്നൂരില്‍ പട്ടിണിമൂലം വലഞ്ഞത്.ഇവരില്‍ ഒരാള്‍ ജനുവരി 23-നും രണ്ടാമത്തെയാള്‍ മാര്‍ച്ച് മൂന്നിനുമാണ് ഇന്ത്യയിലെത്തിയത്. മുംബൈയിലും ഗോവയിലും മധുരയിലുമൊക്കെ യാത്ര ചെയ്ത് 11-ന് കണ്ണൂരില്‍ എത്തിയ ഇവര്‍ക്കു ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടിയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് പയ്യന്നൂരില്‍ തീവണ്ടിയിറങ്ങിയ ഇവരെ കയറ്റാൻ സ്റ്റേഷനിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും വിസമ്മതിച്ചു.ഇതേത്തുടര്‍ന്നു കാല്‍നടയായി നഗരത്തിലെത്തിയ ഇവര്‍ക്കു ഭക്ഷണവും താമസ സൗകര്യങ്ങളും നല്‍കാനും ആരും തയാറായില്ല. ഇവര്‍ പയ്യന്നൂരിലും പരിസരങ്ങളിലും ചുറ്റിത്തിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.ആദ്യം പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മൂന്നു ദിവസമായി തങ്ങള്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഇവര്‍ ഡ്യൂട്ടി ഡോക്ടറോടു പറഞ്ഞു. ഇതേതുടര്‍ന്ന് പോലീസും ആശുപത്രിയധികൃതരും ചേര്‍ന്ന് ഇവര്‍ക്കു പഴ വര്‍ഗങ്ങളും മറ്റും വാങ്ങി നല്‍കി.പിന്നീടാണ് ഇവരെ തലശേരി ആശുപത്രിയിലേക്കു മാറ്റിയത്.ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.
തിരുവനന്തപുരത്ത് ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു;30 ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍;ചികിത്സ തേടിയെത്തിയവരെ കണ്ടെത്താന്‍ തീവ്രശ്രമം
തിരുവനന്തപുരം:തിരുവനന്തപുരത്ത് ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.പഠനക്യാമ്പിൽ പങ്കെടുക്കാന്‍ സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്റ്റർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മാര്‍ച്ച് രണ്ടിന് ഇദ്ദേഹം നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും വീട്ടില്‍ തന്നെ കഴിയാന്‍ ഇദ്ദേഹത്തോട് അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ആയിരുന്നു. എന്നാല്‍ ഏഴാം തീയതി ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചു.പതിനൊന്നാം തീയതിയോടെ ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.ഈ ദിവസങ്ങളില്‍ ഇദ്ദേഹം രോഗികളെ പരിശോധിച്ചു എന്നതാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ഈ ആളുകളെ കണ്ടെത്താന്‍ തീവ്രശ്രമം നടക്കുകയാണ് ഇപ്പോള്‍.നിലവിൽ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം, രോഗബാധിതനായ ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അഞ്ച് വിഭാഗങ്ങളിലെ 25 ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡോക്ടറിന് കൊറോണ സ്ഥിരീകരിക്കുന്നത്. ആശുപത്രിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.ഇത്രയും ഡോകട്ര്‍മാരുടെ അവധി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനെ വിലയിരുത്തുന്നതിനും മറ്റുമുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുമായി ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ ആലോചനായോഗം നടത്തുകയാണ്.ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കണ്ണൂർ പെരിങ്ങോമിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്
കണ്ണൂർ:പെരിങ്ങോമിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കും രോഗ ബാധ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി വൈകിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍നിന്ന് പരിശോധനാഫലം ലഭിച്ചത്. യുവാവിന്റെ ഭാര്യക്കും അമ്മയ്ക്കും പരിശോധിച്ച ഡോക്ടര്‍ക്കും രോഗബാധയില്ല. ഇവരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ടും ഞായറാഴ്ച ലഭിച്ചു.നിലവില്‍ യുവാവ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു പരിശോധനാഫലം കൂടി നെഗറ്റീവായാലേ രോഗബാധയില്ലെന്ന് പ്രഖ്യാപിക്കാനാകൂവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഇയാളുടെ കുട്ടിയുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും.ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാമ്പിളുകളുടെ ഫലമാണ് ഇന്നലെ പുറത്ത് വന്നത്. ഇവയെല്ലാം നെഗറ്റീവ് ആണ്. 17 പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
കൊവിഡ് 19 ജാഗ്രതക്കിടെ റിയാലിറ്റി ഷോ താരത്തിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ സ്വീകരണം; കേസെടുത്ത് ജില്ലാ കലക്റ്റർ
കൊച്ചി:സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രത നിലനിൽക്കുന്നതിനിടെ റിയാലിറ്റി ഷോ താരത്തിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ സ്വീകരണം നൽകിയതിനെതിരെ കേസെടുത്ത് എറണാകുളം ജില്ലാ കലക്റ്റർ.വന്‍ജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തില്‍ എണ്‍പതോളം പേര്‍ക്കെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.പേരറിയാവുന്ന നാലുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് നിയമലംഘനത്തിന് കേസെടുത്തതെന്ന് കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കി.കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിന് സ്വീകരണമൊരുക്കാന്‍ വന്‍ജനക്കൂട്ടം വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്ബോള്‍ ഒരു റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മതരാഷ്ട്രീയ സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന നാല് പേര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസെടുത്തതായി കലക്റ്റർ ഫേസ്‍ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല.ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും കലക്റ്റർ പറഞ്ഞു.
കോവിഡ് ബാധ സ്ഥിതീകരിച്ച ബ്രിട്ടീഷ് പൗരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ;യാത്രക്കാരെ വിമാനത്തിൽ നിന്നും തിരിച്ചിറക്കി
കൊച്ചി: അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ബ്രിട്ടീഷ് പൗരനായ കൊറോണ ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി എമിറേറ്റ്സ് വിമാനത്തില്‍ കയറിയ ഇയാളെ തിരിച്ചിറക്കി. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പോകുന്ന വിമാനത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം19 അംഗ സംഘത്തെയും തിരിച്ചിറക്കിയിട്ടുണ്ട്.വിമാനത്തിലുണ്ടായിരുന്ന 270 പേരേയും പരിശോധനയ്ക്കായി തിരിച്ചിറക്കി.ഈ മാസം ഏഴിനാണ് 19 പേരുമായി ഇയാൾ മൂന്നാറില്‍ വിനോദയാത്രക്കെത്തിയത്.മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.പത്താം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.ആദ്യ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ തിരികെ മടങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ഇവര്‍ യാത്രക്കൊരുങ്ങിയത്.ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
കർണാടകയിൽ കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
തൃശൂർ:കർണാടകയിൽ കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കല്‍ബുര്‍ഗിയില്‍ രോഗം ബാധിച്ച് മരിച്ച മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (76)യെ പരിചരിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെയാണ് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സിദ്ദിഖിയെ പരിചരിച്ച സംഘത്തിലുണ്ടായിരുന്ന 11 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത്.ഇവരിലൊരാള്‍ക്ക് പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29ന് നാട്ടിലെത്തിയ കല്‍ബുര്‍ഖി സ്വദേശി മാര്‍ച്ച് 5ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍വച്ച് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊറോണ വൈറസ്;കണ്ണൂരിൽ ഡോക്റ്ററെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
കണ്ണൂർ:പെരിങ്ങോമിൽ കൊറോണ ബാധ സ്ഥിരീകരിച്ചയാളെ രോഗബാധ കണ്ടെത്തുന്നതിന് മുൻപ് പരിശോധിച്ച ഡോക്റ്ററെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ടാണ് ഡോക്ടറെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം വ്യാപകമായതോടെയാണ് ജില്ലാ ആരോഗ്യവകുപ്പിന്‍റെ നടപടി. സമൂഹമാധ്യമങ്ങളില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് പെരിങ്ങോം സ്വദേശിയായ യുവാവ് ഈ മാസം ഏഴാംതിയതിയാണ് കാങ്കോലിലെ ഡോക്ടറുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തുന്നത് . ഡോക്ടര്‍ റഫര്‍ ചെയ്ത പ്രകാരം ഇയാളെ പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . എന്നാല്‍ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജപ്രചരണം വ്യാപകമായതോടെ ആശങ്ക അകറ്റുന്നതിന് വേണ്ടി ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധിച്ച് ഇന്ന് തന്നെ ഫലം ലഭ്യമാക്കി ആശങ്കയകറ്റുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ നാളെ വിശ്വാസ വോട്ട് തേടണമെന്ന് ഗവർണ്ണർ
ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് നാളെ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്‍ ആവശ്യപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയാണ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ നിയമ സഭാ സ്പീക്കറോട് ആവശ്യപ്പെട്ടത്. നാല് രാവിലെ 11 മണിക്ക് നയപ്രഖ്യാപനത്തിന് ശേഷമാണ് വോട്ടെടുപ്പുണ്ടാകുകയെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ വിശ്വാസവോട്ട് തേടണമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണു ഗവര്‍ണറുടെ നടപടി.ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിടുകയും 22 എംഎല്‍എമാര്‍ രാജിവയ്ക്കുകയും ചെയ്തതോടെയാണു ഗവര്‍ണറുടെ നടപടി. വിശ്വാസവോട്ടെടുപ്പിനു കുറച്ചുകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ കമല്‍നാഥ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പാന്‍ നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ മറുപടി നല്‍കുകയായിരുന്നു.അതേസമയം കോണ്‍ഗ്രസിലെ 22 വിമത എം.എല്‍.എ.മാരില്‍ ആറു പേരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്നവരാണ് വിമത എം.എല്‍.എമാര്‍.
പെരുമ്പാവൂരിൽ വാഹനാപകടം;ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
എറണാകുളം:പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.നിര്‍ത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ ഹനീഫ, ഭാര്യ സുമയ്യ, സഹോദരന്‍ ഷാജഹാന്‍ എന്നിവരാണ് മരണമടഞ്ഞത്.എം സി.റോഡിൽ പുലർച്ചെ 3.30നാണ് അപകടമുണ്ടായത്.മലപ്പുറത്തുനിന്നും മുണ്ടക്കയത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ പെരുമ്പാവൂർ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.അപകടകാരണം വ്യക്തമല്ല.കാർ ഡ്രൈവര്‍ ഉറങ്ങിയതാവാം എന്നാണ് സംശയിക്കുന്നത്.
കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര്‍ കാസര്‍കോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞു
കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര്‍ കാസര്‍കോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയവരാണ് ഇവര്‍. മാര്‍ച്ച് അഞ്ചിന് സ്‌പൈസ് ജെറ്റിന്റെ എസ്.ജി-54 വിമാനത്തിലാണ് ഇവര്‍ എത്തിയത്. ഇയാള്‍ക്കൊപ്പം എത്തിയ ഒരാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരായി.കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി അടക്കം നാലുപേരെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനുമായി നേരില്‍ സമ്പർക്കം പുലര്‍ത്തിയ അമ്മ, ഭാര്യ, കുട്ടി എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്.അതെ സമയം കൊറോണ സ്ഥിരീകരിച്ച വ്യക്തിയടക്കമുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്ന് കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഇയാളുമായി പ്രാഥമിക ബന്ധം പുലര്‍ത്തിയ അമ്മാവന്‍, ബന്ധുക്കള്‍, ടാക്സി ഓടിച്ച ആള്‍ അടക്കം പതിനഞ്ചുപേര്‍ വീട്ടുനിരീക്ഷണത്തിലാണ്. ഇതില്‍ ആറുപേര്‍ ദുബായിയില്‍ ഇദ്ദേഹത്തോടൊപ്പം മുറിയില്‍ താമസിച്ചവരാണ്. എന്നാല്‍ ഇവരിലൊന്നും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല.ജില്ലയില്‍ 226 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 26 പേര്‍ ആശുപത്രിയിലും 200 പേര്‍ വീടുകളിലുമാണുള്ളത്. കൊറോണ രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി സഞ്ചരിച്ച സ്ഥലങ്ങളും സമയവും അടക്കമുള്ള റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരുമായി ബന്ധപ്പെട്ടവരെ (സെക്കന്‍ഡറി) സംബന്ധിച്ച മാപ്പും തയ്യാറാക്കിക്കഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു.