ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല,ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമല്ല തന്റെ വിചാരണ നടന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പവൻ കുമാർ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.നേരത്തെ സമാന ആവശ്യം ഉന്നയിച്ച് പവൻ കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വിചാരണ നിയമപരമായി നിലനിൽക്കില്ലെന്നും തന്റെ വധശിക്ഷ റദ്ദാക്കണമെന്നും പവൻ കുമാർ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്.ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. ഈ ഹരജി തള്ളിയാലും തിരുത്തൽ ഹരജിയടക്കമുള്ള നിയമസാധ്യതകൾ പ്രതികൾക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുമെന്ന് കാണിച്ച് വിചാരണക്കോടതി പുറപ്പെടുവിച്ച് മരണ വാറണ്ട് നടപ്പാക്കുന്നത് ഇനിയും വൈകിയേക്കും. കേസിലെ പ്രതി മുകേഷ് സമർപ്പിച്ച ദയാഹരജി പ്രസിഡണ്ടിന്റെ പരിഗണനയിലായിരുന്നതിനാലാണ് വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 1 ലേക്ക് മാറ്റിവെച്ചത്. മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി പിന്നീട് തള്ളിയിരുന്നു.
‘അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക’; അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം
കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം.തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു.അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നു.മാവോയിസ്റ്റുകളില്‍ മൂന്ന് പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണില്‍ എത്തിയത്. തിരിച്ച് ആ വഴി തന്നെ പോവുകയും ചെയ്തു. പ്രകടനത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് സംഘം നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ തോക്കുകളേന്തി മാവോയിസ്റ്റുകള്‍ ഇവിടെ പ്രകടനം നടത്തിയിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ തണ്ടര്‍ ബോള്‍ട്ടും പോലീസും പ്രദേശത്ത് എത്തി.
പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണു;നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്:പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധന്‍രാജിന്റെ സ്മരണാര്‍ത്ഥം നൂറണിയിലെ ടര്‍ഫ് ഗ്രൗണ്ടിൽ നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.മല്‍സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗ്യാലറി തകര്‍ന്ന വീണത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും പരിക്ക് സാരമുള്ളതാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍പോഴ്സ് രംഗത്തെത്തി.ഞായറാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്ബോള്‍ മത്സരം സെലിബ്രിറ്റി താരങ്ങള്‍ എത്താന്‍ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു.ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠന്‍ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂര്‍ണമായും തകര്‍ന്നുവീണത്.നാലായിരത്തോളം പേര്‍ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി.അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീണതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രിയായിരുന്നു മുന്‍ സന്തോഷ് ട്രോഫി താരവും ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകള്‍ക്കായി ബൂട്ടണിയുകയും ചെയ്തിട്ടുള്ള പാലക്കാട് സ്വദേശി ധന്‍രാജ് കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. നാല്പത്തിയെട്ടാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മത്സരത്തിനിടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ടീം അംഗമായ ധനരാജന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.മികച്ച കളിക്കാരനായിരുന്നിട്ടും കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ധന്‍രാജിന്റെത്. ഈ സാഹചര്യത്തിലായുരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ പ്രദര്‍ശന ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കാന്‍ പാലക്കാട്ടെ ഫുട്ബോള്‍ പ്രേമികള്‍ തീരുമാനിച്ചത്. ഈ മല്‍സരമാണ് ഇപ്പോള്‍ തുടങ്ങും മുന്‍പ് അപകടത്തില്‍ കലാശിച്ചത്.ഐഎം വിജയന്‍, ബെച്ച്‌യൂങ് ബുട്ടിയ തുടങ്ങിയ താരങ്ങള്‍ മത്സരത്തിൽ കളിക്കുമെന്ന് അറിയിച്ചിരുന്നു.
നിർധനരായ രണ്ട് കുടുംബങ്ങള്‍ക്ക് ഭവനം; കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 10 ലക്ഷം രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറി
കണ്ണൂര്‍ : ജില്ലയിലെ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് വീട്‌വെച്ച് നല്‍കുന്നതിനായി കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് 10 ലക്ഷം രൂപ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന് കൈമാറി. നബാര്‍ഡിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡായി ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് ലഭിച്ച തുകയാണ് ഇതിനായി നല്‍കിയത്. ജില്ലയിലെ നിര്‍ധനരും ഭവന രഹിതരുമായ രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനാണ് തുക നല്‍കുന്നതെന്ന് ജില്ലാ ബാങ്ക് അധികൃതര്‍ അറിയിച്ചു.സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ എം കെ ദിനേഷ് ബാബു, ബാങ്ക് ജനറല്‍ മാനേജര്‍ പി ശശികുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി വി ഭാസ്‌ക്കരന്‍, എം പി അമ്മണി, സിബിച്ചന്‍ കെ ജോബ്, ജീവനക്കാരുടെ പ്രതിനിധി പി ഗീത, കെ എം ബാബുരാജ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്;ഇത്തരക്കാര്‍ ഉള്ളതുകൊണ്ടാണ് ബലാല്‍സംഗങ്ങള്‍ അവസാനിക്കാത്തതെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. നിര്‍ഭയയുടെ അമ്മയോടാണ് ട്വിറ്ററിലൂടെ ഇന്ദിരാ ജയ്‌സിങ് ഈ ആവശ്യം ഉന്നയിച്ചത്. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാന്‍ ആശാദേവിയോട് അഭ്യര്‍ത്ഥിക്കുന്നു.ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്’ ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററില്‍ കുറിച്ചു.എന്നാൽ ഇന്ദിര ജയ്‌സിങിന്റെ ആവശ്യത്തിനെതിരെ നിര്‍ഭയയുടെ അമ്മ രൂക്ഷമായാണ് പ്രതികരിച്ചത്. അത്തരമൊരു നിര്‍ദേശം എന്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ‘ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ക്ക് എങ്ങനെയാണ് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത്. സുപ്രീംകോടതിയില്‍ വെച്ച് നിരവധി തവണ ഞാന്‍ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ പോലും അവര്‍ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.ഇന്ന് അവര്‍ കുറ്റവാളികള്‍ക്ക് വേണ്ടി സംസാരിക്കുന്നു.നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നു. ഈ സമയത്താണ് ഇത്തരം ആവശ്യവുമായി ഇന്ദിരാ ജയ്‌സിങ് മുന്നോട്ടുവരുന്നത്. ബലാത്സംഗക്കേസ് പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകള്‍ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങള്‍ അവസാനിക്കുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.
തമിഴ്‌നാട്ടിൽ വൻ സ്പിരിറ്റ് വേട്ട;കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
തമിഴ്നാട്:കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 15,750 ലിറ്റര്‍ സ്പിരിറ്റ് തമിഴ്നാട്ടില്‍ വെച്ച് പിടികൂടി. ഐബിയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.
അടിമാലി ടൗണിന് സമീപം ദേശീയ പാതയിൽ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി
കട്ടപ്പന:അടിമാലി ടൗണിന് സമീപം ദേശീയ പാതയിൽ പൂട്ടിയിട്ട കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മ ലൈലാമണിയെ തേടി മകനെത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് ലൈലാ മണിയുടെ മകനായ മഞ്ജിത്ത് എത്തിയത്.വാര്‍ത്തകള്‍ കണ്ടാണ് മകന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസമാണ് രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ കാറില്‍ കഴിയുകയായിരുന്നു. ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വയനാട് സ്വദേശിനിയായ ലൈലാ മണി(55)യെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്ന് വ്യക്തമായി.കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വയനാട് സ്വദേശിയായ മാത്യുവാണ് ഇവരുടെ ഭര്‍ത്താവെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്.വാഹനത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിൽ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്പറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. മനഃപൂര്‍വം ഇയാള്‍ വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അമ്മയെ പൊലീസ് മകനൊപ്പം വിട്ടയച്ചു. ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
കേരളത്തിൽ വിൽപ്പനയ്‌ക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പിടികൂടി
പാലക്കാട്:കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ച ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പാലക്കാട് പിടികൂടി.ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്. പരിശോധനയില്‍ ഗുണനിലവാരമില്ലാത്ത പാലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറി.
നിര്‍ഭയ കേസ്;മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
ന്യൂഡൽഹി:നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി.ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദയാഹർജി തള്ളണമെന്ന് ശുപാർശ ചെയ്തിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനാൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കണമെന്ന് കാട്ടി ഇന്നലെ മുകേഷ് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതരോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.ദയാഹർജി തള്ളിയ പശ്ചാത്തലത്തിൽ പുതിയ മരണ വാറന്റ് വിചാരണ കോടതി പുറപ്പെടുവിക്കും. സ്വാഭാവികമായും 14 ദിവസത്തെ സാവകാശത്തിന് ശേഷമേ ശിക്ഷ നടപ്പിലാക്കാനാവൂ. മുകേഷ് സിംഗിന്റെ ദയാഹർജി തള്ളിയെങ്കിലും അക്ഷയ് കുമാർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർക്ക് കൂടി ദയാഹർജി നൽകാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. അതിനാൽ നിർഭയ കേസിലെ വധശിക്ഷ ഇനിയും നീളാൻ ഇടയുണ്ട്.
‘നിയമപരമായ കാര്യങ്ങള്‍ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്’;പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍
തിരുവനന്തപുരം:പൗരത്വ നിയമഭേദഗതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ വീണ്ടും ഗവര്‍ണര്‍.ഭരണഘടന തലവനായ തന്നെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.വിഷയത്തിൽ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആഴ്ചകളായി തുടരുന്ന അഭിപ്രായവ്യത്യാസത്തില്‍ ഇനിയും സമവായമായിട്ടില്ല. ഇപ്പോഴും ഒരു വിട്ടുവീഴ്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകുന്നില്ല. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ നയപരവും നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിശീകരിക്കുന്നത്.ഏതെങ്കിലും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാനുമുള്ള അധികാരമുണ്ട്. താന്‍ ഒരിക്കലും ആ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. പക്ഷെ ഭരണഘടനാ തലവനെന്ന നിലയില്‍ അറിയിക്കേണ്ട ബാധ്യതയും സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണര്‍ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലടക്കം വലിയ അഭിപ്രായ ഭിന്നതയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത്.പൗരത്വ നിയമത്തിനെതിരെ 14നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തര്‍ക്കത്തിലിടപെടാന്‍ സുപ്രീംകോടതിക്ക് അനുമതി നല്‍കുന്ന ഭരണഘടന അനുഛേദം 131 പ്രകാരമാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.