സ്കൂളുകളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിച്ചു

keralanews junk food banned in schools and school premises (3)

ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് നിരോധിച്ചു.സ്കൂള്‍ കാന്‍റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തുമാണ് നിരോധനം.ഇനി മുതല്‍ സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡ് വിതരണം ചെയ്യാന്‍ പാടില്ല.ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്.ഉത്തരവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂള്‍ കായിക മേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.കോള, ചിപ്സ്, ബര്‍ഗര്‍, പീസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്.കുട്ടികളില്‍ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

യു​എ​പി​എ അറസ്റ്റ്;വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി

keralanews u a p a arrest court rejected the bail application of students

കോഴിക്കോട്‌: മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി പോലീസ്‌ അറസ്റ്റ് ചെയ്‌ത രണ്ടു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട്‌ തിരുവണ്ണൂര്‍ പാലാട്ട്‌നഗര്‍ മണിപ്പൂരി വീട്ടില്‍ അലന്‍ ഷുഹൈബ്‌ (20) , കണ്ണൂര്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസം വിദ്യാര്‍ഥി ഒളവണ്ണ മൂര്‍ക്കനാട്‌ പാനങ്ങാട്ടുപറമ്പ് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫൈസല്‍ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.യുഎപിഎ പ്രത്യേക കോടതി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് ഹിന്ദു ഐക്യവേദിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇരുവരില്‍ നിന്നും പിടിച്ചെടുത്ത മാവോയിസ്റ്റ് അനുകൂല ലഘുലേഖയും കോഡ് ഭാഷ സംബന്ധിച്ച രേഖകളും നോട്ടീസുകളും വിവിധ ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ അനേകം തെളിവുകള്‍ പോലീസ് ഹാജരാക്കിയിരുന്നു. ഇരുവരും മാവോയിസ്റ്റ് ബന്ധം സമ്മതിച്ചതായും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.അതേസമയം, പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി. യുവാക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കിയിരുന്നു.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന ഇടഞ്ഞു;ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു

keralanews elephant turned unruly and killed its mahout in kottayam thirunakkara temple

കോട്ടയം:തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന ഇടഞ്ഞു.സ്വകാര്യ ബസ് കുത്തിമറിക്കാന്‍ ശ്രമിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു.ഒന്നാം പാപ്പാന്‍ വിക്രം (26) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്ത് വച്ച്‌ ആന ഇടയുകയായിരുന്നു.ആന ഇടഞ്ഞത് കണ്ട് ബസ് സ്റ്റോപ്പില്‍ നിര്‍ത്തി. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നില്‍ കുത്തി ബസ് ഉയര്‍ത്തി. ബസിനുള്ളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്ത ആന ബസ് കുത്തിപ്പൊക്കുകയും ചെയ്തു.ഈ സമയം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു.ആനയെ പിടികൂടാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങി ഈ സമയം പോസ്റ്റില്‍ വച്ച്‌ ആന വിക്രമിനെ അമര്‍ത്തി.ആനയ്ക്കും പോസ്റ്റിനും ഇടയില്‍ ഇരുന്ന് കുരുങ്ങിയ പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

‘മഹ’യ്ക്ക് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റും; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നു;കേരളത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

keralanews bulbul cyclone followed by maha low pressure formed in bay of bengal turns to hurricane yellow alert in kerala

തിരുവനന്തപുരം: ‘മഹ’ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ‘ബുള്‍ബുള്‍’ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.വെള്ളിയാഴ്ചയോടെ കാറ്റ് അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ല.എന്നാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ് ചുഴലിക്കാറ്റുകളാണ്. ബുള്‍ബുള്‍കൂടി വരുന്നതോടെ ഇത് ഏഴാവും.

കുന്നത്തൂര്‍പ്പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിനു സമീപം വനത്തിൽ കാണപ്പെട്ട മൃതദേഹം സ്ത്രീവേഷം കെട്ടി നടക്കുന്ന മലപ്പട്ടം സ്വദേശിയുടേതെന്ന് സൂചന

keralanews the deadbody found near kunnathoorpadi muthappan temple wearing womens dress was believed to be malappattam native

കണ്ണൂർ:കുന്നത്തൂര്‍പാടി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം  വനത്തില്‍ കാണപ്പെട്ട മൃതദേഹം സ്ത്രീവേഷം കെട്ടിനടക്കാറുള്ള മലപ്പട്ടം അടൂര്‍ സ്വദേശിയുടേതാണെന്ന് സൂചന. സ്ത്രീയുടെ വേഷമാണ് മൃതദേഹത്തില്‍ കണ്ടതെങ്കിലും പരിശോധനയില്‍ മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൂന്നുമാസത്തോളം പഴക്കമുള്ള മൃതദേഹത്തിനു സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തിയെങ്കിലും മരണകാരണം വ്യക്തമായിട്ടില്ല.ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ വിറകുശേഖരിക്കാന്‍ പോയ പരിസരവാസികളാണ് സാരിയുടുത്തനിലയിലുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പയ്യാവൂര്‍ എസ്.ഐ. പി.സി.രമേശന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ട് മൊബൈല്‍ ഫോണും ചീര്‍പ്പും കണ്ണാടിയും തോര്‍ത്തും ബാഗുമെല്ലാം മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ഫോണിലെ നമ്പറുകളും ചിത്രങ്ങളും മറ്റും പരിശോധിച്ചതിൽ നിന്നാണ് മൃതദേഹം  സ്ത്രീവേഷം കെട്ടിനടക്കുന്ന മലപ്പട്ടം അഡൂര്‍ സ്വദേശി ശശിയുടേതാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.ഇയാളുടെ ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചെങ്കിലും പൂര്‍ണമായും അഴുകിയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഡി.എന്‍.എ. പരിശോധനയുംമറ്റും നടത്തിയാല്‍മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍കഴിയൂവെന്ന് പോലീസ് അറിയിച്ചു.ആശാരി തൊഴിലാളിയായ ഇയാളെ നേരത്തേ സ്ത്രീവേഷംകെട്ടിനടന്നതിനെത്തുടര്‍ന്ന്  നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതോടെ അഡൂരില്‍നിന്ന് ചുഴലിയിലേക്ക് താമസംമാറ്റി.പിന്നീട് വീടുമായി അധികം ബന്ധമില്ല. സന്ധ്യയാകുന്നതോടെ സ്ത്രീവേഷം ധരിക്കുന്ന ഇയാള്‍ മിക്കരാത്രികളിലും ശ്മശാനങ്ങളിലാണ് ഉറങ്ങാറുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യക്ഷിയുടെ രൂപംവരുന്ന രീതിയില്‍ മേക്കപ്പ് നടത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ നടക്കാറുണ്ടെന്നും രാവിലെ മടങ്ങിയെത്തി ജോലിക്കുപോവാറുണ്ടെന്നും പറയുന്നു.

ഇത്തവണയും മണ്ഡലകാലം സംഘര്‍ഷഭരിതമാകാൻ സാധ്യത;ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്ത് മനിതി വനിതാ കൂട്ടായ്മ

keralanews possibility of conflict in sabarimala during mandalakalam manithi woman group to visit sabarimala
പത്തനംതിട്ട: മണ്ഡല മാസത്തില്‍ ശബരിമല ദര്‍ശനത്തിന് തയ്യാറെടുത്ത് മനിതി വനിതാ കൂട്ടായ്മ. കേരളത്തിലെ യുവതികള്‍ക്കൊപ്പമായിരിയ്ക്കും ദര്‍ശനം നടത്തുകയെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത് വിശ്വാസത്തിലെടുത്താണ് തീരുമാനം.ഇതോടെ ഇത്തവണയും മണ്ഡലകാലം സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറി.സുപ്രിംകോടതിവിധിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം യുവതികളുമായി മനീതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു.പ്രതിഷേധം ആളികത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം പമ്പയില്‍ നിന്ന് മനിതി സംഘം തമിഴ്നാട്ടിലേക്ക് മടങ്ങിയത്.മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം ദര്‍ശനത്തിന് എത്തുന്നത്. “സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് പോലും നടന്നില്ല”-മനിതി സംഘം കോര്‍ഡിനേറ്റര്‍ സെല്‍വി പറഞ്ഞു.ഈ മാസം 16 നാണ് ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കായി നടതുറക്കുന്നത്. സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ തീര്‍ത്ഥാടന കാലത്തും സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിക്കാൻ  സാദ്ധ്യതയുണ്ട്.അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ തീര്‍ത്ഥാടകരെത്തുന്ന മണ്ഡല, മകരവിളക്ക് കാലത്ത് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിക്കുന്നത് പൊലീസിന് തലവേദനയാകും.
..

യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കേസ്;ജാമ്യാപേക്ഷയിൽ വിധി ഇന്ന്

keralanews the case of students arrested charging u a p a bail application of accused will consider today

കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച്  പന്തീരങ്കാവിൽ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ യുഎപിഎ നിലനില്‍ക്കുമെന്നാണ് കോടതി നിരീക്ഷണമെങ്കില്‍ ജാമ്യ സാധ്യത അടയും. യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത്.പ്രതികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത തീവ്ര ഇടത് യോഗങ്ങളുടെ മിനുട്‌സില്‍ പേരുള്ള ചിലരുടെ വീടുകളിലും ഇന്നലെ പൊലീസ് പരിശോധന നടത്തി. പ്രതികളുടെ കൈയല്‍ നിന്ന് പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള നോട്ട് വിദഗ്ധരുടെ സഹായത്തോടെ വായിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അയോധ്യയെ ലക്ഷ്യം വച്ച്‌ പാക് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോർട്ട്

keralanews intelligence report that pakistani terrorists enter uttarpradesh targeting ayodhya

ന്യൂഡൽഹി:അയോധ്യയെ ലക്ഷ്യം വച്ച്‌ പാക് ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോർട്ട്.നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയതായാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്.അതിനു മുൻപായി അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകും.

മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

keralanews highcourt order will not bury the deadbodies of maoists killed in attappadi

പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.മൃതദേഹം സംസ്‌കരിക്കാമെന്ന പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകത്തിന്റേയും ബന്ധുക്കള്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമിപിച്ചിരുന്നു. നാല് ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച പോലീസിന്റെ വാദം സ്വീകരിച്ച്‌ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കി. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞമാസം 28നാണ് അട്ടപ്പാടി അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

നവജാത ശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ

keralanews mother arrested for abandoning newborn baby on mosque doorstep

കോഴിക്കോട്: പന്നിയങ്കരയില്‍ കത്തെഴുതി വെച്ച്‌ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റിൽ.കരിപ്പൂര്‍ വിമാന്താവളത്തിലെ കെഎഫ്‌സിയില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിനിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കുട്ടിയുടെ പിതാവും അമ്മയുടെ കാമുകനുമായ മലപ്പുറം ജില്ലയിലെ കാവന്നൂര്‍ സ്വദേശിയായ 21കാരൻ ഗള്‍ഫിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. യുവതിയും കാമുകനും കരിപ്പൂര്‍ വിമാനത്താവളത്തിനെ കെഎഫ്‌സി ജീവനക്കാരാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഗര്‍ഭിണിയായ യുവതി വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. കരിപ്പൂരില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയുടെ ചെലവുകളൊക്കെ കാമുകനാണ് നോക്കിയിരുന്നത്.ഇതിനിടെ കാമുകന്‍ ഗള്‍ഫില്‍ ജോലി കിട്ടി പോയി. എന്നാല്‍ മൂന്നുമാസം മുമ്ബ് കെഎഫ്‌സി പൂട്ടിയതോടെ യുവതി തൃശ്ശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തനിക്ക് വയര്‍വീക്ക രോഗമാണെന്നും കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് യുവതി വീട്ടികാരെ അറിയിച്ചത്. കോഴിക്കോടും തൃശൂരുമായാണ് യുവതി പിന്നീട് താമസിച്ചിരുന്നത്. പ്രസവ തീയതിക്ക് രണ്ട് ദിവസം മുൻപ് കാമുകന്‍ ഗള്‍ഫില്‍ നിന്ന് എത്തി യുവതിയെ ബംഗളൂരിവിലേക്ക് കൊണ്ട് പോയി.അവിടെത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞുമായി ഇരുവരും ബുള്ളറ്റ് ബൈക്കില്‍ കോഴിക്കോട് എത്തിയ ശേഷം പള്ളി വളപ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.കുഞ്ഞിനൊപ്പം ഒരു കത്തും ഏഴുതിവെച്ചാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് പോലീസ് അന്വേഷണത്തിൽ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുര്‍ന്ന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ യുവതിയും യുവാവും ബുള്ളറ്റില്‍ പോകുന്നത് കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിന്റെ നമ്പർ പരിശോധിച്ച്‌ ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മുൻപ് യുവാവ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.യുവാവിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബര്‍ 28ന് രാവിലെയാണ് പള്ളിവളപ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.