ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു.തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.‘ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം’.അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്റെ അവകാശമാണെന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘമെത്തിയത്.വീടിന്റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്. ധനകാര്യ മന്ത്രിയായിരിക്കെ ഐ.എൻ.എക്സ് മീഡിയക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തു എന്നാണ് ചിദംബരത്തിനെതിരായ കേസ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ കമ്പനിയായ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വഴിവിട്ടു വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. പീറ്റർ മുഖര്‍ജിയും ഇന്ദ്രാണി മുഖർജിയും മകള്‍ ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.
പ്രളയത്തെ അതിജീവിച്ച് തിരുവല്ല കടപ്ര പുളിക്കീഴിലെ ലൈഫ് മിഷന്‍ വീടുകള്‍
പത്തനംതിട്ട:പ്രളയത്തെ അതിജീവിച്ച് തിരുവല്ല കടപ്ര പുളിക്കീഴിലെ ലൈഫ് മിഷന്‍ വീടുകള്‍. വെള്ളപ്പൊക്കത്തില്‍ പമ്പാ നദി കരകവിഞ്ഞൊഴുകി കടപ്ര പുളിക്കീഴിലെ സീറോലാന്‍ഡ്ലെസ് കോളനിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയെങ്കിലും ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച 11 വീടുകളും പ്രളയത്തെ അതിജീവിച്ചു. ഴിഞ്ഞ പ്രളയത്തില്‍ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര.പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളില്‍ ചെറിയ വെള്ളപ്പൊക്കത്തില്‍പ്പോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതു കണക്കിലെടുത്ത് സീറോ ലാന്‍ഡ്ലെസ് കോളനിയിലെ ലൈഫ് വീടുകള്‍ തറയില്‍ നിന്നും ആറടിവരെ ഉയരമുള്ള തൂണുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടുമുറികള്‍, അടുക്കള, ഹാള്‍, സിറ്റൗട്ട്, ടോയ്ലറ്റ് എന്നിവയടങ്ങുന്ന വീടിന്റെ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയാണ് ചെലവായത്.ലൈഫ് പദ്ധതിയില്‍ നിന്നും നല്‍കിയ നാലു ലക്ഷം രൂപയും ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍സ് (ഫോമ) നല്‍കിയ രണ്ടു ലക്ഷം രൂപയും തണല്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഒരു ലക്ഷം രൂപയും ചേര്‍ത്താണ് പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ വീടുകള്‍ എല്ലാ പണികളും തീര്‍ത്ത് കൈമാറിയത്.തണലിന്റെ പ്രവര്‍ത്തകരാണ് ഭവനനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.ഇത്തവണത്തെ പ്രളയത്തിലും ഈ പ്രദേശത്തെ മറ്റു വീടുകളില്‍ വെള്ളം കയറിയെങ്കിലും ആറടി ഉയരത്തില്‍ നിര്‍മിച്ച വീടുകളിലേക്ക് കയറാനുള്ള പടികള്‍ വരെ മാത്രമേ മുങ്ങിയുള്ളു. ഫോമയും തണലും ചേര്‍ന്ന് ഈ പ്രദേശത്ത് നിര്‍മിച്ചു നല്‍കിയ മറ്റ് 21 വീടുകളും പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. റീബില്‍ഡ് കേരള പദ്ധതിയില്‍ പ്രളയബാധിതര്‍ക്കായി മുത്തൂറ്റ് ഗ്രൂപ്പ് നിര്‍മിച്ചുനല്‍കുന്ന 15 വീടുകളും ഈ മാതൃകയില്‍ പണിയുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകർന്ന് മൂന്നു മരണം
ന്യൂഡൽഹി:ഉത്തരാഖണ്ഡില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റര്‍ തകർന്ന് മൂന്നുപേർ മരിച്ചു.പൈലറ്റ് രാജ്പാല്‍, സഹപൈലറ്റ് കപ്തല്‍ ലാല്‍, പ്രദേശവാസിയായ രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്.ഉത്തരകാശി ജില്ലയിലാണ് സംഭവം. സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഹെലികോപ്ടര്‍ താഴുന്നതിനിടെ വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.ഉത്തരകാശിയിലെപ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായിമോറിയില്‍ നിന്നും പ്രളയ ബാധിത പ്രദേശമായ മോള്‍ഡിയിലേക്ക് പറന്ന ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളായിരുന്നു ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.ഉത്തരാഖണ്ഡില്‍ പ്രളയം മൂലം റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ ഹെലികോപ്ടര്‍ മാര്‍ഗമാണ് എത്തിക്കുന്നത്.
സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതൽ വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം
തിരുവനന്തപുരം:സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇനിമുതൽ വനിതകളെയും ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനം.ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കുമെന്ന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ടിന്‍റെയും (കൃഷി), രണ്ട് അസിസ്റ്റന്‍റിന്‍റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.ടെക്നിക്കല്‍ എക്സ്പെര്‍ട്ടിനെ ഡെപ്യൂട്ടേഷന്‍ വഴിയും അസിസ്റ്റന്‍റിനെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാനാണ് തീരുമാനം.കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷൻ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനമായി.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍റ് എംപ്ലോയ്മെന്‍റ് (കിലെ) ജീവനക്കാർക്കും പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കും.മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നല്‍കാതിരുന്നാല്‍ അതിനെതിരെ ഹരജി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നതിന് 1971-ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് പെയ്മെന്‍റ് ഓഫ് ഫെയര്‍ വേജസ് ആക്‌ട് ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിവാഹാഘോഷത്തിന്റെ ഭാഗമായി വരൻ ആനപ്പുറത്ത് പന്തലിലെത്തി;ആനയുടമ,പാപ്പാന്‍,വരന്‍ എന്നിവര്‍ക്കെതിരെ കേസ്
കോഴിക്കോട്:വിവാഹാഘോഷം കളറാക്കാൻ ആനപ്പുറത്തേറി പന്തലിലെത്തിയ വരന് കിട്ടിയത് മുട്ടൻ പണി.ആനപ്പുറത്തേറി വധുവിന്റെ വീട്ടിലെത്തിയതിന് വരനെതിരെ വനം വകുപ്പ് കേസെടുത്തു.വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍ കെയ്‌ക്കെ എതിരെയാണ് കേസെടുത്തത്. ആനയുടമയ്ക്കും പാപ്പാനുമെതിരെയും കേസ് എടുത്തിട്ടുണ്ട്.നാട്ടാനപരിപാലന ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് മൂവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം പതിനെട്ടിനായിരുന്നു പ്രമുഖ പ്രവാസിയുടെ മകന്‍ ആര്‍കെ സമീഹിന്റെ വിവാഹം. വധുവിന്റെ വീട്ടിലേക്ക് അനപ്പുറത്ത് കയറിയായിരുന്നു വരന്‍ എത്തിയത്. ഇതിന്റെ വീഡിയോ സഹിതമാണ് ആളുകള്‍ വനം വകുപ്പിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിനെതിരാണ്.
പ്രളയ ദുരിതാശ്വാസം;സർക്കാർ പ്രഖ്യാപിച്ച അടിയന്തിര സഹായം സെപ്തംബര്‍ ഏഴിനകം വിതരണം ചെയ്യും;ഇത്തവണ സാലറി ചലഞ്ച് ഇല്ല
തിരുവനന്തപുരം:പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിന്തരസഹായം സെപ്തംബര്‍ ഏഴിനകം വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10,000 രൂപ വീതം സഹായധനം നല്‍കുക.ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ച് വഴി ശമ്പളത്തിൽ നിന്നും പണം പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.കഴിഞ്ഞ തവണ സാലറി ചാലഞ്ച് ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ വേണ്ടെന്ന് വെക്കാനുള്ള തീരുമാനം.ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്ക് മാത്രമായിരിക്കില്ല ഇത്തവണ അടിയന്തരസഹായമായ പതിനായിരം രൂപ നല്‍കുക. പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും ഇത്തവണ ധനസഹായം നല്‍കാനാണ് തീരുമാനം.ജില്ല അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കും. അതേസമയം സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം.ആര്‍ഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സർക്കാർ ജീവനക്കാർക്ക് ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
ചിദംബരത്തിന് കുരുക്ക് മുറുകുന്നു; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് കുരുക്ക് മുറുകുന്നു. അറസ്റ്റിനായി മൂന്ന് തവണ സി.ബി.ഐ ചിദംബരത്തിന്റെ വസതിയിലെത്തി. എന്നാല്‍ ചിദംബരം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സംഘം മടങ്ങി.ഇതേ തുടർന്നാണ് പി ചിദംബരത്തിനെതിരേ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.സിബിഐ സംഘം നാലു തവണ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്. ചിദംബരത്തിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയുള്ള ഹൈക്കോടതി വിധി. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നിരിക്കെയാണ് ചിദംബരം ഇന്നലെ തന്നെ തിരക്കിട്ട് സുപ്രിം കോടതിയെ സമീപിച്ചത്.കേസ് അടിയന്തരമായി വാദം കേൾക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം ജസ്റ്റിസ് രമണ കേസ് ചീഫ് ജസ്റ്റിസിന് വിട്ടു. ഉച്ചകഴിഞ്ഞ് കേസ് പരിഗണനയ്ക്ക് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍ വി രമണയുടെ മുന്നിലാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. എന്നാല്‍ കേസ് പരിഗണിക്കുന്നതും ലിസ്റ്റ് ചെയ്യുന്നതും ചീഫ് ജസ്റ്റിസാണെന്നും, അദ്ദേഹത്തിന്റെ കോടതിയെ സമീപിക്കാനും ജസ്റ്റിസ് രമണയുടെ ബെഞ്ച് നിര്‍ദേശിച്ചു. ചിദംബരത്തിന്റെ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാനാവില്ല. അറസ്റ്റ് തടഞ്ഞ് ഉത്തരവിടാനാകില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുന്നതിന് സിബിഐക്ക് തടസ്സമില്ല.
ഇന്നലെ നാലു തവണ ചിദംബരത്തിന്റെ വസതിയില്‍ എത്തിയ സിബിഐ സംഘം അര്‍ദ്ധരാത്രിയില്‍ എത്തിയപ്പോള്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാണിച്ച് വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ സിബിഐ യുടെ അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത ചിദംബരം സിബിഐ യുടെ തിടുക്ക നടപടിയെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ സിബിഐക്ക് മുന്നില്‍ ഹാജരാകാതിരുന്ന ചിദംബരം, അഭിഭാഷകന്‍ മുഖേന രാവിലെ 10.30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് ചിദംബരം ഒളിവില്‍ പോയെന്ന് കണക്കാക്കിയാണ് സിബിഐ ഇപ്പോള്‍ മുന്‍ കേന്ദ്രമന്ത്രിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.
കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം;ശ്രീറാം വെങ്കിട്ടരാമനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്കുശേഷം ശ്രീറാം ചികിത്സ തേടിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ മൊഴിയാണ് ഇതിന്റെ ഭാഗമായി ശേഖരിക്കുക. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടറും ശ്രീറാമിന്റെ സുഹൃത്തും കൂടിയായ അനീഷ് രാജിനെ അന്വേഷണസംഘം തലവന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നേരത്തേ ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം ശ്രീറാം ജനറല്‍ ആശുപത്രിയില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോള്‍ അനീഷ് രാജ് ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നാണ് അനീഷ് രാജ് അന്വേഷണ സംഘത്തോട് പറഞ്ഞത്. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് രാത്രിയാണ് മ്യൂസിയം റോഡില്‍ വെച്ച് ഉണ്ടായ അപകടത്തില്‍ കെ.എം. ബഷീര്‍ മരിക്കുന്നത്. അതിനുശേഷം ശ്രീറാമിനെ പൊലീസ് ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പ്രാഥമിക ചികിത്സകള്‍ക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാനാണ് പറഞ്ഞത്. എന്നാല്‍, ശ്രീറാം സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പിന്നീട് അറസ്റ്റിലാവുകയും അവിടെത്തന്നെ റിമാന്‍ഡില്‍ കഴിയുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് നല്‍കിയ ചികിത്സ സംബന്ധിച്ച് ഡോക്ടര്‍മാരില്‍നിന്ന് വിവരം ശേഖരിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ചികിത്സാ രേഖകളും പരിശോധിക്കും.
സാലറി ചലഞ്ച്;കെ.എസ്.ഇ.ബി സമാഹരിച്ച 132 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
തിരുവനന്തപുരം:സാലറി ചലഞ്ചിന്‍റെ ഭാഗമായി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച തുകയായ 132 കോടി രൂപയുടെ ചെക്ക് കെ.എസ്.ഇ.ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീല്‍ വെച്ച് വൈദ്യുതി മന്ത്രി എം.എം മണിയാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.സാലറി ചലഞ്ചിനായി പിരിച്ച തുക കെ.എസ്.ഇ.ബി കൈമാറിയില്ലെന്ന റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഒരുമിച്ച് നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇന്നലെ തുക കൈമാറിയത്.
കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്. ഈ കമ്പനികൾ പിൻമാറിയതിനാൽ 518 ടൺ അരി ഓണ ചന്തകളിലേക്കായി മറ്റിടങ്ങളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്കണ്‍സ്യൂമര്‍ ഫെഡ്.ഇത്തവണ 3500 ഓണചന്തകളാണ് സംസ്ഥാനത്തുണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേതിലും 150 ചന്തകള്‍ കൂടുതലായുണ്ടാകും. നേരത്തെ നാല് കമ്പനികള്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി നല്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് കമ്പനികള്‍ അരി നല്കാമെന്ന് അറിയിച്ചെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.അരി നല്കില്ല എന്നറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മെഹബൂബ് പറഞ്ഞു.ഓണചന്തയിലേക്കുള്ള 70 ശതമാനം സാധനങ്ങൾ എത്തിച്ച് കഴിഞ്ഞു.പ്രളയം കണക്കിലെടുത്ത്. കടലോര മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ചന്തകൾ തുടങ്ങാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു.