കൊല്ലം: പാരിപ്പള്ളിയില്‍ കാറും കെഎസ്ആർടിസി വോൾവോ ബസും കൂട്ടിയിടിച്ച് യുവ ദമ്പതികൾ മരിച്ചു.തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ ജനാര്‍ദനന്‍ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷന്‍ ഓവര്‍സീയറുമായ ജെ.രാഹുല്‍ (28), ഭാര്യയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സീയറുമായ സൗമ്യ (24) എന്നിവരാണു മരിച്ചത്.ദേശീയപാതയില്‍ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം.ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് മയ്യനാട്ടേക്ക് കാറില്‍ പോകുന്നതിനിടെയാണ് ഈ അപകടം.രണ്ടു വയസ്സുള്ള മകള്‍ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും യാത്ര. അപകടത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും രാഹുലും സൗമ്യയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ വിലക്ക് മറികടന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ:അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ വിലക്ക് മറികടന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കണ്ണൂര്‍ നഗരത്തിലാണ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയത്. ഇരുന്നൂറോളം പ്രവർത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിധി പ്രസ്താവനയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയതാണ്.അതേസമയം വയനാട് മാനന്തവാടിയിലും വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച 67 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റിലായിട്ടുണ്ട്. അയോധ്യ ഭൂമി കേസില്‍ സുപ്രീംകോടതി ശനിയാഴ്ച്ച പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.ആലപ്പുഴയില്‍ പ്രതിഷേധത്തിന് ഒത്തു ചേര്‍ന്ന 77 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഈ നടപടികള്‍ അതിനിടെ കോടതി വിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധപോസ്റ്റ് ഇട്ട മൂന്ന് പ്രവാസികള്‍ക്കെതിരേയും പോലീസ് കേസെടുത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ്, മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രകോപനപരമായി പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികൾ ശബരിമലയിൽ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം:നവംബർ 15 ന് നട തുറക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികൾ ശബരിമലയിൽ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ഈ വര്‍ഷത്തെ ശബരിമല സുരക്ഷാ റിപ്പോര്‍ട്ടിലാണ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. ഭക്തരുടെ വേഷത്തില്‍ മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബ് ഐപിഎസിനാണ് സുരക്ഷാ ചുമതല. സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കാനും, പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കാനും, സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദേശം നല്‍കി.ഡോളിയില്‍ വരുന്നവരേയും കാക്കി പാന്‍റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും നിർദേശമുണ്ട്.കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് ചീഫ്- കോഡിനേറ്റര്‍.ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ പൊളിക്കും;സുരക്ഷ മുൻനിർത്തി പ്രദേശവാസികളെ ഒഴിപ്പിക്കും;ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ വിധിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന തീയതി തീരുമാനിച്ചു.ജനുവരി 11,12 തീയതികളില്‍ ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിക്കാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ജനുവരി 11ന് ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട കെട്ടിടങ്ങളും ഹോളി ഫെയ്ത്തിന്റെ കെട്ടിടവും പൊളിക്കും.12ന് ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നിവ പൊളിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാവും കെട്ടിടങ്ങള്‍ തകര്‍ക്കുക. മൈക്രോ സെക്കന്‍ഡ് സമയം കൊണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിശദീകരണം. സുരക്ഷ മുന്‍നിര്‍ത്തി ഫ്‌ളാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കും. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.അതേസമയം സ്‌ഫോടനത്തിനായി എത്രമാത്രം സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കണം എന്നതില്‍ തീരുമാനമായിട്ടില്ല. 19 നിലകളുള്ള ഹോളിഫെയ്ത്താണ് പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ ഏറ്റവും ഉയരമുളളത്. ഇരട്ട കെട്ടിടങ്ങളായ ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റുകള്‍ക്ക് 16 നിലകള്‍ വീതമാണ്. ആദ്യദിനത്തില്‍ ഈ മൂന്നു കെട്ടിടങ്ങളാണ് പൊളിക്കുന്നത്.
കെട്ടിടം പൊളിക്കുന്നതിനു മുന്‍പ് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ സബ് കലക്ടര്‍ യോഗം വിളിക്കും. ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ സിറ്റി പോലീസ് കമ്മീഷര്‍ തയ്യാറാക്കും. കെട്ടിടം പൊളിക്കുന്നത് കാണാന്‍ ആളുകള്‍ തടിച്ചുകൂടാനുള്ള സാധ്യത പരിഗണിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജനുവരി ഒൻപതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്നു ദിവസം കൂടി സാവകാശം എടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. സമയം നീണ്ടുപോയതിന്റെ കാരണം അധികൃതര്‍ കോടതിയില്‍ ബോധിപ്പിക്കും.
കടലില്‍ മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ;ഒരാൾ മരിച്ചു;മൂന്നുപേർ ഗുരുതരാവസ്ഥയിൽ
കാസര്‍കോട്:കടലില്‍ മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരു മല്‍സ്യതൊഴിലാളി മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബോട്ടുടമയും മത്സ്യത്തൊഴിലാളിയുമായ സൂസദാസന്‍ ആന്റണിയുടെ മകന്‍ തദയ്യൂസ് (52), ജെറോണ്‍സിന്റെ മകന്‍ അരോഖ് (60), സില്‍വയുടെ മകന്‍ കില്‍ബെര്‍ട്ട് (40) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയില്‍ എത്തിച്ചപ്പോഴേക്കും ചാര്‍ലി മരിച്ചിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് മൂന്നുപേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ട്.ആഴ്ചകള്‍ക്ക് മുൻപാണ് ഇവര്‍ മത്സ്യബന്ധനത്തിനായി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. മംഗളൂരുവില്‍ ഫിഷിംഗ് അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നതിനിടെ നടുക്കടലില്‍ വെച്ചാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് കോസ്റ്റല്‍ സി ഐ സിബി തോമസ്, എസ് ഐമാരായ സുഭാഷ്, ദാമു, സ്രാങ്ക് നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ കരക്കെത്തിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന.ടാങ്കില്‍ സംഭരിച്ചിരുന്ന വെള്ളം കുടിച്ചതുമൂലമാണ് അസ്വസ്ഥതയുണ്ടായതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സംഘത്തിലെ മനു എന്ന മത്സ്യത്തൊഴിലാളിയെ ഞായറാഴ്ച വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് ഹാര്‍ബെ എന്ന സ്ഥലത്ത് ഇറക്കി ചികിത്സ തേടാന്‍ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റുള്ളവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.
അയോധ്യ വിധി;കാസര്‍കോട് ജില്ലയിലെ ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസര്‍കോട്: അയോധ്യ വിധിയെ തുടർന്നുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബർ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള,കാസര്‍കോട്, വിദ്യാനഗര്‍,മേപ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്ദേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേരള പോലീസ് ആക്‌ട് 78,79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ പതിനാലാം തീയതി രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ.അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും പൂര്‍ണായും നിരോധിച്ചിട്ടുണ്ട്. എല്ലാവരും പോലീസുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.അയോധ്യ വിധിക്ക് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കഴിഞ്ഞദിവസം രാത്രിയോടെ പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി പോലീസ് ആക്‌ട് പ്രകാരം ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്.മാവോവാദി ഭരണഘടന,മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോ തുടങ്ങിയ തെളിവുകളാണ് പൊലീസിന് ലഭിച്ചത്.പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണ സംഘം ഈ തെളിവുകളും ഹാജരാക്കും.രണ്ടുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.റിമാന്റിലുള്ള അലൻ ഷുഹൈബ്,താഹ ഫസൽ എന്നിവരോടൊപ്പമുണ്ടായിരുന്ന രക്ഷപ്പെട്ട മൂന്നാമനെ കുറിച്ച് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടും.കേസിൽ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
മഞ്ചിക്കണ്ടിയില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് ആനക്കട്ടിയില്‍ പിടിയില്‍;ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയെന്ന് പൊലീസ്
പാലക്കാട്: അട്ടപ്പാടിക്ക് അടുത്ത മേലെ മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പൊലീസ് പിടിയില്‍. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെയാണ് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത് എന്നാണ് വിവരം. ആനക്കട്ടിക്ക് അടുത്ത് വച്ച് ഇയാളെ ടാസ്‌ക് ഫോഴ്‌സ് പിടികൂടുമ്പോൾ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നും ഇയാളും കസ്റ്റഡിയിലാണെന്നാണ് വിവരം.തമിഴ്‌നാട് വഴി രക്ഷപെടാനായിരുന്നു നീക്കം.ദീപക്കിനെ കോയമ്ബത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.പാലക്കാട് മഞ്ചക്കണ്ടിയില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ നാലു മാവോയിസ്റ്റുകളെയാണ് വെടിവെച്ചുകൊന്നത്. മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഛത്തീസ് ഗഡ് സ്വദേശിയായ ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് എകെ-47 തോക്കുപയോഗിച്ച് വനത്തിനുള്ളില്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു.മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവിലാണ് ദീപക്കിന്റെ തോക്ക് പരിശീലന ദൃശ്യങ്ങളുണ്ടായിരുന്നത്.
അയോധ്യയിൽ ചരിത്ര വിധി;തർക്കഭൂമി ഹിന്ദുക്കൾക്ക്;മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകും
ന്യൂഡൽഹി:അയോദ്ധ്യ കേസിൽ നിർണായക വിധി വന്നു.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങൾക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി.പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീംങ്ങള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് സ്ഥലം കൊടുക്കണം.ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോർട്ട് തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവഷിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്ബുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്.40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്.
അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു;കേസിൽ ഒരൊറ്റ വിധിയെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: അയോധ്യ കേസിലെ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 30 മിനിറ്റിനുള്ളില്‍ വിധി പൂര്‍ണമായും പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഏകകണ്ഠമായ വിധിയായിരിക്കും ഇതെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.രാവിലെ 10.30 വിധി പ്രസ്താവം നടത്താന്‍ ആരംഭിച്ചു.കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്.ശനിയാഴ്ച കോടതി അവധിദിനമായിരുന്നിട്ടുകൂടി അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.