കണ്ണൂർ പാനൂരിൽ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിലായി

keralanews three arrested in kannur panoor with black money and drugs

കണ്ണൂർ:പാനൂരിൽ ഒരുകോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിലായി.വാഹന പരിശോധനക്കിടെ പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ വാഹനത്തില്‍ നിന്നാണ് മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിന്‍,കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട്‌കെട്ടുകളും മുപ്പത് ലക്ഷം രൂപ വരുന്ന അഞ്ഞൂറിന്റെ നോട്ട്‌കെട്ടുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇവരില്‍ നിന്നും വേദനസംഹാരിയായി ഉപയോഗിക്കുന്ന മുന്നൂറോളം മയക്ക് ഗുളികകളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനം പിടിയിലായ നജീബിന്റെ ഭാര്യയുടെ പേരിലാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.പണം കൈമാറിയത് ആരാണെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

കോ​ട​ഞ്ചേ​രി​ പ​ള്ളി​യി​ലെ ക​ല്ല​റ​ക​ള്‍ തു​റ​ന്നു;ആദ്യം തുറന്നത് സി​ലി​യു​ടെ​യും പ​ത്തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ട​ക്കി​യ ക​ല്ല​റ

keralanews crime branch opened the graves in kodencheri church first opened the graves of sily and her ten months old baby

കോഴിക്കോട്: കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കുന്ന നടപടി തുടങ്ങി.പള്ളിയിലെത്തിയ പോലീസും ഫോറൻസിക് വിദഗ്ദ്ധരും അടങ്ങിയ സംഘം സിലിയുടെയും പത്തു മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണു ആദ്യം തുറന്നത്.ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.മരിച്ചവരില്‍ നാലുപേരെ കൂടത്തായിയിലും രണ്ടുപേരെ കോടഞ്ചേരിയിലുമുള്ള സെമിത്തേരികളിലാണ് സംസ്കരിച്ചത്.കൂടത്തായിയില്‍ സംസ്കരിച്ചവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുറത്തെടുത്തത്.റൂറല്‍ എസ്പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷമാണു കല്ലറകള്‍ തുറന്നത്. ദ്രവിക്കാത്ത പല്ല്, അസ്ഥി എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.2002-ലും തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന പരാതിയെത്തുടര്‍ന്നാണു മൃതദേഹങ്ങള്‍ കോടതി അനുമതിയോടെ പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകന്‍ അമേരിക്കയില്‍ ജോലിയുള്ള റോജോയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.യുവതിക്ക് സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് സാഹചര്യതെളിവുകള്‍ക്കു പുറമേ ശാസ്ത്രീയ തെളിവുകള്‍കൂടി ശേഖരിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി യുവതിയുടെ ബ്രെയിന്‍മാപ്പിംഗ് പരിശോധിക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്കായി അനുവാദം ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നത്.മരിച്ചവരുടെ സ്വത്തുകള്‍ തട്ടിയെടുക്കാന്‍ യുവതി വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതിക്ക് ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ആദ്യമെത്തിയത്.പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍വിളികളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.പല ബിസിനസുകാരുമായും ഇവർ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചതായും സൂചനയുണ്ട്.

വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്‍റെ സഹോദരപുത്രനും അധ്യാപകനുമായ ഷാജുവിന്‍റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആന്‍ഫൈന്‍ എന്നിവരാണു ദുരൂഹ സാഹചര്യത്തില്‍ പലപ്പോഴായി മരിച്ചത്. അന്നമ്മയാണ് ഇവരില്‍ ആദ്യം മരിച്ചത്. 2002 ഓഗസ്റ്റില്‍ വീട്ടില്‍ വച്ചായിരുന്നു, റിട്ട സ്‌കൂള്‍ ടീച്ചര്‍ ആയ അന്നമ്മയുടെ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഹാര്‍ട്ട് അറ്റാക് ആണെന്ന നിഗമനത്തില്‍ ഇതില്‍ അന്വേഷണമൊന്നും നടന്നില്ല. ടോം തോമസ് 2008 ഓഗസ്റ്റിലാണ് മരിച്ചത്, റോയ് തോമസ് 2011 സെപ്റ്റംബറിലും. ഇതിനു പിന്നാലെ മാത്യുവും മരിച്ചു. സിലിയും കുഞ്ഞും 2014ല്‍ ആണ് മരിച്ചത്. എല്ലാവരുടെയും മരണം കുഴഞ്ഞുവീണായിരുന്നു. ഹൃദയ സ്തംഭനം എന്ന നിഗമനത്തിതല്‍ അന്വേഷണമോ മറ്റു പരിശോധനകളോ നടന്നിരുന്നില്ല.റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെന്നു സൂചനകളുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ലെന്നാണ് അറിയുന്നത്.ഇവരുടെ സ്വത്തുകള്‍ സംബന്ധിച്ച്‌ ഏതാനും ബന്ധുക്കളുമായി തര്‍ക്കമുണ്ടായിരുന്നു. സ്വത്തു തട്ടിയെടുക്കാന്‍ നടന്ന കൊലപാതകങ്ങളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

‘ഫ്ളാറ്റുകള്‍ ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ല’;കോടതിയില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര

keralanews will not give time again to vacate the flat in marad justice arun mishra angry in court

ന്യൂ ഡല്‍ഹി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് കടുപ്പിച്ച്‌ സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്ര.ഫ്ലാറ്റിൽ നിന്നും ഒഴിയാൻ ഒരു മണിക്കൂര്‍ പോലും കേസില്‍ നീട്ടി നല്‍കില്ല എന്നും ഉത്തരവ് അന്തിമമാണെന്നുമാണ് ജഡ്ജി കോടതിയില്‍ പറഞ്ഞത്. ഹരജി നല്‍കിയ അഭിഭാഷക ലില്ലി തോമസ് കോടതിക്ക് പുറത്തുപോകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി പറഞ്ഞു.ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് ഒരാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് ഫ്ലാറ്റുടമകള്‍ കോടതിയെ സമീപിച്ചത്. കേസില്‍ എന്താണ് നടന്നതെന്ന് നിങ്ങള്‍ക്കറിയില്ലെന്നും ഇതിന് ഇനിയൊരു പോംവഴിയില്ലെന്നും ഉടമകള്‍ക്ക് നിയമം അറിയില്ലെന്നും ജഡ്ജി പറഞ്ഞു. കോടതിയില്‍ ക്ഷുഭിതനായ ജസ്റ്റിസ് അരുണ്‍ മിശ്ര എല്ലാവരോടും പുറത്ത് പോകാനും ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ പരമാവധി ക്ഷമിച്ചെന്നും ഇനി സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു.വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് മാറാന്‍ സമയം അനുവദിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്‌ളാറ്റുകളില്‍നിന്ന് 243 കുടുംബങ്ങള്‍ ഒഴിഞ്ഞതായാണ് വിവരം.നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍ മാത്രമാണ്. ഹോളി ഫെയ്ത് ഫ്‌ളാറ്റില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആല്‍ഫാ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ല കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.സമയക്രമം അനുസരിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചിട്ടുണ്ട്. മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.

ബന്ദിപ്പൂർ യാത്രാനിരോധനം;സമരപന്തലിൽ പിന്തുണയറിയിച്ച് രാഹുൽഗാന്ധിയെത്തി

keralanews bandhipur traffic ban rahul gandhi visited the protest venue

വയനാട്:ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തിനെതിരെ ബത്തേരിയില്‍ നിരാഹാരം കിടക്കുന്നവരെ നേരില്‍ കണ്ട് പിന്തുണ അറിയിക്കാൻ രാഹുൽ ഗാന്ധിയെത്തി.നിയമപോരാട്ടത്തിന് എല്ലാവിധ സഹായവും ഉറപ്പുനല്‍കുന്നതായി രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിച്ച്‌ സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു.വനപാതയിലൂടെയുള്ള ഗതാഗതം രാജ്യത്ത് പല ഭാഗത്തുമുണ്ട്. വയനാട്ടില്‍ മാത്രമായി ഇത് തടയാന്‍ സാധിക്കില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കൂടുതല്‍ ഉറപ്പുകള്‍ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭാകൗണ്‍സിലറുമായ റിനു ജോണ്‍, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ഫെബിന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, വ്യാപാരി-വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ബത്തേരി യൂണിറ്റ് പ്രസിഡന്റ് പി. സംഷാദ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത് ബത്തേരിയിലെ സന്ദര്‍ശനത്തിന് ശേഷം കലക്ടറേറ്റില്‍ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.ഇപ്പോള്‍ ബന്ദിപ്പൂര്‍ വനപാതയിലൂടെ രാത്രി ഒൻപതുമണി മുതല്‍ രാവിലെ ആറുവരെയാണ് വാഹനഗതാഗതത്തിന് നിരോധനം.യാത്രാനിരോധനം പകല്‍ സമയത്തേക്കുകൂടി നീട്ടി പൂര്‍ണ നിരോധനം ആക്കാനും നീക്കമുണ്ട്. രാത്രിയാത്രാ നിരോധനം നീക്കുന്നത് സംബന്ധിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിരുന്നു.

ഒരു കുടുംബത്തിലെ ആറുപേർ സമാനസാഹചര്യത്തിൽ മരിച്ച സംഭവം;ദുരൂഹത നീക്കാൻ ഇന്ന് കല്ലറകൾ തുറന്നു പരിശോധിക്കും

keralanews six members of a family die in similar circumstances grave will be opened today to uncover mystery

താമരശ്ശേരി: വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത.മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ബന്ധു പരാതി നൽകിയതോടെ ഇന്ന് മരണപ്പെട്ടവരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കും.ആറുപേരുടെയും മരണകാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കല്ലറ തുറന്ന് പരിശോധന നടത്തുന്നത്.വിഷാംശം ഉള്ളില്‍ചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കുക.2002 മുതല്‍ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് വിദഗ്ധരാണ് പരിശോധിക്കുക. കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളാണ് ഇന്ന് രാവിലെ തുറക്കുന്നത്.ഈ കല്ലറയില്‍ നാലു പേരെയാണ് അടക്കം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലുമാണ് അടക്കിയിരിക്കുന്നത്.ആവശ്യമെങ്കില്‍ ഇതും തുറന്ന് പരിശോധിക്കേണ്ടതായി വരുമെന്ന് അധികൃതര്‍ അറിയിച്ചു.മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷ്ണങ്ങള്‍, പല്ല് എന്നിവ രാസപരിശോധനക്ക് വിധേയമാക്കുകയാണ് ഫോറൻസിക് സംഘത്തിന്റെ ലക്‌ഷ്യം.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരാണ് സമാന രീതിയില്‍ മരിച്ചിരിക്കുന്നത്.അമേരിക്കയില്‍ താമസിക്കുന്ന ടോം തോമസിന്റെ മകന്‍ റോജോ ആണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2002ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്.ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ 2008 ല്‍ ടോം തോമസും മരിച്ചു. 2011-ല്‍ റോയി തോമസും മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സയും മരണപ്പെട്ടു. പിന്നാലെ സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് സംശയം ഉടലെടുത്തത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കല്ലറ തുറക്കുന്നത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.

കൂട്ട കോപ്പിയടി;അ‍ഞ്ച് മെഡിക്കല്‍ കോളേജുകളുടെ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷാ ഫലം സര്‍വ്വകലാശാല തടഞ്ഞുവെച്ചു

keralanews mass copying in mbbs exam university withheld the result five medical colleges

തിരുവനന്തപുരം:കൂട്ട കോപ്പിയടി  കണ്ടെത്തിയതിനെ തുടർന്ന് അ‍ഞ്ച് മെഡിക്കല്‍ കോളേജുകളുടെ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷാ ഫലം സര്‍വ്വകലാശാല തടഞ്ഞുവെച്ചു.ജൂലൈ – ആഗസ്റ്റ് മാസങ്ങളിലായി നടന്ന പാര്‍ട്ട് വണ്‍ പരീക്ഷയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു.തുട‍ര്‍ന്ന് ഫലം തടഞ്ഞുവെക്കുകയായികരുന്നു. ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകൾ,തിരുവനന്തപുരം എസ് യുടി കോളേജ്, കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എംഇഎസ് എന്നീ കോളേജുകളുടെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.സംശയം തോന്നിയ കോളേജുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രമക്കേട് പുറത്തുവരുന്നത്.കുറ്റക്കാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സര്‍വ്വകലാശാല ആരംഭിച്ചിട്ടുണ്ട്. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിച്ച്‌ വരികയാണ്.പരീക്ഷാ ക്രമക്കേട് പരിശോധിക്കുന്ന സര്‍വ്വകലാശാല സമിതിയാണ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരെയും സൂപ്രണ്ടുമാരെയും വിളിച്ചുവരുത്തി സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചത്. എസ് യുടി, എംഇഎസ് എന്നീ കോളേജുകള്‍ കൈമാറിയ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ കോപ്പിയടിച്ച വിദ്യ‍ാര്‍ത്ഥികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.സര്‍വ്വകലാശാല ചട്ടം അനുസരിച്ച്‌ മൂല്യനിര്‍ണയത്തിന് അയക്കുന്ന ഉത്തരക്കടലാസുകള്‍ക്കൊപ്പം പരീക്ഷാ ഹാളിനുള്ളിലെ ദൃശ്യങ്ങളും അയയ്ക്കേണ്ടതുണ്ട്. എന്നാല്‍ കോളേജുകള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്.

താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം;നൂറോളം സർവീസുകൾ മുടങ്ങി

keralanews crisis hits ksrtc as temporary drivers dismissed and hundreds of trips canceled

തിരുവനന്തപുരം:താത്കാലിക ജീവനക്കാരായ 2320 ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസിയിലെ സര്‍വീസുകള്‍ പ്രതിസന്ധിയില്‍. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന് ഇതുവരെ കഴിയാത്തതിനാല്‍ വ്യാഴാഴ്ച മാത്രം 800ഓളം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍.എന്നാല്‍ ഇത് ഗ്രാമീണമേഖലകളിലെ യാത്രക്കാരെ സാരമായി ബാധിക്കുന്ന തീരുമാനമാണ്. ഇതോടൊപ്പം, യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെഎസ്‌ആര്‍ടിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി.പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അധികമായി 40 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണത്തിന് അധികസഹായം നല്‍കിയതിനാല്‍ ഈ മാസം 16 കോടി നല്‍കാനാകൂ എന്ന നിലപാടിലാണ് ധനവകുപ്പ്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എംപാനല്‍ ജീവനക്കാരെ ജൂണ്‍ 30 മുതലാണ് പിരിച്ചുവിട്ടത്.എന്നാൽ ഇതില്‍ ചിലരെ സര്‍വ്വീസ് തടസപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും ദിവസ വേതനത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു.ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താല്‍ക്കാലികക്കാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്.പി.എസ്.സി.വഴി മാത്രമേ സ്ഥിരനിയമനം പാടുള്ളൂ. ആവശ്യമെങ്കില്‍ നിയമവിധേയമായി താത്കാലിക നിയമനം ആകാമെന്നാണ് കോടതിവിധി.

നടി ആക്രമിക്കപ്പെട്ട സംഭവം;ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപ് സുപ്രീം കോടതിയില്‍

keralanews actress attack case dileep appeals in supreme court that he has the right to get the copy of the visuals

ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് വാദിച്ച്‌ നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയില്‍ എഴുതി തയ്യാറാക്കിയ വാദത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.അതേസമയം, ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കാന്‍ പാടില്ലെന്നും മറിച്ചാണു കോടതിയുടെ തീരുമാനമെങ്കില്‍ ദുരുപയോഗം തടയാന്‍ കടുത്ത നിബന്ധനകള്‍ വയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാരും വാദം ഉന്നയിച്ചു. കേസിന് ആധാരമാക്കുന്ന രേഖയെന്ന നിലയ്ക്കു ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് അവകാശപ്പെട്ടതാണെന്നും അതിലെ തിരിമറികള്‍ ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിക്കാനാവുമെന്നും ദിലീപിനുവേണ്ടി മുകുള്‍ റോഹത്ഗി നേരത്തെ വാദിച്ചിരുന്നു.എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യമെന്നും ആ ദൃശ്യങ്ങളുടെ പകര്‍പ്പു നല്‍കുന്നത് നടിയുടെ സ്വകാര്യത സംബന്ധിച്ച മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും ഇടപെടല്‍ അപേക്ഷ നല്‍കിയ നടിക്കുവേണ്ടി ആര്‍ ബസന്തും കെ രാജീവും കഴിഞ്ഞ മാസം കോടതിയില്‍ വാദിച്ചിരുന്നു.വിചാരണക്കോടതി നേരത്തെ അനുവദിച്ചതുപോലെ ദൃശ്യങ്ങള്‍ കാണുന്നതിന് പ്രതിക്കു തടസ്സമില്ലെന്നും പകര്‍പ്പ് നല്‍കുന്നത് ദുരുപയോഗത്തിനു വഴിവയ്ക്കുമെന്നുമാണ് സര്‍ക്കാരിന്റേയും വാദം.

കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മാണി.സി.കാപ്പൻ സിബിഐക്ക് നൽകിയ മൊഴി പുറത്ത് വിട്ട് ഷിബു ബേബി ജോൺ

keralanews shibu baby john releases statement of mani c kappan to cbi related to kannur airport share issue

കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുൻപാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പാലായില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി ജയിച്ച മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോന്‍ പണം നല്‍കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിര്‍ണായക മൊഴിയുടെ പകര്‍പ്പാണു ഷിബു ബേബിജോണ്‍ പുറത്തുവിട്ടിരിക്കുന്നത്.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനേശ് മാണി സി കാപ്പനെതിരെ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2013ല്‍ കാപ്പന്‍ നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഷിബു ബേബി ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത് –
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്ബോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’
– ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച്‌ സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച്‌ സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.!

പാലാരിവട്ടം പാലം അഴിമതി കേസില്‍ ടിഒ സൂരജടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടി

keralanews palarivattom bridge scam case the remand period of four including t o sooraj extended to 17th of this month

കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ ടിഒ സൂരജടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി  ഈ മാസം 17 വരെ നീട്ടി.ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മന്റെ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും നീട്ടിയിട്ടുണ്ട്.നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്. അതേസമയം പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ജാമ്യം നല്‍കരുതെന്നാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം വാദിച്ചത്. ഇതിന്റെ തുടര്‍ വാദവും ഇന്ന് കോടതിയില്‍ നടക്കും.ടി.ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്നും കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.