മംഗലൂരു:മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി.കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സയനൈഡ് ശേഖരം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് സയനൈഡ് ആണെന്ന് തെളിഞ്ഞിട്ടുമുണ്ട്. വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമാണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തേ പറഞ്ഞിരുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിട്ട് അവിടെ ജോലി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ബോംബ് വെച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തിയതോടെ പോലീസ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.ജനുവരി 20നാണ് വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയത്. പ്രതി ആദിത്യ റാവു പോലീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ 8.45 ഓടെയാണ് മംഗലൂരു വിമാനത്താവളത്തിലെ ഇന്‍ഡിഗോ ടിക്കറ്റ് കൗണ്ടറിന് സമീപം കറുത്ത ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സിഐഎസ് എഫ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിര്‍വീര്യമാക്കിയത്. പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കാസർകോട്ടെ സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം
കാസര്‍കോട്:സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം.വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ് കേസില്‍ അറസ്റ്റിലായ സ്‌കൂളിലെ സഹ അധ്യാപകന്‍ കൂടിയായ വെങ്കിട്ടരമണ എന്നത് സംശയത്തിന് ആക്കം കൂട്ടുന്നു.കൊലപാതകം നടത്തുന്നതിന് വെങ്കട്ടരമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുര്‍മന്ത്രപൂജകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു.നഗ്നനാരീപൂജ കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.ഇത്തരം ഗൂഢപൂജകളിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്. കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നഗ്‌നനാരീപൂജകള്‍ നിരോധിച്ചിരുന്നു.രൂപശ്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ (22) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജനുവരി 13 മുതല്‍ വെങ്കിട്ടരമണ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്. രൂപശ്രീക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വെങ്കിട്ടരമണ പൊലീസിനോട് പറഞ്ഞത്.എന്നാൽ പ്രതിയുടെ മൊഴിക്കൊപ്പം ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാതിരുന്നത് നഗ്നനാരീപൂജ നടന്നതുകൊണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. മുടി മുറിച്ചുമാറ്റിയതും ആഭിചാരകര്‍മത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്.
വെങ്കിട്ട രമണ വിവിധ സ്ഥലങ്ങളില്‍ പൂജകള്‍ക്ക് പോകുമ്പോൾ സഹായിയായി കൂടെ കൂട്ടാറുള്ളയാളാണ് നിരഞ്ജന്‍. കൊലപാതകം നടക്കുമ്പോൾ നിരഞ്ജനും വീട്ടിലുണ്ടായിരുന്നു. ബ്രാഹ്മണരുടെ ഗൂഢപൂജകളില്‍ ബലി നടത്തുന്നതിന് ആയുധമുപയോഗിക്കാതെ പകരം ശ്വാസംമുട്ടിച്ച് കൊല്ലുന്ന രീതിയാണ് അവലംബിക്കാറെന്നും പറയപ്പെടുന്നു.വെങ്കിട്ടരമണയുടെ വീട്ടിനകത്ത് സൂക്ഷിച്ച വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നശേഷം കടലില്‍ തള്ളിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മിയാപദവ് ആസാദ് നഗറിലെ വെങ്കിട്ട രമണയുടെ വീടിനെപ്പറ്റിയും സമീപവാസികള്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. നിഗൂഡത ഏറെയുള്ള വീടിനകത്ത് അഗ്നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്.പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറിയുണ്ടെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു. സംഭവദിവസം നേരത്തേ സ്‌കൂളില്‍നിന്നിറങ്ങിയ രൂപശ്രീ ഒരു വിവാഹച്ചടങ്ങിലും മകള്‍ പഠിക്കുന്ന സ്‌കൂളിലും പോയതിനുശേഷം വീട്ടിലേക്കു പോകുമ്പോൾ വെങ്കിട്ടരമണ കാറില്‍ കയറ്റി തന്ത്രപൂര്‍വം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.രൂപശ്രീയുടെ സ്‌കൂട്ടര്‍ ഈ വഴിയിലുള്ള ദുര്‍ഗിപള്ള എന്ന സ്ഥലത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. വീട്ടില്‍വച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ തല താഴ്ത്തിപ്പിടിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം നിരഞ്ജന്റെ സഹായത്തോടെ കാറിലിട്ട് കൊണ്ടുപോയി കടലില്‍ തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട;ഒന്നേമുക്കാൽ കിലോ സ്വർണ്ണവുമായി സ്ത്രീകളടക്കം മൂന്നുപേർ പിടിയിൽ
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കിലോ സ്വർണ്ണവുമായി സ്ത്രീകളടക്കം മൂന്നുപേർ പിടിയിൽ.പിടികൂടിയ സ്വർണ്ണത്തിന് 58 ലക്ഷം രൂപ വിലമതിക്കും.എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപൂരിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിനിയായ സ്ത്രീയിൽ നിന്നും 750 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.മറ്റൊരു എയർ ഏഷ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയിൽ നിന്നും 250 ഗ്രാം സ്വർണമാണ് പിടികൂടിയത്.ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശിയിൽ നിന്നും പാന്റിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 750 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.ഇയാൾ ധരിച്ചിരുന്ന പാന്റിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് പേസ്റ്റ് രൂപത്തിലുള്ള സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.ആദ്യ രണ്ട് കേസുകൾ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ഒരു കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവുമാണ് പിടികൂടിയത്.പിടിയിലായ മൂന്നുപേരും നവംബർ,ഡിസംബർ മാസങ്ങളിലായി വിസിറ്റിംഗ് വിസയിൽ വിദേശത്തേക്ക് പോയവരാണ്.
കാട്ടാക്കടയിൽ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി
തിരുവനന്തപുരം:സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി.ജെസിബി ഉടമ ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്.ഇതോടെ കേസില്‍ നാല് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന്‍ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. ടിപ്പര്‍ ഉടമ ഉത്തമനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയേക്കും.സ്വന്തം പറമ്പിൽ നിന്നും അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് സംഗീതിന്റെ കുടുംബവും നാട്ടുകാരും ആക്ഷേപം ഉന്നയിച്ചിരുന്നു.അക്രമികള്‍ പ്രശ്നമുണ്ടാക്കിയപ്പോൾ തന്നെ സഹായം തേടി പൊലീസിനെ വിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് സംഗീതിന്റെ ഭാര്യ ആരോപിച്ചിരുന്നു. പ്രതികളെല്ലാം രക്ഷപ്പെട്ടശേഷമാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാരും ആരോപണം ഉന്നയിച്ചു. സംഭവം വിവാദമായതോടെയാണ് പൊലീസ് നടപടി ഊര്‍ജ്ജിതമാക്കിയത്.
അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസ താരം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ 9 പേര്‍ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
കാലിഫോർണിയ:അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസ താരം കോബി ബ്രയന്റും മകളും ഉള്‍പ്പെടെ 9 പേര്‍ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.പതിമൂന്നുകാരിയായ മകളെ ബാസ്കറ്റ് ബോള്‍ പരിശീലനത്തിനായി കൊണ്ടു പോകും വഴി കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയിലാണ് അപകടം ഉണ്ടായത്.മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. കോബിയുടെ സ്വകാര്യ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷപെടുത്താന്‍ സാധിച്ചില്ല. എക്കാലത്തെയും മികച്ച ബാസ്ക്കറ്റ് ബോള്‍ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോബി ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ബാസ്ക്കറ്റ് ബോള്‍ ചരിത്രത്തില്‍ നിരവധി നേട്ടങ്ങള്‍ക്ക് ഉടമയായ കോബി, രണ്ട് തവണ ഒളിംപിക് സ്വര്‍ണ്ണം നേടിയിട്ടുണ്ട്.2007-2008 കാലഘട്ടത്തിലെ എന്‍ബിഎ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി. എന്‍ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോര്‍ നേട്ടത്തിനുടമയാണ് കോബി .
കൊറോണ വൈറസ്;ചൈനയിൽ നിന്നും കണ്ണൂരിലെത്തിയ അഞ്ചംഗ കുടുംബം നിരീക്ഷണത്തിൽ;ചൈനയിൽ മരണം 80 ആയി
കണ്ണൂർ:ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.ചൈനയില്‍ നിന്നും നാട്ടിലെത്തിയ കണ്ണൂർ ജില്ലയിലെ പേരാവൂര്‍ സ്വദേശികളായ അഞ്ചുപേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. 28 ദിവസത്തേക്ക് പൊതുപരിപാടികളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.കഴിഞ്ഞദിവസമാണ് ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി ഇവർ കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ എന്ന് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ അധികൃതര്‍ പേരാവൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാല്‍ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന.ഈ കുടുംബത്തെ കൂടാതെ പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുന്‍പ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നത്.ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസ്;സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം:കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ ഏഴ് പേര്‍ ആശുപത്രികളിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്നലെ മാത്രം 109 പേരാണ് ചൈനയില്‍ നിന്ന് കേരളത്തിലെത്തിയത്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. മടങ്ങിയെത്തിയവരില്‍ വൂഹാൻ സർവ്വകലാശാലയിലെ രണ്ട് വിദ്യാർഥികളുമുണ്ട്.ഇന്നലെ രാത്രി 11 മണിക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു.എല്ലാ മെഡിക്കല്‍കോളജുകളിലും മറ്റും മുന്‍ കരുതലായി ഐസലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്.വിദേശത്ത് നിന്ന് വരുന്നവരെ പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളിലും പരിശോധനാ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണം കണ്ടാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും നിർദേശമുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് പണി മുടക്കുന്നു
കോഴിക്കോട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് പണി മുടക്കുന്നു.മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകൾ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കാസർകോട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 20 വര്‍ഷം കഠിന തടവ്
കാസര്‍കോട്: കാസര്‍കോട്ട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.ചുള്ളിക്കര ജി. എല്‍ പി സ്ക്കൂള്‍ അധ്യാപകന്‍ പി രാജന്‍നായർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കാസര്‍കോട് പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.25,000 രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോക്‌സോ കോടതി വിധിച്ചു.2018 ഒക്ടോബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം.സ്ക്കൂള്‍ ഐ ടി സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.
മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിന്മേല്‍ മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു.കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.സെന്‍കുമാറിനൊപ്പം സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്. വെള്ളാപ്പള്ളി നടേശനെതിരായി സുഭാഷ് വാസുവുമൊത്ത് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം സൂചിപ്പിച്ചു കൊണ്ടുള്ള ചോദ്യത്തില്‍ ക്ഷുഭിതനായ ടി പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറുകയായിരുന്നു.താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.കടവില്‍ റഷീദിനെ ഡയസിന് സമീപത്തേക്ക് വിളിച്ച് വരുത്തിയ ടി പി സെന്‍കുമാര്‍ ചോദ്യം ചോദിച്ചതിന്റെ പേരില്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.ഒപ്പമുണ്ടായിരുന്ന ആളുകള്‍ കടവില്‍ റഷീദിനെ പിടിച്ച് തള്ളാന്‍ ശ്രമിക്കുകയും ചെയ്തു.മാധ്യമപ്രവര്‍ത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടല്‍ കൊണ്ടാണ് പ്രശ്‌നം വഷളാകാതിരുന്നതെന്ന് പറഞ്ഞ പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സെന്‍കുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കണ്‍ഡോണ്‍മെന്റ് പോലിസ് കേസ് എടുത്തിട്ടുണ്ട്.