ദേവനന്ദയുടെ മരണം;പ്രത്യേകസംഘം അന്വേഷണം തുടരും

keralanews death of devananda special investigation team will continue the investigation

കൊല്ലം:കൊല്ലം പള്ളിമൺ ഇളവൂരിലെ ഏഴു വയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്  പ്രത്യേകസംഘം അന്വേഷണം തുടരും. മൃതദേഹം കിട്ടിയ സ്ഥലത്ത് ദേവനന്ദ എങ്ങനെയെത്തി എന്നതാണ് അന്വേഷിക്കുക.വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരിക്കും അന്വേഷണത്തിന്റെ ഗതി തീരുമാനിക്കുന്നത്.മൃതദേഹത്തിൽ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലും  കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കുട്ടിയുടെ രക്തക്കുഴലിലും ശ്വാസകോശത്തിലും ചെളിയും ജലവും കണ്ടെത്തിയിട്ടുണ്ട്.ഇതെല്ലാം പരിഗണിച്ചാണ് മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിയത്. എന്നാൽ ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് സംഭവത്തിലെ ദുരൂഹത. തൊട്ടടുത്ത് ആളൊഴിഞ്ഞ വീടുചുറ്റി പോലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി പരിഗണിക്കുന്നുണ്ട്.ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ട ദേവനന്ദ ബുധനാഴ്ച അമ്മൂമ്മയ്‌ക്കൊപ്പം താല്‍ക്കാലിക പാലം കയറി അക്കരെയുള്ള കൊട്ടറ മിന്നൂര്‍ക്കുളം മാടന്‍നട അമ്പലത്തിൽ പോയിരുന്നു. ഈ ഓര്‍മയില്‍ കുട്ടി തനിയേ ആ വഴി ഒരിക്കല്‍ കൂടി പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. പാലത്തില്‍ നിന്നും വഴുതി ആറ്റില്‍ വീണതാകാമെന്നാണ് വിലയിരുത്തല്‍.എന്നാൽ ദേവനന്ദ ഒറ്റക്ക് വീടിന് പുറത്തേക്ക് ഇറങ്ങാറില്ലെന്നാണ് സമീപവാസികൾ പറയുന്നത്. ഈ വൈരുദ്ധ്യങ്ങളെല്ലാം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. വനന്ദയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീടിന് സമീപത്തുള്ള കൂടുതല്‍ പേരുടെ മൊഴി എടുക്കും. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനം;ഉഷ്‌ണതരംഗത്തിന് സാധ്യതയെന്നും കാലാവസ്ഥാ ഗവേഷകര്‍

keralanews climate change in the state like never seen before and chance for heat wavesin kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ ഗവേഷകര്‍. ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാലക്കാട്, പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത.വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഉഷ്ണതരംഗത്തിലേക്ക് നയിക്കും. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്.2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്നത്തിനുള്ള ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കി.

മില്‍മ പാല്‍ പ്രതിസന്ധി;തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം ചേരും

keralanews milma milk crisis crucial meeting will be held in Thiruvananthapuram today

തിരുവനന്തപുരം:സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി മറികടക്കാനായി മില്‍മയുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരളത്തില്‍ പാല്‍ ലഭ്യത ഉറപ്പ് വരുത്താനായി അന്യസംസ്ഥാനങ്ങളിലെ പാല്‍ സഹകരണ സംഘങ്ങളെ ആശ്രയിക്കേണ്ട സാഹര്യമാണ് നിലവില്‍ ഉള്ളത്. പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നല്‍കിയിരുന്നത്. ഇതിനുപുറമെ രണ്ട് ലക്ഷം ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ കേരളത്തിലെ പാല്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായി.പ്രതിസന്ധി ഘട്ടത്തിലും കടുത്ത നഷ്ടം സഹിച്ചാണ് ക്ഷീരകര്‍ഷകര്‍ പാല്‍ വിപണനം നടത്തിയിരുന്നത്.എന്നാല്‍ ഇനി ഇത്തരത്തില്‍ നഷ്ടം സഹിച്ച്‌ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ലിറ്ററിന് ആറ് രൂപവരെയെങ്കിലും വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം വിലവര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഈ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.എന്നാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയതിനാല്‍ ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പക്ഷെ വില കൂട്ടണമെന്ന കാര്യത്തില്‍ മില്‍മ ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്.

കോടതിയില്‍ ഹാജരായില്ല;നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്

keralanews not present in the court arrest warrant issued against actor Kunchacko Boban

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.എറണാകുളത്തെ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. വെള്ളിയാഴ്ച നടക്കുന്ന സാക്ഷിവിസ്താരത്തിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഈ സമന്‍സ് കൈപ്പറ്റുകയൊ അവധിക്കുള്ള അപേക്ഷ നല്‍കുകയോ ചെയ്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിലവില്‍ ലഭിച്ചിരിക്കുന്ന അറസ്റ്റ് വാറണ്ട് അത്ര വലിയ ഗൗരവമുള്ള കാര്യമല്ല. സ്റ്റേഷന്‍ ജാമ്യം ജാമ്യം നേടാവുന്ന വാറന്റാണ് കുഞ്ചാക്കോ ബോബന് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം നടന്നു വരുന്ന സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്റെ മൊഴി വളരെ നിര്‍ണായകമാണ്.ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു.എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.മാത്രമല്ല നിരവധി സ്റ്റേജ് ഷോകളില്‍ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. അതിനാല്‍ കേസിലെ നിര്‍ണ്ണായക സാക്ഷികളില്‍ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്നത്.

പാക്കിസ്ഥാനിലെ കറാച്ചിയിൽ ട്രെയിൻ ബസ്സിലിടിച്ച് 18 മരണം

keralanews 18 died when train hits bus in karachi pakistan

കറാച്ചി:കറാച്ചിയിൽ ട്രെയിൻ ബസ്സിലിടിച്ച് 18 മരണം നിരവധിപേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയില്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കറാച്ചിയില്‍നിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാന്‍ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്.സിന്ദ് പ്രവിശ്യയിലെ സുക്കുര്‍ ജില്ലയിലാണ് അപകടമുണ്ടായത്.രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 18 പേര്‍ മരിച്ചുവെന്നും 55 പേര്‍ക്ക് പരിക്കേറ്റെന്നും സുക്കുര്‍ ഡെപ്യുട്ടി കമ്മീഷണര്‍ റാണ അദീല്‍ പറഞ്ഞു.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും അദീല്‍ കൂട്ടിച്ചേര്‍ത്തു. അതിനാൽത്തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.ലോക്കോപൈലറ്റിനും അപകടത്തില്‍ പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

തൃശ്ശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച്‌ തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു

keralanews couples from tamilnadu died when lorry hits their bike in thrissur

തൃശ്ശൂര്‍: തൃശ്ശൂര്‍ വലപ്പാടില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച്‌ തമിഴ്നാട്  സ്വദേശികളായ ദമ്പതികൾ മരിച്ചു.സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്.സ്വകാര്യ അഗ്രോഫാമിലെ ജീവനക്കാരാണ് ഇരുവരും.ഇന്ന് രാവിലെ ആറ് മണിക്ക് വലപ്പാട് കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേയ്ക്ക് സവാള കയറ്റിവന്ന ചരക്കുലോറിയാണ് അപകടമുണ്ടാക്കിയത്.നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടകത്തിന് കാരണം.സൈക്കിളില്‍ ഇടിച്ച ശേഷമാണ് ലോറി ബൈക്കില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രികനായ ബംഗാളി സ്വദേശി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു

keralanews man admitted in isolation ward in kalamassery hospital Following the suspicion of coronavirus died

കൊച്ചി:കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് കളമശേരി ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.പനി മൂലമാണ് മലേഷ്യയില്‍നിന്ന് എത്തിയ ഇയാളെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വൈറല്‍ ന്യുമോണിയ പിടിപെട്ടതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്‍റെ ആദ്യ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

എല്‍എന്‍ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് നിരത്തില്‍;ഗതാഗത മേഖലയിലെ ചരിത്രപരമായ മാറ്റമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

keralanews indias first commercial buswith l n g is on road transport Minister AK Sasheendran said it is a historic change in transport sector

കൊച്ചി: എല്‍എന്‍ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് നിരത്തില്‍. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ ഉണ്ടാകുന്ന ചരിത്രപരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.അന്തരീക്ഷ മലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും എല്‍എന്‍ജി ബസുകളിലൂടെ സാധിക്കും. വര്‍ഷങ്ങളായി ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നത് പെട്രോള്‍, ഡീസല്‍ എന്നിവയിലൂടെയാണ്. ഇതിലൂടെ അപകടകരമായി മലിനീകരണം ഉണ്ടാകുന്നുവെന്നത് ജനങ്ങള്‍ അംഗീകരിച്ച്‌ തുടങ്ങി. ഇതിനെതിരെ സിഎന്‍ജി, എല്‍എന്‍ജി എന്നിവ ജനകീയമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനാല്‍ത്തന്നെ ഇ-ഓട്ടോ പോലുള്ള ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. എല്‍എന്‍ജി ഉപയോഗിച്ചുള്ള ബസ് പോലുള്ള വലിയ വാഹനങ്ങള്‍ വാങ്ങുമ്പോൾ ഉടമസ്ഥര്‍ക്ക് പാക്കേജുകളോ ഡിസ്‌കൗണ്ടുകളോ കൊടുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.വൈപ്പിന്‍ എംഎല്‍എ എസ് ശര്‍മ്മ അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ഗതാഗത സൗകര്യത്തിനായാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ഇപ്പോള്‍ രണ്ട് ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. 450 ലിറ്റര്‍ ശേഷിയുള്ള ക്രയോജനിക് ടാങ്കാണ് ബസിലുള്ളത്. ഒറ്റത്തവണ ഇന്ധനം നിറയ്ക്കുന്നതിലൂടെ 900 കിലോ മീറ്റര്‍ ബസിന് ഓടാന്‍ കഴിയും. നാല് മുതല്‍ അഞ്ച് മിനിറ്റ് വരെയാണ് ബസ്സില്‍ ഇന്ധനം നിറയ്ക്കാന്‍ എടുക്കുന്ന സമയം. വളരെ സുരക്ഷിതവും മലിനീകരണം കുറവുള്ളതുമായ ഇന്ധനമാണ് എല്‍എന്‍ജിയെന്നും അധികൃതര്‍ വ്യക്തമാക്കി.

കോട്ടയത്ത് കിണറിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു

keralanews two died when well collapsed in kottayam

കോട്ടയം:കോട്ടയത്ത് കിണറിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.പുന്നത്ര സ്വദേശികളായ ജോയ്, സാജു എന്നിവരാണ് മരിച്ചത്. കിണറിന്റെ റിംഗ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.കിണര്‍ ഇടിഞ്ഞ് ജോയും സാജുവും മണ്ണിനടിയില്‍പെടുകയായിരുന്നു. നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മുങ്ങിമരണം തന്നെയെന്ന് റിപ്പോർട്ട്

keralanews the autopsy of devananda has been completed and the report stated that she drowned

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ പുഴയിൽ  മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ദ്ധർ വാക്കാല്‍ പോലീസിന് കൈമാറി.കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ.വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്. ധന്യയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച്‌ വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.തിരച്ചിലിനൊടുവിൽ രാവിലെ 7.30 ഓടെ മൃതശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ കണ്ടെത്തുകയായിരുന്നു.