പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാൻ അനുമതി നല്‍കി ഹൈക്കോടതി
കൊച്ചി:പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാൻ അനുമതി നല്‍കി ഹൈക്കോടതി. ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കോടതി ഉത്തരവ് ഇന്നുമുതല്‍ നടപ്പിലാക്കിയേക്കും.പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെങ്കിലും തീര്‍ത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ നിലക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.അതേസമയം അനധികൃത പാര്‍ക്കിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാനാകില്ലെന്നു പോലീസ് നിലപാടെടുത്തിരുന്നു.മുൻപ് പാര്‍ക്കിങ് അനുവദിച്ചിരുന്ന പമ്പ,ഹില്‍ടോപ്പ് മേഖലകളെല്ലാം പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന നിലയിലാണെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് കോടതിയെ അറിയിച്ചിരുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പാര്‍ക്കിങ് അനുവദിക്കാനാവില്ല. നിലയ്ക്കല്‍-പമ്പ റൂട്ടിലെ വാഹനനിയന്ത്രണത്തിനുള്ള അധികാരം പോലീസിന് ആവശ്യമാണ്.പമ്പയിലേക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.എന്നാല്‍, ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ പ്രസ്താവന ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് കോടതി നിലപാടെടുത്തത്. ഇതനുസരിച്ച് ഹര്‍ജി ഇന്ന് പരിഗണിക്കവെ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് കോടതി സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്ബയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ഈ വര്‍ഷം ശബരിമല തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരുടെ എണ്ണംകുറയാന്‍ കാരണം വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു നിലപാടില്‍ ദേവസ്വംബോര്‍ഡ് എത്തിയത്. ബേസ് ക്യാമ്പ് നിലയ്ക്കലില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിനെയും പൊലീസിനേയും അറിയിച്ചത്. തീര്‍ഥാടകര്‍ വരുന്ന വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനം നല്‍കുക. തുടര്‍ന്ന് തീര്‍ഥാടകരെ പമ്പയിൽ ഇറക്കിയശേഷം വാഹനങ്ങള്‍ തിരിച്ച് നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യുക എന്നതായിരുന്നു നിര്‍ദ്ദേശം. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാനാകുമെന്ന് ദേവസ്വംബോര്‍ഡ് കണക്കുകൂട്ടിയിരുന്നു.വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പമ്പയിലേക്ക് പ്രവേശനം വിലക്കുകയും ചെയ്തതാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായകുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി മലയാളി താരം ചിത്തരേഷ്
കൊച്ചി:ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി മലയാളി താരം ചിത്തരേഷ്.മിസ്റ്റര്‍ യൂണിവേഴ്സ് ടൈറ്റില്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു വടുതല സ്വദേശിയായ ചിത്തരേഷ്.90 കിലോഗ്രാം വിഭാഗത്തില്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം നേടി തുടര്‍ന്നു നടന്ന മത്സരത്തില്‍ 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒന്‍പതു ലോക ചാംപ്യന്‍മാരെ പരാജയപ്പെടുത്തിയാണു ചിത്തരേഷ് മിസ്റ്റര്‍ യൂണിവേഴ്സ് നേടിയത്.ഡല്‍ഹിയില്‍ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുന്‍പു നടന്ന പല ചാംപ്യന്‍ഷിപ്പുകളിലും ഡല്‍ഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചത്. എന്നാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തില്‍ത്തന്നെ ഈ സ്വപ്ന നേട്ടം കരസ്ഥമാക്കാനായതിന്റെ സന്തോഷത്തിലാണിപ്പോള്‍ താരം.
പരാധീനതകളോടു പടവെട്ടിയാണു ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടില്‍നിന്നു മിസ്റ്റര്‍ യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു. വിജയമധുരം രുചിക്കാന്‍ ചിത്തരേഷിനു തുണയായത് ഉറ്റ സുഹൃത്തും വഴികാട്ടിയും കോച്ചുമായ എം.പി. സാഗറിന്റെ ചിട്ടയായ പരിശീലനമാണ്. ഒരു ദിവസംപോലും മടിപിടിക്കാതെ, ഇഷ്ടമുള്ള ഭക്ഷണവും ചടങ്ങുകളും ആഘോഷങ്ങളും ഒക്കെ ത്യജിച്ചുള്ള കഠിനമായ പരിശീലനം. ചെലവേറിയ കായിക ഇനമാണെന്നറിഞ്ഞിട്ടും വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും പിന്‍മാറാന്‍ ചിത്തരേഷിനു മനസ്സില്ലായിരുന്നു.പ്രതിസന്ധികളില്‍ നാടും കൂട്ടുകാരും കൂടെ നിന്നു. പലപ്പോഴും സാമ്പത്തികമായി സഹായിച്ചു. ഹൈബി ഈഡന്‍ എംപിയും വ്യക്തിപരമായി പലപ്പോഴും സഹായിച്ചെന്നും ചിത്തരേഷ് പറയുന്നു.ഡല്‍ഹിയില്‍ ജോലി നോക്കുന്ന ചിത്തരേഷ് വടുതലയിലെ വീട്ടില്‍ അവസാനമായി എത്തിയത് ഒരു വര്‍ഷം മുന്‍പാണ്. ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പിനായി ജനുവരി മുതല്‍ കഠിനമായ ഒരുക്കമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലേക്കുള്ള യാത്രകള്‍ ഒഴിവാക്കി.പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
കുറ്റ്യാടിയിൽ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കോഴിക്കോട്: കുറ്റ്യാടിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കെ മുയ്യോട്ടുമ്മല്‍ ദാമോദരനെയാണ് അമ്പലക്കുളങ്ങരയിലെ ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പ്രസിഡന്റ്സ് കളര്‍ അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിൽ എത്തും
കണ്ണൂർ:രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിൽ.ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്സ് കളര്‍ അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് രാഷ്‌ട്രപതി കണ്ണൂരിലെത്തുന്നത്.ഇന്ന് വൈകീട്ട് 4.30ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയില്‍ എത്തും. രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് വിശിഷ്ട വ്യക്തികളും വിമാനത്താവളത്തില്‍ എത്തും.ബുധനാഴ്ച രാവിലെ എട്ട് മണിക്ക് അക്കാദമിയുടെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. 10.15-ന് മുതിര്‍ന്ന ഓഫീസര്‍മാരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 11.35-ന് അദ്ദേഹം തിരിച്ച് ഡല്‍ഹിയിലേക്ക് പോകും.
ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍;പാർലമെന്റിലേക്ക് ലോങ്ങ് മാർച്ച് നടത്തുന്നു
ന്യൂഡൽഹി:ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പൊലീസ് നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. ആഫ്രിക്ക അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യസഹായവും ദില്ലി പൊലീസ് നിഷേധിച്ചിട്ടുണ്ട്. അതേസമയം രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ഥികളെ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റല്‍ ഫീസില്‍ മുപ്പത് ഇരട്ടിയുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്.
അതേസമയം ഫീസ് വര്‍ധന സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണിത്. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് തൊട്ടുമുൻപാണ് മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്.നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാല്‍ വിവാദ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് പുതിയ സമിതി രൂപീകരിച്ചത്. മുന്‍ യുജിസി വൈസ്. ചെയര്‍മാന്‍ പ്രൊഫ.വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ ഷഹസ്രബുധെ ചൗഹാന്‍, യുജിസി സ്രെക്രട്ടറി പ്രൊഫ.രജ്നീഷ് ജെയിന്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഈ മാസം 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി.മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ടിവെച്ചിരിക്കുന്ന ആവശ്യങ്ങൾ.ഇവയെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ബസുടമകള്‍ സമരത്തിന് ഒരുങ്ങിയത്.
യുഎപിഎ കേസ്;അലന്‍ ഷുഹൈബിനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ശുഹൈബിനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. പോലീസിനെ കണ്ടു ഓടി രക്ഷപെട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഉസ്മാനാണെന്നാണു പോലീസ് കണ്ടെത്തല്‍. ഇയാള്‍ സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നു പോലീസ് പറയുന്നു. ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതും മാവോയിസ്റ്റ് പ്രവര്‍ത്തനവുമായ ബന്ധപ്പെട്ടതാണ്. ഇയാള്‍ക്കെതിരേയും യുഎപിഎ കേസുകള്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.ഒപ്പം, ചോദ്യം ചെയ്യലില്‍ അലനും താഹയും ഉസ്മാനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതായാണു സൂചന.അതേസമയം അലന്റേയും താഹയുടേയും കസ്റ്റഡി കാലാവധി ഇന്ന് തീരും. തുടര്‍ന്ന് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ പോലീസ് ഉസ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന. നേരത്തേ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉത്പന്നങ്ങളും കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിൽ
മട്ടന്നൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉത്പന്നങ്ങളും കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിൽ.ശനിയാഴ്ച വെളുപ്പിന് 5.30നു ദുബായില്‍ നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി എം.കെ.അബ്ദുല്ലയാണു കസ്റ്റംസിന്റെ പിടിയിലായത്.9 ലക്ഷം രൂപയ്ക്കു തുല്യമായ സ്വര്‍ണവും 4 ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമാണു പിടികൂടിയത്.ചെക്ക്-ഇന്‍ ബാഗില്‍ സൂക്ഷിച്ച റൈറ്റിങ് പാഡിനുള്ളില്‍ ഫോയില്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.കസ്റ്റംസ് അസി.കമ്മിഷണര്‍ ഒ പ്രദീപന്‍, സൂപ്രണ്ടുമാരായ പി സി ചാക്കോ, പി വി സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ജോയി സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍ പാര്‍വതി എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
വാളയാര്‍ കേസ്;സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി
തിരുവനന്തപുരം: വാളയാറില്‍ രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിടേണ്ടി വന്ന സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ലതാ ജയരാജിനെ പുറത്താക്കി കൊണ്ടുളള ഉത്തരവില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി ഒപ്പുവെച്ചു.വാളയാര്‍ കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. ഇതില്‍ പ്രോസിക്യൂഷനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകളൊന്നും ഇല്ലെന്നും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.