കാസർകോഡ്:മംഗളൂരുവിലെ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർഥികൾ മരിച്ചു.കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ത്ഥിനിയെയുമാണ് എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ആള്‍വാസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥിയും കോളിയടുക്കം പുത്തരി കുന്നിലെ രാധാകൃഷ്ണന്‍ – ജ്യോതി ദമ്പതികളുടെ മകനുമായ വിഷ്ണു (21), മംഗളൂരു ശ്രീദേവി കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയും നെല്ലിക്കുന്ന് ചേരങ്കൈയിലെ സുബാഷ് – ജിഷ ദമ്പതികളുടെ മകളുമായ ഗ്രീഷ്മ (20) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.ഇവര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഞായറാഴ്ച പുലര്‍ച്ചെ വിഷ്ണുവും വൈകുന്നേരത്തോടെ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയ നൈരാശ്യമായിരിക്കാം മരണകാരണമെന്നാണ് മംഗളൂരു പോലീസ് പറയുന്നത്.
കൂടത്തായി കൂട്ടക്കൊലപാതക കേസ്;ജോളിയുടെ ഭര്‍ത്താവ് ഷാജു,ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും
കോഴിക്കോട്:കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിയുടെ ഭര്‍ത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.ഇവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.അന്വേഷണ സംഘം നേരത്തെയും ഷാജുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഷാജുവിന്‍റെ ഭാര്യ സിലിയുടെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടുപേരോടും ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം മുതലുള്ള എല്ലാകാര്യവും ഷാജുവിന് അറിയാമെന്നാണ് ജോളി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. അതിനെക്കുറിച്ചും ഷാജുവിനോട് ഇന്ന് പൊലീസ് ചോദിക്കും. ഒരേ വിഷയത്തില്‍ ജോളിയും, ഷാജുവും, സഖറിയയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും ചോദ്യം ചെയ്യലിന് കാരണമാണ്. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കണോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുക. അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ സംശയമുന്നയിച്ച് പരാതി നല്‍കിയ മരണമടഞ്ഞ ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ തോമസ് നാട്ടിലെത്തി.ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചു.റോജോ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്. വടകര എസ്പി ഓഫീസില്‍ എത്തി മൊഴി നല്‍കണമെന്നാണ് റോജോയോട് പൊലീസ് പറഞ്ഞിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്ന് വീണ് 10 പേർ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു.മുപ്പത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. പൊട്ടിത്തെറിയില്‍ രണ്ടുനില കെട്ടിടം നിലംപതിക്കുകയായിരുന്നു. മൗവിലെ മുഹമ്മദാബാദില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.കൂടുതല്‍ പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതായും പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കണമെന്നും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിൽ വൈദ്യുതി ലൈനില്‍ തകരാര്‍;മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
കണ്ണൂർ:പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിൽ റെയില്‍വേ വൈദ്യുതി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്ന് മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.കണ്ണപുരം റെയില്‍വേ ലെവല്‍ ക്രോസിലെ ബാര്‍ കനത്ത കാറ്റിലും മഴയിലും വൈദ്യുതിലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു.അതേസമയം, കണ്ണൂര്‍-മംഗളൂരു പാതയില്‍ ഗതാഗതത്തിന് തടസമില്ല.10215 മഡ്ഗാവ്-എറണാകുളം സൂപ്പര്‍ഫാസ്റ്റ് പഴയങ്ങാടിയിലും 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് പയ്യന്നൂരിലും ഒന്നരമണിക്കൂറോളമായി പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.
ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഭാര്യ മരിച്ചു
കോട്ടയം:ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഭാര്യ മരിച്ചു. വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണാണ് മരണപ്പെട്ടത്. പൂഴിക്കോല്‍ ഉള്ളാടം കുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മിയാണ് മരണപ്പെട്ടത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രശാന്തിനും, ഇളയ മകള്‍ അഭിമന്യക്കും പൊള്ളലേറ്റു. ഇരുവരേയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4.30 ഓടെ കീഴൂര്‍-ആപ്പാഞ്ചിറ റോഡില്‍ കളരിക്കല്‍താഴെ ട്രാന്‍സ്‌ഫോര്‍മറിന് സമീപമായിരുന്നു അപകടം.തലയോലപ്പറമ്പിൽ നിന്ന് അഭിമന്യയ്ക്ക് ചെരുപ്പ് വാങ്ങിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.പൊട്ടിവീണ വൈദ്യുതി കമ്പി മൂവരുടെയും ദേഹത്ത് ചുറ്റിയതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ സമീപത്തെ പാടത്തെ വാഴത്തോട്ടത്തിലേക്ക് മറിഞ്ഞു. പ്രശാന്തും അഭിമന്യയും പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മണ്‍കൂനയിലേക്കും രശ്മി വെള്ളക്കെട്ടിലേക്കുമാണ് തെറിച്ച് വീണത്.രശ്മിയുടെ കൈയില്‍ ചുറ്റി കിടക്കുന്ന നിലയിലായിരുന്നു വൈദ്യുതി കമ്പി.കരച്ചില്‍ കേട്ട് ഇതു വഴിയെത്തിയ ഓട്ടോ റിക്ഷാഡ്രൈവറായ കാരിക്കോട് ഒറക്കനാംകുഴിയില്‍ രതീഷും, പ്രദേശവാസിയായ രോഹിണിയില്‍ വിനോദും ഇവരെ രക്ഷിക്കാന്‍ പാടത്തേക്കിറങ്ങിയെങ്കിലും ഇവർക്കും ഷോക്കേറ്റു. തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റിയാണ് മൂവരേയും ഇവര്‍ കരയ്ക്ക് കയറ്റിയത്.
ട്രാന്സ്ജെന്ഡേഴ്സിന് എസ്എസ്എൽസി ബുക്കിൽ ലിംഗപദവി തിരുത്താൻ അനുവാദം
കോട്ടയം.എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലെയും രേഖകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗപദവി തിരുത്താന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സർക്കാർരേഖകളിൽ ലിംഗപദവിയുടെ ചോദ്യാവലിയിൽ ഇനിമുതൽ സ്ത്രീ/പുരുഷൻ/ട്രാൻസ്‌ജെൻഡർ എന്നിങ്ങനെ ഉൾപ്പെടുത്തും.നിലവിൽ ട്രാൻസ്‌ജെൻഡറുകൾക്ക് അവർ സ്ത്രീയോ പുരുഷനോ എന്നു രേഖപ്പെടുത്താൻമാത്രമായിരുന്നു അവസരം ലഭിച്ചിരുന്നത്.ഇനിമുതൽ സാമൂഹികനീതിവകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫിക്കറ്റ് ഹാജരാക്കി എല്ലാ രേഖകളിലും ഇത്തരം വിഭാഗക്കാർക്ക് ട്രാൻസ്‌ജെൻഡർ എന്നുതന്നെ ലിംഗപദവി മാറ്റാനാകും.ഹൈക്കോടതിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സംഘടനകൾ സമർപ്പിച്ചിരുന്ന ഹർജിയിലെ തീർപ്പിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിനു കീഴിലുള്ള എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി.ജെൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. ബുക്കിലെ രേഖപ്പെടുത്തലുകളിൽ മാറ്റം വരുത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ഉടനുണ്ടാവും. അത് പൂർത്തിയായാൽ എസ്.എസ്.എൽ.സി. ബുക്കിൽ നിലവിലുള്ള ലിംഗപദവി മാറ്റി ട്രാൻസ്‌ജെൻഡർ എന്ന് ചേർക്കാനാകും.
ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടർ ‘ബജാജ് ചേതക് ചിക് ‘ റെജിസ്റ്റർ ചെയ്തു
മുംബൈ:വാഹന നിര്‍മ്മാതാക്കളായ ബജാജ്, അവരുടെ ആദ്യ ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 16-ന് ഇലക്‌ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ബജാജ് ചേതക് ചിക് ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ എന്നായിരിക്കും പുതിയ ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ പേര്. അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുക.ജര്‍മന്‍ ഇലക്‌ട്രിക്ക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് എന്ന ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും സ്‌കൂട്ടര്‍ എത്തുകയെന്ന് മുൻപുതന്നെ അറിയിച്ചിരുന്നു. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്.ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്ബ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്ബ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്‌ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.ക്ലാസിക്ക് ഡിസൈന്‍ ശൈലിയായിരിക്കും സ്‌കൂട്ടര്‍ പിന്തുടരുകയെന്നാണ് ഇതികം പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. പെന്റഗണ്‍ ആകൃതിയിലാണ് ഹെഡ്‌ലാംപ് യൂണിറ്റുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ഹെഡ്‌ലാമ്പിനും എല്‍ഇഡി ലൈറ്റിങ് ലഭിക്കാന്‍ സാധ്യതയുണ്ട്.എന്നാല്‍ സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്‌ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്‌ട്രിക്ക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.ഏഥര്‍ 450 തന്നെയാണ് വിപണിയില്‍ ചേതക് ചിക് സ്‌കൂട്ടറിന്റെ എതിരാളി. ബജാജ് നിരയില്‍ ഏറെ പ്രശസ്തി നേടിയ സ്‌കൂട്ടറുകളിലൊന്നാണ് ചേതക് സ്‌കൂട്ടറുകള്‍.
മരട് ഫ്ലാറ്റ് പൊളിക്കല്‍;സമീപവാസികളുടെ ആശങ്കയകറ്റാന്‍ സബ്‌കളക്റ്റർ ഇന്ന് വിശദീകരണയോഗം വിളിച്ചു
കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കുന്നതിന് മുന്നോടിയായി പരിസരവാസികള്‍ക്കായി വിശദീകരം യോഗങ്ങള്‍ നടത്തും. ഫ്‌ളാറ്റ് പൊളിക്കുന്നത് സംബന്ധിത്തുള്ള പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് ഇത്. ഹോളിഫെയ്ത്ത് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളുടെ സമീപവാസികളുടെ യോഗമാണ് സബ് കളക്ടര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഹോളി ഫെയ്ത് ഫ്‌ളാറ്റിന് സമീപം താമസിക്കുന്നവര്‍ക്കായി വൈകിട്ട് മൂന്ന് മണിക്ക് കുണ്ടന്നൂര്‍ പെട്രോ ഹൗസിന് സമീപവും ഗോള്‍ഡന്‍ കായലോരം പാര്‍പ്പിട സമുച്ഛയത്തിന് സമീപം താമസിക്കുന്നവര്‍ക്ക് ഫ്‌ളാറ്റ് പരിസരത്ത് വൈകിട്ട് അഞ്ച് മണിക്കുമാണ് യോഗം നടത്തുക. പാര്‍പ്പിട സമുച്ഛയത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഫ്‌ളാറ്റ് പൊളിക്കുമ്ബോള്‍ എത്ര ദൂരത്തില്‍ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് വിശദീകരണം നല്‍കുന്നത്. പൊളിപ്പിക്കല്‍ ചുമലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗാണ് വിശദീകരണം നല്‍കുന്നത്.അതേസമയം ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ രണ്ട് കമ്ബനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗണ്‍സില്‍ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗണ്‍സിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗണ്‍സിലിന്. ഈ സാഹചര്യം വ്യക്തമാക്കി സബ് കളക്‌ടര്‍ ചീഫ് സെക്രട്ടറിയ്ക്ക് നാളെ കത്ത് നല്‍കും.
ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയില്‍ വച്ച് ആല്‍ഫൈനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടതായി നിര്‍ണായക ദൃക്സാക്ഷിമൊഴി
കോഴിക്കോട്:ആല്‍ഫൈന്റെ കൊലപാതകത്തില്‍ നിര്‍ണായകമായി ദൃക്സാക്ഷിമൊഴി. പുലിക്കയത്തെ വീട്ടില്‍ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയില്‍ വച്ച് കുഞ്ഞിനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടെന്ന സാക്ഷി മൊഴിയാണ് പൊലീസിന് ലഭിച്ചത്.ഇതുവച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. ആ കാലത്ത് പതിവായി സയനൈഡ് സൂക്ഷിച്ചിരുന്നത് ഹാന്‍ഡ് ബാഗിലായിരുന്നെന്ന് ജോളി മൊഴിനല്‍കി.മുറ്റത്തെ പന്തലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഷാജുവിന്റെ സഹോദരിയെ വിളിച്ചേല്‍പ്പിച്ചു.ഇതുകേട്ട ജോളി അടുക്കളയിലെത്തി ബ്രെഡില്‍ സയനൈഡ് ചേര്‍ത്ത് ഇവര്‍ക്കു നല്‍കുകയായിരുന്നു.വിഷമാണെന്ന് അറിയാതെ ഷാജുവിന്റെ സഹോദരി ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി കുഞ്ഞിന് നല്‍കുകയും ചെയ്തു. ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയല്‍വാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ആ സമയം അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും ദൃക്സാക്ഷി മൊഴിയില്‍ പറയുന്നു.കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു തൊട്ടു പിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെ കൂട്ടി ജോളി മറ്റൊരു വാഹനത്തില്‍ പുറപ്പെട്ടു.കുഞ്ഞിന് നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആരും കണ്ടിട്ടില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
‘അമ്മയെ കൊന്നത് താനാണെന്ന് റോയിക്ക് അറിയാമായിരുന്നു’;കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ പുതിയ വെളിപ്പെടുത്തൽ
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതിയായ ജോളി. താനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് മകന്‍ റോയിയ്ക്ക് അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയി.ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ ഈ കൊലകളൊക്കെ നടത്തിയതെന്നും ജോളി സമ്മതിച്ചു.ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് ‘പ്രോത്സാഹന’മാവുകയും ചെയ്‌തെന്ന് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു.കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാന്‍ ജോളി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.കല്ലറ തുറന്ന് പരിശോധന നടത്തിയാല്‍ ആത്മാക്കള്‍ക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്കിടയില്‍ ജോളി പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്.പി. കെ.ജി സൈമണ്‍ പറഞ്ഞു.ഇതിനിടെ കേസില്‍ അന്വേഷണം നടത്താന്‍ എസ്‍.പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്തും. ഫോന്‍ന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘമാണ് ഇത്.