തിരുവനന്തപുരം: സംസ്ഥനത്ത് കൊവിഡ്-19 അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശുപത്രികളില്‍ താല്‍ക്കാലികമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി വ്യക്തമായ കാരണങ്ങളില്ലാതെ അവധിയില്‍ പോയിട്ടുള്ളവര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി അറിയിച്ചു.കൂടാതെ സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണിവരെ പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.കേരളം ഒന്നടങ്കം കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് 19;മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച 34 പേരെ കണ്ടെത്തി
കോഴിക്കോട്:മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച 34 പേരെ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഇവര്‍ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി.രോഗി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്.അതേസമയം മലപ്പുറം വണ്ടൂരിലെ രോഗി ചികില്‍സയ്ക്കെത്തിയ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ട് ഇടപഴകിയ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറും കോവിഡ് ലക്ഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് .
നിര്‍ഭയ കേസ്;ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി;വധശിക്ഷ വെള്ളിയാഴ്ച നടപ്പാക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തി. ആരാച്ചാര്‍ പവന്‍ ജെല്ലാദ് ബുധനാഴ്ച രാവിലെയാണ് ഡമ്മി പരീക്ഷണം നടത്തിയത്. മുകേഷ് സിങ്, അക്ഷയ് സിങ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് നടപ്പാക്കുക. കൃത്യം നടന്ന ദിവസം താന്‍ ഡല്‍ഹിലുണ്ടായിരുന്നില്ലെന്ന് കാണിച്ച് പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ശിക്ഷ സ്റ്റേ ചെയ്യാന്‍ നിയമപരമായ എല്ലാ വഴികളും അവസാനിച്ചതോടെ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികള്‍ നേരത്തെ അന്താരാഷ്ട്ര കോടതിയേയും സമീപിച്ചിരുന്നു.പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണ വാറണ്ടാണിത്. നേരത്തെ മൂന്ന് തവണയും പ്രതികളുടെ ഹര്‍ജികളില്‍ കോടതി തീര്‍പ്പ് കല്‍പിക്കാത്തതിനാല്‍ വിചാരണ കോടതി മരണ വാറണ്ട് റദ്ദാക്കിയിരുന്നു. 2012 ഡിസംബര്‍ 16-ന് രാത്രിയാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍. ഇതില്‍ ഒന്നാം പ്രതി റാംസിങ് തിഹാര്‍ ജയിലില്‍ വെച്ച് ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും ലഭിച്ചു. ബാക്കിയുള്ള നാലുപ്രതികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
കൊറോണ വൈറസ്; സംസ്ഥാനത്ത് ബാറുകള്‍ പൂട്ടില്ല;ക്രമീകരണം മതിയെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും പൂട്ടില്ല.മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ടേബിളുകള്‍ അകത്തിയിടാനും ബാറുകള്‍ അണുവിമുക്തമാക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. കോവിഡ് 19 പ്രതിരോധത്തിനായി വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.
മാഹിയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: മാഹിയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ് പുറത്തുവിട്ടു.മാര്‍ച്ച് 13 ആം തിയതി അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അതേദിവസം പോയ ഒന്‍പത് സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.മാര്‍ച്ച് 13ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) വിമാനത്തില്‍ കരിപ്പൂരെത്തിയ ഇയാൾ രാവിലെ 6.20 മുതല്‍ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് 7 മണിക്ക് മാഹി ജനറല്‍ ആശുപത്രിയിലെത്തി.രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തി. ഇതേദിവസം തന്നെ വൈകുന്നേരം 3.30ന് ഇയാളെ മാഹിയില്‍ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു.ബീച്ചാശുപത്രിയില്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ച ഇയാള്‍ ബഹളമുണ്ടാക്കി തിരിച്ചുപോയി. ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കെത്തി.നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും മംഗള എക്സപ്രസില്‍ കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് രോഗിയും കൂട്ടരും യാത്ര ചെയ്തത്. തലശ്ശേരിയില്‍ ഇറങ്ങിയ ഇവര്‍ ഓട്ടോയില്‍ വീട്ടിലേക്കെത്തി.സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് രോഗിയെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തിയും കൂടെയുള്ള രണ്ടുപേരും യാത്രയില്‍ മാസ്‌ക് ധരിച്ചിരുന്നു. ഇയാള്‍ യാത്രചെയ്ത ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരും പ്രസ്തുത തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 ഫ്‌ലൈറ്റിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.
ബസ്സിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കാനായി ‘കൊറോണ’ യെന്ന് കള്ളം പറഞ്ഞ് യുവാവ്;യാത്രക്കാരും ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു
താമരശ്ശേരി: ബസിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്നതിനായി കൊറോണയുണ്ടെന്ന് പറഞ്ഞ യുവാവിനെ പരിഭ്രാന്തരായ മറ്റ് യാത്രക്കാരും ബസ് അധികൃതരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പരിശോധന നടത്തി ഇയാള്‍ കൊറോണ ബാധിതനല്ലെന്നു കണ്ടെത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇന്നലെ രാവിലെ 6.30ന് താമരശ്ശേരിയില്‍ വച്ചാണ് സംഭവം. മൈസൂരു സ്വദേശിയായ യുവാവാണ് കൊടുവള്ളിയില്‍ നിന്ന് അടുത്തിരിക്കാന്‍ വന്ന യാത്രക്കാരനോട് കൊറോണ എന്നു പറഞ്ഞത്. ഇതോടെ ആശങ്കയിലായ യാത്രക്കാരന്‍ പ്രശ്‌നം കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തി. യാത്രക്കാരുടെ പരിഭ്രാന്തി കണ്ട് കണ്ടക്ടര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ ബസ് നിര്‍ത്തി വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്. സംഭവംകൈവിട്ടു പോയതോടെ കൊറോണ മാസ്‍ക് ധരിക്കാത്തതിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാന്‍ വന്നയാള്‍ക്കു മനസ്സിലാവാത്തതാണ് പ്രശ്‍നങ്ങള്‍ക്കു കാരണമെന്നുമാണ് മൈസൂരു സ്വദേശിയായ യുവാവിന്‍റെ വാദം.
കൊവിഡ് 19;പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി നെഗറ്റീവ്
പത്തനംതിട്ട:പത്തനംതിട്ടയില്‍ ആറുപേരുടെ കോവിഡ് 19 പരിശോധഫലം കൂടി നെഗറ്റീവ്. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസള്‍ട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.അതേസമയം ജില്ലയില്‍ രണ്ടായിരത്തോളം ആളുകളാണ് സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. ഇവരെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.ഇറ്റലി അടക്കമുള്ള പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ 28 ദിവസവും മറ്റു രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ 14 ദിവസവുമാണ് നിരീക്ഷണത്തില്‍ വെക്കുക.22 പേരാണ് നിലവില്‍ രോഗ ലക്ഷണങ്ങളോടെ ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്.വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരെ കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ചുവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലര്‍ത്തിയ 1254 പേര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ്.അതേസമയം, അടുത്തിടെ ലഭിച്ച പരിശോധ ഫലങ്ങളെല്ലാം നെഗറ്റീവ് ആയത് ജനങ്ങള്‍ക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും കൊറോണ ആശങ്ക ഒഴിവായിട്ടില്ലെന്നും പത്തനംതിട്ടയിലും ഇനിയുള്ള രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ജില്ല കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.
കൊവിഡ് 19;കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
കണ്ണൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗവിമുക്തി നേടുന്ന നാലാമത്തെയാളാണിത്. ഇയാളുടെ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ തുടരും.ഇയാളുടെ മകന്‍, ഭാര്യ ,അമ്മ, ചികിത്സിച്ച ഡോക്ടര്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദുബായില്‍ നിന്നെത്തിയ രോഗിയുമായി അടുത്ത് ഇടപെഴകിയവരാണ് ഇവര്‍.ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് രാത്രി ഒൻപതുമണിക്ക് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.പ്രദേശത്തെ ഒരു ക്ലിനിക്കില്‍ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാൽ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു.പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഡോ.രജിത് കുമാർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാര്‍ കസ്റ്റഡിയില്‍.ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറും.ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ എത്തുമെന്നാണ് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ജാമ്യം ലഭിച്ചാല്‍ ഉടന്‍ ആറ്റിങ്ങലിലേക്ക് തന്നെ മടങ്ങും എന്നും വിവരമുണ്ട്.ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച വിമാനത്താവളത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ബിഗ് ബോസ് താരം രജിത് കുമാറിന്റെ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രജിത് കുമാറടക്കം എഴുപത്തിയഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് 19; കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം:കേന്ദ്രമന്ത്രി വി മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍.വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡോക്റ്റർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ കഴിയുക.നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കം വി. മുരളീധരന് ഉണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് 14 ദിവസത്തേക്ക് സ്വയം മാറിനില്‍ക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ച സമയത്തായിരുന്നു ഡോക്ടര്‍ സ്‌പെയിനില്‍ പോയത്.അവിടെവച്ചാണ് അദ്ദേഹത്തിന് രോഗബാധയേറ്റത്. എന്നാല്‍ തിരിച്ചെത്തി ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുകയും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് ഡോക്ടറുടെ സ്രവങ്ങള്‍ പരിശോധിച്ച് കൊറോണ സ്ഥിരീകരിച്ചത്. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ മറ്റു ജീവനക്കാരും ഭീതിയിലാണ്. ഈ ആശുപത്രിയിലെ ആറ് വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിനിടെ ഡോക്ടര്‍ ജോലിചെയ്തിരുന്ന ആശുപത്രിയിലെ റേഡിയോളജി വിഭാഗം അടച്ചുപൂട്ടി. ഡോക്ടറുടെ കുടെ ജോലി ചെയ്യുന്ന 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.