കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇവരുടെ റിമാന്‍ഡ് പുതുക്കുന്നതിനായി ടി.ഒ. സൂരജ് ഉള്‍പ്പടെ നാലുപേരെയും കൊച്ചിയിലെ ക്യാമ്പ് സിറ്റിങ്ങില്‍ പോലീസ് എത്തിക്കും. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.ഇതിന്റെ തുടര്‍വാദവും കോടതിയില്‍ ഇന്ന് നടക്കും.ടി.ഒ. സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തിയാണ് വിജിലന്‍സ് പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. പാലം നിര്‍മ്മിക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ 6.68 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന വിജിലന്‍സ് പറയുന്നത്. അതിനാല്‍ത്തന്നെ പാലം അഴിമതിയില്‍ സൂരജിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.
മൂന്ന് ജയ്‌ഷെ ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയതായി റിപ്പോർട്ട്;തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി
ന്യൂഡല്‍ഹി:മൂന്ന് ജയ്‌ഷെ ഭീകരര്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം.ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്.ആകെ എട്ടിലധികം ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്നുണ്ട്.സൈന്യത്തിനെതിരെ ചാവേർ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അമേരിക്കൽ രഹസ്യാന്വേഷണ ഏജൻസികളും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായാണ് വിവരം. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് കേന്ദ്രീകൃത സംഘടകൾ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് നൽകിയിരുന്നു.ഇതിനെത്തുടർന്ന് പലയിടങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ദില്ലിയിലെ വിവിധയിടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിവരുകയാണ്.
തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ നിന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ
തമിഴ്‌നാട്:തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ നിന്ന് 50 കോടിയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ.കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.തിരുച്ചിറപ്പള്ളി ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ലളിത ജ്വല്ലറിയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം നടന്നത്.50 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഇവിടെ നിന്നും കവർച്ച ചെയ്യപ്പെട്ടത്.ഇന്നലെ രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാൻ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.പൊലീസ് നടത്തിയ പരിശോധനയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.ജ്വല്ലറിയുടെ പിറകുവശത്ത് സ്‌കൂളാണ്.മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന് അകത്തുകയറുകയായിരുന്നു. കവര്‍ച്ചക്കാരില്‍ ഒരാള്‍ നായയുടെയും രണ്ടാമന്‍ പൂച്ചയുടെയും മുഖം മൂടിയാണു ധരിച്ചിരുന്നത്. ഒരാള്‍ക്ക് കടക്കാന്‍ പാകത്തിന് വലുപ്പത്തിലാണ് ഭിത്തി തുരന്നത്.പുലര്‍ച്ചെ രണ്ടിന് അകത്തുകയറിയ രണ്ടുപേര്‍ ഒന്നരമണിക്കൂറോളം ജൂവലറിയില്‍ ചെലവഴിച്ചു.ഇതെല്ലാം സിസിടിവിയില്‍ വ്യക്തമാണ്. കൈയില്‍ ബാഗുമായി കയറിയ ഇവര്‍ കടയില്‍ പ്രദര്‍ശനത്തിനുവെച്ചിരുന്നതുള്‍പ്പെടെ എല്ലാ ആഭരണങ്ങളും കൊള്ളയടിച്ചു.ഇവര്‍ അകത്തുവന്ന സമയത്ത് പുറത്ത് മറ്റൊരു സംഘം കാവലിനുണ്ടായിരുന്നതായി സംശയിക്കുന്നു. ജനത്തിരക്കേറിയ മേഖലയിലെ വന്‍കവര്‍ച്ച നാട്ടുകാരെയും പൊലിസിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ പ്രദേശത്തെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 17ലക്ഷം രൂപ സമാനരീതിയില്‍ കവര്‍ന്നിരുന്നു.ഇപ്പോൾ പിടിയിലായവർക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.
മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നൽകില്ല;വെള്ളവും വൈദ്യുതി ബന്ധവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും
കൊച്ചി: സുപ്രീംകോടതി ഒഴിപ്പക്കല്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയം നീട്ടി നല്‍കില്ല. ഇന്ന് വൈകുന്നേരം തന്നെ ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ മേലുദ്യോഗസ്ഥരുമായി സബ്കളക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ഇതോടെ ഫ്‌ളാറ്റിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്ന്തന്നെ വിച്ഛേദിക്കും.326 ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞു പോയത് 103 എണ്ണത്തിലെ താമസക്കാര്‍ മാത്രമാണ്. ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്ബോട്ടു പോകുമെന്നും ഒഴിയാത്തവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. പുനരധിവാസത്തിനായി 196 കുടുംബങ്ങളേ നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുള്ളൂ. പുനരധിവാസം ആവശ്യമുള്ളവര്‍ക്കായി രണ്ടു തവണ സമയം നല്‍കിയതാണെന്നും ഇനിയും സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നുമാണ് സ്‌നേഹില്‍ കുമാര്‍ പറയുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നം സുഗമമായി ഒഴിയാന്‍വേണ്ടിയാണ് വൈദ്യൂതി ജല സംവിധാനങ്ങള്‍ പുന:സ്ഥാപിച്ചത്. ഇന്ന് വൈകുന്നേരത്തോടെ ഇവ വിഛേദിക്കും. ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ പരിസരവാദികള്‍ ഭയപ്പെടേണ്ടതില്ലെന്നും ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് നഷ്ടങ്ങള്‍ ഉണ്ടായാല്‍, കരാറെടുത്ത ഏജന്‍സികളില്‍ നിന്ന് ഈടാക്കി പരിസരവാസികള്‍ക്ക് നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.
ബന്ദിപ്പൂർ യാത്രാനിരോധനം;ഐക്യദാർഢ്യവുമായി ഒന്നരലക്ഷംപേർ;സമരപ്പന്തലിലേക്ക് രാഹുൽ ഗാന്ധിയും
സുല്‍ത്താന്‍ബത്തേരി:ബന്ദിപ്പൂര്‍ വനമേഖലയില്‍ ദേശീയപാതയിലെ യാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ റിനു ജോണ്‍, ഡിവൈഎഫ്‌ഐ. ജില്ലാ വൈസ് പ്രസിഡന്റ് എംഎസ് ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരിവ്യവസായി ഏകോപനസമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇവര്‍ക്കുപിന്തുണയുമായി യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് വേങ്ങൂര്‍ നാലുദിവസമായി ഉപവാസമനുഷ്ഠിച്ചുവരുകയാണ്.ഒന്നരലക്ഷത്തിലധികം പേരാണ് കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ യുവജന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമരപ്പന്തലിലേക്ക് എത്തിയത്.കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള തുടങ്ങിയ വിവിധ സംസ്ഥാനനേതാക്കള്‍ ഇന്ന് സമരപ്പന്തലിലെത്തുന്നുണ്ട്. നാളെ രാഹുല്‍ ഗാന്ധി എംപിയും സമരപ്പന്തലിലെത്തുന്നതോടെ കൂടുതല്‍ ദേശീയശ്രദ്ധ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. നാളെ രാവിലെ ഒന്‍പതിനാണ് രാഹുല്‍ ഗാന്ധി എംപി സമരപ്പന്തലില്‍ എത്തുക. ഇന്ന് രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ വയനാട് സന്ദര്‍ശനത്തിന് ശേഷം നാളെത്തന്നെ മടങ്ങും. അതേസമയം, ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം തുടരുമെന്ന നിലപാടില്‍ത്തന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരം ഉറപ്പാക്കാന്‍ രാത്രി വാഹനഗതാഗതം അനുവദിക്കരുതെന്ന കോടതി ഉത്തരവ് ലംഘിക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി;എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന്‍ പിടിയില്‍
കൊച്ചി: സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ പോലീസ് പിടിയില്‍. നെട്ടൂര്‍ പെരിങ്ങാട്ട് ലെയ്‌നില്‍ വാടകയ്ക്ക് താമസിക്കുന്ന തേവര തിട്ടയില്‍ വീട്ടില്‍ വിനോദിന്റെയും പ്രീതിയുടെയും മകള്‍ ചന്ദനയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇടക്കൊച്ചി തെരേടത്ത് വീട്ടില്‍ ആന്റണിയുടെ മകന്‍ പ്രിജിനാണ് അറസ്റ്റിലായത്.എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ചന്ദനയുമായി പ്രിജിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടെ പ്രജിന്റെ വീട്ടുകാര്‍ നല്‍കാവുന്നതിലും അധികം സ്ത്രീധനം ചന്ദനയുടെ വീട്ടുകാരോട് ചോദിച്ചു. എന്നാല്‍ ഓട്ടോഡ്രൈവറായിരുന്ന ചന്ദനയുടെ അച്ഛന്‍ വിനോദിന് ഇത്രയും പണം നല്‍കാന്‍ കഴിഞ്ഞില്ല.ഇതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്ത് ചന്ദന വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിജിന്‍ പിടിയിലായത്.പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുടമകള്‍ക്ക് ഒഴിയാനുള്ള സമയം നീട്ടി നല്‍കില്ലെന്ന് നഗരസഭ
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മരട് നഗരസഭ. ഫ്ലാറ്റുടമകള്‍ക്ക് ഒഴിയാനുള്ള സമയം നീട്ടി നല്‍കില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നേരത്തെ വിച്ഛേദിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകള്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ വിച്ഛേദിക്കുമെന്നും നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍ വ്യക്തമാക്കി.സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് മറ്റൊരിടത്തേക്ക് മാറുന്നതിന് 48 മണിക്കൂര്‍ എങ്ങനെ പര്യാപ്തമാവുമെന്നാണ് ഫ്ലാറ്റുടമകള്‍ ചോദിക്കുന്നത്. ഫ്ലാറ്റ് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടത്. രണ്ട് ദിവസം കൊണ്ട് ഒഴിയുന്നത് പ്രായോഗികമല്ലെന്നും ഇവര്‍ പറയുന്നു.മരടിലെ ഫ്ലാറ്റില്‍ നിന്ന് ഒഴിയുന്നവര്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ നല്‍കിയ അപ്പാര്‍ട്ടുമെന്‍റുകളില്‍ ഒഴിവില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അതിർത്തിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ ചാവേറാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ശ്രീനഗര്‍: ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പ് വീണ്ടും സജീവമായതിന് പിന്നാലെ ഇന്ത്യയിലെ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ജയ്‌ഷെ ഭീകരര്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.ഇന്ത്യയിലെ സൈനിക താവളങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് എങ്കിലും പൊതു ഇടങ്ങളിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അമൃത്സര്‍,പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നേരത്തേ ഇന്ത്യ തകര്‍ത്ത ഭീകരക്യാമ്പ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചത്.ചാവേര്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ദക്ഷിണേന്ത്യയിലും സുരക്ഷ ശക്തമാക്കി. കേരളത്തില്‍ തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഉള്‍പ്പടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് രാജ്യത്തേക്ക് തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടാകാമെന്ന സംശയം നിലനില്‍ക്കുന്നത്.
ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
മുംബൈ:ശബരിമല യുവതീപ്രവേശന വിധിക്ക് ശേഷം തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.സമൂഹമാധ്യമങ്ങളില്‍ കണ്ട പല സന്ദേശങ്ങളും പേടിപ്പെടുത്തുന്നതായിരുന്നു.ഹീനമായ അധിഷേപങ്ങളും ഉണ്ടായി.എന്നാല്‍ യുവതി പ്രവേശനം അനുവദിച്ച ശബരിമല വിധിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമലയില്‍ യുവതി പ്രവേശനമനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.ശബരിമല വിധി വന്ന് ഒരു വര്‍ഷം പൂർത്തിയാകുമ്പോഴാണ് വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍.വിധി പറഞ്ഞതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലുടെ നിരവധി ഭീഷണികള്‍ ഉണ്ടായി.ഓഫീസിലെ സഹപ്രവര്‍ത്തകര്‍, ഇന്റേണികള്‍,ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച പല ഭീഷണി സന്ദേശങ്ങളും കണ്ടു.പലതും പേടിപ്പെടുത്തുന്നവയായിരുന്നുവെന്നും ചന്ദ്രചൂഡ് മൂബൈയില്‍ നടന്ന നിയമ വിദഗദ്ധരുടെ ഒരു സ്വകാര്യ ചടങ്ങില്‍ വ്യക്തമാക്കി.പക്ഷെ യുവതി പ്രവേശനം അനുവദിച്ച വിധിയില്‍ ഉറച്ച് നില്‍ക്കുന്നു. യുവതികള്‍ക്ക് മാത്രം പ്രവേശനം തടയുന്നത് തൊട്ട്കൂടായ്മയ്ക്ക് തുല്യമാണന്നും ചന്ദ്രചൂഡ് വിമര്‍ശിച്ചു. യുവതി പ്രവേശനം എതിര്‍ത്ത ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിലപാടിലെ അംഗീകരിക്കുന്നു. എന്നാല്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കിലെടുക്കണമെന്നും ചന്ദ്രചൂഡ് ആവിശ്യപ്പെട്ടു.
മരട് ഫ്ലാറ്റ് വിവാദം; ഒഴിയാനുള്ള കാലപരിധി നാളെ അവസാനിക്കും,പുനരധിവാസം എങ്ങുമെത്തിയില്ല
കൊച്ചി:മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി നാളെ അവസനിക്കാനിരിക്കെ പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മാറി താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്നലേയും ഉടമകള്‍ക്ക് ലഭിച്ചില്ല.ഫ്ലാറ്റുകള്‍ ഒഴിയാന്‍ ഇനി ഒരു ദിവസം മാത്രമാണ് ഉടമകള്‍ക്ക് മുന്‍പിലുള്ളത്. പുനരധിവാസം നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപെടാതെ ഫ്ലാറ്റുകള്‍ ഒഴിഞ്ഞ് പോവില്ലെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം ഫ്ലാറ്റുടമകളും.എന്നാല്‍ ചിലര്‍ സ്വന്തം നിലക്ക് ഫ്ലാറ്റുകള്‍ കണ്ടെത്തി ഇന്നലെ തന്നെ ഒഴിഞ്ഞു തുടങ്ങി. വാടകക്ക് താമസിക്കുന്നവരാണ് ഫ്ലാറ്റുകള്‍ ഒഴിഞ്ഞവരില്‍ കൂടുതലും. വിദേശ രാജ്യങ്ങളിലായിരുന്ന ഉടമകള്‍ പലരും എത്തി ഫ്ലാറ്റുകളിലെ സാധനസാമഗ്രഹികള്‍ മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സഹായം നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടിട്ടില്ല എന്നും ഉടമകള്‍ ആരോപിക്കുന്നു.ഫ്ലാറ്റുകളുടെ പുതുക്കിയ പട്ടിക ഇന്ന് കൈമാറുമെന്നാണ് നഗരസഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒഴിയാനുള്ള സമയപരിധി കുറച്ച് ദിവസങ്ങള്‍ കൂടി നീട്ടി നല്‍കണമെന്ന ആവശ്യമായിരിക്കും ഫ്ലാറ്റുടമകള്‍ മുന്നോട്ട് വെക്കുക.