പാലായിൽ എൽഡിഎഫിന് ചരിത്ര വിജയം; ഭൂരിപക്ഷം 2943

keralanews historic victory for ldf in pala

പാലാ:പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി എൽഡിഎഫ്. 54 വര്‍ഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പന്‍ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോള്‍ മാണി സി കാപ്പന്‍ 54,137 വോട്ട് ലഭിച്ചു. എന്‍.ഡി എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരത്രത്തില്‍ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. പത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നിട്ടുനിന്നപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സര്‍വേകളില്‍ മുന്‍തൂക്കം. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്‍ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചില്‍, കൊഴുവനേല്‍ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പന്‍ തന്നെയായിരുന്നു മുന്നില്‍. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എന്‍.സി.പി നേതാവാണു മാണി സി.കാപ്പന്‍.

ഇനി എണ്ണാന്‍ എട്ട് ബൂത്തുകള്‍ മാത്രം;പാലായിൽ വിജയമുറപ്പിച്ച് മാണി.സി.കാപ്പൻ

keralanews only eight booths to count mani c kappan ensure success in pala

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയമുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ. 169ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 2247വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്.177 ബൂത്തുകളാണ് ആകെയുള്ളത്.എണ്ണാന്‍ ഇനി എട്ട് ബൂത്തുകള്‍ മാത്രം. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ രാമപുരം,കടനാട് മേലുകാവ്, മൂന്നിലാവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. അതേ സമയം മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും യുഡിഎഫാണ് ലീഡ് നേടിയത്. മീനച്ചില്‍, കൊഴുവനാല്‍,ഏലിക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്. പോസ്റ്റല്‍ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്തനായിട്ടില്ല. തുടക്കം മുതല്‍ നേരിയ ലീഡിന് മുന്നേറിയ മാണി സി.കാപ്പന്‍ ഓരോ ഘട്ടം കഴിയുന്തോറും ലീഡ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്.രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്‌.

മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നല്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

keralanews marad flat controversy supreme court order to pay compensation to flat owners

ന്യൂഡൽഹി:തീരദേശം നിയമ ലംഘിച്ച് നിർമിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി.പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും ഇവർക്ക് താമസസൗകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണം.നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തിന് 100 കോടി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമയക്രമം കോടതി അംഗീകരിച്ചു. നാല് മാസത്തിനുള്ളില്‍ നടപടിക്രമം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു.

പിറവം പള്ളി തർക്കം;പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി കലക്ടര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

keralanews piravom church controversy the collector will inform the high court that the control of the church was taken over

കൊച്ചി: ഓര്‍ത്തോഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നില്‍ക്കുന്ന പിറവം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. പള്ളിയുടെ താക്കോലും കലക്ടര്‍ ഇന്ന് ഹൈക്കോടതിക്കു കൈമാറും.ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രവേശനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക.കോടതി ഉത്തരവുമായെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ യാക്കോബായ വൈദികരും വിശ്വാസികളും ഗേറ്റ് പൂട്ടി ഉള്ളില്‍ നിലയുറപ്പിക്കുകയും പള്ളയില്‍ പ്രവേശിക്കാതെ തങ്ങള്‍ മടങ്ങില്ലെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും നിലയുറപ്പിച്ചതോടെയാണ് ഇന്നലെ ഹൈക്കോടതി കര്‍ശന നിലപാടെടുത്തത്. യാക്കോബായ വിശ്വാസികളെ പള്ളിയില്‍ നിന്നും ഉടന്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ജില്ലാ കലക്ടറുടെയും പോലിസിന്റെയും നേതൃത്വത്തില്‍ പള്ളിയില്‍ നിന്നും സത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികളെയും വൈദികരെയും അറസ്റ്റു ചെയ്ത് നീക്കി പള്ളിയുടെ നിയന്ത്രണം കലക്ടര്‍ ഏറ്റെടുത്തത്.അറസ്റ്റു ചെയ്ത യാക്കോബായ വൈദികരെയും വിശ്വാസികളെയും പിന്നീട് പോലിസ് വിട്ടയച്ചു.സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയുടെ ഭരണം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്. തുടര്‍നടപടികള്‍ ആലോചിക്കാന്‍ യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ഉച്ചക്ക് കോതമംഗലത്ത് ചേരുന്നുണ്ട്

വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ;ചിത്രങ്ങൾ പുറത്ത്

keralanews nasa reported that vikram lander was crashed in the moon pictures are out

വാഷിങ്ടണ്‍:ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിന് പ്രതീക്ഷിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിങ് അല്ല സംഭവിച്ചതെന്ന് അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ.വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് (ഹാര്‍ഡ് ലാന്‍ഡിങ്) തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ചിത്രങ്ങള്‍ എടുത്തത്. വിക്രം ലാന്‍ഡറിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമം തുടരുമെന്നും നാസ അറിയിച്ചു.അതേസമയം, വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല.സെപ്റ്റംബര്‍ ഏഴിനായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഒക്ക് നഷ്ടപ്പെടുകയായിരുന്നു.ലാൻഡിങ്ങിന് ശേഷം 14 ദിവസമായിരുന്നു വിക്രം ലാന്‍ഡറിന്‍റെ ദൗത്യ കാലാവധി. ഈ കാലാവധി ശനിയാഴ്ചയോടെ അവസാനിച്ചിരുന്നു.

മരട് ഫ്ലാറ്റ് കേസ്;സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്

keralanews marad flat case supreme court final order today

കൊച്ചി:മരട് ഫ്ലാറ്റ് കേസില്‍ സുപ്രിം കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന്. പൊളിക്കുന്നതിന്റെ രൂപരേഖ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും.ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മൂന്ന് മാസം സാവകാശം തേടിയിരുന്നെങ്കിലും എത്ര സാവകാശം കിട്ടുമെന്ന് ഇന്നറിയാം.തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയ കോടതി ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി.കടുത്ത ഭാഷയില്‍ സംസ്ഥാന സര്‍ക്കാറിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും വിമര്‍ശിച്ചു.പൊളിക്കാനുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസില്‍ വിശദമായ ഉത്തരവ് ഇന്നിറക്കുമെന്ന് വ്യക്തമാക്കി.അതേസമയം പാരിസ്ഥിതിക ആഘാതമില്ലാതെ പൊളിക്കാന്‍ മുന്നൊരുക്കം ആവശ്യമായതിനാല്‍ മൂന്ന് മാസത്തെ സാവകാശമാണ് സര്‍ക്കാര്‍ ചോദിച്ചിരുന്നത്. ഇത് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൊളിക്കാനുള്ള സമയപരിധി എത്രയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ഇന്നത്തെ അന്തിമ ഉത്തരവില്‍ വ്യക്തമാക്കും.

പാലായിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു;മാണി സി കാപ്പന്റെ ലീഡ് 3000 കടന്നു;വോട്ട് കച്ചവടം നടന്നതായി ജോസ് ടോം

keralanews pala by election ldf candidate mani c kappan is leading for 3000votes

പാലാ:പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുന്നു.3000 ത്തോളം വോട്ടുകൾക്കാണ് മാണി.സി.കാപ്പൻ നിലവിൽ മുന്നിട്ടു നിൽക്കുന്നത്. രാമപുരം പഞ്ചായത്തിലെയും കടനാട് പഞ്ചായത്തിലെയും വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.അതേസമയം പാലായിൽ വോട്ട് കച്ചവടം നടന്നതായി യുഡിഎഫ് സ്ഥാനാർഥി ടോം ജോസ് ആരോപിച്ചു.ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം പറഞ്ഞു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച്‌ ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യ റൗണ്ടിൽ എൽഡിഎഫിന് മുന്നേറ്റം

keralanews pala by election vote counting progresing ldf leading

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ആദ്യ ലീഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്. 162 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. രാമപുരം പഞ്ചായത്തിലെ ആദ്യ 15 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് മാണി സി.കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത്.തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.പതിനഞ്ച് ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, 4,263 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിരിക്കുന്നത്. 4,101 വോട്ടുകളാണ് ജോസ് ടോം പുലികുന്നേല്‍ നേടിയത്. എന്‍ഡിഎയുടെ എന്‍ ഹരിക്ക് 1929വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 180വോട്ടുകളാണ് കെഎം മാണി ഇവിടെ നേടിയത്.എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും.

കണ്ണൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സിയും സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

keralanews gold and foreign currency seized from kannur airport

കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സിയും സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍.ദോഹയില്‍ നിന്നും എത്തിയ വടകര സ്വദേശിനി ഷരീഫയിൽ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഷരീഫയില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് സ്വര്‍ണ്ണ ചെയിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.ദോഹയില്‍ നിന്ന് പുലര്‍ച്ചെ 5.40ന് എത്തിയ ഇന്‍ഡിഗോ വിമാനയാത്രക്കാരിയായിരുന്നു ഷരീഫ.സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി.കമ്മീഷണര്‍ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെയിന്‍ കണ്ടെടുത്തത്.മലപ്പുറം അരീക്കോട് സ്വദേശി  ഷിഹാബുദ്ദീന്റെ പക്കല്‍ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളറാണ് പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. കഴിഞ്ഞ മാസം ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലരക്കോടി രൂപയുടെ സ്വര്‍ണം യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു.കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാര്‍, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ സോനിദ് കുമാര്‍, അശോക് കുമാര്‍, യൂഗല്‍ കുമാര്‍, ജോയ് സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍മാരായ പാര്‍വതി, മുകേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.

പിറവം പള്ളി തർക്കം;പ്രതിഷേധക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം

keralanews piravom church controversy high court order to arrest the protesters

കൊച്ചി: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടു പിറവം വലിയപള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റു ചെയ്തു നീക്കണമെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.അറസ്റ്റ് ചെയ്ത് നീക്കി ഉച്ചക്ക് മുന്‍പ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കെത്തിയത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. വലിയപള്ളിയില്‍നിന്ന് 500 മീറ്റര്‍ അകലെയുള്ള കാതോലിക്കോസ് സെന്‍ററില്‍നിന്നു പോലീസ് അകമ്പടിയോടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം എത്തിയത്. ഗേറ്റ് തുറന്ന് ഉള്ളില്‍ പ്രവേശിക്കാന്‍ അനുമതി തേടിയെങ്കിലും പോലീസ് നിസംഗത പാലിക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പറയുന്നു.കോടതി വിധി പ്രകാരം പള്ളിക്കുള്ളില്‍ പ്രവേശനം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം. ഓര്‍ത്തഡോക്സ് വൈദികര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശിച്ച്‌ ആരാധന നടത്താന്‍ സംരക്ഷണം നല്‍കാനാണു ഹൈക്കോടതി ഉത്തരവ്. ‌