ജാർഖണ്ഡിൽ വോട്ടെണ്ണൽ ആരംഭിച്ചു;ബിജെപി-മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം

keralanews counting begins in jharkhand neck to neck fight between bjp and jmm

റാഞ്ചി:നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി.24 ജില്ലാ ആസ്ഥാനങ്ങളിലായി രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.മഹാസഖ്യവും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ആദ്യ ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുൻതൂക്കമുണ്ട്.വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോൾ ‌കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് 37ഉം എന്‍ഡിഎയ്ക്ക് 34 ഉം സീറ്റുകളിലാണ് ലീഡ് ഉള്ളത്. മറ്റുള്ളവര്‍ 10 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്ര, ഹരിയാ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി ജാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്തി മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാല്‍, പൗരത്വനിയമത്തിനെതിരെയുളള പ്രതിഷേധത്തില്‍ ജനവിധി എത്തരത്തിലാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടി.ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മുന്‍തൂക്കം ഈ മുന്നണിക്കാണ്.81 അംഗ നിയമസഭയില്‍ 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകും.

ജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്

keralanews bank strike on january 8th

ന്യൂഡല്‍ഹി:ജനുവരി എട്ടിന് ദേശീയതലത്തില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അന്നേദിവസം നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ബാങ്ക് യൂണിയനുകള്‍ വ്യക്തമാക്കി.എഐബിഇഎ, എഐബിഒഎ,ബെഫി, തുടങ്ങിയ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുക. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി, എച്ച്‌എംഎസ്, എഐടിയുസി ഉള്‍പ്പെടെയുളള ട്രേഡ് യൂണിയന്‍ പാര്‍ട്ടികള്‍ സംയുക്തമായി ജനുവരി എട്ടിന് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ബാങ്ക് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നത്.വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കുറഞ്ഞ ശമ്പളം 21,000 രൂപയാക്കുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ബാങ്കുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ബാങ്ക് ലയനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ബാങ്ക് യൂണിയനുകള്‍ മുഖ്യമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍.

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം;കൊച്ചിയില്‍ ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു

keralanews protest over arrest of journalist fraternity workers blocked karnataka bus in kochi

കൊച്ചി:മംഗാലാപുരത്ത് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു.സംഭവത്തിൽ പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മംഗാലപുത്ത് എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തും ഉണ്ടായത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഫ്രെട്ടേണിറ്റി പ്രവർത്തകർ കളമശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പൌരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫ്രെട്ടേണിറ്റി – വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പൌരത്വ ഭേദഗതി നിയമവും പൌരത്വ രജിസ്റ്ററും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആലപ്പുഴയില്‍ പ്രതിഷേധം നടന്നത്.കല്ലുപാലത്ത് നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു.

പറശ്ശിനിക്കടവിൽ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍

keralanews eight arrested for gambling in parassinikkadavu lodge

കണ്ണൂർ:പറശ്ശിനിക്കടവിൽ ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിയിലേര്‍പ്പെട്ട എട്ടുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു ലക്ഷത്തി ആയിരം രൂപയും പോലീസ് പിടിച്ചെടുത്തു. ചിറക്കലിലെ കെ. മജീദ് (44),തളിപ്പറമ്പ് ഞാറ്റുവയലിലെ കെ.കെ അഷറഫ് (50), തളിപ്പറമ്പ് കാക്കാത്തോട്ടിലെ പി.എം മുഹമ്മദ് സാക്കീര്‍ (28), തളിപ്പറമ്പിലെ എ.പി അഷറഫ് (47), വെള്ളോറ കോയിപ്രയിലെ എ.പി ഷെരീഫ് (40), സീതീസാഹിബ് ഹൈസ്‌കൂളിന് സമീപത്തെ ടി.വി സിദ്ദീഖ് (50), പാവന്നൂര്‍മൊട്ടയിലെ രാമചന്ദ്രന്‍ (52), കാട്ടാമ്പള്ളിയിലെ എ. സൈനുദ്ദീന്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ കെ.കെ റസിഡന്‍സി എന്ന ലോഡ്ജില്‍ നിന്നാണ് ഇവർ പിടിയിലായത്.രാത്രി എട്ടുമണിയോടെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയിഡ് നടത്തിയത്. സ്ഥിരമായി ഈ സംഘം ഇവിടെ മുറിയെടുത്ത് വന്‍തോതില്‍ പണം വെച്ച്‌ ചീട്ടുകളിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ എ.ജി അബ്ദുള്‍ റൗഫ്, സി.പി.ഒമാരായ സ്‌നേഹേഷ്, ബിനേഷ്, മഹേഷ്, ബിനീഷ്, പ്രകാശന്‍, അബ്ദുള്‍ ജബ്ബാര്‍, വിപിന്‍, പ്രകാശന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം;യു.പിയില്‍ 11​ പേര്‍ കൊല്ലപ്പെട്ടു

keralanews protest against citizenship amendment bill 11 killed in u p

ലഖ്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ 11 പേര്‍ കൊല്ലപ്പെട്ടു. ബിജിനോര്‍, കാണ്‍പൂര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും മീററ്റ്, സാംഭല്‍ ജില്ലകളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു.ലഖ്നോവില്‍ പ്രതിഷേധങ്ങള്‍ക്കിടെ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍, കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.പൊലീസ് വെടിവെപ്പിലല്ല പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ഒ.പി സിങ് അവകാശപ്പെട്ടു. ഒരാളെ പോലും വെടിവെച്ചിട്ടില്ലെന്നും പൊലീസിന് നേരെ പ്രക്ഷോഭകാരികളാണ് വെടിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.പിയിലെ 13 ജില്ലകളില്‍ കടുത്ത പ്രതിഷേധമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്നത്. ഏകദേശം 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.അതിനിടയില്‍ പൌരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാദിനെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പ് ജമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. പശ്ചിമബംഗാളിലും പ്രതിഷേധം അലയടിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തിയാണ് മുഴുവന്‍ റാലികള്‍ക്കും നേതൃത്വം നല്‍കുന്നത്.

പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം;ഡ​ല്‍​ഹി​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ക്കു​ന്നു

keralanews protest against citizenship amendment bill police releasing persons who were under custody

: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനു ഡല്‍ഹി ജുമ മസ്ജിദ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നു.കസ്റ്റഡിയിലെടുത്ത ഒന്‍പത് കുട്ടികളെയും വിട്ടയച്ചു.ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ 42 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതില്‍ 14 മുതല്‍ 16 വയസുവരെയുള്ള ഒൻപത് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇവരെയാണ് വിട്ടയക്കുന്നത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ജുമ മസ്ജിദിനു സമീപം പ്രതിഷേധം അരങ്ങേറിയത്. നൂറുകണക്കിനു ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജുമാ മസ്ജിദിനു മുന്നില്‍നിന്ന് ജന്തര്‍മന്തറിലേക്കു നീങ്ങിയ സമരത്തെ പോലീസ് ഡല്‍ഹി ഗേറ്റില്‍ തടഞ്ഞിരുന്നു.പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ചന്ദ്രശേഖര്‍ ആസാദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ കീഴടങ്ങിയിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാമെങ്കില്‍ കീഴടങ്ങാമെന്ന നിബന്ധന ആസാദ് മുന്നോട്ടു വെച്ചിരുന്നു. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കുട്ടികളെ പൊലീസ് വിട്ടയക്കുന്നത്. മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം അവര്‍ക്കൊപ്പമാണ് കുട്ടികളെ വിട്ടയക്കുക.

തോമസ് ചാണ്ടി എംഎൽഎ അന്തരിച്ചു

keralanews thomas chandy m l a passed away

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.ഏറെ നാളായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.വിദേശത്തും നാട്ടിലുമായി ചികില്‍സ തുടര്‍ന്നു വരികയായിരുന്നു. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതോടെ ചികില്‍സയുടെ ഭാഗമായി എറണാകുളത്തെ വീട്ടിലായിരുന്നു താമസം.അടുത്തിടെയും വിദേശത്ത് പോയി ചികില്‍സ നടത്തിയ ശേഷം മടങ്ങിയെത്തിയതായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. കുട്ടനാട് എംഎല്‍എ ആയിരുന്നു.കഴിഞ്ഞ മൂന്നു തവണയായി കുട്ടനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന തോമസ് ചാണ്ടി പിണറായി വിജയന്റെ നേതൃതത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നുവെങ്കിലും പിന്നീട് ആലപ്പുഴയില്‍ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു വരികയായിരുന്നു.കെഎസ്‌യു വിലൂടെയാണ് തോമസ് ചാണ്ടി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു.വിദേശത്ത് അടക്കം വ്യവസായങ്ങള്‍ നടത്തിവന്നിരുന്ന തോമസ് ചാണ്ടി സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്.കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി ഐ സി എന്ന പാര്‍ടി രൂപീകരിച്ചതോടെയായിരുന്നു. കെ കരുണാകരനുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്.ഡി ഐ സി കെ പിന്നീട് എന്‍സിപിയില്‍ ലയിച്ചതോടെയാണ് തോമസ് ചാണ്ടി എന്‍സിപിയില്‍ എത്തുന്നത്.2006 ല്‍ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നാണ് തോമസ് ചാണ്ടി ആദ്യമായി നിയമ സഭയില്‍ എത്തുന്നത്.സിറ്റിംഗ് എംഎല്‍എയായിരുന്ന കെ സി ജോസഫിനെ പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി വിജയിച്ചത്. പിന്നീട് 2011 ല്‍ നടന്ന തിരഞ്ഞെടുപ്പിലും കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.2016 ല്‍ വീണ്ടും കുട്ടനാട് തന്നെ മല്‍സരിച്ച തോമസ് ചാണ്ടി തിരഞ്ഞെടുപ്പെട്ടു.പിന്നീട് പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്നും ആരോപണത്തെ തുടര്‍ന്ന് എന്‍ സി പിയിലെ തന്നെ എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ആലപ്പുഴയിലെ റിസോട്ടിനായി കായല്‍ കൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017 നവംബര്‍ 15 ന് തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്നാണ് തോമസ് ചാണ്ടി എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.1947 ഓഗസ്റ്റ് 29 നാണ് ജനനം. വിസി തോമസ്- ഏലിയാമ ദമ്പതികളുടെ മകനാണ്. എഞ്ചിനീയറിംഗ് ബിരുദവും ചെന്നൈയ്യില്‍ നിന്നും ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അദ്ദേഹം നേടിയിരുന്നു.2006 മുതല്‍ കുട്ടനാട് മണ്ഡലത്തിലെ പകരം വെയ്ക്കാനില്ലാത്ത ജനപ്രതിനിധിയാണ് തോമസ് ചാണ്ടി

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

keralanews journalists taken into custody in mangalore have been released

മംഗളൂരു:മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്.പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്.ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇവരുടെ വാഹനങ്ങള്‍ കര്‍ണാടക പോലിസ് വിട്ടു കൊടുത്തിട്ടില്ല. നാളെ വിട്ടുനല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാവിടെ എട്ടരയോടെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലിസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വണ്‍, 24×7 ചാനലുകളുടെ റിപോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.പോലിസ് മോശമായാണ് പെരുമാറിയതെന്ന് റിപ്പോർട്ടർമാർ ആരോപിച്ചു. സീറ്റ് ഉണ്ടായിട്ടും ബസ്സിലെ തറയിലിരുത്തിയതായി മീഡിയാ വണ്‍ റിപോര്‍ട്ടര്‍ റഷീദ് ആരോപിച്ചു.കനത്ത പ്രതിഷേധത്തിനും സമ്മര്‍ദ്ദത്തിനും ഒടുവില്‍ ഏഴ് മണിക്കൂറിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ പോലിസ് തയ്യാറായത്.കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമപ്രവര്‍ത്തകരെയാണെന്നും ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്നും മംഗലാപുരത്തെ പോലീസും കേരളത്തിലെ ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രചരിപ്പിച്ചിരുന്നു. ഇതിനിടെ കേരളാ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.ഒടുവില്‍ മൂന്നരയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ ഇവരെ പോലീസ് വാഹനത്തില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജുമാ മസ്ജിദിന് മുൻപിൽ വന്‍ പ്രതിഷേധം;ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തു

keralanews protest against citizenship amendment bill infrontof delhi juma masjid bheem aadmi leader chandrasekhar asad under custody

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി ജുമാ മസ്ജിദിന് മുൻപിൽ വന്‍ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി ദില്ലി ജമാ മസ്ജിദിന് മുൻപിൽ തടിച്ചുകൂടിയത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആദാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.ജമാ മസ്ജിദില്‍ നിന്നും ജന്തര്‍ മന്ദിറിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പോലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഭരണഘടനയും അംബേക്റുടെ പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചാണ് ജമാ മസ്ജിദിന് മുൻപിൽ പ്രതിഷേധം നടന്നത്. നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.ഇതിനിടെ ദാര്യാഗഞ്ചില്‍ വെച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മസ്ജിദിന് മുമ്ബില്‍ വെച്ച്‌ തന്നെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ചന്ദ്രശേഖര്‍ ആസാദ് ആള്‍ക്കൂട്ടത്തിനേട് ഇടയിലേക്ക് നീങ്ങുകയായിരുന്നു തുടര്‍ന്നാണ് ദാര്യാഗഞ്ചില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുന്നത്.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി നിരവധി ആളുകള്‍ എത്തുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ജമാ മസ്ജിദിന് മുമ്ബില്‍ ഒരുക്കിയിരുന്നത്. ഉച്ചയോടുകൂടി ദില്ലിയിലെ നാല് മെട്രോ സ്റ്റേഷനുകള്‍ അടച്ചിരുന്നു. വാഹന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്തര്‍ മന്ദിറിലേക്കുള്ള പാതകളെന്നം ദില്ലി പോലീസ് അടച്ചിട്ടിരിക്കുകയാണ്.

കണ്ണൂര്‍ വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതി

keralanews bjp activists allegedly threatened students protesting against citizenship amendment bill at kannur womens college

കണ്ണൂര്‍:പള്ളിക്കുന്ന് വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കോളേജിന് പുറത്തുള്ള ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കൃഷ്ണ മേനോന്‍ സ്മാരക വനിത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.പ്രതിഷേധത്തിന്റെ ഭാഗമായി മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടവഴിയില്‍ ഒട്ടിച്ചിരുന്നു. ഇതില്‍ ചവിട്ടി വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് കയറിയായിരുന്നു അവര്‍ പ്രതിഷേധം നടത്തിയത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു.എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ഇതോടെ കൂടുതല്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും വിദ്യാര്‍ഥിനികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍നിന്ന് മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. പെണ്‍കുട്ടികള്‍ കോളേജ് കവാടത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം നിലത്തുപതിച്ചിരുന്ന മോദിയുടെയും അമിത് ഷായുടെയും പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെ പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.ജയിലില്‍ കഴിയേണ്ടിവരുമെന്നും കോളേജിന്റെ പടി ചവിട്ടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനെതിരെ കോളേജിലെ മുഴുവന്‍ സംഘടനകളുടേയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിറങ്ങുകയും മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തു.വരും ദിവസങ്ങളിലും എല്ലാ സംഘടനയിലേയും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച്‌ നിന്നുകൊണ്ടുതന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.