തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ്ന്റെ ‘മനുഷ്യഭൂപടം’ ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കുക.ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്റെ നീക്കം.ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലുമണിക്കാണ് റിഹേഴ്‌സല്‍. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കളും നേതൃത്വം നല്‍കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ചും നടത്തും.കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചിട്ടുണ്ട്.കേന്ദ്രത്തിനും ഗവര്‍ണ്ണര്‍ക്കും ഒപ്പം സംസ്ഥാന സര്‍ക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.തുടര്‍ന്ന് രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും.
കൊറോണ വൈറസ് ബാധ;ചൈനയില്‍ മരണം 170; ലോകാരോഗ്യസംഘടനയുടെ അടിയന്തര യോഗം ഇന്ന്
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. പുതുതായി 1000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 16ലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മുമ്പ് സാധാരണ നിലയിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഖേദിക്കുന്നതായും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതായും ഡബ്ല്യൂ.എച്ച്.ഒ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആഗോള അടിയന്താരാവസ്ഥ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ധൃതിപിടിച്ച തീരുമാനായിരിക്കുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെന്‍ഡ്രോസ് അഥേനോം ഗബ്രിയാസിസ്‍ പറഞ്ഞു.ചൈനയുടെ മറ്റ് മേഖലകളിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.രോഗം വ്യാപിക്കുന്നത് തടയാന്‍ ശരിയായ നടപടിയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. നടപടികള്‍ ഫലപ്രദവും ഹ്രസ്വകാലത്തേക്കുമാത്രമായി ഉള്ളതാണെന്നുമാണ് മനസിലാക്കുന്നത്. സഞ്ചാരവും വ്യാപാരവും തടയുന്ന രീതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൈനയിലെത്തുകയും രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്തുകയും ചെയ്യും. കൊറോണ ബാധിതര്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും അഞ്ചില്‍ ഒന്ന് രോഗികള്‍ക്ക് മാത്രമേ ന്യുമോണിയ, ശ്വാസ തടസ്സം പോലുള്ള ലക്ഷണങ്ങളുള്ളൂ എന്നുമാണ് നിഗമനം. അതേസമയം വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് തങ്ങളുടെ പൌരന്‍മാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബ്രിട്ടീഷ് എയര്‍ വേയ്സ്, ലയണ്‍ എയര്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ ചൈനയില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളി പ്രവാസി വ്യവസായി സി.സി തമ്പിക്ക് ജാമ്യം
കൊറോണ വൈറസ് ബാധ;വുഹാനിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാന്‍ ചൈനയുടെ അനുമതി
ബീജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കു നാട്ടിലേക്ക് മടങ്ങാന്‍ ചൈനയുടെ അനുമതി.നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞിരുന്നു.തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന തയാറായത്.വുഹാനില്‍ നിന്ന് 250 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ന് അര്‍ധരാത്രി മുംബൈയില്‍നിന്നു വിമാനം ചൈനയിലേക്ക് പുറപ്പെടും. ഇന്ത്യയില്‍ മടങ്ങി എത്തുന്നവരെ 14 ദിവസം പ്രത്യേകം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ജനുവരി 27ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിദേശകാര്യ, സിവില്‍ ഏവിയേഷന്‍, ഷിപ്പിംഗ്, ഐ ആന്‍ഡ് ബി, പ്രതിരോധ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഒടുവിൽ സർക്കാർ നിലപാടിന് വഴങ്ങി ഗവർണ്ണർ;സിഎഎയ്ക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപനത്തിൽ വായിച്ചു
തിരുവനന്തപുരം:ഒടുവിൽ സർക്കാർ നിലപാടിന് വഴങ്ങി സിഎഎയ്ക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപനത്തിൽ വായിച്ച് ഗവർണ്ണർ.വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18 ആം ഖണ്ഡിക ഗവര്‍ണര്‍ വായിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗങ്ങളാണ് ഗവര്‍ണര്‍ വായിച്ചത്.പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു.പിന്നീടു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ
തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ.കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാര്‍ശ നല്‍കിയത്.എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയുകയുള്ളൂ. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീര്‍ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെടുന്നത്. അപകടം നടക്കുന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം.അപകട സമയത്തു താന്‍ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തില്‍ അദ്ദേഹം നിഷേധിച്ചിരുന്നു.
കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ്;അന്വേഷണം എൻഐഎ ഏറ്റെടുത്തു
തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു.കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുള്‍ സമീമിനെയും എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നാഗര്‍കോവിലില്‍ എത്തിയാണ് സംഘം പ്രതികളെ ചോദ്യം ചെയ്തത്.ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎയുടെ നടപടി.
കൊറോണ വൈറസ് ബാധ;വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ
ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ.വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം ഇന്ത്യയുടെ നീക്കത്തിനെ അനുകൂലിച്ചുള്ള നിലപാടല്ല ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് വിവരം.ലോകാരോഗ്യ സംഘടന ഒഴിപ്പിക്കലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി ഇന്ത്യ നടപടിയെടുക്കുമ്പോഴും ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന് ശേഷവും തങ്ങള്‍ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും രക്ഷിക്കണമെന്നും പറഞ്ഞ് കരയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത് വന്നിരുന്നു.
മഹാരാഷ്ട്രയില്‍ നിയന്ത്രണം വിട്ട ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റില്‍ വീണു;20 പേർ മരിച്ചു
മഹാരാഷ്ട്ര:മഹാരാഷ്ട്രയില്‍ നിയന്ത്രണം വിട്ട ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റില്‍ വീണ് 20 പേർ മരിച്ചു.നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.ഓടികൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞു.അപകടത്തില്‍ 20 പേര്‍ മരിച്ചു.30 പേര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.മഹാരാഷ്ട്രയിലെ ധൂലെയില്‍ നിന്ന് കാല്‍വനിലേക്ക് പോകുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍ പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.ബസിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നാസിക് എസ്പി അര്‍ഥി സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികില്‍സാ ചെലവ് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കും.
നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണറെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു;പ്രസംഗം ബഹിഷ്‌കരിച്ചു;സഭയിൽ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ തടഞ്ഞു.ഗോ ബാക്ക് വിളികളുമായി പ്ലക്കാര്‍ഡുകളേന്തി പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറുടെ മാര്‍ഗമധ്യേ നിലയുറപ്പിക്കുകയായിരുന്നു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല.പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി.പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്. ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ച് വരുത്തി.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു.വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുകയായിരുന്നു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.