സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ വീണ്ടും

keralanews nun filed complaint against bishop franco mulakkal alleging mental harrasement through social media

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ അനുയായികളെ വെച്ച്‌ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീ.ഇത് സംബന്ധിച്ച് ദേശീയ, സംസ്ഥാന വനിതാകമ്മീഷനുകൾക്ക്  കന്യാസ്ത്രീ പരാതി നല്‍കി.നേരത്തേ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തി തുടങ്ങി എട്ടിലധികം കേസുകള്‍ ഫ്രാങ്കോയ്ക്ക് എതിരേ പോലീസ് എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണെന്നും ആരോപിച്ചിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ഫ്രാങ്കോ അനുയായികളെ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്. അനുയായികളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസില്‍ നിന്നും പിന്തിരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നു.ബിഷപ്പിന്റെ അനുയായികളുടെ ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. ആക്ഷേപം മാനസീകമായി തകര്‍ക്കുന്നതിനാല്‍ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ കാലം മുതല്‍ ഭീഷണിപ്പെടുത്തലും അപമാനിക്കാനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.

പീഡനക്കേസില്‍ അടുത്തമാസം 11 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗീയ വിദ്വേഷം ഉള്‍പ്പെടെ ഉണ്ടാക്കാന്‍ ഇവരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രീ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.ഫ്രാങ്കോ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ നാള്‍വഴികളില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയുള്ള കേസുകളാണിത്. എന്നാല്‍ ഫാ. ജെയിംസ് എര്‍ത്തയിലിന്റെ കേസുള്‍പ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടത്തായി കൊലപാതക പരമ്പര;ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

keralanews koodathayi serial murder shaju will be questioned again today

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ഇന്ന് എസ്.പി ഓഫിസില്‍ ഹാജരാകാനാണ് ഷാജുവിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിലിയുടെ മരണത്തില്‍ ഷാജുവിന്‌ പങ്കുള്ളതായാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.സിലിയുടെ മൃതദേഹം ഓമശേരിയിലെ ശാന്തി ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത സമയത്ത് സിലിയുടെ ആഭരണങ്ങള്‍ ജോളി ഏറ്റുവാങ്ങിയത് ഷാജുവിനെതിരായുള്ള ശക്തമായ തെളിവാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. സിലിയുടെ ഭര്‍ത്താവ് ഷാജു, സിലിയുടെ സഹോദരന്‍ സിജോ തുടങ്ങി ഏറ്റവും അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും അത്രയും ബന്ധമില്ലാത്ത ജോളി ആഭരണങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നിലെ കാരണം ഷാജുവിന് ജോളിയുമായി നേരത്തെയുള്ള ബന്ധമാണെന്നാണ് പൊലീസ് വിലയിരുത്തല്‍.സിലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് സഹോദരനായ സിജോ വാശിപിടിച്ചപ്പോള്‍ ഷാജുവും ജോളിയും ചേര്‍ന്ന് അതിനെ എതിര്‍ത്തതും ഇരുവര്‍ക്കുമെതിരായ തെളിവാകുമെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ സിജോ വഴങ്ങിയപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ ഇരുവരും ചേര്‍ന്ന് സിജോയെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, സിലിയുടെ മരണത്തെ തുടര്‍ന്ന് തകര്‍ന്ന സിജോ ഒന്നിനും തയ്യാറാകാതെ നിലത്തിരുന്ന് കരഞ്ഞു. പിന്നീട് കേസ് ഉണ്ടാവുകയാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതിരുന്നതിന്റെ കാരണം സിജോയാണെന്ന് സ്ഥാപിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ബസ് ചാര്‍ജ്ജ് വര്‍ദ്ധന; അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകള്‍;നവംബർ 20 ന് സൂചനാ പണിമുടക്ക്

keralanews private bus owners are preparing to go on strike demanding the increase of bus fares

തൃശ്ശൂര്‍: ബസ് ചാർജ് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചികാലസമരത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി നവംബര്‍ 20-ന് സൂചന പണിമുടക്ക് നടത്തും.തുടര്‍ന്നു നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു.തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബസുടമകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുമെന്നും ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം മിനിമം ചാര്‍ജ്ജ് നിലവിലെ എട്ട് രൂപയില്‍ നിന്നും പത്ത് രൂപയായി ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്.വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അൻപത് ശതമാനമെങ്കിലും കൂട്ടണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ബസ് ചാർജ് വർദ്ധന കൊണ്ടു മാത്രം കാര്യമില്ലെന്നും ബസുടമകൾ വ്യക്തമാക്കി.ഇതോടൊപ്പം പുതിയ ഗതാഗതനയം രൂപീകരിക്കണമെന്നും കെഎസ്‌ആര്‍ടിസിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും

keralanews special team will investigate the complaint of actress manju warrier against director sreekumar menon

തിരുവനന്തപുരം:സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ  മഞ്ജു വാര്യര്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും.പോലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ സിഐ പ്രകാശാണ് താരത്തിന്റെ പരാതി അന്വേഷിക്കുന്നത്.അന്വേഷണ സംഘം ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തും.ശ്രീകുമാര്‍ മേനോന് പുറമെ താരത്തിന്റെ പരാതിയില്‍ പറയുന്ന ശ്രീകുമാര്‍ മേനോന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ച് മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു.നടി എന്ന നിലയില്‍ തന്നെ തകര്‍ക്കാന്‍ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഡിജിപിയ്ക്ക് പരാതി നല്‍കിയതിന് പുറമെ താരം ഫെഫ്കയിലും ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ അറിവിലേക്ക് എന്ന തരത്തില്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ഭീഷണികള്‍ തുറന്നു പറഞ്ഞു കൊണ്ടാണ് താരം പരാതി കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ പരാതി ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയത്. ശ്രീകുമാര്‍ മേനോന്‍ ഫെഫ്കയില്‍ അംഗമല്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

“അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ്.എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു..നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?”മഞ്ജു വാര്യർക്ക് മറുപടിയുമായി ശ്രീകുമാർ മേനോൻ

keralanews director sreekumar menons reply to manju warrier regarding her police complaint against him

കൊച്ചി:ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് നടി മഞ്ജു വാര്യർ നൽകിയ പരാതിക്ക് മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്.തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്.സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോയെന്ന് ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാർ മേനോന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
“എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു..നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ? നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള്‍ ഒരു നാള്‍ ഷൂട്ട്‌ ചെയ്യുമ്ബോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി.) സ്നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്.
വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വെച്ച്‌ ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച്‌ തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.നിന്റെ അമ്മ ഇടക്ക് നിന്റെ മുന്‍പില്‍ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാര്‍ സഹായിക്കുവാന്‍ ഇല്ലായിരുന്നു എങ്കില്‍ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച്‌ നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛന്‍ ആണ്‌. സ്വര്‍ഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും.
എന്നാലും മഞ്ജു.. കഷ്ട്ടം!!അതെ, മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?! കല്യാണ്‍ ജൂവല്ലേഴ്‌സ് തൃശൂര്‍ പോലീസില്‍ കൊടുത്ത പരാതിയിലും ഇപ്പോള്‍ നിങ്ങള്‍ തിരുവനന്തപുരത്ത്‌ ഡി.ജി.പി ക്ക്‌ കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമര്‍ശിച്ചതില്‍ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു.?നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികള്‍, ഇപ്പോള്‍ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാല്‍ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ? ഈ വാര്‍ത്ത വന്നതിന്‌ ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യര്‍ എനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച്‌ ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഈ അവസരത്തില്‍ ഈ കുറിച്ചതിനപ്പുറം
എനിക്കൊന്നും പറയാനില്ല.”

കണ്ണൂർ ചക്കരക്കല്ലിൽ അഞ്ചുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി;കുഞ്ഞു മരിച്ചു;അമ്മയെ രക്ഷപ്പെടുത്തി

keralanews woman jumped into well with her five month old child and child died and she was rescued

കണ്ണൂർ:ചക്കരക്കല്ലിൽ അഞ്ചുമാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി.അമ്മയെ രക്ഷിച്ചു. എന്നാല്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.ചക്കരക്കല്‍ സോനാ റോഡിലാണ് സംഭവം. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസില്‍ കെ.രാജീവന്‍റെ ഭാര്യ കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീന (36 ) യേയും കുഞ്ഞ് അഞ്ചരമാസം പ്രായമുള്ള ജാന്‍ബി രാജിനേയുമാണ് ഇന്നുരാവിലെ ആറോടെ വീട്ടുകിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെയും കുഞ്ഞിനേയും പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവ ശേഷം യുവതിക്ക് തീവ്രവിഷാദ രോഗം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

‘സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയം’;ഡിജിപിക്ക് പരാതിയുമായി നടി മഞ്ജുവാര്യര്‍

keralanews actress manju warrier has filed a complaint against director sreekumar menon alleged that he has been threatening and defaming her

തിരുവനന്തപുരം:സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മഞ്ജുവാര്യര്‍ രംഗത്ത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി കാണിച്ച് മഞ്ജു വാര്യര്‍ ഡിജിപിയെ നേരില്‍ കണ്ട് പരാതി നല്‍കി.തന്നെ അപമാനിക്കുന്നു എന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ഒടിയന്‍ സിനിമക്കു ശേഷം തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും അയാളുടെ സുഹൃത്തുക്കളും ആണെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. കുറേ നാളുകളായി തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് അതിന്റെയൊക്കെ പിന്നില്‍ ശ്രീകുമാര്‍ മേനോനായിരുന്നു. ശ്രീകുമാര്‍ മേനോന്റെ പരസ്യചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘പുഷ്’ എന്ന കമ്പനി തന്റെ പേരിലുള്ള ഒരു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചിരുന്നു. ചില ഔദ്യോഗിക കാര്യങ്ങള്‍ക്കുള്ള ലെറ്റര്‍ പാടുകളും ചെക്കുകളും താന്‍ ഒപ്പിട്ടു നല്‍കിയിരുന്നു.എന്നാൽ ഇതൊക്കെ ഇപ്പോള്‍ അദ്ദേഹം ദുരുപയോഗം ചെയ്യുന്നു എന്നാണ് മഞ്ജു പരാതിയിൽ പറയുന്നത്.തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്.

അതേസമയം നേരത്തെ ഒടിയന്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ആഞ്ഞടിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം മഞ്ജു നിന്നില്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരാള്‍ക്ക് ആവശ്യമുള്ള ഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടത്. എന്നാല്‍ തന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടു. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി. ആരെയാണ് മഞ്ജു പേടിക്കുന്നതെന്നും ശ്രീകുമാര്‍ ചോദിച്ചു. താന്‍ ചാനലുകള്‍ വഴി വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് മഞ്ജു ഒടിയനെക്കുറിച്ച്‌ പോസ്റ്റിട്ടതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്. ഇത് തിരുത്തണമെന്നും മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുകയുണ്ടായി. ഒടിയന്‍ സിനിമയ്‌ക്കെതിരായി നടക്കുന്ന ആക്രമണം മഞ്ജു വാര്യരോടുള്ള ശത്രുത കൊണ്ടാണെന്നും മഞ്ജു വാര്യരുടെ രണ്ടാം വരവിന് നിമിത്തമായതാണ് തനിക്കെതിരായ ആക്രമണത്തിന് കാരണമാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.

ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും

keralanews the deadbody of afeel johnson who died when hammer hits his head during school meet buried after postmortem

കോട്ടയം:പാലായിൽ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും.കോട്ടയം മെഡിക്കല്‍ കോളേജില്‍ രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.വൈകുന്നേരം സംസ്ക്കാര ചടങ്ങുകൾ നടക്കും.ഇന്നലെ വൈകുന്നേരം തന്നെ പാലാ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.ഈ മാസം നാലിന് പാലയില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിലാണ് അഫീലിന് പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയായിരുന്ന അഫീല്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പാല സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായിരുന്നു അഫീൽ.ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീണാണ് അപകടമുണ്ടായത്. തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍. കഴിഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയും ന്യൂമോണിയ ബാധയുണ്ടാവുകയുമായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു.ഇതിനിടെ, ഹാമര്‍ തലയില്‍വീണ് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണിന്റെ സംസ്‌കാര ചടങ്ങ് ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാറിന്റെ പ്രതിനിധിയായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയ കോട്ടയം തഹസില്‍ദാര്‍ രാജേന്ദ്രകുമാറാണ് ഇക്കാര്യം അഫീലിന്റെ മാതാപിതാക്കളായ ജോണ്‍സനെയും ഡാര്‍ളിയെയും അറിയിച്ചത്. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സംഘാടകര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു

keralanews in the incident of student died when hammer fell on his head homicide case charged against the organizers

കോട്ടയം:പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.അപകടത്തിന് കാരണം അശ്രദ്ധയും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതുമാണെന്ന് കോട്ടയം ആര്‍ഡിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന കായിക വകുപ്പും ഇതേ നിഗമനത്തിലാണ് എത്തിയത്. ഒക്ടോബര്‍ 4നാണ് അപകടം നടന്നത്.പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍. ജാവലിന്‍ കോര്‍ട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമര്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നില്‍ക്കുകയായിരുന്ന അഫീല്‍ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നു.ഹാമര്‍ കോര്‍ട്ട് മുറിച്ചാണ് അഫീല്‍ വന്നത്. ഈ സമയം ഒരു മത്സരാര്‍ഥി എറിഞ്ഞ ഹാമർ അഫീലിന്റെ തലയിൽ പതിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഫീൽ കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍.വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.

കൊച്ചിയിലെ വെള്ളക്കെട്ട് മാറ്റാന്‍ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’; അടിയന്തര നടപടിയുമായി കളക്റ്ററും സംഘവും

keralanews operation break through by ernakulam district collector to remove waterlogging in the city

കൊച്ചി: ഒറ്റ രാത്രി നിലക്കാതെ പെയ്ത മഴയില്‍ വെള്ളക്കെട്ടിലായ കൊച്ചി നഗരത്തില്‍ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫയര്‍ ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ്, റവന്യു വകുപ്പ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 2800 ഇൽ പരം ജീവനക്കാരും പൊതുജനങ്ങളും ഏകദേശം നാല് മണിക്കൂറാണ് നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാന്‍ രംഗത്തെത്തിയത്. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭയെ കാത്തിരിക്കാതെ നടപടിയെടുക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് പരിഹരിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.ഓപ്പറേഷന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെ കാനകള്‍ ഇന്നലെ അർധരാത്രിയോടെ വൃത്തിയാക്കി തുടങ്ങി.അടഞ്ഞ ഓടകളും , സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസപ്പെടുത്തി അനധികൃതമായ കയ്യേറ്റങ്ങളുമാണ്‌അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. ഇതിന് പരിഹാരം കാണുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.എറണാകുളത്ത് ഇന്നലെ മുതല്‍ പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.1600 ഓളം ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഒന്‍പത് ദുരാതാശ്വാസ ക്യാമ്ബുകളാണ് ജില്ലയില്‍ തുറന്നിരിക്കുന്നത്. ഇന്നും നാളെയും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.