തിരുവനന്തപുരം:പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി ഇന്നലെ തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം.അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്.യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.സംഭവത്തില്‍ 17 കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.യെദ്യൂരപ്പ ദര്‍ശനം നടത്തി തിരിച്ച് പോകുന്നതു വരെ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.ഇന്ന് കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ യെദ്യൂരപ്പ ദര്‍ശനം നടത്തും.പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചിരുന്നു.അതിനുള്ള പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയത്.
മംഗളൂരുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചു
മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നതോടെയാണ് ഇക്കഴിഞ്ഞ 18ന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കോണ്‍ഗ്രസും മുസ്‌ലിം സമുദായസംഘടനകളും മംഗളൂരുവിലെ വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.മംഗളൂരുവില്‍ തിങ്കളാഴ്ച ബസ്സുകളും മറ്റുവാഹനങ്ങളും നിരത്തിലിറങ്ങി.കടകമ്പോളങ്ങൾ തുറന്നു. ഓഫീസുകളും സ്കൂളുകളും പ്രവര്‍ത്തിച്ചു. അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. തീവണ്ടികളും കര്‍ണാടകയില്‍നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂരബസ്സുകളും സര്‍വീസ് നടത്തി.നഗരത്തില്‍ പോലീസിന്റെ പട്രോളിങ് നടക്കുന്നുണ്ടെങ്കിലും അത് ജനജീവിതത്തെ ബാധിക്കുന്നതരത്തിലായിരുന്നില്ല.അതേസമയം സിപിഐഎം എംപിമാരടക്കമുള്ള സംഘം ഇന്ന് മംഗളൂരു സന്ദര്‍ശിക്കും.എംപിമാരായ കെ കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സിപിഐഎം നേതാക്കളുമാണ് മംഗളൂരു സന്ദര്‍ശിക്കുക.
കണ്ണൂരിൽ വിവാഹപാർട്ടികളുടെ കാറുകൾ അടിച്ചു തകർത്തു;ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ:കണ്ണൂരിൽ വിവാഹപാർട്ടികളുടെ കാറുകൾ അടിച്ചു തകർത്തു.കണ്ണൂര്‍ ചെങ്ങളായിയിലാണ് സംഭവം. ചെങ്ങളായി സ്വദേശി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. മൊത്തം ആറ് വണ്ടികള്‍ അടിച്ച് തകര്‍ത്തതായണ് പുറത്തുവന്ന റിപ്പോര്‍ട്ട്.വിവാഹ ചടങ്ങിനെത്തിയ ആളുകളുടെ ആറ് കാറുകളാണ് തകര്‍ത്തത്. സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശി റഫീഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റഫീഖിന് മനസികസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇയാളുടെ ആക്രമണത്തില്‍ ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ജാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും
റാഞ്ചി: ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരത്തിലേക്ക്. ഇന്ന് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഗവര്‍ണറെ കണ്ടേക്കും. മുഖ്യമന്ത്രി രഘുബര്‍ ദാസ് ഇന്നലെ തന്നെ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചിരുന്നു.81 അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 30 സീറ്റുകള്‍ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 16 സീറ്റുകളാണ് ലഭിച്ചത്. ആര്‍ജെഡി ഒരു സീറ്റിലും വിജയിച്ചു. ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഇന്നലെ കോണ്‍ഗ്രസ് ഹൈമക്കമാന്‍റ് വ്യക്തമാക്കിയിരുന്നു. ഇത്തവണ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സീറ്റ് വിഭജനത്തെ ചൊല്ലി എജെഎസ്യു, ജെഡിയു, എല്‍ജെപി കക്ഷികള്‍ സഖ്യം ഉപേക്ഷിച്ചത്. കാശ്മീര്‍, അയോധ്യ, പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആയുധമാക്കിയായിരുന്നു ബിജെപിയുടെ പ്രചരണം. 65 സീറ്റുകള്‍ വരെ പാര്‍ട്ടിക്ക് നേടാനാകുമെന്നായിരുന്നു നേതൃത്വത്തിന്‍റെ വെല്ലുവിളി. എന്നാല്‍ 27 സീറ്റില്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. 2014 ല്‍ 37 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി അധികാരത്തില്‍ ഏറിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;എംകെ മുനീറും പികെ ഫിറോസും അറസ്റ്റില്‍
കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും അറസ്റ്റില്‍.കൂടാതെ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇടപ്പെട്ടത്.ശേഷം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചത്തോടെയാണ് കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എം കെ മുനീര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
ബിജെപിക്ക് തിരിച്ചടി;ജാര്‍ഖണ്ഡില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു
റാഞ്ചി:ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു.മഹാസഖ്യം ഇപ്പോള്‍ 43 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു. ചെറുകക്ഷികളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി.സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരിക്കും. 81 മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ബാബറി മസ്ജിദ് രാമജന്മഭൂമി സുപ്രീംകോടതി വിധിയും ദേശീയ പൗരത്വ ഭേദഗതി നിയമവുമൊക്കെ സജീവ പ്രചാരണ വിഷയങ്ങളായിരുന്നു ഇവിടെ.നിലവില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അഭിപ്രായപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയയും രാഹുലും നയിക്കുന്ന സത്യഗ്രഹ ധര്‍ണ ഇന്ന്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന സത്യഗ്രഹ ധര്‍ണ ഇന്ന് രാജ്ഘട്ടില്‍ നടക്കും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക.ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കോണ്‍ഗ്രസിന്റെ സത്യഗ്രഹ ധര്‍ണ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിന്റെ ഭാഗമായേക്കും. ഉച്ചയ്ക്ക് ആരംഭിക്കുന്ന ധര്‍ണ വൈകീട്ട് വരെ തുടരും.ഞായറാഴ്ച പ്രഖ്യാപിച്ച പരിപാടി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.പൗരത്വനിയമഭേദതിക്കെതിരെ രാജ്യമാട്ടാകെ പ്രതിഷേധിക്കുമ്ബോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എവിടെയെന്ന് ചോദ്യമുയര്‍ന്നിരുന്നു. മുന്‍കൂട്ടിനിശ്ചയിച്ചതുപ്രകാരം വിദേശസന്ദര്‍ശനത്തിലായിരുന്നു രാഹുല്‍. വിമര്‍ശനങ്ങള്‍ക്കുള്ള കോണ്‍ഗ്രസ് മറുപടി കൂടിയാണ് ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന മഹാപ്രതിഷേധ ധര്‍ണ.അതേസമയം ജമിഅ ടീച്ചേഴ്‌സ് അസോസിയേഷനും, കോഡിനേഷന്‍ കമ്മിറ്റിയും, യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റും വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.ചെന്നൈയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് മഹാറാലി നടക്കും.കര്‍ണാടകയില്‍ 35 ഇടങ്ങളില്‍ പ്രതിഷേധമുണ്ട്. തെലങ്കാനയില്‍ വിവിധജില്ലകളില്‍ സമരത്തിന് ആഹ്വാനം.കൊച്ചിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ലോങ്മാര്‍ച്ച് നടക്കുന്നുണ്ട്.യുപി പൊലിസ് നടത്തുന്ന അതിക്രമത്തിനെതിരെ ഇന്ന് യുപി ഭവന് മുന്നിലും പ്രതിഷേധമുണ്ട്.
ഹൈദരാബാദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; വൈകുന്നേരം അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ഹൈദരാബാദ്: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.ദില്ലി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.രാവിലെ 9 മണിക്ക് ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങും. വൈകീട്ട് അഞ്ച് മണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് കോടതി ഉത്തരവ്. ഡിസംബര്‍ ആറിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.റീ പോസ്റ്റ്മോര്‍ട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്.നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ വച്ച് കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി.പിന്നീട് കൃത്യം നടന്ന സ്ഥലത്ത് പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയും ഇതോടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയുമായിരുന്നു.
കോഴിക്കോട് റെയിൽവേ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ;ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം
കോഴിക്കോട്:കോഴിക്കോട് റെയിൽവേ പാളത്തിൽ കരിങ്കൽ കഷ്ണങ്ങൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി.പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി സംശയം.വടകര അയനിക്കാട് ഭാഗത്തെ റെയില്‍ പാളത്തില്‍ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. പരശുറാം എക്സ്പ്രസ്സിന്റെ ലോക്കോപൈലറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരത്തോടെ മംഗലാപുരത്തേക്ക് പോകുമ്പോഴാണ് ട്രെയിന്‍ പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് മനസിലായത്. ട്രെയിന്‍ നന്നായി ഇളകിയതോടെ പാളത്തില്‍ പ്രശ്നമുള്ളതായി ലോക്കോ പൈലറ്റിന് തോന്നി. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിച്ചു.പരിശോധനയില്‍ 20ഓളം ക്ലിപ്പുകള്‍ ഇത്തരത്തില്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. കൂടാതെ പാളത്തില്‍ 50 മീറ്ററോളം ദൂരത്ത് വലിയ കല്ലുകള്‍ നിരത്തി വച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്ത് തീവണ്ടികള്‍ വേഗംകുറച്ചു പോകാനുള്ള നിര്‍ദേശം നല്‍കി.രാത്രിതന്നെ കൊയിലാണ്ടിയില്‍നിന്ന് സീനിയര്‍ സെക്‌ഷന്‍ എന്‍ജിനിയറുടെയും വടകരയില്‍നിന്ന് ആര്‍.പി.എഫ്. എസ്.ഐ. സുനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ളവരും പയ്യോളി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിലാണ്, പാളത്തില്‍ കല്ലുകള്‍വെച്ചതായി കണ്ടത്.ഈ പരിശോധനയ്ക്കു ശേഷമാണ് തീവണ്ടികള്‍ക്ക് വേഗംകൂട്ടിയത്.
ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയില്‍ തീപിടിത്തം;ഒന്‍പത് മരണം;പത്തുപേർക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പൊള്ളലേറ്റു.ഇവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്നാണ് തീപിടിത്തമുണ്ടായത്.വടക്കന്‍ ഡല്‍ഹിയിലെ കിരാരിയിലെ വസ്ത്രനിര്‍മാണശാലയിലാണ് സംഭവം. ഞായറാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. ആഴ്ചകള്‍ക്ക് മുൻപ് ന്യൂ അനാജ് മണ്ഡിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും അപകടമുണ്ടായത്.തീപിടിത്തം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ആഴ്ച വടക്കന്‍ ഡല്‍ഹിയിലെ റാണി ജാന്‍സി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല്‍പത്തിമൂന്ന് പേര്‍ മരിച്ചിരുന്നു.