ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരം
ഉത്തർപ്രദേശ്:ഉന്നാവിൽ ബലാൽസംഗ കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.പെണ്‍കുട്ടി വെന്റിലേറ്ററിലാണെന്നും, രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പെണ്‍കുട്ടിയെ ചികില്‍സിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ ചികില്‍സാച്ചെലവ് യുപി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് യുവതി പരാതി നല്‍കിയിരുന്നു കേസില്‍ ഒരാള്‍ അറസ്റ്റിലായി എങ്കിലും ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിരുന്നില്ല. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് കേസിന്റെ തുടര്‍ നടപടികള്‍ക്കായി പോകവെ യുവതിയെ തട്ടികൊണ്ട് പോയി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം:ക്ലാസ് റൂമിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെയും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം.വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിയേറ്റാണ് ഷഹല ഷെറിന്‍ മരിക്കുന്നത്. അധ്യാപകരുടെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും അനാസ്ഥ മൂലം സമയത്ത് ചികിത്സ ലഭിക്കാതെയാണ് പെണ്‍കുട്ടി മരിച്ചത്.സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ ബാറ്റായി ഉപയോഗിച്ച പട്ടിക കഷ്ണം അബദ്ധത്തില്‍ തലയില്‍ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്.
മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു
തൃശൂര്‍: നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.രണ്ടുപേരുടെ ജാമ്യത്തിലാണു വിട്ടത്.അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.ഇന്നലെ വൈകുന്നേരം നാലുമുതലാണ് പോലീസ് ക്ലബ്ബില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തത്. നാലു മണിക്കൂറിലധികം ചോദ്യം ചെയ്തതിനുശേഷം രാത്രി എട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നുമാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. കൂടാതെ താന്‍ ഒപ്പിട്ടുനല്‍കിയ എഴുത്ത് ദുരുപയോഗം ചെയ്തുവെന്നും മഞ്ജുവിന്‍റെ പരാതിയില്‍ പറഞ്ഞി രുന്നു.കേസില്‍ മഞ്ജുവാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്:ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.വ്യാഴാഴ്ച രാത്രി ദേശീയപാത 44ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പോലീസിന്റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോള്‍ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്കു പോയി ഈ സമയം പ്രതികള്‍ സമീപത്തുണ്ടായിരുന്നു.നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു.യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെത ടയറുകള്‍ പഞ്ചറാക്കി.യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു.തന്റെ സ്‌കൂട്ടര്‍ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു.സ്ഥലത്തുനിന്നു വേഗം പോരാന്‍ നിര്‍ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു.ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേര്‍ ലോറിയിലും മറ്റുള്ളവര്‍ ഡോക്ടറുടെ സ്‌കൂട്ടറിലുമാണു പോയത്.പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്.
ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ;പരാമര്‍ശം ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ
ഡല്‍ഹി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാജരായത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.ഇതേ ആവശ്യം ഉന്നയിച്ച് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.
നിർഭയ കേസ്;ആരാച്ചാരാകാൻ തയ്യാറായി പാലായിൽ നിന്നും ഒരു യുവാവ്
കോട്ടയം: നിര്‍ഭയക്കേസിലെ പ്രതികളുടെ കഴുത്തില്‍ കൊലക്കയര്‍ അണിയിക്കാന്‍ തയാറായി പാലായിൽ നിന്നും ഒരു യുവാവ്.പാലാ സ്വദേശിയും ഡ്രൈവറും സാമൂഹിക പ്രവര്‍ത്തകനുമായ നവില്‍ ടോമാണ് നീതി നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന് കത്തയച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍മാരില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താന്‍ കത്തയച്ചതെന്ന് നവില്‍ ടോം പറഞ്ഞു.ഡല്‍ഹി സെന്‍ട്രല്‍ ജയിലിന്റെ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിനാണ് നവില്‍ ഇ- മെയില്‍ അയച്ചിരിക്കുന്നത്.പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും വയനാട്ടിലെ ആദിവാസി മേഖലയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആംബുലന്‍സ് വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നും നവില്‍ പറഞ്ഞു. നിര്‍ഭയക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുന്നത്.ഷിംല സ്വദേശിയായ രവികുമാര്‍ തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. പവന്‍ ജല്ലാദ് എന്ന ആരാച്ചാരും ഇതിന് സന്നദ്ധത അറിയിച്ചിരുന്നു.ആരാച്ചാരുടെ തസ്തിക സ്ഥിരം നിയമനത്തിനുള്ളതല്ല.ആവശ്യമുള്ളപ്പോള്‍ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്.മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യമുണ്ടാകുക എന്നത് മാത്രമാണ് ആരാച്ചാര്‍ തസ്തികയുടെ യോഗ്യത.
ഹൈക്കോടതി കെട്ടിടത്തിന്‍റെ ആറാംനിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
കൊച്ചി:ഹൈക്കോടതി കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈ(46) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അഭിഭാഷകനെ കാണാനാണ് രാജേഷ് കോടതിയില്‍ എത്തിയെന്ന് പോലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ചില കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് അറിയിച്ചു.
ഫാത്തിമ ലത്തീഫിന്റെ മരണം;സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ഥിനിയുടെ പിതാവ് ലത്തീഫുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്.വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ കൂടിക്കാഴ്ചയില്‍ അറിയിച്ചു.കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്. ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി.ഇതോടൊപ്പം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. ഫാത്തിമയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.ഈ അന്വേഷണങ്ങളോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു. തന്റെ മകള്‍ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹം. ഇനിയും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകരുത്. ഫാത്തിമയുടെ മരണത്തിന് ശേഷം നീതി ലഭ്യമാക്കാന്‍ രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബര്‍ ഒൻപതിനാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
‘നിഴല്‍’;വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിത യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസിന്റെ പുതിയ പദ്ധതി
തിരുവനന്തപുരം:രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു.’നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത്മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം.പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്റ് സെന്ററിന് കഴിയും.രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും.ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.നമ്പർ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്റ് സെന്ററില്‍ സന്ദേശം ലഭിക്കും. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും.112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്റ് സെന്ററില്‍ സന്ദേശമെത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.