ശബരിമല വിര്‍ച്വല്‍ ക്യു ബുക്കിംഗ് വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു

keralanews sabarimala virtual queue booking website inaugurated by cm pinarayi vijayan

പത്തനംതിട്ട:ശബരിമല വിര്‍ച്വല്‍ ക്യു ബുക്കിംഗിനുളള നവീകരിച്ച വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ ടോമിന്‍ ജെ. തച്ചങ്കരി, ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജിമാരായ എം.ആര്‍. അജിത് കുമാര്‍, ബല്‍റാംകുമാര്‍ ഉപാദ്ധ്യായ,ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ.സി.ടി) എസ്.പി ദിവ്യാ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.ദേവസ്വം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ്, ശരംകുത്തി വഴിയുള്ള പരമ്പരാഗത പാതയിലൂടെയുള്ള നോര്‍മല്‍ ക്യൂ ബുക്കിംഗ് എന്നിങ്ങനെ രണ്ട് രീതിയില്‍ ലഭ്യമാണ്.സര്‍ക്കാരിനു വേണ്ടി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിച്ച ഈ സംവിധാനം നടപ്പിലാക്കുന്നത്.2011 മുതല്‍ നടപ്പിലാക്കി വരുന്ന വിര്‍ച്വല്‍ക്യൂ സംവിധാനം കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കേരളാപോലീസും ഈ സംരംഭത്തില്‍ പങ്കാളികളാണ്. കൂടുതല്‍ വിവരങ്ങള്‍ www.sabarimalaonline.org എന്ന വെബ് പോര്‍ട്ടല്‍ നിന്നും 7025800100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും ലഭിക്കും. തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പർ,മൊബൈല്‍ നമ്പർ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയ കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച്‌ ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിംഗിന് സ്‌ക്കൂള്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാം.ബുക്കിംഗ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ത്ഥാടകന്റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍ക്യൂ / സ്വാമിക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. വിര്‍ച്വല്‍ക്യൂ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പോലീസിന്റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച്‌ പ്രവേശന കാര്‍ഡ് (Virtual Q Entry Card) കൈപ്പറ്റേണ്ടതാണ്. തീര്‍ത്ഥാടകര്‍ ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ ഐഡന്റി കാര്‍ഡ് കൗണ്ടറില്‍ കാണിക്കണം. വിര്‍ച്വല്‍ക്യൂ പ്രവേശന കാര്‍ഡ് (Entry Card) കൈവശമുള്ളവര്‍ക്കു മാത്രമേ വിര്‍ച്വല്‍ക്യൂ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയ ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ.ഈ സംവിധാനത്തിന് തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ല.

വിമാനത്തിന് വരെ കരുത്ത് പകരുന്ന ഇലക്ട്രിക്ക് കാർ ബാറ്ററിയുടെ വിപ്ലവകരമായ കണ്ടുപിടുത്തവുമായി ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ ട്രെവര്‍ ജാക്സണ്‍

keralanews british scientist trevor jackson invents revolutionary electric car battery that can power planes

വിമാനത്തിന് വരെ കരുത്ത് പകരുന്ന ബാറ്ററിയുടെ വിപ്ലവകരമായ കണ്ടുപിടുത്തവുമായി  ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ ട്രെവര്‍ ജാക്സണ്‍. ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ ട്രെവര്‍ ജാക്സണ്‍. നേവി ഓഫിസറായ ട്രെവര്‍ ജാക്സണ്‍ ഒരു ചാര്‍ജില്‍ 1500 മൈല്‍ (2414 കിലോമീറ്റര്‍) വരെ ഓടുന്ന ബാറ്ററിയാണ് കണ്ടുപിടിച്ചത്. അലുമിനിയം എയര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ബാറ്ററി ഉപയോഗിച്ച്‌ കാര്‍ 2414 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു ദശാബ്ദം മുൻപ് തന്നെ ഈ കണ്ടുപിടിത്തം നടത്തിയെന്നും ഇതുമായി നിരവധി വാഹന നിര്‍മാതാക്കളെ സമീപിച്ചെന്നും അവര്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് പുറംലോകം അറിയാതിരുന്നതെന്നുമാണ് ട്രെവര്‍ പറയുന്നത്. വ്യാവസായിക ഉത്പാദനത്തിനായി ബ്രിട്ടനിലെ എസെക്സ് ആസ്ഥാനമായ ഓസ്റ്റിന്‍ ഇലക്‌ട്രിക് എന്ന കമ്ബനിയുമായി നടത്തിയ ശതകോടികളുടെ ഉടമ്ബടിയാണ് ഈ ബാറ്ററിയെ വീണ്ടും ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നത്.ലോകത്തിന്റെ വാഹന സമവാക്യം തന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ബാറ്ററിയാണ് ഇതെന്നും കാറുകള്‍ മാത്രമല്ല വലിയ ലോറികള്‍ മുതല്‍ വിമാനം വരെ ഈ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.എന്നാല്‍ ഈ കണ്ടുപിടുത്തത്തെ സംശയത്തോടെയാണ് ശാസ്ത്രലോകം നോക്കുന്നത്.1960 കള്‍ മുതലേ അലുമിനിയം എയര്‍ ബാറ്ററി ടെക്നോളജി നിലവിലുണ്ട്. എന്നാല്‍ അലുമിനിയം ഓക്സിഡൈസേഷനിലുടെ ഊര്‍ജം സൃഷ്ടിക്കുന്ന ഈ ബാറ്ററികള്‍ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടാതെ ബാറ്ററിയിലെ ഇലക്‌ട്രോലൈറ്റ് ലായിനി വിഷമയവുമാണ്.എന്നാല്‍ ഈ ബാറ്ററി റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും വിഷമയമല്ലാത്ത ഇലക്‌ട്രോലൈറ്റുകളാണ് ഉപയോഗിക്കുന്നതെന്നുമാണ് ട്രെവര്‍ ജാക്സണ്‍ പറയുന്നത്.ലിഥിയം അയണ്‍ ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോൾ ഭാരക്കുറവും ചെലവു കുറവുമാണ് ഈ ബാറ്ററിക്ക്. എന്നാല്‍ വാഹനങ്ങളിലേക്കു വരുമ്പോൾ എങ്ങനെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്നു വ്യക്തമല്ല. ഓരോ 2400 കിലോമീറ്ററിലും ബാറ്ററി റീ ഫ്യൂവല്‍ ചെയ്യേണ്ടി വരുമെങ്കിലും അത് എങ്ങനെയായിരിക്കുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെയായാലും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നതുപോലെയാണ് ഈ ബാറ്ററിയെങ്കില്‍ ലോകത്തിന്റെ ഊര്‍ജ സമവാക്യങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ അതിനാവും.

നവംബര്‍ നാലിന് കെഎസ്‌ആര്‍ടിസി പണിമുടക്ക്

keralanews ksrtc strike on november 4th

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നവംബര്‍ നാലിന് പണിമുടക്കും.ശമ്പളം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം വിതരണം ചെയ്യുക, ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം പുനഃസ്ഥാപിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ചാണ് സമരം.കെഎസ്‌ആര്‍ടിസി ഡ്രൈവേഴ്സ് യൂണിയനും വര്‍ക്കേഴ്സ് യൂണിയനും ഉള്‍പ്പെട്ട ടിഡിഎഫാണ് നവംബര്‍ നാലിന് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.മൂന്നിന് അര്‍ദ്ധരാത്രി മുതല്‍ നാലിന് അര്‍ദ്ധരാത്രി വരെയാണ് സമരമെന്ന് ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പന്‍ അറിയിച്ചു.

വാളയാര്‍ കേസ്;അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം, പ്രോസിക്യൂട്ടറെ മാറ്റും

keralanews walayar case govt decided to go for an appeal and will change the prosecutor

തിരുവനന്തപുരം:വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂട്ടറെ മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായി. തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്.പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തില്‍ ആക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നു. കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും കണ്ടെത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയും കഴിഞ്ഞ ദിവസം പ്രക്ഷുബ്ദമായിരുന്നു.തുടര്‍ന്ന് സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേസ് അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളിയ മുഖ്യമന്ത്രി കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം ഇന്ന്

keralanews the postmortem of maoists killed in attappadi held today

പാലക്കാട്:അട്ടപ്പാടിയില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് രണ്ട് മൃതദേഹങ്ങൾ വനത്തിനു പുറത്തെത്തിച്ചത്. തുടർന്ന് ശേഷിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ പുറത്തെത്തിച്ച് ത്രിശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. കാര്‍ത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്.AK 47 നുൾപ്പടെ ആറ് തോക്കുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മാവോയിസ്റ്റുകൾ ഇപ്പോഴും പരിസരത്ത് ഉണ്ടെന്നതിനാൽ പ്രദേശത്ത് നിന്ന് തണ്ടർബോൾട്ട് പൂർണ്ണമായും പിൻവാങ്ങിയിട്ടില്ല. കൂടുതൽ തിരച്ചിലും മറ്റു ഓപ്പറേഷനും ഉന്നതതല കൂടിയാലോചനക്ക് ശേഷം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് വെടിവെപ്പ് ഉണ്ടായതിനെ തുടർന്നാണ് ഇൻക്വസ്റ്റ് നടപടികളും മൃതദേഹം പുറത്തെത്തിക്കുന്നതും വൈകിയത്.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമോ എന്ന കാര്യത്തിലും ഇന്ന് പൊലീസ് തീരുമാനമെടുക്കും. ഏറ്റുമുട്ടൽ സംബന്ധിച്ച് മജിസ്ട്രീരിയൽ അന്വേഷണവും പ്രഖ്യാപിച്ചേക്കും.

വാളയാറിലെ സഹോദരിമാരുടെ മരണം;സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുട്ടികളുടെ അമ്മ

keralanews death of sisters in valayar mother demanding cbi probe in the case

വാളയാർ:വാളയാറിലെ കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുട്ടികളുടെ അമ്മ. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിനോട് നേരിട്ട് പറഞ്ഞു.കോടതിക്ക് അകത്ത് നിന്ന പ്രതിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.എന്നിട്ടും കോടതി അത് മുഖവിലക്കെടുത്തിലെന്നും അമ്മ മാധ്യമങ്ങളോട്  പറഞ്ഞു.തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് ഇവര്‍ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.ചേച്ചി മരിച്ച സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള്‍ ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ഇവർ പറഞ്ഞു. ഇളയമകള്‍ നല്‍കിയ മൊഴി എന്തുകൊണ്ടാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടാഞ്ഞതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞിരുന്നു.രണ്ടാമത്തെ കുട്ടിയുടെത് കൊലപാതകം തന്നെയാണെന്ന് സാക്ഷിയായ അബ്ബാസും വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ കുട്ടി മരിക്കുമ്പോൾ ഉത്തരത്തിൽ ലുങ്കി മുറുകിയിരുന്നില്ല. കുട്ടിക്ക് സ്വന്തമായി മുകളിൽ കയറി തുങ്ങി മരിക്കാൻ കഴിയില്ല. കോടതിയിൽ കൃത്യമായി മൊഴി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അബ്ബാസ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഹോസ്റ്റല്‍ വാര്‍ഡന്‍ ക്രൂരമായി മര്‍ദ്ദിച്ചു; നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

keralanews hostel warden brutally beaten for urinating in bed four year old child dead

ബംഗളൂരു: കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി മരിച്ചു.നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം.കുട്ടിയുടെ മരണത്തില്‍ ഹോസ്റ്റൽ വാര്‍ഡനെതിരെ പോലീസ് സെടുത്തു.രണ്ടാഴ്ച മുൻപാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടിയെ തല്ലിയത്. മര്‍ദ്ദനത്തിനിടെ പരിക്കേറ്റ കുട്ടിയെ വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൂരമര്‍ദ്ദനത്തിനിടെ കുട്ടിയുടെ വയറ്റില്‍ പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ ഹോസ്റ്റല്‍ അധികൃതര്‍ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണപ്പെട്ടു.

പോലീസ് കുറ്റപത്രം വൈകിച്ചു;യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികളായ നസീമും ശിവരഞ്ജിത്തും ജയില്‍ മോചിതരായി

keralanews police delayed chargesheet nasim and sivaranjith accused in university college case released from jail

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലും പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ കേസിലും പ്രതികളായ നസീമും ശിവരഞ്ജിത്തും ജയില്‍ മോചിതരായി.രണ്ടു കേസിലും പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.കേസുകളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്.യൂണിവേഴ്സിറ്റി കോളേജിലുണ്ടായ കുത്തുകേസിലാണ് പ്രതികള്‍ക്കെതിരെ ആദ്യം എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. അതിനുശേഷം പി.എസ്.സി തട്ടിപ്പുകേസിലും ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടു. കുത്തുകേസ് അന്വേഷിച്ചിരുന്നത് ലോക്കല്‍ പോലീസും പി.എസ്.സി അന്വേഷിച്ചിരുന്നത് ക്രൈം ബ്രാഞ്ചുമാണ്. കുത്തുകേസില്‍ കഴിഞ്ഞമാസം തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചുരുന്നു. പി.എസ്.സി തട്ടിപ്പിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് ഇരുവരും ജയില്‍ മോചിതരാവുന്നത്. അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഇവര്‍ക്കും കുറ്റപത്രം വൈകുന്നതിനാല്‍ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.

അട്ടപ്പാടി ഉള്‍വനത്തില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് വെടിവെയ്പ്പ്;ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

keralanews thunderbolt firing in attappadi forest one more maoist killed

പാലക്കാട്:അട്ടപ്പാടി ഉള്‍വനത്തില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് വെടിവെയ്പ്പ്.ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു.ഒരു മാവോയിസ്റ്റ് നേതാവ് കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മണിവാസകം ആണ് ഇന്നു മരിച്ചത്.അതേസമയം, ഇന്ന് രാവിലെയും അട്ടപ്പാടി വനത്തിനുള്ളില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍നിന്ന് തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികള്‍ പറഞ്ഞു.കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലില്‍ വനത്തിനുള്ളിലേക്ക് ചിതറിയോടിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം. മാവോയിസ്റ്റുകളുടെ പക്കല്‍ കൂടുതല്‍ ആയുധങ്ങള്‍ ഉള്ളതായുമാണ് തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്‍റെ നിഗമനം. കഴിഞ്ഞ ദിവസത്തെ വെടിവയ്പില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

ഡല്‍ഹിയിലെ സർക്കാർ ബസ്സുകളില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര

keralanews free journey for women in govt buses in delhi from today

ന്യൂഡൽഹി:ഡല്‍ഹിയിലെ സർക്കാർ ബസ്സുകളില്‍  ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്‍റെ ഭാഗമായാണ് പദ്ധതി. ഇത് പ്രകാരം 10 രൂപയുടെ പിങ്ക് ടിക്കറ്റ് വനിത യാത്രക്കാര്‍ക്ക് കണ്ടക്ടര്‍മാര്‍ നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച ശേഷം സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. ഡല്‍ഹി സര്‍ക്കാര്‍ സര്‍വ്വീസിലെയോ ലോക്കല്‍ സര്‍വ്വീസിലെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ സ്ത്രീകള്‍ ഫ്രീ സര്‍വീസ് ഉപയോഗിച്ചാല്‍ അവര്‍ക്ക് യാത്രാ അലവന്‍സ് ലഭിക്കില്ല.സ്ത്രീ സുരക്ഷക്കായി 13,000 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.ഇതില്‍ 6,000 പേര്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, എക്‌സ് സര്‍വീസ്‌മെന്‍, ഹോംഗാര്‍ഡ് വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. ത്യാഗ്രാജ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രോഗികളെ സഹായിക്കുന്നതിനും യാത്രയ്ക്കിടെ അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ചും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.വീടുകളില്‍ എങ്ങനെയാണോ അതുപോലെ സര്‍ക്കാര്‍ ബസ്സുകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചു. ജൂണിലാണ് ബസ്സുകളിലും ഡല്‍ഹി മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാങ്കേതികപ്രശ്‌നമുള്ളതിനാല്‍ മെട്രോയിലെ സൗജന്യയാത്രാ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയമെടുക്കും.സൗജന്യയാത്രാ പദ്ധതിക്കായി 290 കോടി രൂപയുടെ ബജറ്റാണ് തയ്യാറാക്കിയത്. ഇതില്‍ ഡിടിസി ബസ്സുകള്‍ക്ക് 90 കോടിയും ക്ലസ്റ്റര്‍ ബസ്സുകള്‍ക്ക് 50 കോടിയും മെട്രോ ട്രെയിനുകള്‍ക്ക് 150 കോടിയുമാണ് നീക്കിവച്ചിരുന്നത്.