സംസ്ഥാനത്ത് വീണ്ടും സവാള വില വർധിച്ചു

keralanews onion price is increasing in the state again

കോഴിക്കോട്:സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് സവാളവില വീണ്ടും ഉയർന്നു.കോഴിക്കോട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് കുറഞ്ഞതാണ് വില ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം.മൂന്നുദിവസം മുൻപ് സവാളയുടെ വില കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു.കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്. സവാള വില ഉയര്‍ന്നതോടെ പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു. തുര്‍ക്കിയില്‍നിന്ന് വന്‍തോതില്‍ സവാള ഇറക്കുമതി ചെയ്തിരുന്നു. ഇതിനൊപ്പം ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും സവാള എത്തിച്ചിരുന്നു. ഇതേതുടര്‍ന്ന് സവാള വില കുറഞ്ഞിരുന്നു.ഇതിനിടെയാണ് വീണ്ടും വില കൂടിയിരിക്കുന്നത്

പന്തീരാങ്കാവ് യുഎപിഎ കേസ്;അന്വേഷണം എൻഐഎ ഏറ്റെടുത്തു

keralanews n i a will investigate panthirankavu u a p a case

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ.എ ) ഏറ്റെടുത്തു.പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ മാറ്റമൊന്നുമില്ലാതെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് നവംബര്‍ ഒന്നിന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്‌എഫ്‌ഐ അംഗമാണ്.സി.പി.എം പ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരെ കോഴിക്കോട് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തത് വന്‍ വിവാദമായിരുന്നു. സി.പി.എം കേന്ദ്രനേതൃത്വം ശക്തമായി എതിര്‍ത്തെങ്കിലും അവര്‍ക്ക് മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ്;ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹർജി നൽകി

keralanews dileep has once again filed a petition demanding to see the visuals in actress attack case alone
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയില്‍. ദൃശ്യങ്ങള്‍ ഒറ്റയ്ക്കു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ദിലീപിന്‍റെ ഈ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച്‌ ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനമായിരുന്നത്. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിര്‍ദേശിച്ചതു ദിലീപ് മാത്രമാണ്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിർദേശിച്ചിരുന്നു.തുടർന്നാണ് പരിശോധന നടത്തുന്ന വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ ദിലീപ് തിങ്കളാഴ്ച വിചാരണ കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനെയാണ് പ്രതിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ കോടതിക്ക് നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മത്സ്യം പിടിച്ചെടുത്തു

keralanews formalin mixed fish worth 5lakhs seized from thiruvananthapuram

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മൽസ്യം പിടികൂടി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ച മീനിലാണ് മാരക വിഷമായ ഫോര്‍മാലിന്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വെച്ച് നഗരസഭ അധികൃതരാണ് മീന്‍ പിടിച്ചെടുത്തത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മത്സ്യമാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്.അഞ്ച് ലക്ഷം രൂപയോളം വില വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഫോര്‍മാല്‍ഡിഹൈഡ് വാതകം 30-50 ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് ഫോര്‍മലിന്‍ തയ്യാറാക്കുന്നത്. ശക്തിയേറിയ അണുനാശിനിയാണ് ഇത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള മൃതശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും പത്തോളജി ലാബില്‍ സ്പെസിമെനുകള്‍ സൂക്ഷിക്കാനും മറ്റും ഫോര്‍മലിന്‍ ഉപയോഗിക്കുന്നു. ഈ ഫോര്‍മലിനാണ് മത്സ്യം കേടുകൂടാതെയിരിക്കാനും മത്സ്യത്തിന്റെ മാംസഭാഗത്തിന് ഉറപ്പുണ്ടാക്കാനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും വിതരണം ചെയ്യും;പദ്ധതി 2020 ഏപ്രില്‍ ഒന്നുമുതല്‍

keralanews plan to supply fish egg and meat through ration shops from 2020 april 1st

ഡല്‍ഹി : റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയിട്ടുള്ള ആഗോള പട്ടിണി സൂചികയില്‍ രാജ്യം ഏറെ പുറകിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാന്‍ നീതി ആയോഗ് ആലോചിക്കുന്നത്.പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച്‌ നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.പ്രമുഖ എന്‍.ജി.ഒ. ‘വെല്‍റ്റ് ഹങ്കര്‍ ഹല്‍ഫെറ്റി’ ഈയിടെ പുറത്തുവിട്ട ആഗോള പട്ടിണിസൂചികയില്‍ പാകിസ്താനും പിന്നില്‍ 102 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് സൂചികയിലുള്ളത്.കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ സര്‍വേ നടന്നത്. മാംസ്യം ഏറെയുള്ള മാംസാഹാരത്തിന്റെ ഉയര്‍ന്നവില കാരണം ദരിദ്രര്‍ ഭക്ഷണത്തില്‍നിന്ന് ഇവ ഒഴിവാക്കുകയാണ്. ഇക്കാരണത്താലാണ് മാംസം വിതരണംചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ജാമിയ വിദ്യാര്‍ത്ഥികള്‍; ഇന്ന് ചെങ്കോട്ടയിലേയ്ക്ക് മാര്‍ച്ച്‌

keralanews jamia students protest again against citizenship amendment bill today march to redfort

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ജാമിയ മിലിയ സർവകലാശാല വിദ്യാര്‍ത്ഥികള്‍.ഇന്ന് ചെങ്കോട്ടയിലേയ്ക്ക് മാര്‍ച്ച്‌ നടത്തും. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിനും ജാമിയ സമര സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ള നാല് പേര്‍ മലയാളികളാണ്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ ഡല്‍ഹിയെ യുദ്ധക്കളമാക്കിയിരുന്നു. ശേഷം പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി.നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പോലീസിന്റെ നരനായാട്ടില്‍ പരിക്കേറ്റത്.സംഭവത്തില്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മദ്രാസിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ വരെ പ്രതിഷേധമുയര്‍ന്നു. പോലീസ് നടപടികളില്‍ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സമരം വീണ്ടും ശക്തമാക്കുന്നത്.

പൗരത്വ നിയമം;കണ്ണൂരിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലിക്ക് നേരെ​ അക്രമം

keralanews attack against students protest rally against citizenship amendment bill in mambaram

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം. 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മമ്പറം രാജീവ്ഗാന്ധി സയന്‍സ് ആന്‍റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് അക്രമിക്കപ്പെട്ടത്.കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച പ്രകടനം മമ്പറം ടൗണിലെത്തിയപ്പോള്‍ ഒരു സംഘം  തടയുകയും അക്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിതറിയോടി.ആർഎസ്എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.വിദ്യാര്‍ഥികളെ ഇവർ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതിന് ശേഷം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മമ്പറം ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു.പ്രകടനം തടയാനുള്ള ശ്രമത്തെ തുടര്‍ന്ന് മമ്പറം ടൗണില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ടൗണില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്;മൂന്നു ജില്ലകളിൽ എൽഡിഎഫിന് വിജയം

keralanews local body byelection ldf win in three districts

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോൾ എല്‍ഡിഎഫ് മുന്നേറ്റം.യുഡിഎഫിന്റെ മൂന്നു സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.ആലത്തൂര്‍ പത്തിയൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്. വൈക്കം നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് ബിജെപി അട്ടിമറി ജയം സ്വന്തമാക്കി. ബിജെപിയുടെ കെആര്‍ രാജേഷ് 79 വോട്ടിനാണ് വിജയിച്ചത്.കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡും യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ്‌  പിടിച്ചെടുത്തു.കോഴിക്കോട് ചോറോട് കൊളങ്ങാട്ട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 84 വോട്ടിന് പി.പി ചന്ദ്രശേഖരന്‍ ജയിച്ചു. തലശ്ശേരി നഗരസഭ ടെബിള്‍ ഗേറ്റ് വാര്‍ഡ് ബിജെപിയില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.114 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ട കടപ്ര പഞ്ചായത്ത് രണ്ടാംവാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട് ബളാല്‍ ഗ്രമാപഞ്ചാത്തിലെ മാലോ വാര്‍ഡ് കേരള കോണ്‍ഗ്രസ് നിലനിര്‍ത്തി. ഷൊര്‍ണൂര്‍ നഗരസഭ തത്തംകോട് വാര്‍ഡും ആലപ്പുഴ ദേവക്കുളങ്ങര പഞ്ചായത്തിലെ കുമ്ബിളിശ്ശേരി വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി.വയനാട് വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി.അകലക്കുന്നം ഉപതിരഞ്ഞെടുപ്പ് ജോസ് കെ. മാണി സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് വിജയിച്ചു.

പൗരത്വ ഭേദഗതിബില്ലിൽ സ്റ്റേ ഇല്ല;സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

keralanews no stay on citizenship amendment bill and supreme court sent notice to central govt

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കി.ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല.ബില്ലുമായി ബന്ധപ്പെട്ട 59 ഹര്‍ജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബില്‍ സംബന്ധിച്ച എല്ലാ ഹര്‍ജികളും ഇനി ജനുവരി 22നാണ് കോടതി കേള്‍ക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പുതിയ പൗരത്വ നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തമല്ല. സര്‍ക്കാര്‍ വിജ്ഞാപനം വന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്റ്റേ ചെയ്യാന്‍ സാധ്യമല്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ ഹാരിസ് ബീരാന്‍ മാധ്യമങ്ങളോട് പറഞ്ഞു.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, പാഴ്‌സി, ജെയിന്‍, ബുദ്ധിസ്റ്റുകള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതില്‍ വന്‍പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്​കിഴക്കന്‍ ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു;ആറുപേര്‍ അറസ്​റ്റില്‍

keralanews protest continues in north east delhi against citizenship amendment bill six arrested

ന്യൂഡല്‍ഹി:പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരില്‍ ഉണ്ടായ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു.കഴിഞ്ഞ ഒരാഴ്ചയായി സീലംപൂരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്നലെയാണ് പ്രതിഷേധം അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറിയത്. സംഘര്‍ഷത്തിനിടെ രണ്ട് ബസ്സുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് സീലംപൂര്‍ – ജാഫ്രദാബാദ് റോഡ് പൊലീസ് അടച്ചിരിക്കുകയാണ്.ചൊവ്വാഴ്ച സീലംപുരിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബ്രിജി പുരി ഏരിയയില്‍ പൊലീസിനുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രതിഷേധ റാലികളില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയാണെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ സ്കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. സിലംപൂരില്‍ നിന്നും ജഫ്രബാദിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയിരുന്നു.