തിരുവനന്തപുരം:മണ്‍സൂണ്‍ അന്ത്യപാദത്തോട് എടുക്കുമ്പോഴും കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.അതിനിടെ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമര്‍ദങ്ങള്‍ക്ക് കളമൊരുങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഒന്നിനു പിറകെ ഒന്നായാണ് മൂന്നു ന്യൂനമര്‍ദങ്ങള്‍ സജീവമാകുന്നത്.ആദ്യ ന്യൂനമര്‍ദം ഇതിനകം തന്നെ ദക്ഷിണേന്ത്യയില്‍ സജീവമായിട്ടുണ്ട്. ഇതില്‍ രണ്ട് മഴ പ്രേരക ചുഴികളുമുള്ളതായി കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു. രണ്ടാമത്തെ ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും.24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകും. ഒരേ കാലത്ത് മൂന്നു ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളുന്നത് അപൂര്‍വമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.ഇതോടെ അടുത്തമാസവും കനത്ത മഴ തുടരുമെന്നാണ് സൂചന.ഇപ്പോള്‍ തന്നെ 70 ശതമാനത്തോളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളിന്മേല്‍ ജാഗ്രതയും നിരീക്ഷണവും വേണ്ടിവരും. സെപ്റ്റംബര്‍ പകുതിയോടെയാണ് ഉത്തരേന്ത്യയില്‍ നിന്നു മഴയുടെ വിടവാങ്ങല്‍ ആരംഭിക്കേണ്ടത്. എന്നാല്‍ ഇക്കുറി മഴ പിന്മാറാന്‍ മടിക്കുന്നു. പാക്കിസ്ഥാനിലെ കനത്ത ചൂടാണ് ഇതിനു കാരണമായി കണക്കാക്കപ്പെടുന്നത്.കേരളത്തില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷം 14 ശതമാനം അധികമാണ്. രാജ്യവ്യാപകമായി 4 ശതമാനം അധികമഴയുണ്ട്.അതേസമയം മണ്‍സൂണ്‍ തകര്‍ത്ത് പെയ്യുമ്പോൾ അറബിക്കടലില്‍ അളവില്‍ കവിഞ്ഞ ചൂട് നിലനില്‍ക്കുകയാണ്. ലോകത്തില്‍ തന്നെ അതിവേഗത്തില്‍ ചൂട് കൂടുന്ന സമുദ്രമാണ് അറബിക്കടല്‍.എന്നാല്‍ ഇതിന് പിന്നിലുള്ള ശാസ്ത്രീയ വശം തേടി ഗവേഷകര്‍ തലപുകയ്ക്കുകയാണ്.പൊതുവേ മണ്‍സൂണിന്റെ തുടക്കത്തില്‍ അറബിക്കടല്‍ ചൂടായിരിക്കും. ഇത് കാരണമാണ് മണ്‍സൂണിനൊപ്പം ന്യൂനമര്‍ദ്ദങ്ങളും ഉണ്ടാകുന്നത്. പിന്നീട് മഴയോടെ കടല്‍ തണുക്കും. നിലവില്‍ ഇതിന് വിപരീതമായ സാഹചര്യമാണ് അറബിക്കടലിലുള്ളത്.അറബിക്കടലിലെ താപനം പ്രളയത്തിന്റെ സ്ഥിരീകരിക്കാത്ത കാരണങ്ങളില്‍ ഒന്നാകാം.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചു
ന്യൂഡൽഹി:മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് വിജയ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകാരിച്ചായി കേന്ദ്ര നിമയമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്നു വിജയ താഹില്‍ രമാനി സെപ്റ്റംബര്‍ 6 നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജി വെച്ചത്. മേഘാലയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായ വിജയ താഹില്‍രമാനി രാജിവെക്കാന്‍ തീരുമാനിച്ചത്. സുപ്രധാനമായ നിരവിധി കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന് കേസുകള്‍ കുറവുള്ള മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റുന്ന രീതി വിരളമാണ്.മേഘാലയ ഹൈക്കോടതിയില്‍ നിലവില്‍ ചീഫ് ജസ്റ്റിസിന്‍റെ ഒഴിവില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴത്തെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് കുമാര്‍ മിത്തലിനെ സ്ഥലം മാറ്റിയിട്ടാണ് ജസ്റ്റിസ് വിജയ താഹില്‍ രമാനിയെ അവിടെ നിയമിക്കാന്‍ തീരുമാനമായത്. ആ സാഹചര്യത്തില്‍ ഈ സ്ഥലംമാറ്റം ശിക്ഷണനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. അതിനാലാണ് സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമര്‍പ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് വിജയ താഹില്‍രമാനി പദവി രാജിവെച്ചത്.രാജി തീരുമാനം പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ താഹില്‍ രമണിയെ വസതിയിലെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അവര്‍. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍ രമണിയായിരുന്നു.
ഗതാഗത നിയമലംഘനത്തിന് ഉയർന്ന പിഴ; വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം:ഗതാഗത നിയമലംഘനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച ഉയർന്ന പിഴ ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്.ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കിയിരുന്നില്ല.എന്നാല്‍, കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. പരമാവധി ഇത്ര തുക വരെ എന്നു നിര്‍ദ്ദേശിക്കുന്ന 11 വകുപ്പുകള്‍ക്ക് പിഴ തുക കുറയ്ക്കാന്‍ തടസ്സമില്ലെന്ന് നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റ് സീറ്റ് ബല്‍റ്റ് ഇല്ലാത്തതിനുള്ള 1000 രൂപ കുറയ്ക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല.അതേസമയം, കേന്ദ്ര ഭേദഗതി വന്നതിനു പിന്നാലെ പിഴ 50 % കുറച്ച് മണിപ്പൂര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇതിന്റെ നിയമവശം പഠിച്ചു നടപ്പാക്കാനാണ് കേരളം ശ്രമിക്കുന്നത്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചർച്ച ചെയ്യും.ഇതിനിടെ, പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയല്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
മരട് ഫ്ലാറ്റ് വിവാദം;വിധി നടപ്പാക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ;ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി:മരട് കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്.കൊച്ചി: മരട് കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്.കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത നടപടികൾ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. ഫ്ലാറ്റുടമകൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി, പൊളിച്ച് മാറ്റാൻ ടെൻഡര്‍ നൽകി. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്.ചുരുങ്ങിയ സമയ പരിധിക്ക് അകത്ത് 343 ഫ്ളാറ്റുകൾ ഉള്ള അപ്പാർട്ടുമെന്‍റുകൾ പൊളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, വലിയ സാങ്കേതിക സംവിധാനങ്ങൾ ഫ്ളാറ്റുകൾ പൊളിക്കാൻ ആവശ്യമാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ മദ്രാസ് ഐ ഐ ടിയുടെ വിദഗ്ദ ഉപദേശം കിട്ടിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
ഹൈഡ്രജൻ ഇന്ധന വിപ്ലവവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ
മുംബൈ:ഇലക്ട്രിക്ക് വാഹനവും കടന്ന് ഹൈഡ്രജൻ ഇന്ധനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ.പ്രകൃതി വാതകത്തിൽനിന്ന് 15–30% ഹൈഡ്രജൻ അടങ്ങുന്ന എച്ച്സിഎൻജി ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയാണ് ഐഒസി ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹൈഡ്രജൻ നിറച്ച സെല്ലിൽ നടക്കുന്ന വൈദ്യുത രാസപ്രവർത്തനത്തിന്റെ ഫലമായി ഉൽപാദിപ്പിക്കപ്പെടുന്ന ഊർജമാണു വാഹനത്തിൽ ഉപയോഗിക്കുക. പുകയോ മറ്റു മാലിന്യങ്ങളോ ഉണ്ടാകുന്നില്ലെന്നതാണു പ്രധാനനേട്ടം. ഹൈഡ്രജൻ ഇന്ധന സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കുക എന്നതിന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഇന്ധന വിതരണ കേന്ദ്രം ഹരിയാനയിലെ ഫരീദാബാദിലുള്ള ഗവേഷണ വികസന കേന്ദ്രത്തിൽ ആരംഭിച്ചു.ഓൺ-സൈറ്റ് ഹൈഡ്രജൻ ഉത്പാദനം, സംഭരണം, വിതരണം, തുടങ്ങിയ കാര്യങ്ങൾ ഈ കേന്ദ്രത്തിൽ നടത്തപ്പെടുന്നുണ്ട്.സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേസുമായി(SIAM)സഹകരിച്ച് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രീ-വീലർ, ബസ് എഞ്ചിനുകൾ വികസിപ്പിക്കൽ, സിഎൻജി ത്രീ-വീലറുകളും ബസുകളും എച്ച്-സിഎൻജി മിശ്രിതത്തിലേക്ക് മാറ്റുന്നതിനോടൊപ്പം പോർട്ടബിൾ ജെൻസെറ്റുകൾക്കായി ഹൈഡ്രജൻ പരിവർത്തന കിറ്റുകളുടെ വികസിപ്പിക്കലും കമ്പനി നടത്തി വരുന്നു.
സാധാരണ സിഎൻജി വാഹനങ്ങൾ പുറംതള്ളുന്നതുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ മോണോക്സൈഡിന്റെ അളവിൽ 70% കുറവു വരുമെന്നതാണ് ഹൈഡ്രജൻ കലർത്തിയ സിഎൻജി (എച്ച്സിഎൻജി) ഉപയോഗിക്കുന്നതിലെ നേട്ടം.ബിഎസ്6 നിലവാരത്തിലെത്തുന്നതോടെ ഡീസലിന്റെ മലിനീകരണത്തോത് സിഎൻജിയുടേതിനു (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) തുല്യമാകും വിധം കുറയുമെന്ന് ഐഒസി റിസേർച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. എസ്.എസ്.വി.രാമകുമാർ പറഞ്ഞു.2020ൽ പൂർണമായും രാജ്യം ബിഎസ്6ലേക്കു മാറും. ഇതിന്റെ ഭാഗമായി മൊത്തം 30,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഒസി റിഫൈനറികളിൽ നടത്തുന്നതെന്നും രാമകുമാർ അറിയിച്ചു.
ഹൈഡ്രജന്‍ കാർ ഇന്ത്യയിലേക്ക്; ടൊയോട്ടയുടെ ‘മിറായി’ ആദ്യമെത്തുക കേരളത്തിലേക്ക്
തിരുവനന്തപുരം:ഹൈഡ്രജന്‍ ഇന്ധനമാക്കിയ കാര്‍ ആദ്യമായി ഇന്ത്യയില്‍ ഓടിക്കുന്നതിനു വഴിയൊരുക്കാന്‍ കേരളം. ടൊയോട്ടയുടെ ‘മിറായി’ എന്ന കാര്‍ കേരളത്തിലെ നിരത്തുകളില്‍ ഓടിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം ടൊയോട്ടയുടെ ബെംഗളൂരുവിലെ കേന്ദ്രത്തിലെത്തി കേരള ഉദ്യോഗസ്ഥര്‍ വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തി. ജൂണില്‍ കൊച്ചിയില്‍ നടത്തിയ ‘ഇവോള്‍വ്’ ഉച്ചകോടിയില്‍ ടൊയോട്ട അധികൃതരുമായി കേരളം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു. ജ്യോതിലാലും വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.ഫ്യൂവല്‍ സെല്‍ ഘടകങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കേരളത്തിലെ ഏതെങ്കിലും പൊതുമേഖല കമ്പനികളുമായി ടൊയോട്ട പങ്കുവച്ചാല്‍ കാറിന്റെ വില കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.വാഹനം സംസ്ഥാനത്തെ നിരത്തിലിറക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്. കൊച്ചി, കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം തുടങ്ങിയ തുറമുഖങ്ങളില്‍ ഹൈഡ്രജന്‍ എത്തിച്ച് തുടര്‍ന്നു പൈപ്പുകള്‍ സ്ഥാപിച്ചു ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനെക്കുറിച്ചു കൊച്ചിന്‍ റിഫൈനറിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കൊച്ചി റിഫൈനറിയുടെ പ്രതിനിധികളും കാറിന്റെ പ്രകടനം വിലയിരുത്തി.2014 ല്‍ ജപ്പാനിലാണ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകള്‍ വിറ്റു. 4 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന ഇടത്തരം സെഡാന്‍ ആണിത്. 60,000 ഡോളര്‍ (42.6 ലക്ഷം രൂപ) ആണ് വില. ഇലക്‌ട്രിക് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്നു എന്നതാണു സാധാരണ ഇലക്‌ട്രിക് – ഹൈബ്രിഡ് കാറുകളുമായുള്ള വ്യത്യാസം. പുകയ്ക്കു പകരം വെള്ളമാകും ഇവ പുറന്തള്ളുക. 140 കിലോമീറ്റര്‍ വരെ വേഗം കിട്ടും. ഫുള്‍ ടാങ്ക് ഇന്ധനം കൊണ്ട് 500 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുണ്ട്.
സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ 22 മുതല്‍ കനത്ത മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തുമെന്ന് മുന്നറിയിപ്പ്. 22 മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് 42 ശതമാനം. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിലാണ് 38 ശതമാനം.ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും കലങ്ങിമറിഞ്ഞും ക്ഷോഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോഴും കേരളതീരത്തിനടുത്ത് അറബിക്കടലില്‍ പതിവില്‍ കവിഞ്ഞ ചൂടു തുടരുകയാണ്. ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു. ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലിലെ അനുപാതം തെറ്റിയുള്ള ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ചൂട് നിലനില്‍ക്കുന്നതിനാല്‍ ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷകര്‍ സൂചിപ്പിക്കുന്നു.ചൊവാഴ്ച വരെ ഈ മണ്‍സൂണ്‍ സീസണില്‍ ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 13% കൂടുതല്‍ മഴ ലഭിച്ചു. തുലാവര്‍ഷത്തിന്റെ ഗതിവിഗതികളെക്കുറിച്ച് അടുത്തമാസം ആദ്യത്തോടെ സൂചന ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പാലാരിവട്ടം പാലം നിര്‍മാണം;സര്‍ക്കാര്‍ നയമനുസരിച്ചാണ് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയതെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിന് കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് പൊതുമരാമത്ത് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്.പാലം നിര്‍മാണത്തില്‍ സര്‍ക്കാര്‍ നയമാണ് നടപ്പാക്കിയത്.മൊബ്‍ലൈസേഷന്‍ അഡ്വാന്‍സ് നല്‍കല്‍ പതിവാണ്, അത് ഇപ്പോഴും തുടരുന്നുമുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മന്ത്രിസഭാ തീരുമാനപ്രകാരമാണ് ടി.ഒ സൂരജിനെ പി.ഡബ്യൂ.ഡി സെക്രട്ടറിയാക്കിയതെന്നും ഇബ്രാഹിംകുഞ്ഞ് വിശദീകരിച്ചു.അതെ സമയം, പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ ടി.ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയിരുന്നു.ഈ മൊഴിയാണ് ഇബ്രാഹിം കുഞ്ഞിന് കുരുക്കായത്.
ആനക്കൊമ്പ് കേസില്‍ ഏഴുവർഷത്തിനു ശേഷം മോഹന്‍ലാലിനെതിരെ വനംവകുപ്പിന്‍റെ കുറ്റപത്രം
തിരുവനന്തപുരം:ആനക്കൊമ്പ് കേസില്‍ നടൻ മോഹന്‍ലാലിനെതിരെ വനംവകുപ്പിന്‍റെ കുറ്റപത്രം.വന്യജീവി സംരക്ഷണ നിയമം മോഹന്‍ലാല്‍ ലംഘിച്ചു എന്ന് കണ്ടെത്തിയ വനംവകുപ്പ് കുറ്റപത്രം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഹന്‍ലാലിനെതിരെ കേസെടുത്ത് ഏഴുവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഏഴ് വര്‍ഷത്തിന് ശേഷവും കേസ് തീര്‍പ്പാക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് കാലതാമസമെന്നും വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്നും ചോദിച്ച ഹൈക്കോടതി പെരുമ്പാവൂർ മജിസ്ട്രേട്ടിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2012 ജൂണിലാണ് രഹസ്യ വിവരത്തെ തുടർന്ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്‌ഡിൽ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണം.ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം
പയ്യന്നൂർ:പിക്കപ്പ് വാനിലേക്ക് കയറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ദേഹത്ത് വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം.കെ എസ് ഇ ബി വെള്ളൂര്‍ സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ കാങ്കോല്‍ പാപ്പാരട്ട പള്ളിക്കുളം കോളനിയിലെ വിമ്ബിരിഞ്ഞന്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.ചന്ദ്രനും മറ്റ് ജീവനക്കാരും ചേര്‍ന്ന് വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കാങ്കോല്‍ സബ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് പുതിയ പോസ്റ്റുകള്‍ പിക്കപ്പ് വാനില്‍ കയറ്റുകയായിരുന്നു.ഇതിനിടെ അബദ്ധത്തിൽ ചന്ദ്രന്റെ ദേഹത്തേക്ക് പോസ്റ്റ് വീഴുകയായിരുന്നു. പരിക്കേറ്റ ചന്ദ്രനെ ഉടന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.