യുഎഇയിൽ കനത്ത മഴ;അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത;റോഡ്-വ്യോമഗതാഗതം തടസപ്പെട്ടു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

keralanews heavy rain in u a e chance for heavy wind road air traffic interrupted

ദുബായ്:യുഎഇയിൽ കനത്ത മഴ.തീരദേശമേഖലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. എല്ലാ എമിറേറ്റുകളിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് ഗതാഗത്തെ ബാധിച്ചു.ദുബായി, ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങള്‍ നിന്നുള്ള സര്‍വീസുകളെ മഴ സാരമായി ബാധിച്ചു. റാസല്‍ഖൈ, ഫുജൈറ എമിറേറ്റുകളിലെ വാദികളെല്ലാം നിറഞ്ഞൊഴുകി. പടിഞ്ഞാറന്‍ തീരത്തുനിന്നും മറ്റു തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 25 മുതല്‍ 55വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ ഉഷ്ണമേഖലയില്‍ നിന്നുള്ള കാറ്റും തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ തുടരുന്ന അസ്ഥിരാവസ്ഥയുമാണ് കാറ്റിനും മഴയ്ക്കും കാരണം. വാദികളിലേക്കും കടല്‍തീരങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. മഴയെതുടര്‍ന്ന് രാജ്യത്ത് താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.

ഹോളിഫെയ്ത്തിന് പിന്നാലെ ഇരട്ട കെട്ടിടങ്ങളും നിലംപൊത്തി

keralanews the twin buildings also collapsed following the holyfaith

കൊച്ചി:ഹോളിഫെയ്ത്തിന് പിന്നാലെ ഇരട്ട കെട്ടിടങ്ങളായ ആൽഫാ സെറിൻ ഫ്ലാറ്റുകളും നിലംപൊത്തി.11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.ഇനവാസ കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു ആല്‍ഫാ സെറിന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ തന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അല്‍ഫ സെറീന്റെ ടവറുകളും നിലം പതിച്ചത്. രണ്ട് ഫ്ലാറ്റുകളുടെയും പൊളിക്കല്‍ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി.നേരത്തെ, മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താന്‍ സമയം എടുത്തതിനെ തുടര്‍ന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകര്‍ന്നടിഞ്ഞത്.പിന്നാലെ 11.41ന് ആല്‍ഫാ ഫ്‌ളാറ്റിന്റെ ബേബി ടവര്‍ ആദ്യം നിലംപതിച്ചു. തൊട്ടുപിന്നാലെ വലിയ കെട്ടിടവും തകര്‍ന്ന് വീഴുകയായിരുന്നു. ആല്‍ഫ കെട്ടിടം തകര്‍ന്നപ്പോള്‍ വലിയൊരു ഭാഗം കായലിലേക്കും പതിച്ചെന്നാണ് വിവരം. എത്രമാത്രം അളവിലാണ് കായലില്‍ പതിച്ചിരിക്കുന്നത് എന്നത് ഇനിയും വ്യക്തമാവേണ്ടതുണ്ട്.സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചോയെന്ന് തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ വ്യക്തമാവും.രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമായാണ് ഇത്ര ഉയരത്തിലുള്ള നഗരഹൃദയത്തിലെ ജനവാസകേന്ദ്രങ്ങള്‍ തകര്‍ന്ന് മണ്ണടിഞ്ഞത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം പുറത്തേക്ക് തെറിക്കാതെ ഉള്ളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. പരിസരത്ത് വലിയ തോതിലുള്ള പൊടിപടലമാണ് നിയന്ത്രിത സ്‌ഫോടനം ഉണ്ടാക്കിയിരിക്കുന്നത്. ജനസാഗരമാണ് ഈ കാഴ്ച കാണാനായി പരിസരത്ത് എത്തിച്ചേര്‍ന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സമീപത്തെ കുണ്ടന്നൂര്‍ പാലം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഗതാഗതം നിരോധിച്ചിരുന്നു.

ഹോളിഫെയ്‌ത്ത് നിലംപൊത്തി;മരടിലെ ആദ്യത്തെ ഫ്ലാറ്റ് സ്‌ഫോടനത്തിലൂടെ പൊളിച്ചു

keralanews holyfaith flat demolished through blast

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളില്‍ ആദ്യത്തെ ഫ്ലാറ്റുകളില്‍ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്.11 മണിക്ക് ഫ്ലാറ്റുകള്‍ പൊളിക്കും എന്നറിയിച്ചിരുന്നെങ്കിലും അല്പം വൈകി 11.17 നാണ് ഫ്ലാറ്റ് നിലം പൊത്തിയത്. നേരത്തെ പ്രഖ്യാപിച്ചത് പോലെ രാവിലെ പത്തരയ്ക്ക് തന്നെ ആദ്യ സൈറണ്‍ മുഴങ്ങിയിരുന്നു. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അല്പം വൈകിയാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. 11.15 സൈറണ്‍. ഇതോടെയാണ് ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ് മുഴക്കിയാണ് പൊതുജനങ്ങളെ അറിയിച്ചിരുന്നത്.നേവിയുടെ വ്യോമ പാത സുരക്ഷ ഉറപ്പാക്കല്‍ നടപടി നീണ്ടതിനാലാണ് ഫ്ലാറ്റ് പൊളിക്കല്‍ നടപടി വൈകിയത്.ഇതോടെ, 11.10 നാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. ഇതോടെ ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചിരുന്നു. തുടര്‍ന്ന് 11.17 ന് ഫ്ലാറ്റ് തകര്‍ക്കുകയായിരിന്നു.

ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസ്സിന്‌ തീപിടിച്ച്‌ 20 യാത്രക്കാര്‍ വെന്തുമരിച്ചു

keralanews 20 passengers died after bus collided with truck and catches fire in u p

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസ്സിന്‌ തീപിടിച്ച്‌ 20 യാത്രക്കാര്‍ വെന്തുമരിച്ചു.വെള്ളിയാഴ്ച്ച വൈകീട്ട് കനൗജ് ജില്ലയിലെ ചിലൊയിലാണ് സംഭവം. പൊള്ളലേറ്റ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരിൽ പലരുടേയും നില ഗുരുതരമാണ്. ഫറൂഖാബാദില്‍ നിന്ന് ജയ്പൂരിലേക്ക് 46 യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. നാല് ഫയര്‍ എന്‍ജിനുകള്‍ അരമണിക്കൂര്‍ എടുത്താണ് തീ അണച്ചത്.അപകടമുണ്ടാകുമ്പോൾ പലരും ഉറക്കത്തിലായിരുന്നു.പെട്ടന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തതും അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചു.അതേസമയം പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായം നല്‍കാനും ഉത്തരവിട്ടു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരും അനുശോചനം രേഖപ്പെടുത്തി.

കൊല്ലത്ത് പോലീസുകാരനെ സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

keralanews policeman was found hanging inside the station in kollam

കൊല്ലം:കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.എന്നാല്‍ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

കൂടത്തായി കൊലപാതകം പ്രമേയമാക്കിയുള്ള സിനിമയും സീരിയലുകളും;ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിര്‍മാതാക്കള്‍ക്കും സ്വകാര്യ ചാനലിനും താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു

keralanews thamarasseri munssif court sent notice to producers of serials and cinemas based on koodathayi murder case

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.ഇതനുസരിച്ച്‌ ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്ബാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.ജനുവരി 13ന് ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണം. ഇതിനകം തന്നെ മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോൾ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചതെന്ന് റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ പറഞ്ഞു.മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂർ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു.ഒപ്പം മലാളത്തിലെ സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.

മരടിലെ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി;പ്രദേശത്ത് നിരോധനാജ്ഞ

keralanews marad flats demolished today prohibitory order issued in marad

കൊച്ചി:മരടിൽ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും.തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഹോളിഫെയ്ത്ത് എച്ച്‌.ടു.ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് മണ്ണിലേക്കു മടങ്ങുക.അതീവ സുരക്ഷയിലാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവ നിലംപതിപ്പിക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചിട്ടുമുണ്ട്.പൊളിക്കും മുൻപ് നാലു തവണ സൈറണ്‍ മുഴങ്ങും.പത്തരക്കാണ് ആദ്യ സൈറണ്‍ മുഴങ്ങുക.രാവിലെ 11ന് ഹോളിഫെയ്ത്തിലും 11.05ന് ആല്‍ഫ സെറിന്‍ ഇരട്ടസമുച്ചയത്തിലും സ്ഫോടനം നടക്കും. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരിക്കും കെട്ടിട സമുച്ചയങ്ങള്‍ നിലംപൊത്തുക. 19 നിലകളുള്ള ഹോളിഫെയ്ത്ത് ഒന്‍പതു സെക്കന്‍ഡിനുള്ളിലും 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ എട്ട് സെക്കന്‍ഡിനുള്ളിലും നിലംപൊത്തും.കെട്ടിടങ്ങളുടെ 100 മീറ്റര്‍ ദൂരരെ സജ്ജമാക്കിയ ബ്ലാസ്റ്റിങ് ഷെഡ്ഡില്‍ നിന്ന് എക്സ്പ്ലോഡര്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് സ്ഫോടനം നടക്കുക. കെട്ടിടത്തിന്റെ വിവിധ നിലകളിലെ ദ്വാരങ്ങളില്‍ അമോണിയം സള്‍ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിനായി നിറച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്കു മുൻപ് 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെന്ന് ഉറപ്പുവരുത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാകലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്ഫോടക വിദഗ്ധന്‍ എസ്.ബി സാര്‍വത്തെ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തി. സ്ഫോടനത്തിനു മുന്നോടിയായി ഇന്നലെ മോക്ഡ്രില്‍ നടത്തിയിരുന്നു.ഐ.സി.യു സൗകര്യം ഉള്‍പ്പെടെയുള്ള ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ തുടങ്ങി എല്ലാ സുരക്ഷാക്രമീകരണങ്ങളും വിവിധ പോയിന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ട സ്ഫോടനം നാളെ നടക്കും. ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളായിരിക്കും നാളെ നിലംപതിപ്പിക്കുക.

കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം;ര​ണ്ട് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

keralanews two under custody in the incident of killing a s i in kaliyikkavila

പാലക്കാട്: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. തമിഴ്നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇവരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. എഎസ്‌ഐ വില്‍സണെ വധിച്ചവരുമായി കസ്റ്റഡിയിലായവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ തമിഴ്നാട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി വില്‍സണെ വധിച്ചവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീന്‍ എന്നിവരെയാണ് തീവ്രവാദബന്ധം ആരോപിച്ച്‌ ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുള്ള നാലുപേരാണ് എഎസ്‌ഐയെ കൊലപ്പെടുത്തിയത് എന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. സംഘത്തിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമന്‍ കന്യാകുമാരി സ്വദേശി സെയ്തലിയാണെന്നും വ്യക്തമായി. സംഘത്തിലെ നാലാമനെക്കുറിച്ച്‌ വിവരമില്ല.അതേസമയം പ്രതികള്‍ക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും; സ്‌ഫോടന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ;ഇന്ന് മോക്ഡ്രിൽ നടത്തും

keralanews marad flats to be demolished tomorrow prohibitory order will be issued mockdrill will perform today

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും. ഹോളിഫെയ്ത്തും എച്ച്‌ടുഒവും, ആല്‍ഫയുടെ ഇരട്ട ടവറുകളുമാണ് നാളെ പൊളിക്കുന്നത്.നാളെ രാവിലെ 10.30 ന് എച്ച്‌ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റല്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്‌ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്‌ളാറ്റുകളിലും സ്‌ഫോടനം നടക്കും.മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്‌ളാറ്റുകളും നിലംപൊത്തും.സ്‌ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ഒൻപത് മണിക്ക് ഫ്‌ളാറ്റുകളുടെ പരിസരത്ത് പോലീസും അഗ്‌നിശമനസേനയും മോക്ക് ഡ്രില്‍ നടത്തും.മോക്ക് ഡ്രില്ലിനിടെ ആളുകളെ ഒഴിപ്പിക്കില്ല. നാളെ രാവിലെ ഒൻപത് മണിക്കു മുൻപ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഹോളിഫെയ്ത്തും ആല്‍ഫ സെറീനും പൊളിക്കുന്ന പതിനൊന്നിന് 200 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരും വാണിജ്യ സ്ഥാപനങ്ങളിലുള്ളവരും രാവിലെ ഒന്‍പത് മണിക്ക് മുൻപേ സ്വയം ഒഴിഞ്ഞു പോകണം. രണ്ടാം ദിവസം ജെയിന്‍ കോറല്‍ കോവിന് ചുറ്റുമുള്ളവര്‍ രാവിലെ ഒന്‍പത് മണിക്ക് മുൻപും ഗോള്‍ഡന്‍ കായലോരത്തിനു സമീപത്തുള്ളവര്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുൻപും ഒഴിഞ്ഞു പോകണം. ഒഴിഞ്ഞ് പോകുന്നതിനു മുൻപ് കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും അടക്കണം.എയര്‍ കണ്ടീഷണറുകള്‍ സ്വിച്ച്‌ ഓഫ് ചെയ്യണം. എല്ലാ വൈദ്യുത ഉപകരണങ്ങളുടെയും ബന്ധം വിച്ഛേദിക്കുകയും മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്യുകയും വേണം. ഉപകരണങ്ങളിലേക്ക് വൈദ്യുതി പോകുന്ന ബോര്‍ഡിലെ പവര്‍ പോയിന്റ് ഓഫാക്കണം. വളര്‍ത്ത് മൃഗങ്ങളെ കെട്ടിടങ്ങള്‍ക്കുള്ളിലാക്കുകയോ കൂടുകള്‍ പൊതിഞ്ഞ് സൂക്ഷിക്കുകയോ വേണം.കിടപ്പുരോഗികളെയും വയോജനങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. തേവര എസ് എച്ച്‌ കോളേജ്, പനങ്ങാട് ഫഷറീസ് കോളേജ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കണ്ണൂർ വളപട്ടണത്ത് വൻ കുഴൽപ്പണവേട്ട;1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ

keralanews black money seized from kannur valapattanam two arrested with one crore and 45lakh rupees

കണ്ണൂർ:കണ്ണൂർ വളപട്ടണത്ത് വൻ കുഴൽപ്പണവേട്ട.കാറിൽ കടത്തുകയായിരുന്ന 1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിലായി.നീലേശ്വരത്ത് വച്ച്‌ കാല്‍ നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.വ്യാഴാഴ്ച പുലര്‍ച്ചെ കാസര്‍കോട് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ നീലേശ്വരത്ത് വെച്ച്‌ കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും കാര്‍ നിര്‍ത്താതെ പോവുകയും ചെയ്യുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാല്‍ നടയാത്രക്കാരന്‍ നീലേശ്വരം സ്വദേശി തമ്ബാന്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.പിന്നീട്  വളപട്ടണത്ത് വെച്ച്‌ പോലീസ് കാര്‍ പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു.ഇതിനിടെയാണ് കാറില്‍ കുഴല്‍പ്പണമുണ്ടെന്ന രഹസ്യവിവരം ലഭിച്ച കസ്റ്റംസ് വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ചുത്.ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള കാറില്‍ പിറകിലെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഒന്നരക്കോടിയോളം രൂപ ഒളിപ്പിച്ചിരുന്നത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍, സാഗര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.