കണ്ണൂർ:കണ്ണൂരില്‍ 9 വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ പിപി ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.ചക്കരക്കല്‍ സ്വദേശിയാണ് ബാബു.കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് പീഡനത്തിന് ഇരയായ കാര്യം കുട്ടി വെളിപ്പെടുത്തിയത്. ഇയാള്‍ നാല് വര്‍ഷമായി പല തവണ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.ചൈല്‍ഡ് ലൈന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചക്കരക്കല്ല് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇയാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
കണ്ണൂർ അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം
കണ്ണൂർ: അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം.സിപിഎം ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ 1.15ഓടെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കസേരകളും അടിച്ചുതകര്‍ത്ത സംഘം മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകളും തകർത്തു.കഴിഞ്ഞ ദിവസം സമീപത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
തെരുവില്‍ മരിച്ചുവീണ് മനുഷ്യന്‍;പേടി കാരണം തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍;കൊറോണ വൈറസ് ഭീതിപരത്തുന്ന വുഹാൻ തെരുവിലെ കാഴ്ച
ചൈന: തെരുവില്‍ മരിച്ചുവീണ് കിടക്കുന്ന മനുഷ്യന്‍.പേടി കാരണം മൃതദേഹത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നാട്ടുകാര്‍.കൊറോണ വൈറസ് താണ്ഡവമാടുന്ന വുഹാൻ തെരുവിലെ കാഴ്ചയാണിത്.മുഖത്ത് മാസ്ക് ധരിച്ച നരച്ച തലമുടിക്കാരനാണ് തെരുവിൽ മരിച്ചുവീണു കിടക്കുന്നത്.കൈയില്‍ ഒരു ക്യാരി ബാഗ് മുറുകെ പിടിച്ചിട്ടുണ്ട്. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഏറ്റവും ഒടുവില്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല.ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 213 പേരാണ്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വമായി കഴിഞ്ഞു.ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയാറാകുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ്യ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ സാധാരണമായിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി
തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി.സസ്പെന്‍ഷന്‍ കാലാവധി വെളളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടത്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ തള്ളി.ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്‍കിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തത്. 2019 ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മ്യൂസിയത്തിന് സമീപം കാറിടിച്ച് മരിച്ചത്. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരാനുള്ള കാലതാമസമാണ് കുറ്റപത്രം വൈകാന്‍ കാരണം.മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഓഗസ്റ്റ് അഞ്ചിനാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.
ചിക്കന്‍ സ്റ്റാളില്‍ കോഴിയിറച്ചിക്കൊപ്പം കാക്കയിറച്ചി വിറ്റു;രണ്ടുപേര്‍ അറസ്റ്റില്‍
തമിഴ്‌നാട്:രാമേശ്വരത്ത് ചിക്കന്‍ സ്റ്റാളില്‍ കോഴിയിറച്ചിക്കൊപ്പം കാക്കയിറച്ചി വിറ്റ സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍.വനം വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടാതെ ഇവരില്‍ നിന്നും 150 ഓളം ചത്ത കാക്കകളെയും പിടികൂടിയിട്ടുണ്ട്.ക്ഷേത്രത്തില്‍ ബലിച്ചോര്‍ തിന്ന കാക്കകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്. മദ്യം ചേര്‍ത്ത ഭക്ഷണം നല്‍കിയതാണ് കാക്കകളുടെ മരണത്തിന് കാരണമായത്. ഇങ്ങനെ ചത്ത കാക്കകളുടെ മാംസം കോഴിയിറച്ചിക്കൊപ്പം കലര്‍ത്തി ഇവര്‍ വിറ്റുവരികയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു
ന്യൂഡൽഹി:സേവന വേതന കരാര്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനംചെയ്ത പണിമുടക്കില്‍ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ 10 ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പങ്കെടുക്കുന്നത്.രണ്ടുദിവസവും പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിക്കും.ശനിയാഴ്ച കലക്ടര്‍മാര്‍വഴി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13വരെ വീണ്ടും പണിമുടക്കും.അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
നടിയെ ആക്രമിച്ച കേസ്;സാക്ഷിവിസ്താരം തുടങ്ങി; ദിലീപിന് വേണ്ടി ഹാജരായത് 13 അഭിഭാഷകർ
കൊച്ചി:കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു.എറണാകുളം സി.ബി.ഐ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.ആക്രമണത്തിന് ഇരയായ നടിയും ദിലീപ് ഉള്‍പ്പെടെയുള്ള പത്തുപ്രതികളും ഇന്നലെ ഹാജരായിരുന്നു. പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരം ഇന്നും തുടരും. ഇന്നും നടിയെയാണ് വിസ്തരിക്കുന്നത്.ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്.തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.ഇന്നലെ രാവിലെ 10.30 നാണ് ഇരയായ നടി കോടതിയിലെത്തിയത്. തൊട്ടുപിന്നാലെ ജയിലില്‍ നിന്ന് പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ ജയിലില്‍ നിന്നെത്തിച്ചു. എട്ടാം പ്രതിയും നടനുമായ ദിലീപ് 10.50 ന് എത്തി. തുടര്‍ന്ന് പതിനൊന്നോടെ കോടതി നടപടികള്‍ ആരംഭിച്ചു. വൈകിട്ട് 4.35 നാണ് ആദ്യ ദിവസത്തെ സാക്ഷിവിസ്താരം അവസാനിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ ഇന്നലെ പത്തു പ്രതികള്‍ക്കു വേണ്ടി 30 അഭിഭാഷകരാണ് ഹാജരായത്. ഇതില്‍ 13 പേര്‍ ദിലീപിനു വേണ്ടി ഹാജരായവരാണ്.വനിതാ ജഡ്ജി ഹണി എം. വര്‍ഗീസാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി.2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു.ഇത് കോടതി തെളിവായി സ്വീകരിച്ചിട്ടുണ്ട്.ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും.മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍.ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.ആദ്യഘട്ടവിസ്താരം ഏപ്രില്‍ ഏഴുവരെ തുടരും. 136 സാക്ഷികളെ വിസ്തരിക്കും.കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്.161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.
കാസർകോഡ് ചെറുവത്തൂരിൽ 7 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ
കാസർകോഡ്: ചെറുവത്തൂരിൽ 7 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ. പാടിയോട്ട്ചാല്‍ എച്ചിലാംപാറയിലെ കാഞ്ഞിരത്തുംമൂട്ടില്‍ മനു ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിച്ച് ചെറുപൊതികളിലാക്കിയാണ് ഇയാൾ വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.വ്യാഴാഴ്ച രാവിലെ 6.30ന് ചീമേനി പോത്താംകണ്ടത്ത് നടത്തിയ വാഹനപരിശോധയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ പല ഭാഗത്തും വില്‍പന നടത്താനാണ് കഞ്ചാവെത്തിച്ചതെന്നും ഇയാള്‍ വന്‍കിട കഞ്ചാവ് വില്‍പന റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിക്കുന്നതായും എക്‌സൈസ് സംഘം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സാദിഖ്, പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്‌റഫ്, പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, നിഷാദ് പി നായര്‍, വി മഞ്ചുനാഥന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി വി ഗീത, ഡ്രൈവര്‍ വിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
കൊറോണ വൈറസ്;വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും
ന്യൂഡൽഹി:ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും.325 ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ഡോക്ടര്‍മാര്‍ അടങ്ങിയ സംഘവുമായി ബോയിംഗ് 747 വിമാനമാണ് മുംബൈയില്‍ നിന്ന് പുറപ്പെടുക.വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് കൂടാതെ ഓരോ സീറ്റിലും ഭക്ഷണം വെള്ളം എന്നിവ നല്‍കും. ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷമായിരിക്കും വിമാനം ചൈനയിലേയ്ക്ക് തിരിക്കുക. ആറ് മണിക്കൂറിനുള്ളില്‍ വിമാനം വുഹാനിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വുഹാന്‍, ഹുബെയ് പ്രവിശ്യകളില്‍ നിന്നുള്ളവരെ എത്തിക്കാന്‍ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.ഇരു പ്രവിശ്യകളില്‍ നിന്നുമായി 600 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുന്നത്.ഇന്ത്യയ്ക്ക് പുറമെ യു.കെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ;ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജെനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ആഗോള അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു.ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് അതീവ ഗുരുതര സാഹര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 9171 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ഇതില്‍ 213 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത് കൂടാതെ 102,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു.എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങൾ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കണം. അവികസിത രാജ്യങ്ങൾക്ക് സാധ്യമായ പിന്തുണ നൽകാൻ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളും സമ്പന്ന രാജ്യങ്ങൾ തയാറാകണം. രോഗനിർണയം, മുൻകരുതൽ നടപടികൾ, ചികിൽസാ സൗകര്യം എന്നിവക്കായി വ്യക്തമായ പദ്ധതി ആവിഷ്കരിക്കാനും മുഴുവൻ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന നിർദേശിച്ചു.യു.എന്നിനു കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതോടെ അംഗരാജ്യങ്ങൾ നിർബന്ധിതമാകും.ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. എന്നാൽ ചൈനയിൽ മാത്രം ആശങ്ക പരിമിതപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം.ചൈനയിൽ നിന്നല്ലാതെ അമേരിക്കയിൽ തന്നെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൊറോണ പകർന്ന സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.