സുൽത്താൻബത്തേരി:ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നാലു പേര്‍ ഒളിവില്‍. സര്‍വ്വജന സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ മോഹന കുമാര്‍, അധ്യാപകനായ ഷിജില്‍, ഷെഹലയെ ചികില്‍സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.മൊഴി എടുക്കാന്‍ അന്വേഷണ സംഘം ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ഇവരെ കാണാനായില്ല. ഇവര്‍ സ്ഥലത്തില്ല എന്നാണ് ബന്ധുക്കള്‍ പോലിസിനോട് പറഞ്ഞത്.ഷഹലയുടെ മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം മാത്രം അറസ്റ്റ് മതിയെന്നാണ് പൊലിസിന്റെ തീരുമാനം. അതേസമയം വിദ്യാര്‍ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും അധ്യാപകനെയും സസ്‌പെന്റ് ചെയ്തതില്‍ സ്‌കൂളിന് പകരം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെ സ്‌കൂളിന് അവധിയായിരുന്നു. സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച നീട്ടാനും ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
മഹാരാഷ്ട്ര കേസ്;സുപ്രീം കോടതിയിൽ വാദം പൂർത്തിയായി;വിധി നാളെ
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പാതിരാ അട്ടിമറിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന കക്ഷികള്‍ നല്‍കിയ ഹരജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി.കേസിൽ നാളെ 10.30 ന് കോടതി വിധി പറയും.ഇരുഭാഗത്തും മുതിര്‍ന്ന അഭിഭാഷകര്‍ അണിനിരന്ന ഒന്നേ മുക്കാല്‍ നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് വിധിപറയാനായി മാറ്റിയത്.വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10.30ന് കോടതി ഉത്തരവിറക്കും. തിങ്കളാഴ്ചത്തെ വാദത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് എന്‍.സി.പിക്കും ശിവസേനക്കും വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ് വിയും ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു മുഖ്യമന്ത്രി ദേേവന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുള്‍ രോഹതഗി വാദിച്ചത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
കനകമല കേസ്;ആറു പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി;വിധി ഉടൻ
ഓൺലൈനായി 27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തു;യുവാവിന് കിട്ടിയത് ടൈൽ കഷണങ്ങൾ
കണ്ണൂർ:ഓൺലൈനായി ക്യാമറ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കിടിലൻ പണി.നവംബര്‍ 20 നാണു കണ്ണൂർ സ്വദേശിയായ വിഷ്ണു ഫ്ളിപ്പ്കാർട്ടിൽ നിന്നും 27,500 രൂപ വിലവരുന്ന ഒരു ക്യാമറ ഓര്‍ഡര്‍ ചെയ്തത്.ഇ-കാര്‍ട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ രാവിലെ പതിനൊന്നരയോടെ ഒരു പ്ലാസ്റ്റിക് കവറില്‍ പാഴ്സല്‍ ലഭിച്ചു. സന്തോഷത്തോടെ അത് തുറന്ന് നോക്കിയ വിഷ്ണു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈല്‍ കഷണങ്ങളാണ്.എന്നാല്‍ ക്യാമറയുടെ യൂസര്‍ മാന്വലും വാറണ്ടി കാര്‍ഡും ആ പെട്ടിയില്‍ ഭദ്രമായി ഉണ്ടായിരുന്നു. ഉടന്‍തന്നെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര;സുപ്രീം കോടതിയിൽ വാദം തുടങ്ങി
ന്യൂഡൽഹി:ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ സുപ്രിം കോടതിയിൽ വാദം തുടങ്ങി. പാതിരാ അട്ടിമറിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന കക്ഷികളാണ് ഹർജി സമർപ്പിച്ചത്.എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ വിധിപറയുക. അവധിദിനമായ ഇന്നലെ ഹരജി പരിഗണിച്ച കോടതി സര്‍ക്കാറുണ്ടാക്കാന്‍ മുഖ്യമന്ത്രി ദേേവന്ദ്ര ഫഡ്നാവിസ് ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരിക്ക് സമര്‍പ്പിച്ച കത്തുകള്‍ തിങ്കളാഴ്ച രാവിലെ ഹാജരാക്കാനാണ് നിര്‍ദേശിച്ചിരുന്നത്.എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കോടതി പരിഗണിക്കുമോയെന്ന കാര്യം ഇന്നറിയാം.ഫഡ്നാവിസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കുക, തങ്ങളുടെ സഖ്യത്തെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുക എന്നിവയായിരുന്നു ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത ഹരജിയിലെ ആവശ്യങ്ങള്‍.നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസ് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ശിവേസനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിെന്‍റയും ആവശ്യത്തില്‍ തീരുമാനമെടുക്കാതിരുന്ന ബെഞ്ച്, അതിനു മുൻപ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രേഖകളും തെളിവുകളും പരിശോധിക്കണമെന്നാണ് വ്യക്തമാക്കിയത്.
രുചിയേറും വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു
തിരുവനന്തപുരം:ഇനി ആശങ്കകളൊന്നുമില്ലാതെ വൃത്തിയോടും രുചിയോടും കൂടി വിഭവങ്ങള്‍ വിളമ്പാൻ സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു.ഇത്തരത്തിലുള്ള ആദ്യ ഭക്ഷണകേന്ദ്രം ആലപ്പുഴയില്‍ തുടങ്ങും. നടപടി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്ക് ഉടന്‍ കത്തയയ്ക്കും.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.ആലപ്പുഴയ്ക്ക് ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും.ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകള്‍ക്കും ഹോട്ടലുകള്‍ക്കും ‘വാങ്ങാന്‍ സുരക്ഷിതം, കഴിക്കാന്‍ സുരക്ഷിതം’ എന്ന സര്‍ട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കും. ഇത് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ കിട്ടും. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധവുമാക്കും. പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം സപ്ലൈകോ ഷോപ്പുകളില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണംചെയ്യാന്‍ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.
വയനാട് മേപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം;ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും പതിപ്പിച്ചു
വയനാട്:മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.ഇന്നലെ രാത്രിയിൽ മാവോയിസ്റ്റുകളെത്തി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം.തമിഴ് ഭാഷയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് തെരച്ചില്‍ തുടങ്ങി.ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ട്.
അങ്കമാലിയിൽ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ഔസേഫിന്റെ മകന്‍ ജോസഫ് (58),ഓട്ടോയാത്രക്കാരായ മാമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ബസിനടിയില്‍ പെട്ട ഓട്ടോയിൽ നിന്നും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാൻ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍
കണ്ണൂർ:സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സ്‌കൂളുകളിലും സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാൻ നിര്‍ദ്ദേശം നല്‍കി കണ്ണൂര്‍ ജില്ലാ കളക്ടര്‍.സ്‌കൂളുകളില്‍ സുരക്ഷാ, ആരോഗ്യ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അടിയന്തര പരിശോധന നടത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.ഇതിനായി പോലീസ്, ഡോക്ടര്‍മാര്‍, തദ്ദേശസ്ഥാപനങ്ങളിലെ ഓവര്‍സിയര്‍, ആര്‍ടിഒ, രക്ഷാകര്‍ത്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി അങ്കണവാടികളിലടക്കം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജലാശയം, വനം, കുന്നുകള്‍ എന്നിവയോട് ചേര്‍ന്നുള്ള സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും സാന്നിധ്യം കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കാനും കൃത്യമായ ഇടവേളകളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബലവും ദൃഢതയും പരിശോധിക്കാനും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍, ഇലക്‌ട്രിക്ക് പോസ്റ്റുകള്‍ എന്നിവ നീക്കം ചെയ്യുക, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന തടയുക, സ്‌കൂള്‍ വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം.പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്‌കൂളുകളിലെ അപകട സാധ്യത പരിശോധിക്കാന്‍ പ്രാദേശിക തലത്തില്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.വിദ്യാലയവും പരിസരവും അടിയന്തരമായി വൃത്തിയാക്കാനും ക്ലാസ്മുറികളില്‍ വിഷജന്തുക്കള്‍ കയറിവരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്താനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകന്റെയും പിടിഎയുടേയും നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനം നടത്തണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സ്‌കൂള്‍ സുരക്ഷാ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. വിദ്യാലയ നിരീക്ഷണ സമിതികള്‍ നിരന്തരം സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഷഹലയുടെ വീട് സന്ദർശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് എംഎസ്‌എഫ്, ബിജെപി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സുല്‍ത്താന്‍ ബത്തേരി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഹല ഷെറിന്‍ ക്ലാസ്സ്മുറിക്കുള്ളിൽ വെച്ച് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഇന്ന് ഷഹലയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്കു നേരെ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.കല്‍പറ്റയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെ.പി പ്രവര്‍ത്തകരും സര്‍വ്വജന സ്‌കൂളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്.അതേസമയം, മന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി സുനില്‍കുമാറും ഷഹലയുടെ വീട് സന്ദര്‍ശിച്ചു. മാതാപിതാക്കളെ കണ്ടു.വിദ്യാഭ്യാസ മന്ത്രി ഷെഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞു. സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നഗരസഭയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.