കൊച്ചി: അനധികൃതമായിനിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനായി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചു. തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം ഇരുപതിനകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിയാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് താമസക്കാര്‍. ഫ്‌ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തതോടെ ഫ്‌ളാറ്റുടമകള്‍ വലഞ്ഞിരിക്കുകയാണ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മ്മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച് കത്ത് നല്‍കി.പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒഴിഞ്ഞ് പോകില്ലെന്നുമാണ് അതേസമയം ഉടമകളുടെ നിലപാട്.ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോയാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു.ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് കമ്പനികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഇന്നവസാനിക്കും. ഇതുവരെ എട്ട് കമ്പനികള്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. പ്രൊഫ. ദേവദാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ഫ്ലാറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന ഉയര്‍ന്ന പിഴത്തുകക്ക് ഒറ്റത്തവണ മാത്രം ഇളവു നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം:ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന ഉയര്‍ന്ന പിഴത്തുകക്ക് ഒറ്റത്തവണ മാത്രം ഇളവു നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കും. എന്നാൽ അന്തിമ തീരുമാനം കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ ഉണ്ടാകൂ എന്നാണ് ഗതാഗത മന്ത്രി അറിയിച്ചു.കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ എതിര്‍പ്പും ശക്തമായി. ഈ സാഹചര്യത്തിലാണ് നിയമം പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഴ തുക പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച വരെ ഒരു പിഴയും ഈടക്കില്ല. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിടിക്കപ്പെടുന്നതില്‍ പകുതിപ്പേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണിത്. ഒരേകുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. ഉയര്‍ന്നപിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്ക് മാറ്റം വരും. ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളു. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ ഈടാക്കണമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് മുന്‍പില്‍ വച്ചിരിക്കുന്ന നിര്‍ദേശം. അതായത് ഹെല്‍മറ്റ് ധരിക്കാത്തതിന് ആദ്യം പിടിച്ചാല്‍ അഞ്ഞൂറും വീണ്ടും പിടിച്ചാല്‍ ആയിരവുമായിരിക്കും പിഴ. പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടോര്‍വാഹനവകുപ്പ് തയാറാക്കിത്തുടങ്ങി. മിനിമം ഇത്ര മുതല്‍ പരമാവധി ഇത്രവരെ എന്ന് പറയുന്ന അഞ്ച് വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല. ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക , ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നിവയാണിത്. മറ്റുള്ളവയില്‍ നിശ്ചിത തുക തന്നെ ഈടാക്കണമെന്നാണ് ഭേദഗതിയില്‍ നിഷ്‌കര്‍ഷിക്കുന്നത്.
മോട്ടോര്‍ വാഹന നിയമ ഭേദഗതി;പിഴത്തുക പകുതിയാക്കാൻ കേരളം;അന്തിമ തീരുമാനം തിങ്കളാഴ്‌ച
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക പകുതിയോളം കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ നീക്കം.നിരക്ക് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താകും തീരുമാനമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.കേന്ദ്രം വ്യക്തത വരുത്തുന്നതുവരെ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കേസെടുത്തു നോട്ടിസ് നല്‍കും. അന്തിമ തീരുമാനമായ ശേഷമാകും തുടര്‍നടപടി.വര്‍ധിപ്പിച്ച തുക 40–60 ശതമാനം കുറയ്‌ക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവയ്‌ക്കുള്ള പിഴ കുറയ്‌ക്കേണ്ടെന്നാണ് ആലോചന. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കാതെ യാത്രചെയ്യുന്നതിനുള്ള പിഴ 1000 എന്നത് 500 രൂപയാക്കിയേക്കും.ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീര്‍ന്ന് ഒരു ദിവസം കഴിഞ്ഞ് പിടിക്കപ്പെട്ടാല്‍ 10,00 രൂപ ഈടാക്കാനാണ് കേന്ദ്രനിയമം നിര്‍ദേശിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തിനകം പുതുക്കിയില്ലെങ്കില്‍ വീണ്ടും ടെസ്റ്റ് വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ് വന്നേക്കും. പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികള്‍ നാട്ടിലെത്തി പുതുക്കുന്നതാണ് പരിഗണിക്കുന്നത്.കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമനടപടി.
അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ:അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് യുവതിയുടെ തലയിൽ വീഴുകയും ഇതോടെ താഴെവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നിൽ നിന്നും വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയുമായിരുന്നു. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എൻജിനീയറായ ശുഭ ശ്രീ ആണ് മരിച്ചത്.പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ മേല്‍ പടുകൂറ്റന്‍ ഫ്ലക്സ് വന്നു വീഴുകയായിരുന്നു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് ഉപ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ ഉള്‍പ്പെടെയുള്ളവരെ സ്വാഗതം ചെയ്യാന്‍വച്ച ഫ്ലകസ് ബോര്‍ഡാണ് തകര്‍ന്നു വീണത്.ഫ്ളക്സ് ബോർഡ് ദേഹത്ത് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.പോലീസിനോടും കോര്‍പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.കൂടാതെ യുവതിയുടെ ശരീരത്തിലേക്ക് കയറിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.
മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും
കൊച്ചി:മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭാ നോട്ടീസ് നൽകിയത്. ഇതിനെതിരെ മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍.മരട് നഗരസഭക്ക് മുന്നില്‍ ശക്തമായ സമരം നടത്താനാണ് തീരുമാനം. ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും ഇന്ന് ആരംഭിക്കും.സമരത്തിന് പിന്തുണയുമായി ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെത്തും.അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും കാണിച്ച് ഒഴിപ്പിക്കല്‍ നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ മറുപടി നല്‍കിയിരുന്നു.നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍. സുപ്രീംകോടതിവിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ തിരുത്തൽ ഹരജി നൽകിയിട്ടുമുണ്ട്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചു മാത്രമേ താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് മരട് നഗരസഭ നേരത്തേ വ്യക്തമാക്കിയിരുന്നു.വിഷയത്തിൽ രാഷ്ട്രീയ പാർട്ടികള്‍ ഇടപെട്ടതോടെ നിയമപോരാട്ടം ശക്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.
ഓണാഘോഷം;നെടുമ്പാശ്ശേരിയിൽ നിന്ന് ഗള്‍ഫിലേക്ക് ഇത്തവണ കയറ്റിയയച്ചത് 250 ടണ്‍ പച്ചക്കറികള്‍
കൊച്ചി:ഓണം പ്രമാണിച്ച് ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്ന് ഗള്‍ഫിലേക്ക് കയറ്റിയയച്ചത് 250 ടണ്‍ പച്ചക്കറികള്‍.ഗള്‍ഫിലേക്ക് പറന്ന പച്ചക്കറികളില്‍ വെണ്ടയ്ക്ക, പയര്‍, പാവയ്ക്ക, വഴുതനങ്ങ, നേന്ത്രക്കായ, ഞാലി പൂവന്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളങ്ങ തുടങ്ങി ഇഞ്ചിയും കറിവേപ്പിലയും വരെയുണ്ട്. മസ്‌ക്കറ്റ്, കുവൈറ്റ്, ഷാര്‍ജ, തുടങ്ങിയ എല്ലാ ഗള്‍ഫ് നാടുകളിലും പച്ചക്കറികള്‍ എത്തുന്നുണ്ടെങ്കിലും അബുദാബി, ദുബായ്, എന്നിവിടങ്ങളിലാണ് പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടുതൽ.അതേ സമയം, മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ ഒന്നും നെടുമ്ബോശ്ശേരിയില്‍ നിന്നും ഇത്തവണ പോയിരുന്നില്ല. സാധാരണ യാത്രാ വിമാനങ്ങളിലെ കാര്‍ഗോ വഴിയാണ് ഇത്തവണ പച്ചക്കറി കയറ്റുമതി ചെയ്തത്.
വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതായി ഐഎസ്ആർഒ
ബംഗളൂരു:ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതായി ഐഎസ്ആർഒ.വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഏഴു ദിവസം പിന്നിട്ടിട്ടും ആശയവിനിമയം വീണ്ടെടുക്കാനായിട്ടില്ല.സപ്റ്റംബര്‍ ഏഴിന് പുലര്‍ച്ച 1.45ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ ചന്ദ്രോപരിതലത്തില്‍നിന്നും 2.1 കിലോമീറ്റര്‍ പരിധിക്കുശേഷമാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടമാകുന്നത്. വിക്രം ലാന്‍ഡറിലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസമേ ആയുസ്സുള്ളൂ. അതിനാല്‍തന്നെ ഇനി ഏഴുദിവസം കൂടി മാത്രമേ ലാന്‍ഡറിനും അതിനുള്ളിലെ പ്രഗ്യാന്‍ റോവറിനും പ്രവര്‍ത്തിക്കാനാകൂ.കുറഞ്ഞ സമയത്തിനുള്ളില്‍ ആശയ വിനിമയം പുനഃസ്ഥാപിക്കുക എന്ന വെല്ലുവിളിയാണ് ഐ.എസ്.ആര്‍.ഒയുടെ മുന്നിലുള്ളത്.വരും ദിവസങ്ങളില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം വീണ്ടെടുക്കാന്‍ കഴിഞ്ഞാലും പര്യവേക്ഷണത്തിന് സാധ്യത വിദൂരമാണ്. ഒരോ മണിക്കൂര്‍ പിന്നിടുംതോറും ലാന്‍ഡറിലെ ബാറ്ററി ചാര്‍ജ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വൈകുംതോറും പ്രവൃത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരോ മിനിറ്റിലും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള സാധ്യത നേര്‍ത്തുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം;തൃശൂരില്‍ വ്യാപാരിയെ കുത്തിക്കൊന്നു
തൃശൂര്‍: മാപ്രാണത്ത് പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത്രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകന് ആക്രമണത്തില്‍ പരിക്കേറ്റു.രാജന്റെ വീടിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് ആക്രമണം നടത്തിയത്.പ്രതികൾ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ രാത്രി12 മണിയോടെയാണ് സംഭവം.രാജന്റെ വീടിന് മുന്നിലുള്ള വര്‍ണ തീയേറ്ററിലെ പാര്‍ക്കിങ് ആണ് തര്‍ക്കത്തിന് കാരണമായത്. തീയേറ്ററിലെ പാര്‍ക്കിങ് സ്ഥലം നിറഞ്ഞാൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് രാജന്റെ വീടിന് സമീപത്താണ്.ഇത് സംബന്ധിച്ച് നേരത്തേ രാജന്‍ തീയേറ്റര്‍നടത്തിപ്പുകാരനുമായി സംസാരിച്ചിരുന്നു. ഇന്നലെ ഇത് സംബന്ധിച്ച സംസാരം വാക്കേറ്റത്തിലെത്തി. തുടർന്ന് രാത്രി 12 മണിയോടെ എത്തിയ അക്രമികള്‍ രാജനെ വീട്ടില്‍ കയറികുത്തുകയായിരുന്നു. ഏറെ നേരം രക്തം വാര്‍ന്നു കിടന്ന രാജന്‍ വീട്ടില്‍വെച്ചു തന്നെ മരിച്ചു.ഇതിനിടെ രാജന്റെ മരുമകന്‍ വിനുവിന് ബിയര്‍ബോട്ടില്‍ കൊണ്ട് തലക്ക് അടിയേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദേശ ബാങ്കുകളിലെ നിക്ഷേപം;മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ന്യൂഡല്‍ഹി:വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്‍റെ പേരില്‍ അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.മുകേഷ് അംബാനി, ഭാര്യ നീത അംബാനി, മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആദായ നികുതി വകുപ്പിന്‍റെ മുംബൈ യൂണിറ്റാണ് നോട്ടീസ് നല്‍കിയത്.2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അക്കൗണ്ടിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തല്‍.വിദേശ അക്കൗണ്ടുകള്‍ സംബന്ധിച്ച് 2011ലാണ് ഇന്ത്യയ്ക്ക് വിവരം ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വസ്തുതകള്‍ കണ്ടെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അംബാനിയുടെ കുടുംബം അഭിപ്രായപ്പെട്ടു.
പൊതുമേഖല ബാങ്കുകളുടെ ലയനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സെപ്റ്റംബര്‍ 26-നും 27-നും സമരം പ്രഖ്യാപിച്ച് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍
ചണ്ഡീഗഢ്:പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും.നവംബര്‍ രണ്ടാംവാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എ.ഐ.ബി.ഒ.സി. ജനറല്‍ സെക്രട്ടറി ദീപല്‍ കുമാര്‍ വ്യാഴാഴ്ച അറിയിച്ചു. ശമ്ബളപരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷനല്‍ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഗ്രസ്, നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫിസേഴ്‌സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. 10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ ആഗസ്റ്റ് 30നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.