ന്യൂഡൽഹി:ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല.യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല.ഉത്തരേന്ത്യയില്‍ ഇതുവരെ പ്രളയക്കെടുതിയില്‍ മരിച്ചത് 85 പേരാണെന്നാണ് കണക്ക്. പലയിടങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പഞ്ചാബ് ഗവണ്‍മെന്റ് വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ദുരിതാശ്വാസത്തിനായി 100 കോടി രൂപ അനുവദിച്ചു.
ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ അവസാനിപ്പിക്കുന്നു
മുംബൈ:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക് വിടുകയായിരുന്നു.ക്രിക്കറ്റിന് തന്നെ നാണക്കേടായ ഒത്തുകളി വിവാദത്തില്‍ 2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്തിനു പുറമേ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാന്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 15ന് ബിസിസിഐ അച്ചടക്ക കമ്മിറ്റിയുടെ ഉത്തരവ് സുപ്രീം കോടതി തള്ളി ശ്രീശാന്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷ ജെയ്ന്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് അന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയ്ന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്.
വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭർത്താവ് ഫിറോസ് രംഗത്ത്
തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമൻ കേസിൽ അപകട സമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ വാദം പൊളിയുന്നു.വഫായിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഫിറോസ് കേസ് ഫയൽ ചെയ്തു.നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.വഫയ്ക്ക് നല്‍കിയ വിവാഹമോചന നോട്ടീസിന്റെ പകര്‍പ്പ് വെള്ളൂര്‍കോണം മഹല്ല് കമ്മിറ്റിക്കും നല്‍കിയിട്ടുണ്ട്. മുസ്ലിം മതാചാര പ്രകാരം 2000 ഏപ്രില്‍ 30 നാണ് ഇരുവരും വിവാഹതിരയായത്. ഇവര്‍ക്ക് 16 വയസുള്ള മകളുമുണ്ട്.അപകടം നടന്നതിന് ശേഷം വഫ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താനും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഭർതൃവീട്ടുകാർ തന്റെ ഒപ്പം ആണെന്നുമാണ് പറഞ്ഞിരുന്നത്.എന്നാൽ ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷബന്ധം,തന്റെ വാക്കുകൾ മുഖവിലക്കെടുക്കാതെയും,പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കൽ,അനുമതിയില്ലാതെയുള്ള വിദേശയാത്രകൾ,തന്റെ ചിലവിൽ വാങ്ങിയ കാർ സ്വന്തംപേരിൽ രെജിസ്റ്റർ ഇഷ്ട്ടാനുസരണം രഹസ്യയാത്രകൾ നടത്തൽ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീൽ നോട്ടീസിലുള്ളത്. വിവാഹജീവിതം ആരംഭിച്ചത് മുതൽ അപകടം നടന്ന ദിവസം വരെയുള്ള വഫയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോട്ടീസിൽ വിശദീകരിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു;മരണം 80 കടന്നു;യമുനാ നദി അപകട നിലയ്ക്കും മുകളില്‍; പ്രളയഭീതിയില്‍ ഡല്‍ഹി
ഡൽഹി:ഉത്തരേന്ത്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 80 കടന്നു. ഉത്തരാഖണ്ഡിൽ 48 ഉം ഹിമാചൽ പ്രദേശിൽ 28 ഉം പഞ്ചാബിൽ 4 ഉം മരണമാണ് റിപ്പോർട്ട് ചെയ്തത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.ഉത്തരാഖണ്ഡിലാണ് സങ്കീർണമായ സാഹചര്യമുള്ളത്. ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ 17 പേർ മരിച്ചു.മണ്ണിടിച്ചിൽ ഉണ്ടായ മോറി തെഹ്സിലിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു.22 പേരെ കാണാനില്ല. ഹിമാചൽപ്രദേശിലെ കുളുവിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മണാലി -കുളു ദേശീയപാത തകർന്നു. ഹൗൽ – സ്പിതി ജില്ലയിൽ കുടുങ്ങിയ വിദേശികളും മലയാളികളുമടക്കം 150 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.സർസാദിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു.പഞ്ചാബിൽ കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് പേർ മരിച്ചു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
അതേസമയം യമുനാ നദിയിലിലെ ജലനിരപ്പ് അപകട നിലയും പിന്നിട്ടതോടെ ഡൽഹി പ്രളയഭീതിയിലാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുമുനാ നദിയുടെ ജലനിരപ്പ് അപകട നിലയും കടന്നത്. ഹരിയാണയിലെ ഹത്‌നികുണ്ട് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്ത് വിടുന്നതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം പേരെ ഇതിനോടകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളകാന്‍ സാധ്യതയുള്ളതിനാല്‍ 23,800 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമായ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു.ജലനിരപ്പ് വലിയ രീതിയില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യമുനക്ക് മുകളിലുള്ള പഴയ ഇരുമ്പ് പാലം അടച്ചിട്ടു.
കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു
കണ്ണൂർ:കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു.മ്യാന്മറിലേക്കും ശ്രീലങ്കയിലേക്കുമാണ് ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുന്നത്.മ്യാന്മറിലേക്കുള്ള ഒരു ലോഡ് നൂലിന്റെ ഉത്പാദനം പൂർത്തിയായി.ശ്രീലങ്കയിൽ നിന്നും ഓർഡർ ലഭിച്ച രണ്ട് ലോഡ് നൂലിന്റെ ഉത്പാദനം ഉടൻ തുടങ്ങും.മികച്ച ഗുണനിലവാരമുള്ള 2/80 ഇനം നൂലാണ് കയറ്റുമതി ചെയ്യുക.മ്യാന്മറിലേക്ക് 5400 കിലോയും ശ്രീലങ്കയിലേക്ക് 6780 കിലോയുടെ രണ്ട് ലോഡുകളുമാണ് അയക്കുക.ചെന്നൈ തുറമുഖം വഴിയാണ് നൂൽ കൊണ്ടുപോവുക.2008 ലാണ് കണ്ണൂർ മില്ലിന്റെ നവീകരണം തുടങ്ങിയത്.മന്ത്രി ഇ.പി ജയരാജൻ കഴിഞ്ഞ നവംബറിൽ മിൽ സന്ദർശിച്ചിരുന്നു.തുടർന്ന് മില്ലിൽ ഹാങ്ങ് ഓവർ യൂണിറ്റും ഇറ്റലിയിൽ നിന്നും ഓട്ടോ കോർണർ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു. നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയതാണ് വിദേശ ഓർഡറുകൾ ലഭിക്കാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു.മില്ലിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.40 വർഷത്തോളം പഴക്കമുള്ള യന്ത്രങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ 17.5 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ എൻ.സി.ഡി.സിക്ക് നൽകിയിട്ടുണ്ട്. പത്തുവർഷത്തിലധികം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായി മില്ലിൽ ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം നടപ്പിൽ വരുത്താൻ ശ്രമം നടത്തുന്നുണ്ട്.സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിലുള്ള നെയ്ത് സംഘങ്ങൾക്ക് കണ്ണൂർ മിൽ മാസം 20000 കിലോ നൂൽ നൽകുന്നുണ്ട്.60 ലക്ഷം രൂപയുടെ നൂൽ ഇത്തരത്തിൽ നൽകിക്കഴിഞ്ഞു.
ജില്ലയിൽ കണ്ണുരോഗം പടരുന്നതായി റിപ്പോർട്ട്;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ
കണ്ണൂർ:ജില്ലയിൽ വ്യാപകമായി കണ്ണുരോഗം പടരുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു.സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണ് രോഗമാണിത്. സാധാരണ ഈ സീസണിൽ ഉണ്ടാകുന്ന ശരാശരി കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.കണ്ണിൽ ചുവപ്പ്‌നിറം,കണ്ണിൽ നിന്നും വെള്ളം ചാടുക,കണ്ണുകളിൽ അമിതമായി ചീപൊള അടിയൽ,പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്,രാവിലെ എണീക്കുമ്പോൾ കണ്ണുതുറക്കാൻ പ്രയാസം,ചെവിയുടെ മുൻഭാഗത്ത് കഴലവീക്കം,എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.അപൂർവ്വം ചിലരിൽ മാത്രം നേത്രപടലത്തെ ഈ രോഗം ബാധിക്കാറുണ്ട്.രോഗം പൂർണ്ണമായും മാറാൻ രണ്ടാഴ്ച സമയമെടുക്കും.രോഗം ബാധിച്ചവർ പൊതുസ്ഥലങ്ങളിൽ നിന്നും വിട്ടുനിന്നാൽ രോഗപകർച്ച ഒരു പരിധിവരെ തടയാം.രോഗം ബാധിച്ചയാളുടെ കണ്ണിൽ നിന്നും വരുന്ന സ്രവം പറ്റിപ്പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ തൊടുകയും ആ കൈകൊണ്ട് സ്വന്തം കണ്ണിൽ തൊടുകയും ചെയ്യുമ്പോഴാണ് രോഗം പകരുന്നത്.കൈകൾ ഇടയ്ക്കിടെ കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യുന്നതിലൂടെ രോഗം പകരുന്നത് തടയാൻ സാധിക്കും.അടുത്തുള്ള പ്രാഥമിക,സാമൂഹിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രോഗത്തിനുള്ള ചികിത്സ ലഭ്യമാണ്.ജില്ലാ ആശുപത്രി,ജനറൽ ആശുപത്രി,താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ദ്ധ ചികിത്സ ലഭിക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 11 കിലോ സ്വർണ്ണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11 കിലോ 294 ഗ്രാം സ്വർണ്ണം പിടികൂടി.തിങ്കളാഴ്ച രാവിലെയും ഉച്ചയ്‌ക്കുമായാണ് നാലുപേരിൽ നിന്നും 4.15 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്.ദുബായ്,ഷാർജ,റിയാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നുമാണ് ഡി.ആർ.ഐ സ്വർണ്ണം കണ്ടെടുത്തത്.മൊകേരി മാക്കൂൽ പീടികയിലെ അംസീർ ഒറ്റപ്പിലാക്കൽ(30),ബെംഗളൂരു അട്ടൂർ ലേഔട്ടിലെ മുഹമ്മദ് ബഷീർ ബോട്ടം(57),വയനാട് പൊഴുതന പാറക്കുന്നിലെ അർഷാദ്(25),കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിൽ അബ്ദുല്ല മൂഴിക്കുന്നത്ത്(33) എന്നിവരിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് ദുബായിയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ അംസീറിൽ നിന്നും രണ്ട് കിലോ 916 ഗ്രാം സ്വർണ്ണം പിടികൂടി.രാവിലെ ഒൻപതുമണിക്ക് ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ബഷീറിൽ നിന്നും രണ്ടു കിലോ 566 ഗ്രാം സ്വർണ്ണവും അർഷാദിൽ നിന്നും രണ്ടുകിലോ 913 ഗ്രാം സ്വർണ്ണവും പിടികൂടി.ഉച്ചയോടെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ അബ്ദുള്ളയിൽ നിന്നും രണ്ട് കിലോ 899 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. ദുബായ്,റിയാദ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ യാത്രക്കാർ മൈക്രോവേവ് ഓവനിലും ഷാർജയിൽ നിന്നുള്ള യാത്രക്കാർ ഫിഷ് കട്ടിങ് മെഷീനിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസിന്റെ കൊച്ചി,കോഴിക്കോട്,കണ്ണൂർ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.അറസ്റ്റിലായവരെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കവളപ്പാറയിൽ തിരച്ചിൽ ഇന്നും തുടരുന്നു;ഇനിയും കണ്ടെത്താനുള്ളത് 13 പേരെ കൂടി
മലപ്പുറം:ഉരുൾപൊട്ടൽ നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും സന്നദ്ധ സംഘടന പ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്. 20തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചിൽ നടത്തുന്നത്. നേരത്തെ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ കൂടുതൽ ആഴത്തിൽ മണ്ണെടുത്ത് മാറ്റിയുള്ള തെരച്ചിലാണ് ഒന്ന്. ഇനി മണ്ണ് മാറ്റി തെരച്ചിൽ നടത്താനുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുക എന്നതാണ് മറ്റൊന്ന്.അതേസമയം, ഇന്നലെ നടത്തിയ തെരച്ചിലിൽ ഒരാളെ പോലും കണ്ടെത്താനാകാത്തത് വലിയതോതിൽ നിരാശ ഉളവാക്കിയിട്ടുണ്ട്. ഇനി ആളുകളെ കണ്ടെത്തുക എന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണുള്ളതെങ്കിൽ പോലും എല്ലാ ശ്രമങ്ങളും നടത്താനാണ് ജില്ലാഭരണകുടം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.13 പേരെയാണ് ഇനി കവളപ്പാറയിൽ നിന്നും കണ്ടെത്താനുള്ളത്. ഇതുവരെയുള്ള തെരച്ചിലിൽ 46 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
പിഎസ്‌സി പരീക്ഷാ തട്ടിപ്പ്;പ്രതികളായ നസീമും ശിവരഞ്ജിത്തും ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം:വിവാദമായ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്.എം.എസായി ലഭിച്ചുവെന്നും 70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരമെഴുതിയത് എസ്.എം.എസ് നോക്കിയാണെന്നും പ്രതികൾ സമ്മതിച്ചു. ശിവരഞ്ജിത്തിനെയും നസീമിനെയും പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്നു.അതേസമയം ചോദ്യം പുറത്ത് പോയത് സംബന്ധിച്ച പൊരുത്തക്കേടുകൾ തുടരുകയാണ്. ചോദ്യം ചെയ്യലിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ മറുപടി പ്രതികൾ നൽകിയില്ല.അതിനിടെ പരീക്ഷാ ക്രമക്കേടിലെ അഞ്ചാം പ്രതി ബി സഫീർ അഗ്നിശമന സേനയുടെ ഫയർമാൻ ലിസ്റ്റിൽ ഉള്‍പ്പെട്ട തെളിവുകളും പുറത്തായി. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആദ്യറാങ്കില്‍ ഇടം നേടിയ ശിവരഞ്ജിത്, പ്രണവ് എന്നിവര്‍ക്ക് മൊബൈല്‍ വഴി ഉത്തരം അയച്ചുകൊടുത്തയാളാണ് സഫീർ.ചോദ്യപേപ്പർ ചോർത്തി എസ്.എം.എസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെത്തേണ്ടതുണ്ട്. ഈ മാസം എട്ടിനാണ് പരീക്ഷാ തട്ടിപ്പിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.