കൊച്ചി:നടി ആക്രമിക്കപ്പെട്ടകേസിൽ തെളിവുകളുടെ സമ്പൂർണ്ണ ഡിജിറ്റല്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകി.അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകളായി ശേഖരിച്ച 32 ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നു പകര്‍ത്തിയ തെളിവുകളുടെ സമ്പൂർണ്ണ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇര ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ പുതിയ അപേക്ഷ.ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പിനായി നല്‍കിയ അപേക്ഷയില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. പ്രതി ദിലീപിന്റെ 3 മൊബൈല്‍ ഫോണുകളില്‍ നിന്നു കണ്ടെത്തിയവ അടക്കം തെളിവായി ശേഖരിച്ച 32 ഇലക്‌ട്രോണിക് ഉപകരണങ്ങളിലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത പലരുടെയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ഇതു നല്‍കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.കേസുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങളുടെ സമ്പൂർണ്ണ പകര്‍പ്പ് ആവശ്യപ്പെടാന്‍ കേസിലെ പ്രതിയായ ദിലീപിനു അവകാശമില്ല. പ്രതിഭാഗം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കേസുമായി ബന്ധമില്ലാത്തവരുടേതാണ്. ഇത്തരം ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അവരാരും കുറ്റക്കാരോ ഇരകളോ അല്ല. ഇത്തരക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടാന്‍ പ്രതിഭാഗത്തിന് അവകാശമില്ല. കേസിലെ നിര്‍ണായക സാക്ഷികളായ ചിലരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇത്തരം സാക്ഷികളെ സ്വാധീനിക്കാന്‍ ദുരുപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കയും പ്രോസിക്യൂഷന്‍ പങ്കുവെച്ചു.വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അനാവശ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചു നടപടികള്‍ വൈകിപ്പിക്കാനാണു പ്രതിഭാഗം ഇപ്പോഴും ശ്രമിക്കുന്നതെന്നു പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഡിജിറ്റല്‍ രേഖകള്‍ക്കു കേസുമായി ബന്ധമുണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടണമെങ്കില്‍ ഇത്തരം തെളിവുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാന്‍ അതാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി കേസ് 11 നു വീണ്ടും പരിഗണിക്കും. അതേസമയം നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കമ്പ്യൂട്ടർ വിദഗ്ദ്ധന്റെ സേവനം തേടുകയാണെന്നും ഇതിനായി രണ്ടാഴ്ച അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെങ്കിലും ഇതു കാണാന്‍ ദിലീപിനെ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാന്‍ ഒരു വിദഗ്ദ്ധന്റെ സേവനം ആവശ്യമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. ഇവ കാണാന്‍ മാത്രമാണ് അനുമതിയുള്ളതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അഭിപ്രായം തേടാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ വാദത്തെ തള്ളി ഐ.എസ്.ആര്‍.ഒ;ലാന്‍ഡര്‍ എവിടെയാണെന്ന് ഞങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയതായി ചെയര്‍മാന്‍ കെ.ശിവന്‍
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 2വിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ വാദത്തെ തള്ളി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍.വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും,സെപ്തംബര്‍ 10ന് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടത്.ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമായിരുന്നു നാസയുടെ സ്ഥിരീകരണം.രണ്ട് ഡസനോളം വരുന്ന പ്രദേശങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 23 കഷണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അവശിഷ്ടങ്ങള്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഭാഗം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നാസ പുറത്ത് വിട്ടത്.തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.
വയനാട് ചുരത്തിലെ യുവാക്കളുടെ സാഹസിക യാത്ര; കാര്‍ ഉടമയുടെ ലൈസന്‍സ് റദ്ദാക്കി
വയനാട്:വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കാര്‍ ഉടമയുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.കാര്‍ ഉടമയായ പേരാമ്പ്ര സ്വദേശി സഫീര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇയാളെ രണ്ട് ദിവസത്തേക്ക് ഗതാഗത വകുപ്പിന്റെ പരിശീലനത്തിന് അയക്കാനും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഉത്തരവിട്ടു.വയനാട് ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സാന്‍ട്രോ കാര്‍ ഗതാഗത വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 24 മണിക്കൂറിനകം ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും ഉടമ സഫീര്‍ എത്തിയില്ല.എന്നാല്‍ ലൈസന്‍സും ആര്‍സി ബുക്കും മറ്റൊരാള്‍ മുഖേനെ എം.വി.ഐക്ക് സഫീര്‍ കൈമാറി. ഈ സാഹചര്യത്തില്‍ സഫീറിന് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനില്ലെന്ന വിലയിരുത്തലോടെ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ തീരുമാനീക്കുകയായിരുന്നു.എടപ്പാളിലെ ഗതാഗത വകുപ്പിന്റ പരിശീലന കേന്ദ്രത്തിലാണ് ഈ കാലയളവിനുള്ളില്‍ രണ്ട് ദിവസം ക്ലാസിനു സഫീര്‍ ഹാജരാവേണ്ടത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ രേഖകളും സഫീര്‍ ഹാജരാക്കിയില്ല. ഇതിന് മറ്റൊരു കേസും ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. പദ്ധതി നടപ്പിലാകുന്നതോടെ ഇനി ആര്‍ക്കും എവിടെനിന്നും റേഷന്‍ വാങ്ങാനാവും.ആധാറിനെ ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ പദ്ധതി പ്രാബല്യത്തില്‍ വരികയെന്ന് ഭക്ഷ്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇ- പോസ് സൗകര്യമുള്ള റേഷന്‍ ഷാപ്പുകള്‍ ആയിരിക്കണം. രാജ്യവ്യാപകമായി പദ്ധതി ജൂണ്‍ ഒന്നിന് നടപ്പാക്കുമെന്ന് പാസ്വാന്‍ പറഞ്ഞു. പുതിയ പരിഷ്‌കാരം രാജ്യത്തെ തൊഴിലാളികള്‍ക്കും, രാജ്യത്തെ ദിവസവേതനകാര്‍ക്കും ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ജോലി തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നവർക്ക് റേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകുമെന്നും പാസ്വാന്‍ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; കൊച്ചിയില്‍ ഡോക്റ്ററുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയില്‍ ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.15 മിനുട്ട് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.ഇന്നലെ രാവിലെ 6.50 മുതല്‍ 7.15 വരെയുള്ള സമയത്തിനിടയിലാണ് പണം നഷ്ടമായത്. 7.28 നാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഡോക്ടര്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു. വൈകീട്ടും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനകം കാര്‍ഡ് ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമായിട്ടില്ല.10,000 രൂപ വീതമാണ് പിന്‍വലിച്ചത്. മുണ്ടംവേലിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ് നാലു തവണ പണം പിന്‍വലിച്ചത്. ബാക്കി ആറു തവണ ഇന്‍ഡസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നുമാണ്. ആദ്യം പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആദ്യതട്ടിപ്പ് നടന്നത് മുണ്ടംവേലിയിലായതിനാല്‍ കേസ് പിന്നീട് തോപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.ഈ ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ടെക്‌നീഷ്യന്റെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞയാഴ്ച 45,000 രൂപ നഷ്ടമായതായി പൊലീസില്‍ പരാതിയുണ്ട്. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് പുതിയ തട്ടിപ്പ് നടന്നത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് തോപ്പുംപടി പൊലീസ്.
ആരോപണങ്ങളിൽ മനം മടുത്തു;ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിർത്തുന്നതായി ഫിറോസ് കുന്നുംപറമ്പിൽ
കൊച്ചി:ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിർത്തുന്നതായി സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് താന്‍ ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നതെന്നും കള്ളന്‍റെ മക്കളെന്ന പേര് കേട്ട് തന്‍റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു.സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നുംപറമ്പിൽ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഫിറോസ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് രണ്ടുപേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഫിറോസ് രംഗത്തെത്തിയത്. തിരുവന്തപുരം സ്വദേശിയായ ആഷികാണ് ഫിറോസിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.നേരത്തെ, ഫിറോസ് കുന്നുംപറമ്പിലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. സേവനപ്രവര്‍ത്തനങ്ങളുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചു സഹതാപ തരംഗം സൃഷ്ടിച്ചു വിദേശത്തുനിന്നു കോടിക്കണക്കിനു രൂപ സമാഹരിക്കുന്നതായി കാണിച്ചാണ് പരാതി ലഭിച്ചിരുന്നത്. നിരാലംബരായ രോഗികളെ മറയാക്കി സമാഹരിക്കുന്ന കോടിക്കണക്കിനു രൂപ ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് പരാതി നല്‍കിയ അജി തോമസ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ഫിറോസ് കുന്നുംപറമ്പില്‍ കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണെന്നു സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ വ്യക്തമാക്കിയിരുന്നു. എഫ്സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും മുഹമ്മദ് അഷീല്‍ പറഞ്ഞു.200 കോടി രൂപ കേരളത്തിലേക്ക് ഇത്ര നിസ്സാരമായി വരികയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ അത് കൈകാര്യം ചെയ്തതില്‍ ദേശവിരുദ്ധത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് അര്‍ഹനാണ്. സര്‍ക്കാരിന്റെ വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് സംഭാവന ചെയ്താല്‍ ആരും പറ്റിക്കപ്പെടില്ലന്നും അദേഹം പറഞ്ഞിരുന്നു.
ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ
ന്യൂഡൽഹി:ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്.ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ കാണാതായ വിക്രം ലാന്‍ഡറിനെ കണ്ടെത്തുന്നതിനായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്‌ആര്‍ഒയുമായി സഹകരിച്ചിരുന്നു. നേരത്തെ നാസയുടെ റീ കണ്‍സസ് ഓര്‍ബിറ്ററാണ് വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടിരുന്നില്ല. വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചിട്ടുണ്ട്.ചന്ദ്രോപരിതലത്തില്‍750 മീറ്റര്‍ കിഴക്ക് പടിഞ്ഞാറായി മെക്കാനിക്കല്‍ എന്‍ജിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ആദ്യം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് സുബ്രഹ്മണ്യ എല്‍ആര്‍ഒ പ്രൊജക്ടിനെ സമീപിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ വിക്രം ലാന്‍ഡറിന്റെ തകര്‍ന്ന കഷ്ണങ്ങളായ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 21 കഷ്ണങ്ങളായി മാറിയെന്നാണ് നാസ പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ തിയ്യതികളിലെടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ പ്രധാന ഭാഗങ്ങളടങ്ങിയതാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2.
കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂര്‍:കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവറായ യുവാവ് വെന്തുമരിച്ചു.തിങ്കളാഴ്ച രാവിലെ 10 മണിയോടെ ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്.പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ് അപകടത്തില്‍ മരിച്ചത്.ടൈറ്റസ് മാത്രമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്.കാറിനുള്ളില്‍ തീ പടരുന്നതുകണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.കാറിനുള്ളില്‍ നിന്നും കുപ്പി കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം.തീപിടിച്ച കാര്‍ സമീപത്തെ കാനയിലിടിച്ചാണ് നിന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍;വർധന നാളെ മുതൽ നിലവിൽ വരും
ന്യൂഡൽഹി:കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി മൊബൈല്‍ സേവന ധാതാക്കള്‍. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെ വർദ്ധനവുണ്ടാകും.കൂട്ടിയ നിരക്ക് നാളെ മുതൽ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധന വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്‌എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും. നാലു വര്‍ഷം മുന്‍പു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്പനികൾ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകള്‍ക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളില്‍ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളില്‍ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളില്‍ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം.ഇതിനു ശേഷമുള്ള കോളുകള്‍ക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവ നിരക്കുവര്‍ധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു.പുതുക്കിയ നിരക്കുകള്‍ ബ്രാക്കറ്റില്‍. എയര്‍ടെല്‍ 28 ദിവസ പ്ലാന്‍:35 രൂപ (49 രൂപ), 129 രൂപ (148 രൂപ),169 രൂപ (248 രൂപ),199 രൂപ (248 രൂപ),249 രൂപ (298 രൂപ).448 രൂപ (598 രൂപ/84 ദിവസം),499 രൂപ (698 രൂപ/84 ദിവസം).998 രൂപ (1498രൂപ/365 ദിവസം),1699 രൂപ (2398 രൂപ/365 ദിവസം),വൊഡാഫോണ്‍-ഐഡിയ 28 ദിവസ പ്ലാന്‍:129 രൂപ (149 രൂപ),199 രൂപ (249 രൂപ),229 രൂപ (299 രൂപ), 459 രൂപ (599 രൂപ/84 ദിവസം),999 രൂപ (1499 രൂപ/365 ദിവസം),1699 രൂപ (2399 രൂപ/365 ദിവസം).
സംസ്ഥാന സ്കൂൾ കലോത്സവം;പാലക്കാടിന് കലാകിരീടം
കാഞ്ഞങ്ങാട്:അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് കലാകിരീടം.നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 951 പോയിന്‍റ് നേടിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 117.5 പവന്‍റെ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. കോഴിക്കോടും കണ്ണൂരും ഒരുപോലെ ഉയര്‍ത്തിയ വെല്ലുവിളി രണ്ടു പോയിന്‍റുകള്‍ക്കു മറികടന്നായിരുന്നു പാലക്കാട് കിരീടമുറപ്പിച്ചത്. 949 പോയന്‍റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.തൃശൂര്‍ (940) മൂന്നും മലപ്പുറം (909) നാലും എറണാകുളം (904) അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കലോത്സവത്തിന്‍റെ ആദ്യ രണ്ടുദിനങ്ങളിലും നാലാംസ്ഥാനത്തുനിന്ന പാലക്കാട് മൂന്നാംദിനം രണ്ടാം സ്ഥാനത്തേക്കും സമാപനദിവസം ഒന്നാംസ്ഥാനത്തേക്കും കുതിച്ചുകയറുകയായിരുന്നു.161 പോയന്‍റിന്‍റെ വ്യക്തമായ ലീഡ് നേടി സ്കൂളുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മിന്നുംപ്രകടനം പാലക്കാടിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. അറബിക് കലോത്സവത്തില്‍ 95 പോയിന്‍റുമായി പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്കൃത കലോത്സവത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകള്‍ 95 പോയന്‍റോടെ ഒന്നാമതെത്തി.