തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഓണം പ്രമാണിച്ച് സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തിയിരുന്നു.എന്നാല്‍, ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വയ്ക്കുകയും ഉയർന്ന പിഴ തൽക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസർക്കാർ തീരുമാനമെടുത്തത്. വൻതുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടിൽ മലക്കം മറിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്.മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.
തളിപ്പറമ്പിലെ കവർച്ച കേസ്;അറസ്റ്റിലായത് ഇരട്ടക്കൊലക്കേസ് പ്രതി
കണ്ണൂർ:തളിപ്പറമ്പ് മന്നയിലെ മലബാർ ട്രേഡേഴ്സിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ കർണാടക പക്ഷിരാജപുരം പുൻവർ വില്ലേജിലെ മഞ്ച രവി ഇരട്ടക്കൊലക്കേസിലും ഒന്നാം പ്രതി.മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പരോളിലിറങ്ങി മുങ്ങി ശ്രീകണ്ഠപുരത്ത് താമസിച്ച് കവർച്ച നടത്തുകയായിരുന്നുവെന്ന് കേസന്വേഷിക്കുന്ന ഡിവൈഎസ്പി.ടി.കെ രത്‌നകുമാർ പറഞ്ഞു.2013 ജനുവരിയിൽ കർണാടകയിലെ നഗനഹള്ളിയിൽ കവർച്ചയ്‌ക്കിടെ വാട്ടർ അതോറിട്ടി ജീവനക്കാരനായ വെങ്കിടേഷ്(70),ഭാര്യ കാമാക്ഷി(63)എന്നിവരെയാണ് മഞ്ച രവിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.തുടർന്ന് മൈസൂരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ പിടികൂടി.കേസിൽ പത്തുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മൂന്നു വർഷം പൂർത്തിയാക്കി പരോളിലിറങ്ങി മുങ്ങിയതാണ് ഇയാൾ.രണ്ടുവർഷത്തിലേറെയായി ഇയാൾ ശ്രീകണ്ഠപുരത്തിനടുത്ത് താമസം തുടങ്ങിയിട്ട്.ഇവിടെ ആക്രികച്ചവടം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് കൂട്ടുപ്രതിയായ കർണാടക സ്വദേശിയുമായി ചേർന്ന് തളിപ്പറമ്പിലെ കടയിൽ മോഷണം നടത്തിയത്. ഇവരുടെ കൂടെയുള്ള സ്ത്രീകൾ പകൽസമയം ആക്രിസാധനകൾ ശേഖരിക്കാൻ പോവുകയും മോഷ്ടിക്കാൻ പറ്റിയ വീടുകൾ കണ്ടെത്തി ഇവർക്ക് വിവരം നൽകുകയും ചെയ്യും.ഒരു ദിവസം 5000 മുതൽ 12000 രൂപവരെയുള്ള ആക്രിസാധനങ്ങൾ ഇവർ വില്പനനടത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തളിപ്പറമ്പിലെ മോഷണക്കേസിൽ പോലീസ് തങ്ങളെ സംശയിക്കുന്നതായി മനസ്സിലാക്കിയ ഇവർ കുടുംബസമേതം വിരാജ്പേട്ടയിൽ മോഷ്ട്ടാക്കൾ കൂടുതലായി താമസിക്കുന്ന അരസ്നഗർ എന്ന സ്ഥലത്തേക്ക് മുങ്ങുകയായിരുന്നു.ഇവിടെനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
മലബാർ ട്രേഡേഴ്സിൽ നിന്നും പ്ലംബിങ് സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്.ഇതിൽ 160 കിലോയോളം സാധനങ്ങൾ ശ്രീകണ്ഠപുരത്തെ കടയിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഇയാൾ പിടിയിലായതറിഞ്ഞ് കർണാടക പോലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതായി ഡിവൈഎസ്പി പറഞ്ഞു.കേരളത്തിലും ഇയാൾ ചില മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.എസ്‌ഐ കെ.പി ഷൈനാണ് കവർച്ച കേസ് അന്വേഷിക്കുന്നത്.മഞ്ചയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഡിവൈഎസ്പിക്ക് പുറമെ സി.ഐ എൻ.കെ സത്യനാഥൻ,എസ്‌ഐ ഷൈൻ,സീനിയർ സിപിഒ എ.ജി അബ്ദുൽ റൗഫ്,സിപിഒ മാരായ കെ.സ്നേഹേഷ്,ബനേഷ്,സൈബർ സെല്ലിലെ വിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
2029ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് പ്രവചനം
ദില്ലി: 2029ല്‍ പ്രധാനമന്ത്രി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് സന്യാസത്തിലേക്ക് തിരിയുമെന്ന് എഴുത്തുകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. ഇന്ത്യാ ടുഡേയുടെ ന്യൂസ് പോയിന്‍റ് എന്ന ഷോയിലാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റിന്‍റെ പ്രതികരണം.18 ആം വയസ്സില്‍ മോഡി ഹിമാലയത്തിലേക്ക് പോയിരുന്നു. 80 ആം വയസ്സിലും അദ്ദേഹം തീര്‍ച്ചയായും ഹിമാലയത്തിലേക്ക് പോകുമെന്നും സന്യാസജീവിതം നയിക്കുമെന്നും തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്ന് മിന്‍ഹാസ് മര്‍ച്ചന്റ് വ്യക്തമാക്കി.അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കുമെന്നും 2024 ല്‍ ജയിച്ചാല്‍ ഈ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2029ലെ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ് പറഞ്ഞു.അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം രചിച്ചയാളാണ് മിന്‍ഹാന്‍സ് മെര്‍ച്ചന്‍റ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മിന്‍ഹാസ് മര്‍ച്ചന്റ ഒരു എഴുത്തുകാരൻ കൂടിയാണ്.
ബാലഭാസ്കറിന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സാധ്യത
തിരുവനന്തപുരം:ബാലഭാസ്കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ സാധ്യത.അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് ഡി.ജി.പി സർക്കാരിനെ അറിയിക്കും. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ഡി.ജി.പിയുമായി ചർച്ച നടത്തി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.2018 സെപ്തംബര്‍ 25-ന് പുലര്‍ച്ചെ മൂന്നര മണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. അപകടസ്ഥലത്തുതന്നെ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ 2നാണ് മരിച്ചത്.
മരട് ഫ്ലാറ്റ് പൊളിക്കൽ; താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍;ഫ്‌ളാറ്റുടമകള്‍ സമരം അവസാനിപ്പിച്ചു
കൊച്ചി:മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍ ധാരണയായി. ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാരത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്ബോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.അതേസമയം സുപ്രീം കോടതി വിധിയിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവപൂർണമായ നടപടി ഉണ്ടായ സാഹചര്യത്തിൽ പ്രതിഷേധ സമരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഫ്ലാറ്റ് ഉടമകൾ അറിയിച്ചു.നഗരസഭയുടെയോ ജില്ലാകളക്റ്ററുടെയോ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള നടപടിയുണ്ടായാൽ പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്നും മരട് ഭവന സംരക്ഷണ സമിതി കൺവീനർ പറഞ്ഞു.
സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോൾ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ചെന്നൈ ഐ.ഐ.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, കെ.വി. തോമസ് (കോണ്‍ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡോ. എം.കെ. മുനീര്‍ (മുസ്ലീം ലീഗ്), എ.എന്‍. രാധാകൃഷ്ണന്‍ (ബി.ജെ.പി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് (ജനതാദള്‍ എസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് (ജനപക്ഷം), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), എ.എ. അസീസ് (ആര്‍.എസ്.പി), അഡ്വ. വര്‍ഗ്ഗീസ് (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി) സണ്ണി തോമസ് (ലോക് താന്ത്രിക് ജനതാദള്‍), അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് തൃശ്ശൂരിലും വയനാട്ടിലും സന്ദര്‍ശനം നടത്തും
തിരുവനന്തപുരം:പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് തൃശ്ശൂരിലും വയനാട്ടിലും സന്ദര്‍ശനം നടത്തും.കേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി, മാള, പൊയ്യ, കുഴൂര്‍, പുഴയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നത്. രാവിലെ പത്ത് മണിക്ക് കളക്‌ട്രേറ്റില്‍ എത്തുന്ന സംഘത്തിന് മുൻപാകെ പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും.പുത്തുമല,കുറിച്യർമല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.കഴിഞ്ഞദിവസം കേന്ദ്രസംഘം മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് തൃശ്ശൂരിലും വയനാട്ടിലും സംഘം സന്ദര്‍ശനം നടത്തുന്നത്. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു സംഘം വീണ്ടും കേരളത്തില്‍ എത്തി പ്രളയബാധിത മേഖലകളില്‍ പരിശോധന നടത്തും. ഇതിനു ശേഷമാണ് കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാവുക.
ദേശീയ പാത 766 വഴി മുഴുവന്‍ സമയ ഗതാഗതനിരോധനത്തിന് നീക്കം;പ്രതിഷേധം ശക്തമാകുന്നു
ബെംഗളൂരു:ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനം പകല്‍ സമയത്തേക്ക് കൂടി നീട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.രാത്രിയാത്ര നിരോധനക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഹുന്‍സൂര്‍-ഗോണിക്കുപ്പ ബദല്‍ റോഡ് ദേശീയപാതയായി വികസിപ്പിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതാണ് ആശങ്കകള്‍ക്ക് കാരണം. ഈ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ ദേശീയ പാത വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും ഇല്ലാതാകാനാണ് സാധ്യത.സെപ്റ്റംബര്‍ ഏഴിനു കേസ് പരിഗണിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള കര്‍ണ്ണാടക സംസ്ഥാന താല്‍പര്യങ്ങള്‍ ഇക്കാര്യത്തില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ബദല്‍പാത ദേശീയപാതയായി വികസിപ്പിച്ചാല്‍ നിലവിലെ ദേശീയപാത 140 കിലോമീറ്റര്‍ ദൂരത്തില്‍ ഇല്ലാതാവും. ഇത് ദേശീയപാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ സാമ്പത്തിക വാണിജ്യ-പ്രവര്‍ത്തനങ്ങളെയും ലക്ഷക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഗുരുതരമായി ബാധിക്കും.രാത്രിയാത്ര വിഷയത്തില്‍ കേരള, കര്‍ണാട സംസ്ഥാനങ്ങള്‍ക്കു സ്വീകാര്യമായ നിര്‍ദേശം സമര്‍പ്പിക്കുന്നതിനു കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറി ചെയര്‍മാനായി വിദഗ്ധ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു.മേല്‍പ്പാലമുള്‍പ്പെടെയുള്ള സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. ഇതിനിടെ മുഴുവന്‍ സമയവും അടച്ചിടാനുള്ള സാധ്യത ആരായുകയാണ് ചെയ്തത്.ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ച് 2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറാണ് ഉത്തരവിട്ടത് 2010 മാര്‍ച്ച് 13നു കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇത് ശരിവച്ചു. ഇതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം;ട്രസ്റ്റ് പണം നല്‍കിയിട്ടില്ലെന്ന് കെപിസിസി സമിതിയുടെ കണ്ടെത്തൽ
കണ്ണൂർ:ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ കരുണാകരന്‍ ട്രസ്റ്റിനെതിരെ കെപിസിസി സമിതി. കെട്ടിടനിര്‍മ്മാണത്തിന്‍റെ പണം കരാറുകാരന് ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയിട്ടില്ലെന്ന് സമിതി അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു. സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഇന്നു തന്നെ കെപിസിസി നേതൃത്വത്തിന് കൈമാറുമെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു.ചെറുപുഴ സ്വദേശി ജോയിയെ ഈ മാസമാദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കെട്ടിടത്തിന് മുകളില്‍ വച്ചാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ കണ്ടെത്തിയത്. പണം ലഭിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനു ശേഷം ജോയിയെ കാണാതാവുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്നാണ് വിഷയം അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചത്.
നടിയെ ആക്രമിച്ച കേസ്;മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്നും പകർപ്പ് ദിലീപിന് കൈമാറരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണ്. രേഖയാണെങ്കിലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ കൈമാറുന്ന കാര്യത്തിൽ തീരുമാനം വിചാരണക്കോടതിക്ക് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണോ രേഖയാണോ എന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റീസ് എ.എന്‍.ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കില്‍ അത് കിട്ടാനുള്ള അവകാശം ദിലീപിനുണ്ടെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്താണ് തനിക്ക് എതിരായ രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്ന് കോടതി ചോദിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ആക്രമണത്തിനിരയായ നടിയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഇത് ഗുരുതരമായി ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രതിക്ക് മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ നടിയും ശക്തമായി എതിര്‍ത്തു. മെമ്മറി കാര്‍ഡ് നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറാതെ, രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങള്‍ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവം;സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്
കൊച്ചി: ഫീസ് അടയ്ക്കാത്തതിന് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്.കഴിഞ്ഞ മാര്‍ച്ച് 28നാണ് സംഭവം.കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യര്‍ത്ഥികളായ രണ്ടു കുട്ടികളെയാണ് കഴിഞ്ഞ മാര്‍ച്ച് 28ന് പരീക്ഷ ഹാളിന് പുറത്ത് വെയിലത്ത് നിര്‍ത്തിയത്.കനത്ത ചൂടില്‍ പുറത്തുനിന്ന വിദ്യാര്‍ത്ഥികള്‍ അവശരായി. ഒരു വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി.എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ ഡയറക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവോടു കൂടി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.അടച്ചുപൂട്ടുന്ന സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടേയും സംരക്ഷണ ചുമതലയും ബന്ധപ്പെട്ടവര്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശിശുക്ഷേമ സമിതി അധികൃതര്‍, ഡിഇഒ, കരുമാലൂര്‍ പഞ്ചായത്ത്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയ്ക്ക് എടുത്തത്. തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിയത്.