ഹിമാചൽപ്രദേശ്:ഹിമാചലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് പതിനഞ്ചുപേര്‍ക്ക് പരിക്കേറ്റു.ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.ബിലാസ്പൂരിലെ ഗംബോള പാലത്തിന് സമീപമാണ് അപകടം നടന്നത്.ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.മണാലിയിലേക്ക് വിനോദയാത്രക്ക് പോയതാണ് സംഘം.വോള്‍വോ ബസിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം. 51 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.
നടിയെ ആക്രമിച്ച കേസ്;പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു
കോച്ചിൽ:നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു.വിചാരണ നടപടികളുടെ ഭാഗമായാണ് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ കുറ്റങ്ങള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ദിലീപിന്റെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത്. വിടുതല്‍ ഹര്‍ജി കോടതി തള്ളുകയാണെങ്കില്‍ ദിലീപിന് തുടര്‍ വിചാരണ നടപടികള്‍ നേരിടേണ്ടി വരും. നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത് പോവരുതെന്ന് കോടതി വ്യക്തമാക്കി.നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയില്‍ ഉള്ളതിനാലാണ് നടപടി.
കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം;എട്ടര പവൻ സ്വർണ്ണവും 41,000 രൂപയും കവർന്നു
കണ്ണൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച.ഇരിവേരി പാനേരിച്ചാലിലെ സറീന മുത്തലിബിന്റെ വീട്ടിലാണ് മോഷണം നടന്നത്.ഇവിടെ നിന്നും എട്ടരപ്പവന്‍ സ്വര്‍ണവും 41,000 രൂപയും നഷ്ടപ്പെട്ടു.വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴാണ് മോഷണം. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. വീടിന്റെ മതിലില്‍ ഏണിവെച്ച് കയറി കിടപ്പറയിലെ ജനലിന്റെ ഗ്രില്‍സ് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. വിവരമറിഞ്ഞ് ചക്കരക്കല്‍ പോലീസും കണ്ണൂരില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷ്യവിഷബാധ;കണ്ണൂര്‍ ചുണ്ടക്കുന്ന് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു;20 ഓളം പേര്‍ ആശുപത്രിയില്‍
കണ്ണൂർ:ഭക്ഷ്യവിഷബാധയേറ്റ് ഒടുവള്ളിതട്ട് ചുണ്ടക്കുന്ന് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു.ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പുറത്ത് നിന്നെത്തിച്ച നെയ്‌ച്ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഞായറാഴ്ച നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള നെയ്‌ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂര്‍വ വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സ തേടി. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതില്‍ ഒരാളൊഴികെ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു.ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്
തൃശൂർ:കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോര്‍ട്ട്.മരണ കാരണം തുടര്‍ച്ചയായ മദ്യപാനം മൂലമുണ്ടായ കരള്‍ രോഗമാണെന്നും വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പോണ്ടിച്ചേരിയിലെ ജിപ്‌മെറിലെ വിദഗ്ധ സംഘമാണ് സി.ബി.ഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്.മണിയുടെ മരണം കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.മരണം കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കളും രംഗത്തെത്തിയിരുന്നു.മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മിഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കീടനാശിനിയുടെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെന്നതാണ് അന്നും കണ്ടെത്തിയത്.2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടക്കം മുതല്‍ തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിയിലായിരുന്നു ബന്ധുക്കള്‍. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.
ഉത്തരേന്ത്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു; ഡൽഹിയിൽ 34 ട്രെയിനുകള്‍ വൈകിയോടുന്നു; വാഹനാപകടത്തിൽ രാജസ്ഥാനത്തിൽ രണ്ടു മരണം
ന്യൂഡൽഹി:ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമാകുന്നു.ഡല്‍ഹിയുടെ 119 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 34 ട്രെയിനുകള്‍ വൈകിയോടുകയാണ്.തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി.അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.കനത്ത മൂടല്‍ മഞ്ഞില്‍ രാജസ്ഥാനിലെ ബോജ്‌കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.നാല് പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞില്‍ ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.അതേസമയം ജനുവരി ആദ്യവാരം ഡല്‍ഹിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്.
ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം 2020 മാര്‍ച്ച് 31വരെ നീട്ടി
ന്യൂഡൽഹി:ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം 2020 മാര്‍ച്ച് 31വരെ നീട്ടി.എട്ടാം തവണയാണ് കാലാവധി നീട്ടുന്നത്. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി.ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അവസാന തീയ്യതിക്ക് ശേഷം അസാധുവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കനുസരിച്ച് നാല്‍പ്പതുകോടി പാന്‍ കാര്‍ഡുകളില്‍ 22കോടി മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്. www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്
എറണാകുളം:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ധര്‍മലിംഗം ആണ് മരിച്ച തീര്‍ത്ഥാടകന്‍. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.30ന് പെരുമ്പാവൂരിൽ വെച്ചായിരുന്നു അപകടം.ബസിലും കാറിലുമായി സഞ്ചരിച്ച 17 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേര്‍ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയരികില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഈ വാഹനങ്ങള്‍ വന്ന് ഇടിയ്ക്കുകയായിരുന്നു. ആദ്യം മിനിബസ് ലോറിയുടെ പിന്നിലിടിച്ചു. പിന്നാലെ കാറും വന്നിടിച്ചു. ലോറി ഡൈവര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്.മിനി ബസ്സിലാണ് ധര്‍മലിംഗം സഞ്ചരിച്ചിരുന്നത്.
കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം.ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല ഇവ സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.എന്നാല്‍ ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മ്മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല.ഉത്തരവ് ലംഘിച്ചാല്‍ ആദ്യതവണ പതിനായിരം രൂപ പിഴ ഈടാക്കും.രണ്ടാമതും ലംഘിച്ചാല്‍ 25,000 രൂപ,തുടര്‍ന്നും ലംഘിച്ചാല്‍ 50,000 രൂപ എന്നിങ്ങനെണ് പിഴ ഈടാക്കുക. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും.കളക്ടര്‍, സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ഇതിനെതിരെ നടപടിയെടുക്കാം.
ഷോര്‍ട്ട് സര്‍ക്യൂട്ട്; ഗാസിയാബാദില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു
ലഖ്നൗ: വീട്ടിനകത്തെ ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അഞ്ച് കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പര്‍വീണ്‍(40), ഫാത്തിമ(12), ഷാഹിമ(10), റാത്തിയ(8) അബ്ദുള്‍ അസീം(8), അബ്ദുള്‍ അഹദ്(5) എന്നിവരാണ് മരിച്ചത്. ഇവര്‍ വൈദ്യുതിയേറ്റാണോ അതോ തീപ്പിടിത്തത്തിലാണോ മരിച്ചതെന്നു വ്യക്തമല്ല. വീട്ടിലെ റെഫ്രിജറേറ്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്.