സൗദി:മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് തീ പിടിച്ച് 35 പേര്‍ വെന്തുമരിച്ചു. റിയാദില്‍ നിന്നുള്ള ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ വിവിധ രാജ്യക്കാരാണ്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.മദീനയില്‍ നിന്നും മക്കയിലേക്കുള്ള വഴിയില്‍ ഹിജ്‌റ റോഡില്‍ 170 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും തീ പിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന 39 പേരില്‍ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മരിച്ചവരിലധികവും ഇന്തോനേഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം.റിയാദില്‍ നിന്നും 4 ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അല്‍ഹംന, വാദി ഫറഅ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റവരുടെ നിലയും ഗുരുതരമാണ്.സിവില്‍ ഡിഫന്‍സ്, പോലിസ്, റോഡ് സുരക്ഷ വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ നേരിടാന്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റിയും മറ്റ് അടിയന്തര സേവനങ്ങളും രംഗത്തെത്തിയിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി;ഡിഎൻഎ ടെസ്റ്റ് ഇന്ന് നടക്കും
കോഴിക്കോട്:കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.രണ്ട് ദിവസങ്ങളിലായി 20 മണിക്കൂര്‍ സമയമെടുത്താണ് മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കിയത്.ജോളി ഇപ്പോള്‍ പിടിക്കപ്പെട്ടത് നന്നായെന്നും ഇല്ലെങ്കില്‍ താനും സഹോദരിയും റോയിയുടെ മക്കളും കൊല്ലപ്പെട്ടേനെയെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കി.തന്റെ കൈവശമുള്ള രേഖകളും വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും റോജോ പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം റോജോയും റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും നാട്ടിലേക്ക് മടങ്ങി.അതേസമയം കേസില്‍ റോജോയുടെയും റെഞ്ചിയുടെയും ഡിഎന്‍എ പരിശോധന ഇന്ന് നടക്കും.കല്ലറയില്‍ നിന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങള്‍ കുടുംബാംഗങ്ങളുടേത് തന്നെയാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിഎന്‍എ പരിശോധന.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്.
കൂടത്തായി കൊലപാതക പരമ്പര;മറ്റൊരു യുവതി കൂടി സംശയനിഴലിൽ;കളി കാര്യമായതോടെ മുങ്ങിയ യുവതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിക്കായാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ജോളിയും യുവതിയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു.യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങൾ പോലീസിന് ലഭിച്ചു.എന്നാൽ എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല.യുവതി ജോലി ചെയ്തിരുന്ന തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. അതേസമയം, ജോളി ജോസഫിന് എന്‍ഐടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്. എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നല്‍കിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്‍കി.എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം ജോളി ഉള്‍പ്പടെയുള്ളവരെ കോയമ്പത്തൂരിലും കട്ടപ്പനയിലുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തേക്കും.പ്രതികളെ താമരശേരി കോടതി ഇന്നലെ രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളെ കോയമ്പത്തൂരിലും കട്ടപ്പനയിലും എത്തിച്ച് തെളിവെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി മുതൽ പ്രസവ അവധി ആനുകൂല്യം
ന്യൂഡ്യല്‍ഹി:സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവ അവധി ആനുകൂല്യം ലഭിക്കും .ഇത്‌സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചതും.നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.
അയോധ്യാ കേസ്;അന്തിമ വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ;ഹിന്ദു മഹാസഭ നൽകിയ പകർപ്പും പേപ്പറുകളും മുതിർന്ന അഭിഭാഷകൻ കീറിയെറിഞ്ഞു
ന്യൂഡല്‍ഹി:അയോധ്യക്കേസില്‍ ഇന്ന് അവസാന വാദം നടന്നുകൊണ്ടിരിക്കേ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ കീറിയെറിഞ്ഞു. അഭിഭാഷകന്‍ വികാസ് സിങ് നല്‍കിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ് ധവാന്‍ പറഞ്ഞു. സംഭവത്തെ രൂക്ഷമായ ഭാഷയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമര്‍ശിച്ചു.കോടതിയുടെ അന്തസിന് ഇത് കളങ്കമാണെന്നും തങ്ങള്‍ ഇറങ്ങിപ്പോകുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകമാണ് അയോധ്യ രാമജന്മഭൂമിയാണെന്നതിന് തെളിവായി ഹിന്ദുമഹാസഭാ ഹാജരാക്കിയത്. ഇതിനെ എതിര്‍ത്ത ധവാന് അഭിഭാഷകന്‍ ഭൂപടവും പുസ്തകവും കൈമാറുകയായിരുന്നു. ഇത് രണ്ടും കോടതി മുറിയില്‍ വച്ച് സീനിയര്‍ അഭിഭാഷകനായ ധവാന്‍ കീറിയെറിയുകയായിരുന്നു.ഇന്നു വൈകിട്ട് അഞ്ചുമണിയോടെ കേസില്‍ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാദം അവതരിപ്പിക്കാൻ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇക്കാര്യം അറിയിച്ചത്. മതിയായി എന്നായിരുന്നു, പുതിയ അപേക്ഷയോട് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി 40 ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്.നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് കേസില്‍ വിധി പറയുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് .എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.
മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും;ഹോളി ഫെയ്‍ത്ത് ബില്‍ഡേഴ്‍സിന്‍റെ ബാങ്ക് അക്കൗണ്ട് ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു
കൊച്ചി:അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്‍ത്ത് ബില്‍ഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടും ക്രൈംബ്രാഞ്ച് മരവിപ്പിച്ചു.ഹോളി ഫെയ്‍ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‍സ്, ആല്‍ഫാ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാന്‍ റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.നാല് ഫ്ലാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്.ജില്ലാ കളക്ടര്‍ എസ് സുഹാസ്, പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയില്‍ ചേർന്ന ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്ത യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനമായത്.
മരട് ഫ്ലാറ്റ് വിവാദം;ഹോളിഫെയ്ത്ത് എം.ഡി ഉൾപ്പെടെയുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്തു
കൊച്ചി:മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസിൽ മുന്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാൻസിസ്,പഞ്ചായത്തിലെ മുന്‍ ജൂനിയർ സൂപ്രണ്ട് എന്നിവരും അറസ്റ്റിലായി.ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും , വഞ്ചനാ കുറ്റവും ചുമത്തിയാണ് മൂന്ന് പേരെയും പ്രതിചേർത്തിരിക്കുന്നത്.ഇന്നലെ ഉച്ചയോടെയാണ് പ്രതികളായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് , മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് , ഹോളി ഫെയ്ത്ത് എം.ഡി സാനി ഫ്രാൻസിസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.വിശദമായ മൊഴി എടുത്ത ശേഷം വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ മൊഴി നൽകിയാൽ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മരട് ഫ്‌ളാറ്റ് നിര്‍മ്മാണക്കേസില്‍ ആദ്യ അറസ്റ്റുണ്ടായതിന് പിന്നാലെ ബാക്കിയുള്ള രണ്ട് നിര്‍മ്മാതാക്കള്‍ ഒളിവില്‍ പോയെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമം.ഹോളിഫെയ്ത്ത് നിര്‍മ്മാണക്കമ്ബനി എം.ഡി സാനി ഫ്രാന്‍സിസിനെ കൊച്ചിയിലെ ഓഫിസില്‍നിന്നാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനുശേഷമാണ് അന്വേഷണസംഘം അപ്രതീക്ഷിത നീക്കം നടത്തിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട ബാക്കി രണ്ട് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളും പ്രതികളാകുമെന്ന് ഉറപ്പായി. ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ പോള്‍ രാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
കൂടത്തായി കൊലപാതക കേസിൽ പരാതിക്കാരനായ റോജോയുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും;കേസ് പിൻവലിക്കാൻ ജോളി സമ്മർദം ചെലുത്തിയിരുന്നതായി റോജോ
കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ പരാതിക്കാരനായ റോജോയുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും.കഴിഞ്ഞ ദിവസവും റോജോയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ റോജോ പൊലീസിനു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോളിയെ കുറിച്ച് സംശയമുണ്ടായിരുന്നെന്ന് റോജോ പൊലീസിന് മൊഴി നല്‍കി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു.വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നെന്നും റോജോ പറഞ്ഞു.കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല.ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്.നാട്ടില്‍ ലീവിനു വരുമ്ബോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ല. ഭാര്യാവീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു. ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മാക്കള്‍ക്കും നീതി കിട്ടണം. പരാതി കൊടുത്താല്‍ തിരികെ വരാനാകുമോ എന്ന പേടി ഉണ്ടായിരുന്നു.അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി.സൈമണില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും റോജോ പറഞ്ഞു.
കൂടത്തായി കൊലപാതകം;പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും;കോടതിയിൽ ഹാജരാക്കും
കോഴിക്കോട്:കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഇതോടെ കേസിലെ ഒന്നാം പ്രതി ജോളി, ഇവര്‍ക്ക് സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരനും രണ്ടാം പ്രതിയുമായ എം എസ് മാത്യു, മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ എന്നിവരെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെടും.കഴിഞ്ഞ ദിവസം ജോളിയെയും കൂട്ടി പൊന്നാമറ്റം വീട്ടിലെത്തിയ പോലീസ് വീട്ടില്‍ നിന്ന് സയനൈഡ് കുപ്പി കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഓരോ ദിവസവും ജോളി പുതിയ മൊഴികള്‍ നല്‍കികൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.മൂന്നുദിവസത്തേക്ക് കൂടിയാകും ഇവരെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക.
കാസർകോഡ്-മംഗലാപുരം ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു;ചോർച്ച താൽക്കാലികമായി അടച്ചു
കാസർകോഡ്:കാസർകോട് മംഗലാപുരം ദേശീയപാതയിലെ അടുക്കത്ത് ബയലിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതകം ചോർന്നു.ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.മംഗലാപുരത്ത് നിന്ന് കോയമ്ബത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്‍റെ ഗ്യാസ് നിറച്ചിരിക്കുന്ന ഭാഗവും മുന്‍ഭാഗവും തമ്മില്‍ വേര്‍പെട്ട് മുന്‍വശത്തെ വാല്‍വിലൂടെയാണ് വാതകം ചോര്‍ന്നത്.ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. അപകട സാധ്യത മുന്‍നിര്‍ത്തി റോഡിലൂടെയുള്ള ഗതാഗതം തടയുകയും പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും വൈദ്യുതി വിേഛദിക്കുകയും ചെയ്തു.വാതക ചോര്‍ച്ച താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. അപകടത്തില്‍പെട്ട ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നേരത്തേക്ക് വാഹനങ്ങള്‍ വഴി തിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.അടുക്കത്ത്ബയല്‍ ഗവ യു.പി സ്‌കൂളിന് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.