കണ്ണൂർ:പോലിസിനെ നിരീക്ഷിക്കാൻ സിഐടിയു ഡ്രൈവർമാരുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്.പോലീസിന്റെ നീക്കങ്ങൾ അറിയാനും പങ്കുവെയ്ക്കാനുമാണ് സിഐടിയു ഡ്രൈവേഴ്സ് എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ് തുടങ്ങിയിരിക്കുന്നത്.ജില്ലയിലെ മലയോരമേഖലയായ പെരിങ്ങോം കേന്ദ്രീകരിച്ചാണ് ഗ്രൂപ്.90 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.നിരവധി ക്വാറികൾ ഉള്ള പ്രദേശമാണ് പെരിങ്ങോം മേഖല.ഇവിടെ പോലീസിന്റെ നീക്കങ്ങളും പരിശോധനകളും നിരീക്ഷിക്കുന്നതിനായാണ് ഗ്രൂപ് രൂപീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.രാവിലെ മുതൽ രാത്രിവരെയുള്ള പെരിങ്ങോം പോലീസിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഗ്രൂപ്പിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നതായി ഗ്രൂപ്പിലുള്ള ശബ്ദ സന്ദേശങ്ങൾ വ്യക്തമാക്കുന്നു.പോലീസ് വാഹനങ്ങൾ ഇപ്പോൾ എവിടെയാണുള്ളതെന്നും ഇനി എങ്ങോട്ടാണ് പോകുന്നതെന്നുമുള്ള വിവരങ്ങളെല്ലാം ഗ്രൂപ്പിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.ക്വാറി മാഫിയയുടെയും ചെങ്കല്ല് കടത്തുകാരുടെയും നീക്കങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ ഗ്രൂപ് പ്രവർത്തിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.ഗ്രൂപ്പിന്റെ പ്രവർത്തനം പെരിങ്ങോം പോലീസ് കണ്ടെത്തുകയും തളിപ്പറമ്പ് ഡിവൈഎസ്പിയെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു;കാറിനുള്ളിൽ കുടുങ്ങിയ ഒരു യുവാവിന്റെ നില അതീവ ഗുരുതരം
കാസർകോഡ്:ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു.ആദൂര്‍ കുണ്ടാറിലെ സാജിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഫറു (26) വിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ ചര്‍ച്ചിനും പള്ളിക്കുമിടയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ വലിയ കാഞ്ഞിരമരം കടപുഴകി വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ മരം മുറിക്കുന്നവരെയും ജെ സി ബിയും കൊണ്ടുവന്ന് ഒരു മണിക്കൂറിന് ശേഷം മരം മുറിച്ച് പുറത്തെടുക്കുമ്പോഴേക്കും സാജിദ് മരിച്ചിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ആദൂര്‍ പോലീസും സ്ഥലത്തെത്തി.ഇപ്പോള്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണന് ജയം
കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണന് ജയം. 25നെതിരെ 28 വോട്ടുകൾക്കാണ് സുമ ബാലകൃഷ്ണന്‍ ജയിച്ചത്. മുൻ മേയർ ഇ.പി ലത യായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫിലെ ഇ.പി ലതക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കണം;പ്രവൃത്തിദിനം 5 മതിയെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാർശ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കി പ്രവൃത്തി ദിവസം അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ. വിരമിക്കല്‍ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രവൃത്തിദിനം അഞ്ചുദിവസമായി കുറയ്ക്കുന്നത് വഴി ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച അവധി നല്‍കുന്നതിനു പകരം പ്രവൃത്തിദിനങ്ങളിലെ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഒന്നിനും രണ്ടിനുമിടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം.ജീവനക്കാര്‍ ഓഫിസിലെത്തുന്നതും തിരികെ പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തി നിശ്ചിത സമയം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ 20 ദിവസമുള്ള കാഷ്വല്‍ ലീവ് 12 ദിവസമായി ചുരുക്കാനും ശുപാര്‍ശയില്‍ പറയുന്നു. കൂടാതെ പൊതു അവധികള്‍, നിയന്ത്രിത അവധികള്‍, പ്രത്യേക അവധികള്‍ എന്നിവ മൂന്നായി തിരിക്കണം. പൊതു അവധികള്‍ 9 ആക്കി കുറയ്ക്കണം. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടു ദിവസം), ക്രിസ്മസ്, ഈദുല്‍ ഫിത്തര്‍, മഹാനവമി എന്നിവയ്ക്ക് മാത്രം പൊതുഅവധി നല്‍കിയാല്‍ മതി. മറ്റ് അവധികള്‍ പ്രത്യേക അവധികളായിരിക്കും. ഒരാള്‍ക്ക് 8 പ്രത്യേക അവധി എടുക്കാം.പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40 ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞപ്രായം 18ല്‍നിന്ന് 19 ആക്കണം. ഒരു തസ്തികയ്ക്ക് നാല് അവസരം മാത്രമേ നല്‍കാവൂ. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയില്‍ പറയുന്നു.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; കോഴിയിറച്ചി വാങ്ങിയ ചിക്കന്‍ സ്റ്റാള്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു
കാസർകോഡ്:വിവാഹത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ.കഴിഞ്ഞ ദിവസം നീലേശ്വരം കോട്ടപ്പുറത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയുണ്ടായത്.നിരവധി പേര്‍ ചികിത്സയിലായതോടെ നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്കിറങ്ങുകയും കോട്ടപ്പുറം റോഡിലെ മദീന ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് കോഴിയിറച്ചി വാങ്ങിയതെന്നും കണ്ടെത്തി.തുടരന്വേഷണത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നറിഞ്ഞതോടെ ചിക്കൻ സ്റ്റാള്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു.പള്ളിക്കര ചെമ്മാക്കര പ്രദേശത്തുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കേരളത്തിലെ 15 ശാഖകള്‍ പൂട്ടിയെന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ പത്ര പരസ്യം;പ്രശ്ന പരിഹാരത്തിനായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ശാഖകളിൽ ഇന്ന് മുതൽ സ്വർണ പണയത്തിൻമേൽ വായ്പ നൽകില്ല. ശാഖകൾ പൂട്ടുന്നതിന്‍റെ കാരണം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല.എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്. പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നും അറിയിപ്പിൽ പറയുന്നു.അതേസമയം മുത്തൂറ്റ് സമരം സങ്കീർണമാകുന്ന സാഹചര്യത്തിൽ പ്രഴ്നപരിഹാരത്തിനായി ഇന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ ചർച്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാൻസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.മുൻകാല ചർച്ചകളിലെ തീരുമാനങ്ങൾ മാനേജ്മെന്‍റെ നടപ്പിലാക്കാത്തത് കൊണ്ടാണ് സമരമെന്നാണ് തൊഴിലാളികളുടെ പക്ഷം. അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും സമരം സ്ഥാപനത്തെ തകർക്കാനാണ് എന്നുമാണ് മാനേജ്മെന്‍റ് നിലപാട്. സമരം തുടരുകയാണെങ്കിൽ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ;കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറസ്റ്റില്‍
ബെംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാലുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണു ഇഡി സമന്‍സ് അയച്ചത്.429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് വകുപ്പുകളിലായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.2017 ജൂലായില്‍ ശിവകുമാറും മകളും പണം നിക്ഷേപവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി 8.59 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പ്;ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ്
കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ചിഹ്നം നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വഴി ജോസ് കെ മാണിയെ അറിയിച്ചുവെന്നും ചിഹ്നത്തിന്‍ മേല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി.ചൊവ്വാഴ്ച ചിഹ്ന തര്‍ക്കത്തില്‍ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തര്‍ക്കത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാര്‍ഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.എന്നാൽ രണ്ടില ചിഹ്നം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് ടോം പറഞ്ഞു. മറ്റ് ചിഹ്നമാണ് കിട്ടുന്നതെങ്കിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് ടോം വ്യക്തമാക്കി.അതേസമയം ജോസ് ടോമിന്‍റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോസ് ടോം യുഡിഎഫിന്‍റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ കോർപറേഷൻ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; സുമ ബാലകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്.രാവിലെ പതിനൊന്ന് മണിക്ക് കോര്‍പ്പറേഷന്‍ ഹാളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. മുന്‍ മേയര്‍ ഇ.പി ലതയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫിലെ ഇ.പി ലതക്ക് മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.55 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗ സംഖ്യ. ഒരു കൗണ്‍സിലറുടെ മരണത്തെ തുടര്‍ന്ന് എല്‍.ഡി.എഫിന് നിലവില്‍ 26 അംഗങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് അടക്കം യു.ഡി.എഫിന് 28 അംഗങ്ങളുടെ പിന്തുണയുണ്ട്.അട്ടിമറികളൊന്നും ഉണ്ടായില്ലങ്കില്‍ സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.പി.കെ രാഗേഷിനോട് എതിര്‍പ്പുള്ള യു.ഡി.എഫ് അംഗങ്ങളില്‍ ആരുടെയെങ്കിലും പിന്തുണയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ .എന്നാല്‍ അത്തരം സാധ്യതകളെ യു.ഡി.എഫ് പൂര്‍ണമായും തള്ളിക്കളയുകയാണ്.
ശ്രീറാം വെങ്കിട്ടരാമൻ കേസിൽ പോലീസിന്റെ കള്ളക്കളി പൊളിയുന്നു;അപകട സമയത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നതായി വിവരാകാശ രേഖ
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ കള്ളക്കളികള്‍ പൊളിയുന്നു. അപകടസമയം പരിസരത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞു. അപകടസമയം മ്യൂസിയം,രാജ്ഭവന്‍ പരിസരത്തെ ഏഴ് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നും വെള്ളയമ്പലത്തെ ക്യാമറ മാത്രമാണ് പ്രവര്‍ത്തിക്കാതിരുന്നതെന്നും വിവരാകാശരേഖയിലൂടെ വ്യക്തമായി.പോലീസ് തന്നെ നല്‍കിയ വിവരാവകാശ രേഖയിലുള്ള മറുപടിയിലാണ് സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാവുന്നത്. മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന്‍ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫിക്സഡ് ക്യാമറകളും ഉണ്ടായിരുന്നു. തലസ്ഥാന നഗരിയില്‍ 235 ക്യാമറകള്‍ ഉണ്ടെന്നും അതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം. അത് കൃത്യമായി ശേഖരിച്ചില്ല എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.