തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച അര്‍ധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.ഇതിന് ശേഷമാണ് വിദ്യാർത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍നിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.ചികിത്സയ്ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ഐസൊലേഷന്‍ വാര്‍ഡാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്.പേവാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്.20 മുറികളാണ് ഈ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുള്ളത്.ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ചികിത്സയിൽ കഴിയുന്ന വിദ്യാത്ഥിനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിനിക്ക് പുറമേ നിലവില്‍ ഒൻപതു പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലുണ്ട്.വീടുകളിലും ആശുപത്രികളിലുമായി സംസ്ഥാനത്തുടനീളം ആകെ 1053 പേരാണ് ഇതുവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച നാല് പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്,134 പേര്‍. മലപ്പുറത്തും എറണാകുളത്തുമായി 100ല്‍ അധികം പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും. ചൈനയില്‍ നിന്ന് തിരിച്ചെത്തിയവരും രോഗ ലക്ഷണമുള്ളവരും എത്രയും വേഗത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയില്‍നിന്ന് വന്നവരില്‍ ചിലര്‍ സ്വമേധയാ പരിശോധനയ്ക്ക് തയാറായിട്ടില്ല.ചുമ, പനി, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാസംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെയെത്തണം.ഒരാള്‍ പോലും മരിക്കരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണ്.