ആലപ്പുഴ:വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണല്‍ ഭാഗത്താണ് സംഭവം. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.ബോട്ടില്‍ ഉണ്ടായിരുന്നവരെ സ്പീഡ് ബോട്ടുകളില്‍ സുരക്ഷിതമായി മുഹമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഇതിനിടെ തീപിടുത്തത്തില്‍ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി. കരയില്‍ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. തീ പിടുത്തമുണ്ടായ ഹൗസ് ബോട്ടിനരികെ മറ്റ് ഹൗസ് ബോട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തീ പടരുമോ എന്ന ഭയം മൂലം അവര്‍ അടുത്തില്ല. യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഹൗസ് ബോട്ട് കായലിലൂടെ ഒഴുകി നീങ്ങി.
നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഡല്‍ഹിയിലെത്തിച്ചു; സംസ്‌കാരം നാളെ
ന്യൂഡൽഹി:നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഡല്‍ഹിയിലെത്തിച്ചു.തിരുവനന്തപുരം സ്വദേശി പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങളാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഉച്ചയോടെയാണ് കോഴിക്കോട് സ്വദേശി രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചത്.പ്രവീണിന്റേയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം.എന്നാല്‍ രഞ്ജിതിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ ഉച്ചയോടെയാകും കോഴിക്കോടെത്തിക്കുക. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ പോയ വിനോദസഞ്ചാരത്തിനായി പോയ മലയാളികളായ 15 അംഗ സംഘത്തിലെ എട്ടുപേരെ ദമനിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.
മലയാളം വായിച്ചത് ശരിയായില്ല;രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു
കോട്ടയം: മലയാളം വായിച്ചത് ശരിയായില്ലെന്ന കാരണത്താൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ മലയാളം അധ്യാപിക മിനി ജോസിനെയാണ് സസ്പെന്റ് ചെയ്തത്.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ തല്ലിയത്. മലയാളം പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ കുട്ടി വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലുപയോഗിച്ച് കൂരമായി തല്ലുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ നീര് കണ്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയ കാര്യം പറഞ്ഞത്.ഉടന്‍ തന്നെ കുട്ടിയെയും കൊണ്ട് അമ്മൂമ്മ സ്‌കൂളിലെത്തി. എന്നാല്‍ അപ്പേഴേക്കും അധ്യാപിക വീട്ടിലേക്ക് പോയിരുന്നു. എങ്കിലും മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.വിദ്യാര്‍ത്ഥിയെ പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.ടീച്ചറോട് ചോദിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നല്‍കിയതെന്ന് അമ്മ പറഞ്ഞു.തുടര്‍ന്ന് ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമചോദിച്ച് വീട്ടിലെത്തി. എന്നാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, പഠനത്തില്‍ അല്‍പം പിന്നോട്ടായിരുന്നതിനാല്‍ കുട്ടിക്ക് തല്ല് കൊടുക്കാന്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അധ്യാപിക ഇന്നലെ ഉച്ചക്ക് ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. ശേഷം പുസ്തകം വായിക്കാന്‍ കുട്ടി ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.നടപടികളുടെ ഭാഗമായാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.
കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
കൊച്ചി:കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘കൂടത്തായി: ഗെയിം ഓഫ് ഡെത്ത്’ എന്ന സീരിയലിനാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്. കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസും റോയി തോമസിന്റെ മക്കളുമാണ് കോടതിയെ സമീപിച്ചത്. പൊന്നാമറ്റം വീട്ടിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ സിനിമയും സീരിയലും ആവുന്നതോടെ കുട്ടികള്‍ മാനസികമായി തളരുമെന്ന് ഭയപ്പെട്ടാണ് ഹരജി നല്‍കിയതെന്ന് രഞ്ജി നേരത്തെ പറഞ്ഞിരുന്നു.സംഭവത്തില്‍ 6 കേസുകളില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ട്രയല്‍ പോലും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടത്തായി കൊലപാതക പരമ്പര പ്രമേയമാക്കി സിനിമയും സീരിയലും വരുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്.കൂടത്തായി കൊലപാതക പരമ്ബരയിലെ മൂന്ന് മരണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആരോപിതര്‍ക്ക് വിപരീതഫലമാകും പ്രോസിക്യൂഷന്‍ സമയത്തുണ്ടാക്കാന്‍ സാധ്യതയെന്നും സീനിയര്‍ പബ്ലിക്ക് പ്രൊസീക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി വാദിച്ചു. സീരിയല്‍ വിധിന്യായത്തെ തടസ്സപ്പെടുത്തുന്നതാകുമെന്നും കോടതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സീരിയല്‍ സംപ്രേക്ഷണത്തിന് സ്റ്റേ നല്‍കിയത്.
ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് തളിപ്പറമ്പിൽ അറസ്റ്റിൽ
കണ്ണൂർ:ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് തളിപ്പറമ്പിൽ അറസ്റ്റിൽ.കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ്(22) തളിപ്പറമ്പ് സി ഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് ഷെയര്‍ചാറ്റ് വഴി പത്ത് ദിവസം മുൻപ് പരിചയപ്പെട്ട ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കവെ സ്‌കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഹുസൈന്‍ കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടത്. സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തേര്‍ളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയില്‍ ഒളിച്ചിരിക്കവെയാണ് പോലീസിന്റെ വലയിലായത്.തളിപ്പറമ്പ് എസ് .ഐ. കെ.പി.ഷൈന്‍, എ .എസ്. ഐ എ.ജി.അബ്ദുള്‍റൗഫ്, സീനിയര്‍ സി.പി.ഒമാരായ. സ്‌നേഹേഷ്, ഗിരീഷ്, സി.പി.ഒമാരായ ദിനേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് ഈയാളെ പിടികൂടിയത്.പല പേരുകളിലായി ഈയാള്‍ 46 ഓളം പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരേസമയം നാല് പെണ്‍കുട്ടികളുമായിട്ട് വാഹിദ് ചാറ്റിംഗ് നടത്താറുണ്ട്. മൂന്ന് ഫോണുകളാണ് ഇയാൾ പെൺകുട്ടികളുമായി ചാറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്.പോലീസ് പിടിയിലാകുന്ന സമയത്തും ഇയാൾ പെൺകുട്ടികളോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.ചാറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പല വിദ്യാർത്ഥിനികളേയും പീഡിപ്പിച്ച് അവരുടെ നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിവെച്ചതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇയാളുടെ സുഹൃത്തുക്കളില്‍ ചിലരേയും പോലീസ് അന്വേഷിച്ചുവരികയാണ്.ജില്ലക്ക് പുറത്തുള്ള പെണ്‍കുട്ടികളും വാഹിദിന്റെ ചാറ്റിംഗ് വലയില്‍ കുടുങ്ങിയിട്ടുണ്ട്.പോലീസ് ചോദ്യംചെയ്തുവരുന്ന വാഹിദിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.
സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്;മൂന്നുപേർ നിരീക്ഷണത്തിൽ
റിയാദ്:സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്.ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്സിനെ പരിചരിച്ച നഴ്സുമാര്‍ക്കാണ് രോഗ ബാധ ഉണ്ടായത്.ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപിട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നു.ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താത്ത സ്ഥിതിയാണ് ഇവിടെ.അല്‍ ഹയത് നാഷണല്‍ ആശുപത്രിയില്‍ ഇതിനുള്ള ചികിത്സ ലഭ്യമല്ലെന്നിരിക്കെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാനും ആശുപത്രി അധികൃതര്‍ തയാറാകുന്നില്ല. രോഗം വിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതര്‍. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാര്‍ പറഞ്ഞു.
കേന്ദ്ര മോട്ടോർ വാഹന ഭേദഗതി;പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച് കേന്ദ്രം
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗഡ്കരി കേരളത്തിന് മറുപടി കത്തു നല്‍കി.കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഉയര്‍ന്ന പിഴത്തുക, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയില്‍ മേഖലയിലെ സ്വകാര്യവത്കരണം തുടങ്ങിയവയിലായിരുന്നു സംസ്ഥാനത്തിന്റെ വിയോജിപ്പ്.ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ച് കേന്ദ്ര മോട്ടോര്‍വാഹന നിയമം പാസാക്കിയത് റോഡ് സുരക്ഷ പശ്ചാത്തലം പരിഗണിച്ചാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാല്‍, ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഇളവുവരുത്തി കോംബൗണ്ടിങ് ഫീസ് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുംവിധമാണ് കേന്ദ്രനിയമത്തിന്റെ ഇരുന്നൂറാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള പിഴത്തുക നിശ്ചയിച്ചത്.കേന്ദ്രനിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയെക്കാള്‍ കുറഞ്ഞ തുക ഇരുന്നൂറാം വകുപ്പ് പ്രകാരം ഫീസായി നിശ്ചയിക്കുന്നത് തെറ്റാണെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തേ അയച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ കത്ത് പ്രകാരം പിഴത്തുകയെക്കാള്‍ കുറഞ്ഞനിരക്കില്‍ കോമ്ബൗണ്ടിങ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാനത്തിന്റെ നടപടി ശരിയാണെന്നു വ്യക്തമാക്കുന്നതാണ്.പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുക്കാമെന്ന വ്യവസ്ഥ മാര്‍ച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
കൊറോണ വൈറസ്;ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. 440 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ കമ്മീഷനാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് ആരോഗ്യ കമ്മീഷന്‍ മേധാവി ലി ബിന്‍ ബെയ്ജിംഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതേസമയം, പുതിയ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാനും ലോകാരോഗ്യസംഘടന യോഗം ചേരും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിരുന്നില്ല. കൊറോണ വൈറസിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴച വീണ്ടും യോഗം ചേരാന്‍ ഡബ്ല്യുഎച്ച്‌ഒ സമിതി തീരുമാനിക്കുകയായിരുന്നു.നേരത്തെ അഞ്ചുതവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും അധിതൃതര്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.ഇതുവരെ ചൈനയില്‍ 470 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍കരുതലിന്റെ ഭാഗമായി രണ്ടായിരത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലുണ്ട്. ജനങ്ങള്‍ വുഹാനിലേക്ക് യാത്ര ചെയ്യുന്നതിനും ചൈനീസ് അധികൃതര്‍ ബുധനാഴ്ച വിലക്കേര്‍പ്പെടുത്തി. യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.
പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കതിരൂര്‍: പൊന്ന്യം നായനാര്‍ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷാണ് (33)അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജനുവരി 16-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാര്‍ റോഡില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം നടന്നത്. സംഘര്‍ഷ മേഖലയായ ഇവിടെ വര്‍ഷങ്ങളായി പോലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു.സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. പോലീസും ഇത്തരത്തിലാണ് അന്ന് കേസെടുത്തിരുന്നത്. എന്നാല്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നല്‍കിയത്.വീടിന് നേരെ ബോംബേറ്, ഓട്ടോറിക്ഷ അടിച്ച് തകര്‍ക്കല്‍, ഉള്‍പ്പെടെ പ്രതിയുടെ പേരില്‍ പത്തോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ നിജീഷ്, കോണ്‍സ്റ്റബിള്‍മാരായ റോഷിത്ത്, വിജേഷ് എന്നിവരാണ് പ്രബേഷിനെ കസ്റ്റഡിയിലെടുത്തത്.ബോംബേറ് നടന്ന നായനാര്‍ റോഡിലെ മനോജ് സേവാ കേന്ദ്രത്തിലെത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെ തെളിവെടുപ്പ് നടത്തി.വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂത്തുപറമ്പ് കണ്ടേരിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കൂത്തുപറമ്പ്:മാങ്ങാട്ടിടം കണ്ടേരിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബേറ്.ഫസീല മന്‍സിലില്‍ നൗഫലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവ സമയം നൗഫലും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.സ്ഫോടനത്തില്‍ നൗഫലിന്റെ പിതാവ് അലവി, മരുമകന്‍ റിഫ് ഷാന്‍ എന്നിവരുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. ഇവരെ പിന്നീട് ചികിത്സയ്ക്ക് വിധേയരാക്കി.കാറിലെത്തിയ നാലംഗസംഘമാണ് വീടിനുനേർക്ക് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ കൂത്തുപറമ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു . അക്രമികളെത്തിയ കാറിന്റെ ദൃശ്യം വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .