ഷവര്‍മ്മയുണ്ടാക്കാനായി കൊണ്ടുവന്ന 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

keralanews 650kg of stale chicken brought to make shawarma seized from kozhikode railway station

കോഴിക്കോട്:ട്രെയിനിൽ പാർസലായി കൊണ്ടുവന്ന 650 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. നിസാമുദ്ദീനില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു വന്ന കോഴിയിറച്ചിയാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.ഷവര്‍മയുള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനായി കൊണ്ടുവന്ന ഇറച്ചിയാണ് ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.65 കിലോയുടെ പത്ത് ബോക്സുകളായാണ് കോഴിയിറച്ചി എത്തിയത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിയിറച്ചി കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ കോഴിയിറച്ചിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.ഈ ഇറച്ചിയുപയോഗിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കോഴിക്കോട് നഗരത്തില്‍ വിതരണത്തിനായി എത്തിച്ചതാണ് ഇറച്ചിയാണ് ഇതെന്നാണ് വിവരം.പാഴ്സല്‍ ആര്‍ക്കാണ് വന്നതെന്ന കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പൊലീസിനോട് ആവശ്യപ്പെടും. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം,ഭക്ഷ്യ സുരക്ഷാ വകുപ്പ്,റെയില്‍വേ ആരോഗ്യ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം;ആയുധധാരികള്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്കു കടന്നത് കറുത്ത കാറിൽ; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അതീവജാഗ്രതാ നിര്‍ദേശം നൽകി

keralanews the incident of a s i shot dead in kaliyikkavila the accused entered kerala in black colour car alert issued to all police stations

തിരുവനന്തപുരം:കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ അക്രമികൾ കേരളത്തിലേക്ക് കടന്നത് കറുത്ത നിറത്തിലുള്ള കാറിൽ. TN 57 AW 1559 എന്ന നമ്പറിലുള്ള കാറാണ് കേരളത്തിലേക്ക് കടന്നത്. ഈ കാറിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച്‌ കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു.എഎസ്‌ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവര്‍ കടന്നത് എന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കി.തമിഴ്‌നാട് സ്വദേശികളായ തൗഫിക്, അബ്ദുല്‍ ഷമീം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടന്നതെന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് പേരേയും പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വിഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്തെത്തി.അതേ സമയം സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണെന്നും,ഓപ്പറേഷണല്‍ കാര്യങ്ങളായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലന്നും ബെഹറ പറഞ്ഞു. കേരള- തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വേഷണവുമായി നീങ്ങുന്നത്.തമിഴ്‌നാട് പൊലീസ് മേധാവിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് ബെഹറ തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർത്ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്

keralanews case registered against teacher who beat student in kasarkode

കാസർകോഡ്:വിദ്യാർത്ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു.നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.എല്‍.പി. സ്കൂളിലെ ആറാംക്ലാസ്സ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ അഷറഫിനെതിരേയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.കുട്ടി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി.ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ കുട്ടിയുടെ കൈയില്‍ പാട് കണ്ട് അമ്മ അന്വേഷിച്ചപ്പോഴാണ് അധ്യാപകന്റെ മര്‍ദനത്തെക്കുറിച്ച്‌ അറിയുന്നത്.തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്;ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

keralanews report that chickenpox is spreading in the district health department issues alert

കണ്ണൂർ:ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്.ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു. വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്.പനി,ശരീരവേദന, കഠിനമായ ക്ഷീണം,നടുവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.പിന്നീട് ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു.ആരംഭഘട്ടത്തിൽ തന്നെ ആന്റി വൈറൽ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗം പെട്ടെന്ന് ഭേദമാക്കാൻ സഹായിക്കും.ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകൾ പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്വരീരം വൃത്തിയായി സൂക്ഷിക്കുന്നതും നഖം വെട്ടി വൃത്തിയാക്കുന്നതും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുന്നതും രോഗം ഭേദമാക്കാൻ സഹായിക്കും.രോഗിക്ക് ഏതാഹാരവും കഴിക്കാം. ധാരാളം വെള്ളം കുടിക്കുന്നതും വായുസഞ്ചാരമുള്ള മുറിയിൽ കിടക്കുന്നതും ഗുണകരമാണ്. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.രോഗാരംഭത്തിനു മുൻപുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ഘട്ടങ്ങളിലുമാണ് രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളത്.കുട്ടികളിൽ നിസ്സാരമായി മാറിപ്പോകുന്ന ഈ രോഗം മുതിർന്നവരിൽ ഗൗരവതരമാകാനും മരണപ്പെടാനും ഉള്ള സാധ്യതയുള്ളതിനാൽ സ്വയം ചികിത്സ നടത്താതെ ഡോക്റ്ററുടെ സേവനം തേടണം.ചിക്കൻപോക്‌സിനെതിരെയുള്ള മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

ജില്ലയിൽ പണിമുടക്ക് പൂർണ്ണം;പലയിടത്തും വാഹനങ്ങൾ തടഞ്ഞു

keralanews national strike complete in kannur vehicles were blocked in several places

കണ്ണൂർ:ഇന്നലെ നടന്ന ദേശീയ പണിമുടക്ക്  ജില്ലയിൽ പൂർണ്ണം.കടകൾ അടഞ്ഞു കിടന്നു. വാഹനങ്ങൾ സർവീസ് നടത്തിയില്ല.സർക്കാർ ജീവനക്കാരുടെ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു.കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ 700 ജീവനക്കാരിൽ 20 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയില്ല. ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ഡോക്റ്റർമാരുടെയും മറ്റ് ജീവനക്കാരുടെയും  കുറവായിരുന്നു. പരിശോധനയ്‌ക്കെത്തിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി.ചരക്ക് ലോറികളും ഗ്യാസ് ലോറികളും രാവിലെ സർവീസ് നടത്തിയെങ്കിലും പണിമുടക്ക് അനുകൂലികൾ വിവിധ സ്ഥലങ്ങളിൽ തടഞ്ഞതോടെ അവയും ഓട്ടം നിർത്തി.നഗരത്തിൽ സർവീസ് നടത്തിയ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുമായി പോയ ഓട്ടോ സമരാനുകൂലികൾ തടയുകയും ടയറിന്റെ കാറ്റഴിച്ചുവിടുകയും ചെയ്തു.തുടർന്ന് പോലീസെത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. കോടതി,റെയിൽവേ സ്റ്റേഷൻ,മിൽമ, ജയിൽ,ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ക്യാന്റീനുകൾ തുറന്നു പ്രവർത്തിച്ചത് നഗരത്തിൽ കുടുങ്ങിയവർക്ക് ആശ്വാസമായി. പണിമുടക്കിയ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.തെക്കി ബസാറിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി സഹദേവൻ,സിപിഎം ജില്ലാ സെക്രെട്ടറി എം.വി ജയരാജൻ,അരക്കൻ ബാലൻ,ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ശശീന്ദ്രൻ, എഐടിയുസി സംസ്ഥാന സെക്രെട്ടറി താവം ബാലകൃഷ്ണൻ;ജില്ലാ സെക്രെട്ടറി സി.പി സന്തോഷ് കുമാർ,എസ്ടിയു അഖിലേന്ത്യ സെക്രെട്ടറി എം.എ കരീം എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാല് മണിക്കൂര്‍;അതിവേഗ ട്രെയിന്‍ പാത സര്‍വേ പൂര്‍ത്തിയായി

Computer generated 3D illustration with a train

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താന്‍ ഇനി വെറും നാല് മണിക്കൂര്‍. കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ  പൂര്‍ത്തിയായി.2019 ഡിസംബര്‍ 31നാണ് അതിവേഗ പാതയുടെ സര്‍വേ ആരംഭിച്ചത്.തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ സര്‍വേ നടത്തി. അതിവേഗ ട്രെയിന്‍ പാതകളില്‍ ആദ്യത്തേതാണ് യാത്രക്കായി ഒരുങ്ങുന്നത്. ‘സില്‍വര്‍ ലൈന്‍’ എന്ന പേരിലാണ് സര്‍വേ പൂര്‍ത്തിയായ പാത അറിയപ്പെടുന്നത്. മണിക്കൂറില്‍ ശരാശി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 56443 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.ലൈറ്റ് ഡിറ്റക്ഷന്‍, റാങ്ങിങ്ങ് ഏരിയല്‍ റിമോര്‍ട്ട് സെന്‍സിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയത്. ഹൈദരാബാദ് കമ്ബനിയായ ജിയോക്‌നോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സര്‍വേ നടത്തിയത്.

എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം; ആക്രമികള്‍ ഓടിരക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

keralanews the incident of a s i shot dead in kaliyikkavila c c t v footage of accused is out

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം അക്രമികൾ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.പ്രതികള്‍ ആരെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ലെങ്കിലും ഇത് കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഏതാനും ദിവസം മുന്‍പ് നാല് നക്‌സലുകള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരമുണ്ടായിരുന്നു. ഇത് പ്രകാരം നക്‌സലുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്‌നാട് പോലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. നാല് തവണയോളം ആക്രമികള്‍ വെടിയുതിര്‍ത്തു. എഎസ്‌ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പ്രാഥമിക നിഗമനം.കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡില്‍ ചേരുന്നതിന് സമീപത്തായാണ് ചെക്ക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചെക്ക്‌പോസ്റ്റിന് സമീപത്ത് കൂടി രണ്ട് യുവാക്കള്‍ നടന്നെത്തി സമീപത്തെ മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിര്‍ക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു.

കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ എസ് ഐയെ വെടിവെച്ച്‌ കൊന്നു

Target practice with a Glock in Salt Lake City shooting range
തിരുവനന്തപുരം: കേരളാ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ കളിയിക്കാവിളയ്‌ക്ക്‌ സമീപമുള്ള ചെക്ക്‌പോസ്‌റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്‌.ഐയെ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. മാര്‍ത്താണ്ഡം സ്വദേശി എസ്‌.എസ്‌. വില്‍സണ്‍ (54)ആണ്‌ മരിച്ചത്‌.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.സിംഗിള്‍ ഡ്യൂട്ടി ചെക്ക്‌പോസ്‌റ്റില്‍ കാവല്‍  നിൽക്കുമ്പോഴായിരുന്നു മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സനുനേരെ വെടിവെച്ചത്‌. മൂന്ന്‌ തവണ വെടിയുതിര്‍ത്തതായാണ്‌ പ്രാഥമിക വിവരം. വെടിയുതിര്‍ത്തതിന്‌ ശേഷം മറ്റൊരുവാഹനത്തില്‍ കയറി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ വില്‍സനെ കുഴിത്തുറ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവച്ചെന്നു കരുതുന്ന കൊലക്കേസ്‌ പ്രതിയായ രാജ്‌കുമാറിനായി പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഇയാളോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ തീപിടുത്തം; ഒരാൾ മരിച്ചു

keralanews fire at paper printing press in delhi kills one

ന്യൂഡൽഹി:ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു. പത്പര്‍ഗഞ്ചിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്‍ഗഞ്ചിലെ വ്യാവസായിക മേഖലയില്‍ തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ 32ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. മൂന്നുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന് തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് പടരുകയായിരുന്നു.വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം ഒൻപതുപേരുടെ മരണത്തിന് ഇടയായ തീപ്പിടുത്തത്തിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളിലാണ് ഈ തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ തന്നെ ബാഗും പേപ്പറും നിര്‍മിക്കുന്ന അനധികൃത ഫാക്ടറിയില്‍ കഴിഞ്ഞ മാസം സംഭവിച്ച തീപ്പിടുത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു.

ടെഹ്റാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു; 180 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

keralanews passenger plane crashes in tehran report that 180 passengers died

ടെഹ്റാന്‍: ഇറാനിലെ ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകര്‍ന്നു വീണു. 180 യാത്രക്കാരുമായി ടെഹ്റാനില്‍ നിന്നും ഉക്രെയിനിലേക്ക് പുറപ്പെട്ട ഉക്രൈയ്ന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ എല്ലാവരും മരിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ ഓദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉക്രൈന്‍ തലസ്ഥാനമായി കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ അപകടത്തില്‍ മറ്റ് അട്ടിമറികള്‍ ഉണ്ടെയന്ന സംശയവും ശക്തമാണ്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അതേസമയം ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.