സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും;അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്;നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

keralanews heavy rain continues in kerala red alert in five districts leave for educational institutions in four districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതേ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണെന്ന് കലക്ടമാര്‍ അറിയിച്ചു.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം.അടുത്ത 36 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും പലയിടങ്ങളിലും 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും.രണ്ട് ദിവസത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും മഴ കനക്കാന്‍ കാരണമാകും. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങും. തുടര്‍ന്ന് വ്യാഴാഴ്ച ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കാകും സഞ്ചരിക്കുക.മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

പൊതുമേഖലാ ബാങ്കുകളുടെ ലയനം;ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നു

keralanews merging of public sector banks bank employees nation wide strike today

ന്യൂഡല്‍ഹി:പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് പണിമുടക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികള്‍ വ്യക്തമാക്കി.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.പ്രധാനപ്പെട്ട 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിപ്പ് നാലെണ്ണമാക്കുമെന്ന് ഇക്കഴഞ്ഞ് ആഗസ്ത് 30നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.എന്നാല്‍ ബാങ്ക് ലയനത്തെ ശക്തമായി എതിര്‍ത്ത വിവിധ യൂണിയനുകൾ കരിദിനം ആചരിക്കുകയും സപ്തംബര്‍ 26, 27 തിയ്യതികളില്‍ പണിമുടക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.

ശക്തമായി പെയ്ത മഴയിൽ കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറി;എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങും

keralanews water entered in kaloor sub station in heavy rain and there will be power cut in ernakulam

കൊച്ചി:ശക്തമായി പെയ്ത മഴയിൽ  കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറി.ഇതോടെ എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങുമെന്ന്  വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഒന്നര മീറ്റര്‍ ഉയരത്തിലാണ് സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയത്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്നാണ് അറിയിപ്പ്. അതേസമയം, 10 പമ്പുകൾ ഉപയോഗിച്ച്‌ ഫയര്‍ഫോഴ്‌സ് വെള്ളം വറ്റിക്കാന്‍ ശ്രമിക്കുകയാണ്.അതേസമയം നിലവില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഉപതിരഞ്ഞെടുപ്പ്;കോന്നിയിലും അരൂരും മഞ്ചേശ്വരത്തും മികച്ച പോളിങ്;ഏറ്റവും കുറവ് എറണാകുളത്ത്

keralanews byelection good polling in konni aroor and manjeswaram and low polling in ernakulam

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മികച്ച പോളിങ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് ശക്തമായ മത്സരം നടക്കുന്ന കോന്നിയില്‍ 62.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അരൂരില്‍ 68.5 ശതമാനം, മഞ്ചേശ്വരത്ത് 60.25 ശതമാനം, വട്ടിയൂര്‍ കാവില്‍ 58 ശതമാനം എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ച എറണാകുളം മണ്ഡലത്തില്‍ പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.പോളിങ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 47.3 ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം നിലവില്‍ വോട്ടെടുപ്പ് മാറ്റിവെയ്ക്കാന്‍ തീരുമാനമില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസും പ്രതികരിച്ചു.പ്രശ്‌നങ്ങള്‍ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാർത്ഥനകൾ വിഫലം;കായികമേളക്കിടെ ഹാമര്‍ വീണ് തലക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

keralanews student injured during hammer throw event in school meet died

കോട്ടയം:പാലായില്‍ നടന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോൺസനാണ് മരിച്ചത്.സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ വളണ്ടിയറിയിരുന്ന അഫീൽ ജോൺസണ് ഒക്ടോബർ 4ന് ആണ് പരിക്കേറ്റത്. സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമർ ത്രോ പിറ്റിൽ നിന്നുള്ള ഹാമര്‍ അഫീലിന്റെ തലയില്‍ വന്നു വീഴുകയായിരുന്നു.അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു.കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അഫീല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍. വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു.ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫീൽ ജോൺസൻ.

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

keralanews police arrested a lady for bogus voting in manjeswaram

മഞ്ചേശ്വരം:കള്ളവോട്ടിന് ശ്രമം നടത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വോര്‍ക്കടി പാത്തൂര്‍ 42 ആം നമ്പർ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ബദ്രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നബീസ (36)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നബീസ എന്ന പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യുന്നതിനാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. കസ്റ്റഡിയിലായ യുവതിക്ക് 42 ആം നമ്പർ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ലിപ്പുമായി ആണ് ഇവര്‍ ബൂത്തില്‍ എത്തിയത്. കള്ളവോട്ട് നടത്താനാണ് യുവതി എത്തിയതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു;നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത

keralanews low pressure is strengthening in the state chance for heavy rain for four more days

തിരുവനന്തപുരം:സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു.നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് പ്രധാനകാരണം. അടുത്ത 36 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങും ഇതിന്റെ ഫലമായി 24വരെ കനത്ത തുലാമഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.എന്നാല്‍ അതിനുശേഷവും ബുധനാഴ്ചയോടുകൂടി മറ്റൊരു ന്യൂനമര്‍ദ്ദം ബംഗാല്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. ഇത് ആന്ധ്രാതീരം വഴി കരയിലേക്ക് കടക്കാനാണ് സാധ്യത. ഇതും കേരളത്തില്‍ മഴപെയ്യിക്കാന്‍ സാധ്യതയുള്ളതായി വിദേശ കാലാവസ്ഥാ ഏജന്‍സികള്‍ അറിയിച്ചു.ഇന്ന് മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് കനത്ത മഴ പെയ്തത്. മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വീടുകളിലും വെള്ളം കയറി.

എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്ക്കില്ല; ആവശ്യമെങ്കിൽ സമയം നീട്ടി നൽകുമെന്നും ടിക്കാറാം മീണ

keralanews polling in ernakulam will not be postponed and time would be extended if necessary said tikkaram meena

കൊച്ചി:മഴയുടെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിങ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടില്ല. ആശങ്ക അറിയിച്ചതേയുള്ളൂ. വൈകി പോളിങ് തുടങ്ങിയ സ്ഥലങ്ങളില്‍ സമയം നീട്ടുന്നത് പരിഗണിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.പോളിങ് ഒട്ടും നടത്താനാവാത്ത സാഹചര്യത്തില്‍ മാത്രമാണ് വോട്ടെടുപ്പു മാറ്റിവയ്ക്കുക. അത്തരം സാഹചര്യം സംസ്ഥാനത്ത് എവിടെയുമില്ല. മഴ പ്രതികൂലമായി ബാധിച്ച സ്ഥലങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ കൂടുതല്‍ സയമം അനുവദിക്കുന്ന കാര്യം, സാഹചര്യം അനുസരിച്ച്‌ തീരുമാനിക്കും. കലക്ടറുമായും നിരീക്ഷകരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞടുപ്പു കമ്മിഷനുമായി കൂടിയാലോചിച്ചാണ് വോട്ടിങ്ങിന് അധിക സമയം നല്‍കുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ടിക്കാറാം മീണ അഭ്യര്‍ത്ഥിച്ചു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ എറണാകുളത്താണ് കനത്ത മഴ പെയ്തത്. കൊച്ചി നഗരത്തിലെ പത്തു ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ ബൂത്തുകള്‍ ഒന്നാംനിലയിലേക്കു മാറ്റി സ്ഥാപിച്ചു. പോളിങ് നാല് മണിക്കൂര്‍ പിന്നിട്ടിട്ടും പത്തു ശതമാനത്തില്‍ താഴെയാണ് എറണാകുളത്തെ വോട്ടിങ് നില.

കൂടത്തായി കൊലപാതകം;മരണശേഷം റോയ് തോമസിന്റെ സിം കാർഡ് ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ

keralanews koodathayi serial murder investigation team found that jollys friend johnson used roy thomas sim card after roys death

കോഴിക്കോട്:ജോലിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ ആണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.റോയ് തോമസിന്‍റെ മരണശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പർ ജോൺസൺ സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് മൊബൈല്‍ നമ്പർ സ്വന്തം പേരിലേക്ക് മാറ്റിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിനു പുറമേ, ജോളിയുടെ മക്കള്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകളും ഇദ്ദേഹത്തിന്‍റെ പേരിലുള്ളതാണ്.ഇദ്ദേഹത്തിന്‍റെ പേരിലുള്ള സിംകാര്‍ഡാണ് ജോളിയും ഉപയോഗിച്ചിരുന്നത്.റോയിയുടെ മരണത്തിന് മുമ്ബ് തന്നെ ജോളിയും ജോണ്‍സനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. ഒരേ സമയം ജോളി ജോണ്‍സനുമായും ഷാജുവുമായും ബന്ധം സ്ഥാപിച്ചുവെന്നാണ് വിവരം. ഇവര്‍ പലപ്പോഴും വീട്ടില്‍ ജോളിയുടെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്. ജോണ്‍സണോടായിരുന്നു ജോളിക്ക് കൂടുതല്‍ അടുപ്പം. റോയി മരിച്ച ശേഷം ഷാജുവിനെ വിവാഹം ചെയ്തത് സര്‍ക്കാര്‍ ജോലിയില്‍ കണ്ണുവച്ചാണ്. ഷാജുവിനെ വകവരുത്തി ആശ്രിത നിയമനത്തിലൂടെ ജോലി നേടാനായിരുന്നു ശ്രമം. ഇതിന് വേണ്ടി തന്നേയും കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോണ്‍സണും കുടുംബവും പിണക്കത്തിലുമായിരുന്നു. ജോണ്‍സണിന്റെ ഭാര്യയേയും ജോളി കൊല്ലാന്‍ ശ്രമിച്ചു. ഷാജുവിനെ കൊന്ന് ജോണ്‍സണെ മൂന്നാം വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് സൂചന.ജോളി ജോണ്‍സനെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്ക് പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചു. ജോണ്‍സനൊപ്പം ജോളി ബെംഗളൂരുവില്‍ പോയിരുന്നതായും പൊലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂർ സന്ദര്‍ശനം. അതേസമയം കേസില്‍ ജോളി അറസ്റ്റിലായ ശേഷവും ജോണ്‍സണ്‍ കോയമ്പത്തൂരിലെത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.സയനൈഡ് കൈമാറ്റത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ഇതെന്ന സംശയവും ബലപ്പെടുന്നു. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിനോദയാത്ര പോകുന്നുവെന്ന് തെറ്റിധരിപ്പിച്ചിറങ്ങിയാണ് ജോളി കോയമ്പത്തൂരിൽ ജോണ്‍സണുമൊത്ത് കറങ്ങിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു

keralanews polling continues in manjeswaram assembly constituency

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ 9.26 വരെ 12.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.പോള്‍ ചെയ്തതില്‍ 12.8 ശതമാനം സ്ത്രീകളും 11.89 ശതമാനം പുരുഷന്മാരുമാണ്. 198 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണമുണ്ട്. കനത്ത പോലീസ് കാവലിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിന്‍ജ ബൂത്ത് നമ്പർ 73 (ഹിദായത്ത് ബസാര്‍) സന്ദര്‍ശിച്ചു. എന്‍.ഡി.എ സ്ഥാര്‍ത്ഥി രവീശ തന്ത്രി കുണ്ഠാര്‍ ഏഴു മണിക്ക് കുമ്ബള പഞ്ചായത്ത് 126 ബുത്ത് ബംബ്രാണ എല്‍.പി സ്‌കൂളില്‍ എത്തി.കുമ്ബള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 140 നമ്പർ ബൂത്തില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വോട്ടിംഗ് മുടങ്ങിയിരുന്നു.