കണ്ണൂർ:തെയ്യം കെട്ടിയാടുന്നതിനിടെ തിരുമുടിക്ക് തീപിടിച്ചു.കലാകാരന് പൊള്ളലേറ്റു.കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് അപകടം നടന്നത്.മണത്തണഭഗവതിയുടെ തെയ്യം കെട്ടിയാടുന്നതിനിടെ ക്ഷേത്രത്തിനു മുന്നിലെ നിലവിളക്കില്‍ നിന്ന് തിരുമുടിയിലേക്ക് തീപടരുകയായിരുന്നു. nപെട്ടെന്നുതന്നെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ നാട്ടുകാര്‍ തീ അണയ്ക്കുകയും തെയ്യംകലാകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊള്ളലേറ്റ കലാകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം;ടാഗില്ലാത്ത വാഹനങ്ങൾക്കായി ഒരു ട്രാക്ക് മാത്രം
കൊച്ചി:രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം.കേന്ദ്ര ഗതാഗത മന്ത്രാലയം ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വരുന്നതോടെ പണം നല്‍കി കടന്നുപോകാന്‍ കഴിയുന്ന ഒരു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. മറ്റ് ട്രാക്കുകളിലെല്ലാം ഫാസ്ടാഗുള്ള വാഹനത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ കൂടെയാണ് ഇനി പോകേണ്ടി വരിക. അതേസമയം, ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതോടെ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ ഗതാഗത കുരുക്കുണ്ടാവുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.നാളെ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ആറ് ട്രാക്കുകളില്‍ അഞ്ച് എണ്ണത്തിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് നേരിട്ട് പണം സ്വീകരിക്കുക. നേരത്തേ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഒരു മാസം കൂടി അനുവദിച്ച് നല്‍കുകയായിരുന്നു.
മരട് ഫ്ലാറ്റ് പൊളിക്കൽ റിപ്പോർട്ട് ചെയ്യുന്നതിനായി നിരോധനാജ്ഞ ലംഘിച്ച് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്നു;മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനും എതിരേ കേസെടുത്ത് പോലീസ്
കൊച്ചി:മരട് ഫ്ലാറ്റ് പൊളിക്കൽ റിപ്പോർട്ട് ചെയ്യുന്നതിനായി നിരോധനാജ്ഞ ലംഘിച്ച് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന് വാർത്ത ശേഖരിച്ച മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പങ്കജ്, ക്യാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്കെതിരെയാണ് പനങ്ങാട് പോലിസ് കേസെടുത്തത്. ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോര്‍ട്ട് ചെയ്തതിനെതിരേ ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചതിനു ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. മരടിലെ എച്ച്‌ടുഒ ഫ്ലാറ്റ്, ആല്‍ഫാ സെറീന്‍ ഇരട്ട കെട്ടിടങ്ങള്‍ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടത്തിലെ മുഴുവന്‍ പേരെയും പോലിസ് ഒഴിപ്പിച്ചെങ്കിലും പോലിസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ കക്കൂസിനുള്ളില്‍ കഴിഞ്ഞത്. ഇക്കാര്യം സ്വന്തം ചാനലിലൂടെ മറ്റൊരു വാര്‍ത്തയിലൂടെയാണ് പുറംലോകത്തെ അറിയിച്ചതും.ബഹുനില ഫ്‌ളാറ്റുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നടിയുമ്പോൾ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്നില്ല.പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കേണ്ടവര്‍ ആണ് ഇങ്ങനെ നിയമങ്ങള്‍ കാറ്റില്‍ പറത്തി എക്‌സ്‌ക്ലൂസീവ് പകര്‍ത്താന്‍ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം.പൊളിച്ച ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ഇത്തരം അപകട സാധ്യതയുള്ള സ്ഥലത്താണ് ഒരിക്കലും ന്യായീകരിക്കാനാകാത്ത ജീവന്‍ പണയംവെച്ചുള്ള ഷൂട്ടിംഗ് സാഹസം മാതൃഭൂമി നടത്തിയിരിക്കുന്നത്.ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തുടങ്ങി;45 ദിവസത്തിനകം അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യും
കൊച്ചി:മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ കെട്ടിടാവശിഷ്ടങ്ങള്‍ വേര്‍തിരിച്ചു തുടങ്ങി. അവശിഷ്ട്ടങ്ങൾ 45 ദിവസത്തിനകം നീക്കം ചെയ്യും.ഇരുമ്പ് വേര്‍തിരിച്ചശേഷമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടം ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ കുമ്പളത്തെയും ആലപ്പുഴ ചന്തിരൂരിലെയും ശേഖരണ കേന്ദ്രത്തില്‍ എത്തിക്കും. ആറ് എംഎം, 12 എംഎം വലിപ്പത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റും.ഇത് തറയില്‍ വിരിക്കാവുന്ന സിമെന്റ് ബ്ലോക്കുകളോ എംസാന്‍ഡോ ആക്കാനാണ് പദ്ധതിയെന്ന് കമ്പനി പാർട്ണർ അച്യുത് ജോസഫ് പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ലാന്‍ഡ് ട്രിബ്യൂണലിന്റെയും നിര്‍ദേശമനുസരിച്ചാണ് അവശിഷ്ടം മാറ്റുന്നത്. ആദ്യം ഹോളിഫെയ്ത്ത് എച്ച്‌ടുഒയുടെ അവശിഷ്ടങ്ങളാണ് നീക്കുന്നത്. 35 ലക്ഷം രൂപ നല്‍കിയാണ് പ്രോംപ്റ്റ് കെട്ടിടാവശിഷ്ടം ഏറ്റെടുത്ത് നീക്കുന്നത്. ബുധനാഴ്ച ആദ്യ ലോഡ് കൊണ്ടുപോകും. മൊത്തം 4250 ലോഡുണ്ടാകും. ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചയങ്ങളില്‍നിന്ന് അവശിഷ്ടം നീക്കുന്നതാണ് ഏറെ ശ്രമകരം.ഈ ഭാഗത്തേക്ക് ഇടുങ്ങിയ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടക്കാനാകില്ല. കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നത് വായു, ശബ്ദ മലിനീകരണം കൂട്ടും. വാഹനങ്ങളുടെ എണ്ണം, കയറ്റാവുന്ന ഭാരം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് തീരുമാനിക്കും.
നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളിലെ വിനയ് ശര്‍മ്മ, മുകേഷ് കുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഉച്ചക്ക് 1.45നായിരിക്കും കോടതി ഹരജി പരിഗണിക്കുക.വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിെന്‍റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടിച്ചിരുന്നു. തിരുത്തല്‍ ഹരജി തള്ളിയാല്‍ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും.ദയാഹര്‍ജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ജനുവരി 22ന് ഇവരെ തൂക്കിലേറ്റാനാണ് കോടതി ഉത്തരവ്.എന്നാല്‍ ദയാഹര്‍ജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു.നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴും ഒരു സംസ്ഥാനവും ഇതിനെതിരെ നിയമപരമായി രംഗത്ത് വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണിത്.ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം സാധ്യമാവുമെന്നും ഹര്‍ജിയില്‍ പറയുന്നു.പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകള്‍ നീക്കി ഹര്‍ജിക്ക് നമ്പർ നല്‍കിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കാൽനടയാത്രക്കാർക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു
തൃശൂർ:ഇരിങ്ങാലക്കുട കൊറ്റനെല്ലൂരില്‍ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ പള്ളിക്കടുത്ത് പേരാമ്പുള്ളി ശങ്കരന്‍ മകന്‍ സുബ്രന്‍ (56), മകള്‍ പ്രജിത (23), കണ്ണന്തറ ബാബു (58), മകന്‍ വിബിന്‍ (28) എന്നിവരാണ് മരിച്ചത്.ഇന്നലെ അര്‍ധരാത്രിക്കു ശേഷമായിരുന്നു അപകടം.പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുമ്പൂർ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഇവര്‍ മടങ്ങുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
രഞ്ജി ട്രോഫി ക്രിക്കറ്റ്;കേരളത്തിന് സീസണിലെ ആദ്യ ജയം
തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ ആദ്യ ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ തോല്‍പ്പിച്ചത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 124 റണ്‍സിന് എല്ലാവരും പുറത്തായി.ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ ചുവട് പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.പിന്നീടങ്ങോട്ട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും കടുത്ത പ്രതിരോധം ഉയര്‍ത്തി.എന്നാല്‍ 53 പന്തില്‍ നിന്ന് 48 റണ്‍സുമായി ഉത്തപ്പ വീണതോടെ തൊട്ടുപിന്നാലെ തന്നെ സച്ചിനും മടങ്ങി. 45 പന്ത് നേരിട്ട സച്ചിന്‍ 9 റണ്‍സായിരുന്നു നേടിയത്.പിന്നീട് കേരളത്തിന്റെ രക്ഷകനാകുകയായിരുന്നു സല്‍മാന്‍ നിസാര്‍. വിഷ്ണു വിനോദിനെയും കൂട്ടുപിടിച്ച് സല്‍മാന്‍ പഞ്ചാബ് ബോളര്‍മാരെ വട്ടംകറക്കി. 20 റണ്‍സുമായി വിഷ്ണുവും കളംവിട്ടതോടെ ടീമിന്റെ മൊത്തം ഭാരവും സല്‍മാനിലേക്കെത്തി.ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ പരമാവധി റണ്‍സ് നേടുക എന്നതായി സല്‍മാന്റെ ലക്ഷ്യം. ഒടുവില്‍ ടീം ഓള്‍ ഔട്ടാകുമ്പോള്‍ 157 പന്തില്‍ നിന്ന് 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു സല്‍മാന്‍. 227 റണ്‍സായിരുന്നു കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍.മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ്, നായകന്‍ മന്ദീപ് സിങിന്റെ ചുമലിലേറിയാണ് കുതിച്ചത്. തുടക്കം കുറച്ച് പാളിയെങ്കിലും പ്രതിരോധത്തിലൂന്നി ആയിരുന്നു പഞ്ചാബിന്റെയും കളി. സ്കോര്‍ ബോര്‍ഡിലേക്ക് 99 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടമായെങ്കിലും മന്ദീപ് ക്രീസില്‍ പിടിച്ചുനിന്നു. ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും മന്ദീപിലായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാല്‍ 218 റണ്‍സ് എടുക്കുമ്പോഴേക്കും പഞ്ചാബിന്റെ ഒന്നാം ഇന്നിങ്സിന് തിരശീല വീണു. 143 പന്തില്‍ നിന്ന് 71 റണ്‍സ് എടുത്ത് ഔട്ടാകാതെ നില്‍ക്കുകയായിരുന്നു മന്ദീപ്. കേവലം 9 റണ്‍സ് മാത്രമായിരുന്നു കേരളത്തിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തൊട്ടതെല്ലാം പിഴച്ചു. ഉത്തപ്പ റണ്‍സൊന്നും നേടാതെ പുറത്തായത് തിരിച്ചടിയായി. സച്ചിന്‍ ബേബിയും 10 റണ്‍സുമായി കളംവിട്ടു. രണ്ടാം ഇന്നിങ്സിലും 28 റണ്‍സുമായി ഔട്ടാകാതെ നിന്ന സല്‍മാന്‍ തന്നെയായിരുന്നു ടോപ് സ്കോറര്‍. 136 റണ്‍സിനാണ് കേരളം രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. വിജയലക്ഷ്യമായ 146 റണ്‍സിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് ഏറെക്കുറെ വിജയം ഉറപ്പിച്ചായിരുന്നു ക്രീസിലേക്ക് എത്തിയത്. എന്നാല്‍ 146 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നര്‍മാരായ ജലജ് സക്സേനയും സിജോമോന്‍ ജോസഫും ചേര്‍ന്ന് വട്ടം കറക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ 55/5 എന്ന നിലയിലായിരുന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 21 റണ്‍സ് അകലെ വരെ എത്തുവാനെ പഞ്ചാബിന് സാധിച്ചുള്ളു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍
ന്യൂഡൽഹി:നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ വിസ്താരം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാക്ഷികളെ ഈ മാസം 30 മുതല്‍ വിസ്തരിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.പരിശോധന ഫലം വരുന്നതിന് മുൻപ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാകും അതെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ വിചാരണ ഈ മാസം 29നാണ് ആരംഭിക്കുക.
കാസർകോട്ട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍
കാസർകോഡ്:കാസർകോട്ട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍.കാസര്‍കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണായ ചന്ദ്രശേഖരൻ(55)ആണ് അറസ്റ്റിലായത്.രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയതായി പോലിസ് അറിയിച്ചു.കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ടീച്ചര്‍ അന്വേഷിപ്പപ്പോഴാണ് പീഡന വിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചര്‍ ഉടന്‍ തന്നെ വിവരം സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു.ഓഫീസ് റൂമുകള്‍ വൃത്തിയാക്കാന്‍ രാവിലെ എട്ടരയ്ക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്യൂണ്‍ ചന്ദ്രശേഖര കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ രാവിലെ എത്തുന്ന കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്.