ചെങ്ങന്നൂര്‍: വെണ്മണിയില്‍ വയോധികരായ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ബംഗ്ലാദേശ് സ്വദേശികളായ പ്രതികള്‍ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തെ റെയില്‍വേ പോലീസും ആര്‍പിഎഫുമാണ് പ്രതികളെ പിടിച്ചത്. വെണ്മണി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-75), ഭാര്യ ലില്ലി ചെറിയാന്‍ (70) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് ചെറിയാൻ,ലില്ലിക്കുട്ടി എന്നിവരെ എന്നിവരെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെത്തിയ പാല്‍ക്കാരനാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അടുക്കളയില്‍ ലില്ലി കുട്ടിയെയും മുറിയില്‍ ചെറിയാനെയും കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് അടുത്ത് പിക്കാസും കോടാലിയും ഉണ്ടായിരുന്നു.കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികൾ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. ഇവരെത്തിയാലേ മോഷണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയു.
കർണാടകയിൽ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ കൂറുമാറിയ 15 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.ജെഡിഎസ്- കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതാണ് സുപ്രിംകോടതി വിധി. കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ തള്ളി, ജെഡിഎസ്- കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 15 എംഎല്‍എമാര്‍ ബിജെപിയെ അനുകൂലിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയിലാണ് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ 15 എംഎല്‍എമാരെയും കൂറുമാറിയതിനാല്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്‌റ്റേ ചെയ്തിരുന്നു.
ഒമാനില്‍ കനത്ത മഴ;കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാര്‍ മരിച്ചു
മനാമ: ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി ആറ് ഇന്ത്യക്കാർ മരിച്ചു.ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. സീബില്‍ എയര്‍പോര്‍ട്ട് ഹൈറ്റ്‌സ് ഭാഗത്ത് ജലവിതരണ പദ്ധതിയുടെ വിപുലീകരണ ജോലികള്‍ക്കിടെയാണ് അപകടം. 14 അടി താഴ്ചയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. പൈപ്പിന് 295 മീറ്റര്‍ നീളമുണ്ട്.ഞായറാഴ്ച രാത്രിയാണ് അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹം പുറത്തെടുത്തത്.അപകടത്തില്‍ അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് ആവശ്യപ്പെട്ടു.
കണ്ണൂർ നഗരത്തിൽ ഗതാഗത പരിഷ്‌ക്കരണം നിലവിൽ വന്നു
കണ്ണൂർ:നഗരത്തിൽ ഇന്നലെ മുതൽ പുതിയ ഗതാഗത പരിഷ്‌ക്കരണം നിലവിൽ വന്നു.വൈദ്യുതഭവന് മുൻപിലെ ബസ്‌സ്റ്റോപ് എടുത്തുമാറ്റിയാണ് പുതിയ പരിഷ്‌ക്കരണം.പുതിയതെരു ഭാഗത്തു നിന്നും പുതിയ ബസ്‌സ്റ്റാന്റിലേക്ക് വരുന്ന ബസ്സുകൾ വൈദ്യുത ഭവന് മുന്നിൽ നിർത്താതെ കളക്റ്ററേറ്റിന് എതിർവശത്തെ പെട്രോൾ പമ്പിന് സമീപം നിർത്തി ആളെയിറക്കണം.ഇതേ ഭാഗത്തു നിന്നും ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ബസുകൾക്കും വൈദ്യുത ഭവന് മുൻപിൽ സ്റ്റോപ്പ് ഇല്ല.ഈ ബസ്സുകൾ ഇനിമുതൽ താലൂക്ക് ഓഫീസിൽ ബസ്റ്റോപ്പിൽ നിർത്തണം.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയ പരിഷ്‌ക്കാരത്തിൽ ബസ് ജീവനക്കാരും യാത്രക്കാരും സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു.
കണ്ണൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട;ആറര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കെ ശ്രീകുമാര്‍ തിരുവനന്തപുരം കോർപറേഷന്റെ പുതിയ മേയർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറായി കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു. വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എം.എല്‍.എ ആയതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മുന്നണികളും മേയര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ചാക്ക വാര്‍ഡ് കൌണ്‍സിലറുമായിരുന്നു കെ ശ്രീകുമാര്‍.
പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു;സംഭവമറിഞ്ഞ് വിഷം കഴിച്ച പെൺകുട്ടിയും ഗുരുതരാവസ്ഥയിൽ
മലപ്പുറം: പ്രണയത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.സംഭവമറിഞ്ഞ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയ്ക്കല്‍ സ്വദേശി പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ് ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചത്. ഞായറാഴ്ച നബിദിന പരിപാടികള്‍ കാണുന്നതിനായി സഹോദരന്‍ ഷാഹിലിനും സുഹൃത്തിനുമൊപ്പം പോയ ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഒരു ഫോണ്‍കോള്‍ വന്നപ്പോള്‍ മാറിനിന്ന് സംസാരിക്കുകയായിരുന്ന ഷാഹിറിനെ ആള്‍ക്കൂട്ടം വളഞ്ഞുവച്ചു മര്‍ദ്ദിച്ചു.രണ്ടു മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ചെയ്തു.പിന്നീട് ഷാഹിറിന്റെ മാതാപിതാക്കള്‍ എത്തിയ ശേഷമാണ് വിട്ടയച്ചത്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ഷാഹിലിനും സുഹൃത്തിനും മര്‍ദ്ദനമേറ്റിരുന്നു. ക്രൂരമായ മര്‍ദനത്തില്‍ അവശനായ ഷാഹിര്‍ വീട്ടിലെത്തിയ ശേഷം തനിക്കു നേരെ ഭീഷണിയുണ്ടെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും മാതാപിതാക്കളെ അറിയിച്ചിരുന്നു. പിന്നീട് വീട്ടുകാരുടെ മുന്നില്‍വച്ച് വിഷം കഴിച്ച ഷാഹിറിനെ കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസത്തിനു ശേഷം മരണമടയുകയായിരുന്നു. വിഷം കഴിച്ചതുകൊണ്ട് മാത്രമല്ല, ആന്തരിക രക്തസ്രാവവും നട്ടെല്ലിനേറ്റ പരിക്കുമാണ് ആരോഗ്യനില വഷളാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. മര്‍ദ്ദനത്തില്‍ ഷിബിലിന്റെ പരാതിയില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഷാഹിറിന്റെ മരണവാര്‍ത്ത അറിഞ്ഞതോടൊണ് പെണ്‍കുട്ടിയും വിഷം കഴിച്ചത്.
മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാമെന്ന് കോടതി
കൊച്ചി:അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാമെന്ന് ഹൈക്കോടതി. മാവോയിസ്‌റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അന്വേഷണം വേണമെന്നും സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാവോയിസ്‌റ്റുകളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചിക്കണ്ടിയിലേത് വ്യജ ഏറ്റുമുട്ടലാണെന്നും പൊലീസുകാര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.തുപരിശോധിച്ച ശേഷമാണ് പൊലീസുകാര്‍ മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം; ഇരുവരെയും പാര്‍ട്ടിയിൽ നിന്നും പുറത്താക്കി
കോഴിക്കോട്:കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം.ഇവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ ഇരുവരെയും സിപിഎം പാര്‍ട്ടിയിൽ നിന്നും പുറത്താക്കി.ഇരുവരും നിരപരാധികള്‍ അല്ലെന്ന് പാര്‍ട്ടി കണ്ടെത്തി. കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയിരിക്കുന്നത്.അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി. എന്നാല്‍, പിന്നാലെ പുറത്താക്കല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് അംഗമാണ്. ജേണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്.ഇരുവരും എസ്‌എഫ്‌ഐയിലും സജീവമായിരുന്നു.അതിനിടെ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം. ഇരുവര്‍ക്കുമെതിരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കും.
മഞ്ചക്കണ്ടി ഏറ്റുമുട്ടൽ;പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീം കോടതി
കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ ഏറ്റുമുട്ടലിൽ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാരുടെ പങ്കും ഏറ്റുമുട്ടലും അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അതുവരെ മൃതദേഹം സംസ്കരിക്കരുതെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തി, മണിവാസകം എന്നിവരുടെ സഹോദരങ്ങള്‍ കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംഭവത്തില്‍ കൃത്യമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്നുമുള്ള ഹരജിക്കാരുടെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ദിവസങ്ങളായി മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.