കടയില്‍ സാധനം വാങ്ങാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീപ്പിടിച്ച്‌ മരിച്ചു

keralanews second std student who went to buy goods at the shop died in a jeep accident

കണ്ണൂർ:കടയില്‍ സാധനം വാങ്ങാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീപ്പിടിച്ച്‌ മരിച്ചു.തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീർ-ഷറിന്‍ ദമ്പതികളുടെ മകന്‍ അയന്‍ സഹീര്‍(7) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 8.30ഓടെയായിരുന്നു അപകടം നടന്നത്.വീട്ടില്‍ നിന്നു തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാൻ പോകവെ കുട്ടിയെ ജീപ്പിടിക്കുകയായിരുന്നു. ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണൂരിലെ റിംസ് സ്കൂളിൽ രണ്ടാം തരം വിദ്യാര്‍ഥിയാണ് അയന്‍. ഉടന്‍ ജില്ലാ ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ഫാത്തിമ.

ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയായി;വട്ടിയൂര്‍കാവില്‍ കുമ്മനം, കോന്നിയില്‍ കെ സുരേന്ദ്രന്‍

keralanews bjp candidates list for by election is ready kummanam rajasekharan in vattiyoorkavu and k surendran in konni

തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക തയ്യാറായി.കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും കെ.സുരേന്ദ്രൻ കോന്നിയിലും മത്സരിക്കും.യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവാണ് അരൂരിലെ സ്ഥാനാര്‍ഥി.എറണാകുളത്ത് രാജഗോപാലും മഞ്ചേശ്വരത്ത് സതീശ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും.ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ഇന്നു തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍.എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനം മത്സരിക്കണമെന്ന തീരുമാനത്തിന് പിന്നിൽ.മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കെ. സുരേന്ദ്രനും. എന്നാല്‍ കോന്നിയിലോ മഞ്ചേശ്വരത്തോ കെ.സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയർന്നിരുന്നു.

മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി

keralanews the supreme court has confiscated the properties of marad flat builders

ന്യൂഡൽഹി:മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്‍റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായർ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു.ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു.

ആലുവയിലെ ഫ്ലാറ്റിൽ നിന്നും സ്ത്രീയുടെയും പുരുഷന്റെയും ഒരാഴ്ച പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി;കൊലപാതകമെന്ന് സംശയം

keralanews the dead bodies of a man and a woman found in a flat in aluva

കൊച്ചി:ആലുവ തോട്ടക്കാട്ടുകരയിലുള്ള ഫ്ലാറ്റിൽ നിന്നും സ്ത്രീയുടെയും പുരുഷന്റെയും ഒരാഴ്ച പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി.ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലെയിനിലെ ഫ്ലാറ്റിലാണ് തൃശ്ശൂര്‍ സ്വദേശികളായ സതീഷിനെയും മോനിഷയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റ് താമസക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതിലുകള്‍ തുറന്നു കിടന്ന നിലയിലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. മുറിയ്ക്കുള്ളില്‍ ബലപ്രയോഗങ്ങള്‍ നടന്നതിന്റെ സൂചനകളും പൊലീസ് പരിശോധിച്ചു വരികയാണ്.ഐഎംഎ ഡിജിറ്റല്‍ സ്റ്റുഡിയോ എന്ന പേരില്‍ വീഡിയോ എഡിറ്റിങ്ങിനായാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നാല് പേരടങ്ങുന്ന ഇവരുടെ സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ഇവ‌ര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി അന്തര്‍വാഹിനി ‘ഐഎന്‍എസ് ഖണ്ഡേരി’ കമ്മിഷന്‍ ചെയ്തു

keralanews i n s khanderi commissioned which give more strength to indian navy

ന്യൂഡൽഹി:ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി അന്തര്‍വാഹിനി ‘ഐഎന്‍എസ് ഖണ്ഡേരി’ കമ്മിഷന്‍ ചെയ്തു.മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മിഷന്‍ ചെയ്തത്‌.സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വ്വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നു നാവിക സേന അറിയിച്ചു. കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുണ്ട്.കല്‍വരി ക്ലാസില്‍ രണ്ടാമത്തേതായ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് ഖണ്ഡേരി.ഇവയില്‍ ആദ്യത്തെ അന്തര്‍വാഹിനിയായിരുന്നു ഐഎന്‍എസ് കല്‍വരി.2017 ആഗസ്റ്റിലാണ് ഐഎന്‍എസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയില്‍ വച്ചും ജലോപരിതലത്തില്‍ വച്ചും ആക്രമണം നടത്താന്‍ ഇതിനു ശേഷിയുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഖണ്ഡേരി കരുത്തേകും. നാവികസേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍.

‘ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍’;യു.എന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

keralanews pakisthan is the only country which provides pension to terrorists india against pakistan in u n

ന്യൂയോർക്:പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ.മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള ഭീകരര്‍ പാകിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാന്‍ ഇമ്രാന്‍ ഖാന് കഴിയുമോ എന്നും വിദിഷ മൈത്ര ചോദിച്ചു. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച്‌ തകര്‍ത്ത ഒസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ഖാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പട്ടികയിലുള്ള 130 ഭീകരര്‍ക്കും 25 ഭീകരസംഘടനകള്‍ക്കും താവളം ഒരുക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇവര്‍ പാകിസ്ഥാനിലില്ലെന്ന് ഇമ്രാന്‍ ഖാന് ഉറപ്പ് തരാന്‍ കഴിയുമോ? യു.എന്‍ പട്ടികയിലുള്ള ഭീകര‌ര്‍ക്ക് പാകിസ്ഥാന്‍ പെന്‍ഷന്‍വരെ നല്‍കുന്നു. പാക് പ്രധാനമന്ത്രി ഭീകരവാദത്തെയും ഒസാമ ബിന്‍ലാദനെയും ന്യായീകരിക്കുന്ന വ്യക്തിയാണ്. പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജമ്മുകാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകും’-വിദിഷ മൈത്ര പറഞ്ഞു.ജമ്മുകാശ്‌മീരില്‍ രക്തച്ചൊരിച്ചിലിന് ഇന്ത്യയാണ് പദ്ധതിയിടുന്നതെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ആരോപിച്ചത്.ന്യൂക്ലിയര്‍ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇരു രാജ്യങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങില്ലെന്നായിരുന്നു ഇമ്രാന്റെ മുന്നറിയിപ്പ്.പ്രസംഗത്തിലുടനീളം കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്‍.

അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നൽകുന്ന ‘റാപിഡ് കണക്ഷൻ’ പദ്ധതിയുമായി കെഎസ്‌ഇബി

keralanews kseb with rapid connection scheme to provide electricity connection upon request

തിരുവനന്തപുരം:അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നൽകുന്ന ‘റാപിഡ് കണക്ഷൻ’ പദ്ധതിയുമായി കെഎസ്‌ഇബി. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷന്‍ ലഭിക്കുന്നത്. മുന്‍പ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്നിനം ഫീസടയ്ക്കണമായിരുന്നു.പിന്നീട് അധികൃതരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭിക്കാനായി ദിവസങ്ങള്‍ എടുക്കുമായിരുന്നു.എന്നാലിപ്പോള്‍ രേഖകള്‍ തയ്യാറാക്കി സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിന് മൂന്നിനം ഫീസുകളും ഒന്നിച്ച്‌ അടയ്ക്കാനാകും.തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷന്‍ നല്‍കേണ്ട സ്ഥലത്തെത്തി കണക്ഷന്‍ നല്‍കും.പുതിയ തൂണുകള്‍ സ്ഥാപിച്ചോ നിശ്ചിത ദൂരപരിധിയില്‍ കൂടുതലുള്ളതോ ആയ കണക്ഷനുകള്‍ തല്‍ക്കാലം റാപ്പിഡ് കണക്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മരട് ഫ്ലാറ്റ് വിവാദം;നാളെ മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഫ്ലാറ്റുടമകൾ

keralanews marad flat controversy flat owners said hunger strike will start from tomorrow

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഫ്ലാറ്റുടമകൾ. നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്‌ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു. ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്‌ളാറ്റ് ഒഴിയുന്നതിന് മുൻപ് നല്‍കുക ,തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നിവയാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ ആ തുക നല്‍കാനായിരുന്നു കോടതി ഉത്തരവ്.തുക ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം.2020 ഫെബ്രുവരി ഒൻപതിനകം ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാമെന്ന സര്‍ക്കാരിന്റെ സത്യവാങ് മൂലവും കോടതി അംഗീകരിച്ചിരുന്നു.

പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും

keralanews the time limit for connecting pan card to aadhaarcard will expire on 30th september

മുംബൈ:പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും.ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പർ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ നമ്പർ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച്‌ പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും.എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ആധാര്‍ നമ്പർ നല്‍കിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍പ്രകാരം പാന്‍ നമ്പർ നല്‍കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നവരാണെങ്കില്‍ മിക്കവാറും പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് www.incometaxindiaefiling.gov.in എന്ന പോര്‍ട്ടലിലൂടെ ഇതുചെയ്യാനാകും. ഇതിലുള്ള ‘ക്വിക് ലിങ്ക്‌സി’ല്‍ ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ലഭിക്കും.

വാഹന പുനർരജിസ്ട്രേഷൻ ഫീസ് 10 മുതൽ 40 ഇരട്ടി വരെ കൂട്ടാൻ തീരുമാനം

keralanews the decision to increase vehicle re registration fees by 10 to 40 times

ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്‌ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷനുള്ള ഫീസ് പത്തിരട്ടി മുതല്‍ 40 ഇരട്ടി വരെ ഉയര്‍ത്തുന്ന പുതിയ കേന്ദ്ര സ‌ര്‍ക്കാര്‍ നയം അടുത്ത ജൂലായില്‍ പ്രാബല്യത്തില്‍ വരും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാകും ഇത് ബാധകമാവുക.കാറുകളും മറ്റു നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും 5 വര്‍ഷത്തേക്കു പുതുക്കി റജിസ്റ്റര്‍ ചെയ്യാന്‍ 15,000 രൂപ അടയ്ക്കണം. പഴയ വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം വന്നേക്കും. ഉരുക്കു വ്യവസായത്തിന് കൂടുതല്‍ ആക്രി സാധനങ്ങള്‍ കിട്ടാനുതകുന്ന ‘സ്ക്രാപ് നയം’ അടുത്തമാസം നടപ്പാക്കുന്നുണ്ട്. ഇതിന്റെ അനുബന്ധമായാണ് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും കൊണ്ടുവരുന്നത്. ഇതിന്റെ കരട് എല്ലാ വകുപ്പുകള്‍ക്കും കൈമാറി. കാബിനറ്റ് നോട്ട് തയ്യാറായി. വൈകാതെ മന്ത്രിസഭയുടെ അംഗീകാരത്തിന് വയ്ക്കും.വാഹനവില്‍പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്നു കേന്ദ്രം പ്രതീക്ഷിക്കുന്നു.പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് ആനുകൂല്യം നല്‍കും. വാഹനഭാഗങ്ങള്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ സംയുക്ത സ്ഥാപനങ്ങളും തുടങ്ങുന്നുണ്ട്. മഹീന്ദ്ര ആക്‌സെലോ എന്ന പേരില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചു. പഴയ വാഹനം പൊളിച്ചു വിറ്റ രേഖ ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹന റജിസ്‌ട്രേഷന്‍ സൗജന്യമാക്കുമെന്ന് മോട്ടര്‍ വാഹന നയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.