കണ്ണൂരിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:ചക്കരക്കല്ലിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തലമുണ്ട അപ്പക്കടവ് മുള്ളൻമെട്ടയിലെ കക്കോത്ത് ഹൗസിൽ അശോകൻ-സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി(17),കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ-ബിന്ദു ദമ്പതികളുടെ മകൾ ആദിത്യ(17) എന്നിവരെയാണ് അഞ്ജലിയുടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചെമ്പിലോട് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളാണ് ഇരുവരും.ഇന്നലെ ഉച്ചവരെ ഇവർ സ്കൂളിൽ ഉണ്ടായിരുന്നു.ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യ പിന്നീട് അഞ്ജലിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.മുകളിലെ മുറിയിൽ കയറിയ ഇരുവരെയും ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻതന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.ആരാധ്യയാണ് മരിച്ച ആദിത്യയുടെ സഹോദരി.
നിയമസഭാ സമ്മേളനം തുടങ്ങി;പുതിയ അഞ്ച് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.പത്ത് മണിക്ക് തുടങ്ങിയ സമ്മേളനം അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത്തിനും മുന്‍ മന്ത്രിയായിരുന്ന ദാമോദരന്‍ കാളാശ്ശേരിക്കും ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു.എം.സി. ഖമറുദ്ദീനും ഷാനിമോള്‍ ഉസ് മാനും അല്ലാഹുവിന്‍റെ നാമത്തിലും കെ.യു ജനീഷ് കുമാറും വി.കെ പ്രശാന്തും സഗൗരവവും ടി.ജെ വിനോദ് ദൈവനാമത്തിലും ആണ് സത്യവാചകം ചൊല്ലിയത്. കന്നഡയിലാണ് മുസ്ലിംലീഗ് എംഎല്‍എയായ എം.സി.ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്.പാലായില്‍ ജയിച്ച മാണി സി. കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്.
അറബിക്കടലില്‍ രൂപംകൊണ്ട ‘ക്യാര്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറി;തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റായി. ഈ സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കൊല്ലത്തും ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നിലവില്‍ മുംബൈ തീരത്തുനിന്ന് 620 കിലോമീറ്ററോളം ദൂരത്തായിരുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍തീരത്തേക്കു നീങ്ങുകയാണ്. തിങ്കളാഴ്ച രാവിലെ ഇവിടത്തെ കടല്‍മേഖലയില്‍ മണിക്കൂറില്‍ 290 കിലോമീറ്റര്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്.ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ചവരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള തീരം, ലക്ഷദ്വീപ്, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ നവംബര്‍ ഒന്ന് വരെ മധ്യ-പടിഞ്ഞാറ് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
തിരുച്ചിറപ്പള്ളിയിലെ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവർത്തനം 60 മണിക്കൂർ പിന്നിട്ടു
തിരുച്ചിറപ്പള്ളി:തിരുച്ചിറപ്പള്ളിയിൽ ഉപയോഗശൂനമായ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം ഊർജിതമായി തുടരുന്നു. കുഴല്‍ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിര്‍മ്മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം തുടങ്ങിയ രക്ഷാപ്രവര്‍ത്തനം 60 മണിക്കൂര്‍ പിന്നിട്ടു. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണ് നിലവില്‍ സമാന്തര കിണര്‍ നിര്‍മ്മാണത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. പാറയില്ലാത്തിടത്ത് കിണര്‍ കുഴിക്കാനുള്ള സാധ്യതകളാണ് നിലവില്‍ പരിശോധിക്കുന്നത്. ഒഎന്‍ജിസി എല്‍ ആന്‍ഡ് ടി, നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ ഭാസ്‌കര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചരുന്നുവെന്നും എന്നാല്‍ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.പ്രതികരണമില്ലെങ്കിലും ഓക്സിജന്‍ നല്‍കുന്നുണ്ട്. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കുഴല്‍ക്കിണറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ താപനില കണ്ടെത്തിയതോടെ കുട്ടി ജീവനോടെയുണ്ടെന്ന അനുമാനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. എന്നാല്‍, ആരോഗ്യസ്ഥിതി സംബന്ധിച്ച മറ്റുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് തിരിച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ബ്രിട്ടോ എന്നയാളുടെ രണ്ടരവയസുകാരാനായ മകന്‍ സുജിത്ത് അപകടത്തില്‍പ്പെട്ടത്. അഞ്ചുവര്‍ഷം മുൻപ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ്. പതിവുപോലെ കിണറിന് അടുത്ത് കളിക്കുകയായിരുന്ന കുട്ടി. എന്നാല്‍ മഴപെയ്ത് കുതിര്‍ന്ന് കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കുട്ടിയും കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.അതിനിടെ, കുട്ടിയെ ഇന്ന് തന്നെ പുറത്ത് എത്തിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം കഴിഞ്ഞ ദിവസം വ്യക്തമാക്കി.ദേശീയ ദുരന്തനിവാരണ സേന പരമാവധി വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി ഉന്നയിക്കേണ്ടഅവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഇത്തരം ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ തമിഴ്നാട്ടില്‍ ഉപയോഗ ശൂന്യമായതും തുറന്ന് കിടക്കുന്നതുമായ മുഴുവന്‍ കുഴല്‍ കിണറുകളുടേയും കണക്ക് എടുക്കും ഇതിനായി കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്നലെ അപകട സ്ഥം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടത്തായി കൊലപാതക പരമ്പര;അൽഫൈൻ വധക്കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപതാക കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും.ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിന് കൊയിലാണ്ടി കോടതി അനുമതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെഅറസ്റ്റ് രേഖപ്പെടുത്തും.തുടർന്ന് ഇന്നുതന്നെ അന്വേഷണ സംഘം പ്രൊഡക്ഷന്‍ വാറന്റ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത. ആല്‍ഫൈന്‍ വധക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവിനേയും പിതാവിനേയും ഇന്ന് വീണ്ടും വിളിച്ചുവരുത്തിയേക്കുമെന്ന് സൂചനയുണ്ട്.നിലവിൽ റോയ്,സിലി വധക്കേസുകളിലാണ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബിജെപി കേരള അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറാകും
ന്യൂഡല്‍ഹി: ബിജെപി കേരള അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറാകും. രാഷ്ട്രപതി ഇറക്കിയ വിജ്ഞാപനത്തിലെ പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന്‍ പിള്ളയുടെ പേരുള്ളത്. നേരത്തെ കുമ്മനം രാജശേഖരന്‍ വഹിച്ചിരുന്ന ഗവര്‍ണര്‍ പദവിയിലേക്കാണ് ശ്രീധരന്‍ പിള്ള എത്തുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരന്‍ പിള്ളയുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ബിജെപി അദ്ധ്യക്ഷനായിരിക്കെ മിസോറാം ഗവര്‍ണറാകുന്ന രണ്ടാമത്തെ നേതാവാണ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സഥാനാര്‍ഥിയാവാന്‍ വേണ്ടിയാണ് കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞത്. ഗവര്‍ണര്‍ പദവിയില്‍ തനിക്ക് സക്രിയമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒന്നിലും അന്ധമായി ആഹ്ലാദിക്കുകയോ, വേദനിക്കുകയോ ചെയ്യുന്ന ആളല്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും. എല്ലാം നല്ലതിനാണെന്ന് കരുതുന്നു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ഇന്നുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഗവര്‍ണറാകുന്നത് സംബന്ധിച്ച ശുപാര്‍ശ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുൻപ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് മലയാളികള്‍ മുൻപും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരിചയസമ്പന്നനല്ല എന്നുമാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി:ഒക്ടോബര്‍29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.അന്നേ ദിവസം ജില്ലാ കലക്‌ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.
സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ ഈ മാസം 29ന് അടച്ചിടും
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ ഈ മാസം 29ന് അടച്ചിടും. ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു. മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.29ന് ജില്ലാ കലക്‌ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന് നേരത്തെ പറഞ്ഞിരുന്നു.
അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ:അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.ആലപ്പുഴ സ്വദേശി ജോഷിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു സീ കിംഗ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും ജോഷിയെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.