തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്സി പരീക്ഷാ ക്രമക്കേട് പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്‌എംഎസ് ആയി അയച്ചുനൽകിയ പൊലീസുകാരന്‍ കീഴടങ്ങി.പേരൂര്‍ക്കട എസ്‌എപി ക്യാംപിലെ സിപിഒ യും നാലാംപ്രതിയുമായ ഗോകുലാണ് കീഴടങ്ങിയത്.നസീമിനും പ്രണവിനും ഉത്തരങ്ങള്‍ അയച്ച് കൊടുത്തത് ഗോകുലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
പാലാരിവട്ടം മേല്‍പാലം അഴിമതി; ടി ഒ സുരജടക്കം നാലു പ്രതികളെ കോടതി വിജിലന്‍സ് കസ്റ്റഡിയില്‍വിട്ടു
കൊച്ചി:പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാലു പേരെ കോടതി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഉന്നതന്മാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ ശേഷിയുള്ളവരുമായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നും കാണിച്ച് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാലു പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുുന്നത്. ടി ഒ സൂരജിനെ കൂടാതെ പാലത്തിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രോജക്‌ട്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ്‌കോ മുന്‍ മാനേജിങ് ഡയറക്ടര്‍ ബെന്നി പോള്‍, പി ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വെള്ളിയാഴ്ചയാണ് ടി ഒ സൂരജ് ഉള്‍പ്പടെ 4 പ്രതികളെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. നേരത്തെ കേസില്‍ ചോദ്യം ചെയ്ത മൂന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാനും വിജിലന്‍സ് തീരുമാനച്ചിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര പ്രളയ ധനസഹായ വിതരണം ഇന്ന് മുതൽ;ആദ്യഘട്ടത്തില്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര പ്രളയ ധനസഹായ വിതരണം ഇന്ന് മുതൽ ആരംഭിക്കും.ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അടിയന്തരധനസഹായം നല്‍കുന്നത്.തിങ്കളാഴ്ച മുതല്‍ ദുരിതബാധിതരുടെ അക്കൗണ്ടില്‍ അടിയന്തരധനസഹായം എത്തി തുടങ്ങും.ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കു പുറമെ, പ്രളയ സാധ്യത മുന്നില്‍ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളില്‍ മാറിത്താമസിച്ച കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായത്തിന് അര്‍ഹത ഉണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്യുകയും ഭക്ഷണം നല്‍കുകയും ചെയ്ത കുടുംബങ്ങള്‍, ഒറ്റയ്ക്കും കുടുംബമായും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കും ധനസഹായം നല്‍കും.സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ ധനസഹായം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കണ്ണൂർ:കണ്ണൂരില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് അപ്രതീക്ഷിത പ്രതിഷേധം.കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തി പുറത്തേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്ബോഴായിരുന്നു ഡിജിപിക്കു നേരെ ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഡിജിപി ലോക്‌നാഥ് ബഹ്‌റ പോലീസിന്റെ പണിയല്ല സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം ഭാരവാഹികളായ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള ഒരു സംഘം പ്രവര്‍ത്തകരാണ് ഡിജിപിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.’സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പ്രവര്‍ത്തിക്കുന്നു’ എന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരേയാണ് മാനനഷ്ടത്തിന് നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിമര്‍ശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അസാധാരണ നീക്കമെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ബെഹ്റയ്ക്കുമെതിരേ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ബുള്ളറ്റും വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു
കാസർകോഡ്:ബുള്ളറ്റും വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു.എസ് ബി ഐ കണ്ണൂര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചീഫ് മാനേജറും കാസര്‍കോട് കുഡ്‌ലു സ്വദേശിയുമായ ഗിരീഷ് കുമാര്‍ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 7.50 മണിയോടെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടമുണ്ടായത്. ഗിരീഷ് കുമാര്‍ സഞ്ചരിച്ച ബുള്ളറ്റില്‍ എതിരെ വരികയായിരുന്ന വാനിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിക്കോത്തുള്ള ഭാര്യാ വീട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അമ്പിളിയാണ് ഭാര്യ.ഏക മകള്‍ അനഘ ഗിരീഷ്.ചന്തേര അഡീ. എസ് ഐ വിജയന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍
പയ്യന്നൂർ:കേരളത്തിൽ പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍.കണ്ണൂര്‍ പയ്യന്നൂര്‍ മേഖലയില്‍ മത്തിയുടെ വിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി.25 രൂപയ്ക്കാണ് ഇന്നലെ മത്തി വിറ്റഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.10 രൂപയ്ക്കും ചില മത്സ്യ മാര്‍ക്കറ്റില്‍ മത്തി വിറ്റഴിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.25 വര്‍ഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു.അയല 70 രൂപയ്ക്കും കേതല്‍ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ഫിഷ് മില്‍ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിക്ക് 300 രൂപയിലധികം വിലയുണ്ടയിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പ്;അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
കോട്ടയം: അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ടോം ജോസിന്‍റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്. മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗമായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്.ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരായ അവിശ്വാസ പ്രമേയം യുഡിഎഫ് ബഹിഷ്കരിക്കും
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷിനെതിരെ ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം യുഡിഎഫ് ബഹിഷ്കരിക്കും. യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.നേരത്തെ, മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം യുഡിഎഫ് വിജയിച്ച സാഹചര്യത്തില്‍ മേയര്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ നാലിന് നടക്കാനിരിക്കെയാണ് എല്‍ഡിഎഫ് രാകേഷിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. സുമാ ബാലകൃഷ്ണനാണ് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി.
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇതേ തുടർന്ന് ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി ജില്ലകളിലും, ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കേരളത്തില്‍ കാലവര്‍ഷം ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31വരെ ശരാശരി 1780.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കില്‍ 1869.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.