ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു;മൂന്നിടങ്ങളിൽ യുഡിഎഫ് മുന്നില്‍; കോന്നിയിലും വട്ടിയൂർകാവിലും എൽഡിഎഫ്

keralanews by election counting progressing udf leads in three places and ldf leads in two places

തിരുവനന്തപുരം:അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.രണ്ടാം റൌണ്ട് എണ്ണിത്തുടങ്ങുമ്പോൾ മൂന്നിടങ്ങളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്.കോന്നിയിലും വട്ടിയൂർകാവിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു.എറണാകുളം, മഞ്ചേശ്വരം, അരൂര്‍ മണ്ഡലങ്ങളില്‍ ആദ്യ റൗണ്ടിന് ശേഷം ഫലം പുറത്തു വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്താണ് ലീഡ് ചെയ്യുന്നത്. 638 വോട്ടുകള്‍ക്കാണ് മേയര്‍ ബ്രോ ലീഡ് ചെയ്യുന്നത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ 343 വോട്ടുകള്‍ക്ക് മുന്നിലാണ്.മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ ലീഡ് തുടരുകയാണ്. രണ്ടാം റൗണ്ടിലേക്ക് ഇവിടെ വോട്ടെണ്ണല്‍ നീങ്ങുമ്പോൾ ബിജെപിയുടെ രവീശതന്ത്രിയാണ് രണ്ടാമത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണ്.കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹൻരാജ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ബിജെപിയുടെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ച പോസ്റ്റല്‍ വോട്ടിന് ശേഷം വോട്ടിംഗ് മെഷീനിലെ ആദ്യ ലീഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നിലെത്തി. 325 വോട്ടുകള്‍ക്കാണ് മുന്നില്‍. ആദ്യ ഫല സൂചനകളില്‍ മൂന്നിടത്ത്  യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കാം;കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

keralanews decision to make mild alchohol from fruits

തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച്‌ പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ,നീട്ടിവളർത്തിയ താടിയും മുടിയും;ഭ്രാന്തനെന്ന് കരുതി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചെന്നൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്റ് മാനേജ്മെന്റിലെ റിസേര്‍ച്ച്‌ ഫെലോ

keralanews young man who was taken into police custody as a madman is a research fellow at indian institute of planning and management chennai

കണ്ണൂർ:മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ,നീട്ടിവളർത്തിയ താടിയും മുടിയും.ചടുലമായി ഇംഗ്ലീഷ് സംസാരിച്ച്‌ അലസമായി നടന്നുനീങ്ങുകയായിരുന്ന യുവാവിനെ ഭ്രാന്തനെന്ന് കരുതി കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ടൗണ്‍ സി ഐ പ്രദീപന്‍ കണ്ണിപൊയിലും പോലീസുകാരും ഞെട്ടി.ചെന്നൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്റ് മാനേജ്മെന്റിലെ റിസേര്‍ച്ച്‌ ഫെലോ ആയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയെയാണ് ഭ്രാന്തനെന്ന് കരുതി പോലീസ് കസ്റ്റഡിയിലെടുത്തത്. ബിഇ, മെക്കാനിക്കല്‍ എഞ്ചിനീയര്‍, എംബിഎ എന്നീ ബിരുദമുള്ള ഇയാള്‍ പ്രശസ്ത തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്റെ സഹപാഠി കൂടിയാണ്.കണ്ണൂര്‍ പോലീസിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിയുന്നവര്‍ക്ക് ഭക്ഷണ പൊതി നൽകുമ്പോഴാണ് മുഷിഞ്ഞ വേഷത്തില്‍ അനായാസമായി ഇംഗ്ലീഷ് സംസാരിച്ച്‌ നടന്നുപോകുന്ന യുവാവ് സി ഐ പ്രദീപന്‍ കണ്ണിപൊയിലിന്റെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ഇയാളെ പോലീസ് ജീപ്പിൽ കയറ്റി സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തന്നെക്കുറിച്ച്‌ അയാള്‍ വ്യക്തമായി വിശദീകരിച്ചത്.നടന്‍ ശിവകാര്‍ത്തിക് സഹപാഠിയാണെന്ന് പറഞ്ഞപ്പോള്‍ പോലീസിന് ആദ്യം വിശ്വസിച്ചില്ല.പിന്നീട് ഇയാള്‍ തന്നെ നല്‍കിയ ഫോണ്‍ നമ്ബറില്‍ ശിവകാര്‍ത്തികേയനെ ബന്ധപ്പെട്ടപ്പോഴാണ് ഏറ്റവും അടുത്ത സഹപാഠികളും സുഹൃത്തുക്കളുമാണെന്ന് സ്ഥിരീകരിച്ചത്. മാത്രമല്ല ഒട്ടേറെ തമിഴ് സിനിമകളില്‍ മുഖം കാണിച്ച നടന്‍ കൂടിയാണ് ഇയാളെന്ന് ശിവകാര്‍ത്തികേയന്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് പോലീസും ശിവകാര്‍ത്തികും വീട്ടുകാരുമായി ബന്ധപ്പെട്ടു.ഇയാളെ കൂട്ടിക്കൊണ്ടുപോകാനായി തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എട്ടുമാസം മുൻപാണ് ഇയാള്‍ വീടുവിട്ടിറങ്ങിയത്. റോഡരികിലെ പൊതു ടാപ്പില്‍ നിന്നും ദാഹമകറ്റിയും ക്ഷേത്രങ്ങളില്‍ നിന്നും മറ്റും കിട്ടിയ ഭക്ഷണം കഴിച്ചുമാണ് ഇത്രയും നാള്‍ ദേശീയപാതയിലൂടെ നടന്നുനീങ്ങിയത്. നാടുവിട്ടിറങ്ങിയതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും ഇത്രയും നാള്‍ താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് ഏറെ നേരം സംസാരിച്ചിരുന്നപ്പോള്‍ വീട്ടില്‍ നിന്നിറങ്ങുന്നതിന് മുൻപുള്ള എല്ലാ കാര്യങ്ങളും വ്യക്തമായി ഓര്‍ത്തെടുത്ത് പറയുകയും ചെയ്തു. തമിഴ്നാട്ടിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ്. കണ്ണൂര്‍ പോലീസ് അയാളെ കുളിപ്പിച്ച്‌ പുതിയ വസ്ത്രങ്ങള്‍ നല്‍കി.ഇപ്പോള്‍ പ്രത്യാശ ഭവനില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇയാളെ ബന്ധുക്കള്‍ എത്തുന്നതോടെ അവര്‍ക്ക് കൈമാറും.

കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം നിശ്ചയിച്ച പിഴത്തുക കുറക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

keralanews the cabinet has decided to reduce the fine imposed by the union of motor vehicles act

തിരുവനന്തപുരം:കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം നിശ്ചയിച്ച പിഴത്തുക കുറക്കാന്‍ തീരുമാനം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴകള്‍ ആയിരത്തില്‍ നിന്ന് അഞ്ഞൂറായി കുറച്ചു. അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് 1500 രൂപയാണ് ആദ്യ പിഴ. പിഴത്തുക സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.അതേസമയം മദ്യപിച്ച് വാഹനമോടിക്കൽ, 18 വയസിൽ താഴെയുള്ളവർ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങളിൽ പിഴ കുറച്ചിട്ടില്ല.മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയാണ് പിഴ. ഇത് തുടരും . 18 വയസിന് താഴെയുള്ളവർ വാഹനമോടിച്ചാല്‍ 25000 രൂപയാണ് പിഴ.അമിത ഭാരം കയറ്റിയാലുള്ള പിഴ ഇരുപതിനായിരത്തില്‍നിന്ന് പതിനായിരമാക്കി കുറച്ചു. ഇൻഡിക്കേറ്റർ ഇടാതിരിക്കൽ പോലുള്ള ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങള്‍ക്ക് പിഴ 500 രൂപയില്‍നിന്ന് 250 ആക്കിയും കുറച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 ആക്കി കുറച്ചു. 5000 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പിഴ.അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് പിഴ 3000ത്തിൽ നിന്ന് 1500 രൂപയായി കുറച്ചു.32 വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും പകുതിയായി കുറച്ചിട്ടുണ്ട്. ചില ഇനങ്ങളിൽ ആദ്യ തവണ മാത്രമാണ് ഇളവ്. തെറ്റ് ആർത്തിച്ചാൽ ഇളവ് ഉണ്ടാകില്ല.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിക്ക്;നഷ്ടം മുന്‍ കരാറുകാരനില്‍ നിന്നും ഈടാക്കും

keralanews the reconstruction of palarivattom bridge hand over to dmrc and the loss will be charged from the previous contractor

തിരുവനന്തപുരം:പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച്‌ ഇ.ശ്രീധരന്‍ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമായത്. പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്റെ കണ്ടെത്തല്‍.പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കാര്യം ഡിഎംആര്‍സി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ചാണ് ഡിഎംആര്‍സിയെ തന്നെ ദൗത്യം ഏല്‍പിച്ചത്. പാലത്തിന്റെ തകരാര്‍ കാരണം നഷ്ടമായ തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അഫീല്‍ ജോണ്‍സണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

keralanews govt announces 10lakh rupees compensation to afeel johnson family

തിരുവനന്തപുരം:സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണതിനെ തുടര്‍ന്ന് മരണപ്പെട്ട അഫീല്‍ ജോണ്‍സണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.മീറ്റിന്റെ വോളന്റിയറായിരുന്നു അഫീല്‍.മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നില്‍ക്കുകയായിരുന്ന അഫീലിന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഫീൽ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍.അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഇ‌ടയ്ക്ക് ജീവിതത്തിലേക്കു തിരികെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അ‌ടുത്ത ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി വഷളായി. ഇരുവൃക്കകളും തകരാറിലായതോടെ ഡയാലിസിസിനും വിധേയനാക്കി. ന്യുമോണിയ കൂടി ബാധിച്ചതോടെ തിങ്കളാഴ്ച അഫീല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

‘എവരിതിങ്ങ് ക്ലിയര്‍’; ഷാജുവിനെ കുരുക്കി ജോളിയുടെ മൊബൈല്‍ സന്ദേശം;ഷാജുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നു;അറസ്റ്റിനും സാധ്യത

keralanews everything clear jollys message trapped shaju and shaju is questioned again by the investigating team

തിരുവനന്തപുരം: കൂടുത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് കുരുക്ക് മുറുകുന്നു. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുണ്ടെന്ന് തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷാജുവിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഷാജുവിന് പങ്കുണ്ടെന്ന് ജോളി മൊഴി നല്‍കിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാതായതോടെ അന്വേഷണ സംഘം ഇയാളെ വിട്ടയച്ചു.എന്നാൽ എന്നാല്‍ ഷാജുവിനെ വെട്ടിലാക്കിയിരിക്കുകയാണ് ജോളിയുടെ പുതിയ മൊഴി.സിലിയുടേയും കുഞ്ഞിന്‍റേയും മരണത്തെ കുറിച്ച് ഷാജുവിന് കൃത്യമായ ധാരണ ഉണ്ടായിരുന്നെന്നും കൊലയ്ക്ക് ഷാജു മൗനാനുവാദം നല്‍കിയെന്നുമാണ് ജോളിയുടെ മൊഴി.ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിന് മുന്‍പ് തന്നെ താനും ഷാജുവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അതിന് പിന്നാലെ ഷാജുവിന്‍റെ കൂടെ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു കേസിന്‍റെ ആദ്യഘട്ടത്തില്‍ ജോളി പോലീസിന് മൊഴി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ഷാജുവിനെ പോലീസ് ചോജ്യം ചെയ്തിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അന്വേഷണ സംഘം ഷാജുവിനെ വിട്ടയച്ചു.ഇതിനിടെയാണ് ജോളിയുടെ പുതിയ മൊഴി പുറത്തുവന്നിരിക്കുന്നത്.

സിലിയെ കൊല്ലാന്‍ പദ്ധതി ഉള്ളതായി താന്‍ ഷാജുവിനോട് പറഞ്ഞിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് റോയ് കൊല്ലപ്പെട്ട ശേഷം ഷാജുവുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഷാജുവുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഷാജുവിന്‍റെ വീട്ടില്‍ ജോളി നിത്യ സന്ദര്‍ശക കൂടി ആയതോടെ സിലി ഇത് പരസ്യമായി എതിർത്ത്.ഷാജുവുമായുള്ള ബന്ധത്തില്‍ നിന്ന് ജോളിയെ വിലക്കുകയും ചെയ്തു.ഇതാണ് സിലിയ്ക്കെതിരെ ജോളിയുടെ പക കൂടാൻ കാരണമായത്.മകള്‍ ആല്‍ഫൈനെ ബാധ്യതയാകും എന്ന് കണ്ടാണ് ഇല്ലാതാക്കിയത്. സിലിയേയും താന്‍ കൊലപ്പെടുത്തുമെന്ന് ജോളി ഷാജുവിനോട് പറഞ്ഞിരുന്നുവത്രേ.മൗനം മാത്രമായിരുന്നു അപ്പോള്‍ ഷാജുവിന്‍റെ പ്രതികരണമെന്ന് ജോളി പറയുന്നു. സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞ പിന്നാലെയാണ് ജോളിയെ ഷാജു വിവാഹം കഴിച്ചത്. ജോളി തന്നെയാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നാണ് ഷാജു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഷാജുവിന്‍റെ പിതാവ് സഖറിയ ആണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്ന് ജോളി പറഞ്ഞു.താന്‍ ഷാജുവിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഷാജുവിന് എതിര്‍പ്പുണ്ടായിരുന്നില്ല. അതിന് പിന്നാലെയായിരുന്നു വിവാഹമെന്നും ജോളി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഷാജുവിനെ ദന്താശുപത്രിയില്‍ കാണിക്കാനെന്ന പേരിലാണ് ഒരു വിവാഹ ചടങ്ങില്‍ നിന്നും മടങ്ങിയെത്തിയ ഷാജുവും സിലിയും ജോളിയും താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ പോകുന്നത്. ഇവിടെ വെച്ചാണ് ജോളി സിലിക്ക് സയനൈഡ് നല്‍കിയത്. അവശനിലയിലായ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീണു.സിലി വീണെങ്കിലും അപസ്മാരം ആണെന്ന് പറഞ്ഞ് ഗുളിക വാങ്ങാനായിരുന്നു ഷാജു പോയത്. ആ സമയങ്ങളില്‍ മുഴുവന്‍ സിലി ജോളിയുടെ മടിയില്‍ കിടന്നു. ഈ സമയം എവരിത്തിങ്ങ് ക്ലിയര്‍ എന്നൊരു സന്ദേശം ഷാജുവിന് സിലി അയച്ചിരുന്നതായി ജോളി തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.പിന്നീടാണ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് സിലിയെ കൊണ്ട് ഇരുവരും പോയത്. ജോളി തന്നെയായിരുന്നു കാര്‍ ഡ്രൈവ് ചെയ്തത്. എന്നാല്‍ വളരെ എളുപ്പം എത്താവുന്ന ആശുപത്രിയിലേക്ക് കിലോമീറ്ററുകളോളം വളഞ്ഞ് ചുറ്റിയാണ് ജോളി എത്തിയതെന്നാണ് ആരോപണം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ തന്നെ സിലി മരിച്ചതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു.

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് കണ്ണൂർ സ്വദേശിയുടെ പാദവും കൈപ്പത്തിയും അറ്റു

keralanews kannur native seriously injured while trying to board in a moving train

മംഗളൂരു:ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ വീണ് കണ്ണൂർ സ്വദേശിയുടെ പാദവും കൈപ്പത്തിയും അറ്റു.കൂടെ കയറാൻ ശ്രമിച്ച ബന്ധുവായ സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.കണ്ണൂർ ചാലാട് പള്ളിയാമൂല സ്വദേശി നരിയംപള്ളി ദിവാകരന്റെ(65) വലതുപാദവും കൈപത്തിയുമാണ് അറ്റത്.ഇടതു കൈക്കും മുറിവേറ്റിട്ടുണ്ട്.ബന്ധുവായ പള്ളിയാമൂല കൃഷ്ണശ്രീയിൽ പ്രകാശന്റെ ഭാര്യ ശ്രീലതയ്ക്കാണ് (50) ഇടതുകൈക്കും ഇടുപ്പെല്ലിനും സാരമായി പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചയോടെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.ശ്രീലതയുടെ ഭർത്താവ് പ്രകാശന്റെ ചികിത്സക്കായി ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെത്തിയതാണ് ഇവർ മൂന്നുപേരും.ഡോക്റ്ററെ കണ്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.ഇവർ സ്റ്റേഷനിൽ എത്തുമ്പോഴേക്കും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.ട്രെയിനിലേക്ക് കയറാൻ ശ്രമിക്കവേ ശ്രീലത ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു.അവരെ രക്ഷിക്കാൻ ശ്രമിക്കവേ ദിവാകരനും ഒപ്പം വീണു.ഉടനെ തീവണ്ടി നിർത്തിയതിനാൽ ഇവരുടെ ജീവൻ രക്ഷിക്കാനായി.ദിവാകരനറെ പാദവും കൈപ്പത്തിയും അപകടസമയത്ത് തന്നെ അറ്റുപോയി.ശ്രീലതയ്ക്ക് മുറിവേറ്റില്ലെങ്കിലും ഇടതുകൈയെല്ല് തെന്നിമാറി.റെയിൽവേ സംരക്ഷണ സേനയും ജീവനക്കാരും ചേർന്ന് ഇരുവരെയും വെൻലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദിവാകരനറെ പാദവും കൈപ്പത്തിയും തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ് ഡോക്റ്റർമാർ.

ട്രെയിൻ യാത്രയ്ക്കിടെ അതിസാഹസികതയ്ക്ക് മുതിര്‍ന്നാല്‍ ഇനി മുതൽ പിഴയും തടവും; നിയമം കര്‍ശനമാക്കി ഇന്ത്യന്‍ റെയില്‍വേ

keralanews fine and imprisonment can be imposed if doing adventure things during train journey

മംഗളൂരു:ട്രെയിൻ യാത്രയ്ക്കിടെ അതിസാഹസികതയ്ക്ക് മുതിര്‍ന്നാല്‍ ഇനി മുതൽ പിഴയും തടവും.1989-ലെ റെയില്‍വേ നിയമം 156 ആം വകുപ്പുപ്രകാരമാണ് നടപടി. മൂന്നുമാസം വരെ തടവോ 500 രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടുമോ ആണ് കിട്ടാവുന്ന ശിക്ഷ. ചൊവ്വാഴ്ച, ഓടിത്തുടങ്ങിയ വണ്ടിയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച കണ്ണൂര്‍ ചാലാട് സ്വദേശികളായ ദിവാകരന്‍(65), ബന്ധു ശ്രീലത(50) എന്നിവര്‍ക്ക് വീണ് പരിക്കേറ്റിരുന്നു. ഇതോടെയാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റെയില്‍വേ സംരക്ഷണസേനയുടെ നേതൃത്വത്തില്‍ എല്ലാമാസവും കുറഞ്ഞത് നാലുതവണയെങ്കിലും പ്രധാന സ്റ്റേഷനുകളില്‍ യാത്രാസുരക്ഷയെക്കുറിച്ച്‌ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും യാത്രക്കാര്‍ ഇത് ഗൗനിക്കാറില്ല.ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്.മൂന്നുമാസം തടവു ലഭിക്കുമെന്നുറപ്പായാല്‍ ആരും ഈ സാഹസത്തിന് മുതിരില്ലെന്നാണ് കരുതുന്നത്.

കടുത്ത പ്രതിസന്ധി;സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെഎസ്ആർടിസി

keralanews free travel for students cannot continue unless government helps ksrtc

തിരുവനന്തപുരം: സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് കെഎസ്‌ആര്‍ടിസി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര തുടരാന്‍ ആകില്ലെന്നാണ് എടുത്തിരിക്കുന്ന നിലപാട്.സൗജന്യ യാത്ര നല്‍കുന്നത് വഴി പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നു. ഇതെല്ലാം കെഎസ്‌ആര്‍ടിസിക്ക് ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.ഒന്നുകില്‍ സൗജന്യയാത്രയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, അല്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായെങ്കിലും സൗജന്യം ചുരുക്കുക.വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.