കണ്ണൂർ:കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു.താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ പിന്‍ഭാഗത്തെ ടയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്.ബസില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് തീ പടരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ബസ് ജീവനക്കാര്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കി.വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്റ്റേഷന്‍ ഓഫീസര്‍ കെ. വി. ലക്ഷ്മണന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മാരായ ബി.രാജേഷ് കുമാര്‍. സി. വി. വിനോദ് കുമാര്‍. സീനിയര്‍ ഫയര്‍ ഓഫീസര്‍ ദിലീഷ്. കെ കെ. എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കൾ മരടിലെത്തിച്ചു
കൊച്ചി:ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കൾ മരടിലെത്തിച്ചു.ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പെളിക്കാനുള്ള സ്ഫോടക വസ്തുക്കളാണ് എത്തിച്ചത്. അഞ്ചാം തിയതിയോടെ മാത്രമേ സ്ഫോടകവസ്തുക്കള്‍ നിറക്കാന്‍ ആരംഭിക്കു.ഇന്ന് ഉച്ചയോടെ സ്ഫോടകവസ്തുക്കള്‍ ഫ്ലാറ്റുകളിലെത്തിച്ചേക്കും. സ്ഫോടനവസ്തുക്കള്‍ നിറക്കാന്‍ പില്ലറുകളില്‍ ദ്വാരമിടുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്ഫോടനശേഷം തൂണുകളുടെ അവശിഷ്ടങ്ങള്‍ ദുരേക്ക് തെറിച്ച് പോകാതിരിക്കാന്‍ കമ്പി വലകളും ജിയോ ടെക്സ്റ്റൈലും ഉപയോഗിച്ച് തൂണുകള്‍ പൊതിയുന്ന ജോലികളും അവസാനഘട്ടത്തിലാണ്. അതേസമയം മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്‍റെ ക്രമമാറ്റം ഇന്ന് ചേരുന്ന സാങ്കേതികസമിതി യോഗത്തില്‍തീരുമാനിക്കും. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ജനവാസ മേഖലയിലെ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആദ്യം പൊളിക്കുന്നതിനെതിരായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.ഇന്ന് ചേരുന്ന ടെക്നിക്കല്‍ കമ്മിറ്റി യോഗത്തില്‍ പുതുക്കിയ ക്രമം നിശ്ചയിക്കും. ജനവാസമേഖലയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ജെയ്ന്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ ആദ്യം സ്ഫോടനം നടത്താനാണ് സാധ്യത. മുമ്പ് നിശ്ചയിച്ച അതേ സമയക്രമത്തില്‍ തന്നെയാവും ഫ്ലാറ്റുകള്‍ പൊളിക്കുക. ജെയിനിനൊപ്പം ഗോള്‍ഡന്‍കായലോരവും ആദ്യദിവസം പൊളിച്ച് നീക്കാനാണ് നിലവില്‍ സാധ്യത.
ഔദ്യോഗിക യാത്രക്കിടെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ റെയ്ഞ്ച് ഓഫീസർ മരിച്ചു
പാലക്കാട്: ഔദ്യോഗിക യാത്രക്കിടെ വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ റെയ്ഞ്ച് ഓഫീസർ മരിച്ചു. അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് ദീപ്തം ഹൗസില്‍ ഷര്‍മിള ജയറാം (32) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യഴാഴ്ച രാവിലെയാണ് മരിച്ചത്.ഡിസംബര്‍ 24ന് വൈകീട്ട് ആറരയോടെ അട്ടപ്പാടി ചെമ്മണ്ണൂരിലാണ് അപകടം നടന്നത്. പന്നിയൂര്‍പടികയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ഷര്‍മിളയും ഡ്രൈവര്‍ ഉബൈദും സഞ്ചരിച്ചിരുന്ന ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിയുകയായിരുന്നു.ചെമ്മണ്ണൂര്‍ പാലത്തില്‍നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ ജീപ്പില്‍ നിന്നും ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്ഷിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷര്‍മിള 20 മിനിറ്റോളം വാഹനത്തില്‍ കുടുങ്ങിക്കിടന്നതായാണ് പറയുന്നത്.ഡ്രൈവര്‍ മുക്കാലി സ്വദേശി ഉബൈദ്(27) ചികിത്സയിലിരിക്കെ കഴിഞ്ഞ 27ന് മരിച്ചിരുന്നു.അട്ടപ്പാടി വനമേഖലയില്‍ വിഹരിച്ചിരുന്ന കഞ്ചാവ് മാഫിയയെ കിടുകിട വിറപ്പിച്ച ഓഫീസറാണ് ഷര്‍മ്മിള ജയറാം.വനപാലകര്‍ പോലും ഭയക്കുന്ന അട്ടപ്പാടി വനത്തില്‍ ധൈര്യസമേതം കടന്നുചെന്ന് ഷര്‍മ്മിള നടത്തിയത് നിരവധി കഞ്ചാവു വേട്ടകളാണ്.നാലു വര്‍ഷം മുൻപ് വനം വകുപ്പില്‍ ചേര്‍ന്ന ഷര്‍മ്മിള 2019 മാര്‍ച്ചിലാണ് അട്ടപ്പാടിയുടെ ആദ്യ വനിതാ ഫോറസ്റ്റ് റെയിഞ്ചര്‍ ആയി ചുമതലയേറ്റത്.ചുരുങ്ങിയ കാലയളവിനുള്ളില്‍ അട്ടപ്പാടി ജനതയ്ക്ക് പ്രിയങ്കരിയായി തീര്‍ന്ന ഷര്‍മ്മിള ആദിവാസി മേഖലയിലെ വിദ്യാഭ്യാസ ഉന്നതിക്കായും വലിയ തോതിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അട്ടപ്പാടി റെയ്ഞ്ചിലെ ആദിവാസി സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തുന്നതിനായി ആരണ്യോപഹാരമെന്ന പേരില്‍ നടപ്പിലാക്കിയ പ്രത്യേക പദ്ധതിയാണ് ജനശ്രദ്ധ നേടി കൊടുത്തത്.കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ഫോറസ്ട്രി ബിരുദവും ഡെറാഡൂണ്‍ വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഷര്‍മ്മിള ജയറാം തമിഴ്‌നാട് ഫോറസ്റ്റ് അക്കാഡമിയില്‍നിന്നും 2015-17 ബാച്ചിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഷര്‍മിളയുടെ മൃതദേഹം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു.തുടര്‍ന്ന് രാത്രിയോടെ പാലക്കാട് മേഴ്‌സി കോളജിന് സമീപത്തെ കള്ളിക്കാട്ടെ വസതിയില്‍ എത്തിച്ചു. ഇന്ന് നഗരസഭ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ വിനോദ് പാണ്ഡ്യരാജാണ് ഭര്‍ത്താവ്. മകന്‍ നാലു വയസുകാരന്‍ റെയാന്‍ഷ്.പിതാവ്: ജയറാം (റിട്ട. മാനേജര്‍ കനറാ ബാങ്ക്). അമ്മ: ഭാനുമതി (ബി.എസ്.എന്‍.എല്‍. റിട്ട. ഉദ്യോഗസ്ഥ).
ബാഗ്ദാദില്‍ യു.എസ് വ്യോമാക്രമണത്തിൽ ഇറാന്‍ സൈനിക ജനറലടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു
ഇറാഖ്:ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള ഏഴു സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ആക്രമണം നടത്തിയ വിവരം അമേരിക്ക സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാഖിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് പത്രകുറിപ്പിലൂടെ അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്.ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.ഇതോടെ യുഎസ്-ഇറാന്‍-ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക.പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പ്രതികരിച്ചു.
ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാസർകോഡ്:ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാന്‍സിസിനെയാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.കഴിഞ്ഞവര്‍ഷം ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുളളുവെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ നാലുവര്‍ഷമായി കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇൻസ്പെക്റ്ററായി ജോലി ചെയ്യുകയാണ് റിജോ ഫ്രാന്‍സിസ്.
റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി:റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും ഇത്തവണയും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ. നേരത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്.കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു ദൃശ്യത്തിന്റെ പ്രമേയം.കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. ധനസഹായം ലഭ്യമാക്കുന്ന കന്യാശ്രീ പദ്ധതിയുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന സബുജ് സാഥി, ജലസംരക്ഷണത്തിനുള്ള ജോല്‍ ധോരോ ജോല്‍ ഭോരോ പദ്ധതിയുമാണ് ടാബ്ലോയ്ക്കായി ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.
അതേസമയം ഫ്‌ളോട്ടുകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണികള്‍ ആരോപിച്ചു.പൗരത്വനിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാൽ റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാംഘട്ടത്തില്‍ തന്നെ പുറത്തായി.ജനുവരി 26-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
ഡല്‍ഹിയിലെ പീര്‍ഗര്‍ഹിയില്‍ ഫാക്റ്ററിയിൽ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗം മരിച്ചു
ഡല്‍ഹി:ഡല്‍ഹിയിലെ പീര്‍ഗര്‍ഹിയില്‍ തീപിടുത്തമുണ്ടായ ഫാക്ടറിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗം മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ വിഷ പുക ശ്വസിച്ചതാണ് മരണകാരണം. രണ്ട് അഗ്നിശമന ഉദ്യോസ്ഥരുള്‍പ്പടെ 18 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് തീപടരാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ഏഴോളം ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.ഒ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒൻപത് മണിയോടെ ഫാക്ടറിയില്‍ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.പൊട്ടിത്തെറിയില്‍ ഫാക്ടറിയുടെ ഒരു ഭാഗം തകര്‍ന്ന് വീണു.അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ മൂന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരും ഒരു തൊഴിലാളിയും കുടുങ്ങി. പിന്നാലെ ദേശീയ ദുരന്ത നിവാരണ സേനയും കൂടുതല്‍ അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ പൗരത്വസംരക്ഷണസമിതി റാലി ഈ മാസം നാലിന്
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കണ്ണൂര്‍ പൗരത്വസംരക്ഷണസമിതി രംഗത്ത്.സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം നാലിന് കണ്ണൂരില്‍ റാലിയും പൊതുസമ്മേളനവും നടത്തും.കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് റാലിയും പ്രതിഷേധയോഗവും സംഘടിപ്പിക്കുന്നത്.വൈകീട്ട് നാലിന് സെന്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്തുനിന്ന് റാലി ആരംഭിക്കും. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറിലാണ് പൊതുസമ്മേളനം നടക്കുക.സമസ്ത കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി.പി.ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ ഒൻപതാം ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം
കണ്ണൂർ:കര്‍ഷക തൊഴിലാളി യൂണിയന്‍ ഒൻപതാം ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം.നായനാര്‍ അക്കാഡമിയില്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക.പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.കിസാന്‍ സഭാ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എസ്. രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.രാജ്യത്തെ കര്‍ഷകരെ നരേന്ദ്ര മോഡി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് എസ്. ആര്‍. പി പറഞ്ഞു. കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോള്‍ നരേന്ദ്ര മോഡി കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല, അവരെ ചതിക്കുകയാണ് ചെയ്തത് എന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു.മൂന്നാം തിയ്യതി വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, സുനിത് ചോപ്ര, വിവിധ സംഘടനകളുടെ അഖിലേന്ത്യാ ഭാരവാഹികള്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും.സമാപന റാലിയില്‍ ഒരു ലക്ഷം പേരെ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.