ന്യൂഡൽഹി:പൊതുമേഖലാ ബാങ്കുകൾ ഈ മാസം 26,27 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു.പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പാലാരിവട്ടം പാലം അഴിമതി;ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍
കൊച്ചി:പാലാരിവട്ടം പാലം അഴിമതി;ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍.കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാമെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യങ്ങളറിയിച്ചത്.കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുണ്ട്. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. സുമിത് ഗോയലിന് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജും ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണെന്നാണ് ടി.ഒ സൂരജ് പറഞ്ഞത്.
പാലാ ഉപതിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് പുരോഗമിക്കുന്നു;പോളിങ് ശതമാനം 50 കടന്നു
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.ഏഴുമണിക്കൂര്‍ പിന്നിടുമ്പോൾ 51.13 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാര്‍മാരാണുള്ളത്. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതകളും. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ‌് മെഷീന്‍ ഉപയോഗിക്കുന്നുണ്ട‌്.അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്.1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ആം നമ്പർ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഉപതിരഞ്ഞെടുപ്പില്‍ നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. കൂവത്തോട് ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്.
ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവം;കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി
കണ്ണൂർ:ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.കെപിസിസി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുല്‍സലീം എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഇപ്പോള്‍ വഞ്ചനാക്കുറ്റക്കേസില്‍ റിമാന്റിലാണ്.കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കള്‍ക്കെതിരെ കേസുകൊടുത്തത്.തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നേതാക്കളള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.
കേരളത്തില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 36 മണിക്കൂറിനുള്ളിലാണ് ഗുജറാത്ത് തീരത്തിന് മുകളിലായി രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നത്. വെരാവല്‍ തീരത്തിന്റെ (ഗുജറാത്ത്) തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 150 കിലോമീറ്റര്‍ മാറിയും, കറാച്ചിയുടെ തെക്ക് കിഴക്കു 610 കിലോമീറ്റര്‍ മാറിയും, ഒമാന്റെ കിഴക്ക്, തെക്കുകിഴക്കായി 1220 കിലോമീറ്റര്‍ മാറിയുമാണ് നിലവില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് തീരത്തേക്ക് അടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.കേരളത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, വടക്കുപടിഞ്ഞാറ് അറബിക്കടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു;ഇരുപത് പേര്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലുമാന വില്ലേജിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജയ്പൂരില്‍നിന്നു ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. 85ഓളം പേര്‍ ബസ്സിലുണ്ടായിരുന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. എതിരേ രണ്ടു ട്രക്കുകള്‍ വന്നു. ബസിന്റെ മധ്യഭാഗത്ത് ട്രക്ക് ഇടിക്കുകയും കണ്ടക്ടറുടെ ഭാഗത്ത് ഇരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. ഗുജറാത്തിലെ പലാന്‍പൂരിലേക്ക് കൂലിപ്പണിക്കു പോവുന്നവരാണ് ബസ്സിൽ കൂടുതലായും ഉണ്ടായിരുന്നത്.
മരട് ഫ്‌ളാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും;ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഹാജരാകും
ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകും. ഇന്നലെ രാത്രിയോടെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ഹരീഷ് സാല്‍വെയുമായി ചീഫ് സെക്രട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം.വിധി നടപ്പാലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു എന്നാകും ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിക്കുക. കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്ലാറ്റുടമകള്‍.സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കോടതി അതൃപ്തി അറിയിച്ചാല്‍ ഫ്‌ളാറ്റുകള്‍ ഉടന്‍ തന്നെ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും. അതേസമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗണ്‍സില്‍ കത്ത് അയച്ചിരുന്നു. ഈ കത്തും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.മരടില്‍ തീരദേശ നിയമം ലംഘിച്ചു നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം.
പാലാ ഉപതിരഞ്ഞെടുപ്പ് ഇന്ന്;ആദ്യ രണ്ടുമണിക്കൂറിൽ 13 ശതമാനം പോളിംഗ്
പാലാ:കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പിന്റെ ആദ്യ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ 13 ശതമാനം വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരി എന്നിവരടക്കം 13 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ.എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പാലായില്‍ നൂറുശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിനുമേല്‍ പോളിങ്ങുണ്ടാകുമെന്നും അത് അനുകൂലമാകുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.പാലാ ഗവ. പോളിടെക്നിക്കിലെ ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തിയാണ് മാണി.സി.കാപ്പൻ വോട്ട് രേഖപ്പെടുത്തിയത്.ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും പ്രതികരിച്ചു.
പ്രതീക്ഷകൾ ഇല്ലാതാകുന്നു;വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു
ബെംഗളൂരു:ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു. ചന്ദ്രനില്‍ രാത്രിയായതോടെ വിക്രവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതയും കഴിഞ്ഞു .സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ഇനി ഇസ്രോയുടെ ശ്രമം.സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് അത്ര തന്നെ ദൈര്‍ഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാന്‍ഡറിന് ഇനി പ്രവര്‍ത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി തുടങ്ങിയതോടെ ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ സമയത്ത് ലാന്‍ഡറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവരാനും സാധ്യതയുണ്ട്. അതിനാല്‍ ചന്ദ്രനില്‍ ഇനിയൊരു പകല്‍ വരുമ്പോഴേക്കും ലാന്‍ഡറിന് സുരക്ഷിതമായി നിലനില്‍ക്കാന്‍ ആകില്ല.സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലാണ് നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിക്കുന്നുണ്ട്. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് ഇസ്രോ അറിയിച്ചിട്ടുണ്ട്.