കണ്ണൂര്‍:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇരുപത്തിയാറ് എല്‍.ഡി.എഫ് കൌണ്‍സിലര്‍ ഒപ്പിട്ട നോട്ടീസാണ് കലക്ടര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ ഇ.പി ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ രാഗേഷ് പിന്തുണക്കുകയും എല്‍.ഡി.എഫിന് മേയര്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ചന്ദ്രയാന്‍ 2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും
ബെംഗളൂരു:ഇന്ത്യയുടെ ചാന്ദ്ര ഗവേഷണ ദൌത്യമായ ചന്ദ്രയാന്‍ രണ്ടിനെ ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും.രാവിലെ 8.30നും 9.30 നുമിടയിലാണ് ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്.ദൌത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന്‍ ആഗസ്റ്റ് 14 നാണ് ചന്ദ്രന്‍റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം കുതിച്ചത്. 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറില്‍ 39000 കിലോമീറ്ററോളം വേഗത്തില്‍ കുതിക്കുന്ന പേടകത്തിന്‍റെ വേഗം നിയന്ത്രിച്ചാണു ഭ്രമണപഥത്തിലേക്കു കടത്തുക.ചന്ദ്രന്‍റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐഎസ്‌ആര്‍ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്ബോള്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്.ഇതിനായി ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണപഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്‍റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.തുടര്‍ന്ന് ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൌത്യം പൂര്‍ണമാകും. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.
ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.ഒരുവര്‍ഷത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്.ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇരുവരും മറുപടി നല്‍കിയില്ല.ശ്രീറാം വെങ്കിട്ടരാമന്‍റെയും വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് െസക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.
പിഎസ്‌സി പരീക്ഷാ ക്രമക്കേട്;റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം:പിഎസ്‌സിയുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.ശിവരഞ്ജിത്, നസിം എന്നിവരെ ജയിലിലെത്തിയാവും ചോദ്യം ചെയ്യുക. യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശേഷമാണ് ഇവര്‍ ഉള്‍പ്പെട്ട പരീക്ഷ ക്രമക്കേട് പുറത്തുവന്നത്.ശിവരഞ്ജിത്ത്, പ്രണവ്, നസിം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഢാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്‌എംഎസ്സുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ.എന്നാൽ പരീക്ഷാ പേപ്പര്‍ ചോര്‍ത്തി മുന്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് എസ്‌എംഎസ് മുഖേന ഉത്തരമയച്ച പോലിസുകാരനുള്‍പ്പടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുകയാണ്.ഉത്തരം അയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയെന്നത് കേസില്‍ നിര്‍ണായകമാണ്. ഈ ഫോണുകളില്‍നിന്നാണ് ഫൊറന്‍സിക് പരിശോധനയിലൂടെ പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോവുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്താനായില്ല.
എറണാകുളം പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം:എറണാകുളം പുതുവൈപ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആനക്കാരന്‍ വീട്ടില്‍ സുഭാഷന്‍, ഭാര്യ ഗീത, മകള്‍ നയന എന്നിവരാണ് മരിച്ചത്.നേരത്തെ മകളെ കാണാനില്ലെന്ന പരാതിയുമായി സുഭാഷന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ബംഗളൂരു വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്ന മകള്‍ നയന കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം താമസിക്കുന്നതായി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് സുഭാഷന്‍ മകളെ രണ്ടു ദിവസം മുമ്ബ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതായും പോലീസ് പറഞ്ഞു. സംഭവദിവസം രാവിലെ കുടുംബാഗങ്ങളെ പുറത്തു കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും;30 മരണം
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഗണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 30 പേര്‍ മരിച്ചു.ഞായറാഴ്ച റെക്കോര്‍ഡ് മഴ ലഭിച്ച ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു.ഹിമാചല്‍ പ്രദേശില്‍ നൂറു കണക്കിന് ടൂറിസ്റ്റുകള്‍ കുടുങ്ങി കിടക്കുന്നതാണ് റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളിലെ പല മേഖലകളിലും കനത്ത മഴയുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. യമുനനദി കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കി.ശക്തമായ മഴയില്‍ കുളു – മണാലി ദേശീയപാത -3 തകർന്നു. ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഇതുവരെയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും മേഘവിസ്‌ഫോടനത്തില്‍ 22 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ
തിരുവനന്തപുരം:എടിഎമ്മുകളില്‍ നിന്ന് പണം പിൻവലിക്കുന്നതിന് സമയ നിയന്ത്രണം ഏര്‍പ്പെടുത്തി എസ്ബിഐ.ഇനി എടിഎം സേവനങ്ങള്‍ രാത്രി 11 മുതല്‍ രാവിലെ ആറുവരെ ലഭ്യമാകില്ല എന്നാണ് എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ സമയനിയന്ത്രണങ്ങളുമായി എസ്ബിഐ രംഗത്തുവന്നിരിക്കുന്നത്.തട്ടിപ്പുകള്‍ വ്യാപകമാകുന്നതായും നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും പരാതികള്‍ ഉയര്‍ന്നതോടെ പല നിയന്ത്രണങ്ങളും ബാങ്ക് അധികൃതര്‍ കൊണ്ടുവന്നിരുന്നെങ്കിലും അവയൊന്നും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സമയനിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. പുതിയ മാറ്റത്തെക്കുറിച്ച് എടിഎം സ്‌ക്രീനിലും ശാഖകളിലും പ്രദര്‍ശിപ്പിച്ച് ഇടപാടുകാരെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
ശ്രീറാം വെങ്കിട്ടരാമൻ കേസ്:പരിശോധിക്കാന്‍ തയാറായില്ലെന്ന വാദം തെറ്റ്;പോലീസിനെതിരെ ഡോക്റ്റർമാരുടെ സംഘടന
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ പോലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ശ്രീറാമിന്‍റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് വാദം തെറ്റാണ്.ശ്രീറാമിന്റെ ദേഹ പരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്.രക്തപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടില്ല.നിയമപരമായ നടപടിക്രമങ്ങള്‍ ഡോക്ടര്‍ പാലിച്ചിരുന്നു. എസ്‌ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രക്തപരിശോധന നടത്തിയില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കളവാണെന്നും സംഘടന പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.രക്ത പരിശോധന നടത്താത്തതില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.പ്രത്യേക അന്വേഷണസംഘത്തലവന്‍ ഷീന്‍ തറയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം പരിസോധന ചാര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രക്തപരിശോധന നടത്താന്‍ ആവശ്യപ്പെടാതെ, മെഡിക്കല്‍ എടുക്കാന്‍ മാത്രമായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല, പൊലീസ് കേസെടുക്കാത്തതിനാല്‍ തനിക്ക് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പോലീസ് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടെന്നു സിറാജ് പത്രത്തിന്‍റെ മാനേജ്മെന്‍റ് ആരോപിച്ചിരുന്നു. അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം.രാത്രി ഒരു മണിക്കുണ്ടായ പകടത്തില്‍ രാവിലെ എട്ടുമണിയോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ താന്‍ പൊലീസിന്റെ ഒപ്പം ഉണ്ടായിരുന്നെന്നും, എന്നാല്‍ തന്റെ മൊഴിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും പരാതിക്കാരനായ സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജി വ്യക്തമാക്കി.
കോഴിക്കോട് പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
കോഴിക്കോട്:പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പയിമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്പൗണ്ടിനകത്തെ മുറ്റത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ഹൈസ്കൂളില്‍ നിന്ന് ഹയര്‍സെക്കണ്ടറിയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം നടന്നത്. സാധനങ്ങള്‍ കയറ്റിവരികയായിരുന്ന ലോറി ഇതിലെ നടന്ന് പോയിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.അമിത ലോഡാണ് അപകടകാരണമെന്നാണ് പറയപ്പെടുന്നത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ക്‌ളീൻ പയ്യാമ്പലം ഡ്രൈവിലൂടെ പയ്യാമ്പലം ബീച്ചിനെ മാലിന്യമുക്തമാക്കി കണ്ണൂർ സൈക്ലിംഗ് ക്ലബ്
കണ്ണൂർ:പ്രളയത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ ബീച്ചിനെ ക്‌ളീൻ പയ്യാമ്പലം ഡ്രൈവിലൂടെ മാലിന്യമുക്തമാക്കി കണ്ണൂർ സൈക്ലിംഗ് ക്ലബ്.മാതൃഭൂമി ക്ലബ് എഫ്എം.,സന്നദ്ധസംഘടനകളായ ‘കൈകോർത്ത് കണ്ണൂർ’,കണ്ണൂരിലെ യുവതികളുടെയും യുവാക്കളുടെയും കൂട്ടായ്മയായ ‘വൗ കണ്ണൂർ’,കണ്ണൂർ സൈക്ലിംഗ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പയ്യാമ്പലം തീരം മാലിന്യമുക്തമാക്കിയത്.ഞായറാഴ്ച തുടങ്ങിയ ശുചീകരണം വൈകുന്നേരം മൂന്നു മണി വരെ തുടർന്ന്.’ക്‌ളീൻ പയ്യാമ്പലം ഡ്രൈവ്’ എന്ന പേരിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ഇരുനൂറോളംപേർ പങ്കെടുത്തു.പ്രളയത്തെ തുടർന്ന് വിവിധയിടങ്ങളിൽ നിന്നും പുഴകളിലൂടെ ഒഴുകിയെത്തിയ മരത്തടികളും പ്ലാസ്റ്റിക്കുകളും മറ്റും അടങ്ങിയ മാലിന്യങ്ങൾ കിലോമീറ്ററുകളോളം നീളത്തിൽ കടപ്പുറത്ത് അടിഞ്ഞുകൂടിയിരുന്നു.തീരത്തു നിന്നും ശേഖരിച്ച മാലിന്യങ്ങൾ കോർപറേഷൻ അധികൃതർക്ക് കൈമാറി.കണ്ണൂർ ഡെപ്യുട്ടി മേയർ പി.കെ രാഗേഷ് ശ്രമദാനം ഉൽഘാടനം ചെയ്തു.കണ്ണൂർ സൈക്ലിംഗ് ക്ലബ് പ്രസിഡണ്ട് കെ.വി രതീശൻ,വൈസ് പ്രസിഡന്റ് കെ.ജി മുരളി,സെക്രെട്ടറി കെ.നിസാർ,ജോയിന്റ് സെക്രെട്ടരി ടി.പ്രശാന്ത്,ട്രഷറർ വി.സി ഷിയാസ് എന്നിവർ സംസാരിച്ചു.