കൊച്ചി:കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെക്കൂടി റവന്യൂ ഇന്റലിജന്‍സ് അറസ്റ്റു ചെയ്തു. രോഹിത് ശര്‍മ, സകീന്ദ്ര പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ പണ്ഡിറ്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.പണ്ഡിറ്റിന്റെ കൂട്ടാളികളാണ് ഇന്ന് അറസ്റ്റിലായ മൂന്നുപേരും.ഈ മാസം 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ നാല് യാത്രക്കാരില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 15 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.തുടരന്വേഷണത്തിലാണ് കള്ളക്കടത്തു റാക്കറ്റിന് സൗകര്യം ചെയ്തുകൊടുത്തിരുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയത്. സ്വര്‍ണവുമായി വരുന്ന യാത്രക്കാരുടെ വിശദാംശങ്ങള്‍ രാഹുല്‍ പണ്ഡിറ്റ് വഴി കണ്ണൂര്‍ വിമാനത്താളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ഈ യാത്രക്കാരെ എക്‌സ് റേ പരിശോധനയില്ലാതെ കടത്തിവിടുയാണ് പതിവ്. എന്നാല്‍, ഡിആര്‍ഐ പരിശോധനയില്‍ കള്ളക്കളി പൊളിയുകയായിരുന്നു. കള്ളക്കടത്ത് റാക്കറ്റില്‍ നിന്ന് ലഭിക്കുന്ന പണം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കിയിരുന്നതും രാഹുലായിരുന്നു.ഇന്നത്തെ അറസ്റ്റോടെ, നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി. മൂന്ന് യുവ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇന്ന് പിടിയിലായിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ കസ്റ്റംസ് റിക്രൂട്ട്‌മെന്റായിരുന്നു ഇവരുടേത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുടുങ്ങിയേക്കുമെന്നാണ് ഡിആര്‍ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കണ്ണൂരിൽ കടവരാന്തയില്‍ കിടന്നുറങ്ങിയ വയോധികയെ തെരുവുനായ കടിച്ചുകീറി
കണ്ണൂര്‍: പുതിയതെരുവില്‍ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെ തെരുവുനായ കടിച്ചുകീറി. ചെന്നൈ സ്വദേശിനിയായ സരസ്വതി (80) ക്കാണ് നായയുടെ കടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മുഖത്തും കൈയ്ക്കും തെരുവുനായയുടെ കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന വയോധികയെ അതുവഴി ഓട്ടോറിക്ഷയില്‍ സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
പാക് കമാന്‍ഡോകള്‍ ഇന്ത്യയില്‍ നുഴഞ്ഞ് കയറിയതായി സംശയം;ഗുജറാത്ത് തീരത്ത് കനത്ത ജാഗ്രത നിർദേശം
ഗുജറാത്ത്:ഗുജറാത്തിലെ കച്ച് മേഖലയിലൂടെ പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്തിലെ എല്ലാ തുറമുഖങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച്, സര്‍ ക്രീക്ക് മേഖലയില്‍ കൂടി പാക് കാന്‍ഡോകളും ഭീകരരും നുഴഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ട്.ആക്രമണ സാധ്യത കണക്കിലെടുത്ത് ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കിയതായി പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ഗുജറാത്തിലെ കച്ച് മേഖലയിലുള്ള മുദ്ര, കാണ്ട്ല തുറമുഖങ്ങള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ഹറാമി നാലാ ഉള്‍ക്കടല്‍ വഴി ഇവര്‍ നുഴഞ്ഞു കയറിയെന്നാണ് സൂചന. ഇവിടെ രണ്ടു പാക്കിസ്ഥാനി ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് ബിഎസ്‌എഫ് ഇന്റലിജന്‍സ് ഏജന്‍സികളെ വിവരമറിയിച്ചത്.സിംഗിള്‍ എഞ്ചിന്‍ ബോട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് നിന്നോ ബോട്ടുകളില്‍ നിന്നോ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയില്ല. കടല്‍ മാര്‍ഗ്ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍ വര്‍ഗീയ കലാപത്തിനും ഭീകരാക്രമണത്തിനും ശ്രമിച്ചേക്കുമെന്നാണ് സൂചന.അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല തീരപ്രദേശത്തും തീരത്തിന് അടുത്തും നങ്കൂരമിട്ടിരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി:2018ലെ പ്രളയദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി.അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു.പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസം മാത്രമേ സമയം അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നു മുതൽ പ്രാബല്യത്തിൽ;ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയരും
ന്യൂഡൽഹി:കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി സെപ്റ്റംബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരുന്നതോടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയരും.നേരത്തേ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബര്‍ ഒന്നിനു ശേഷമാണെങ്കില്‍ വര്‍ധന ബാധകമാകും. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സര്‍വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുള്‍പ്പടെയുള്ളതാണ് നിയമ ഭേദഗതികള്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ക്ക് എതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം വിചാരണ ചെയ്യും. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. ലൈസന്‍സ് വ്യവസ്ഥാ ലംഘനത്തിന് 25,000 മുതല്‍ 1 ലക്ഷം വരെ പിഴ ഈടാക്കും.വാഹനാപകടത്തില്‍ മരിച്ചാല്‍ അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റാല്‍ രണ്ടര ലക്ഷവും നഷ്ടപരിഹാരം നല്‍കാനാണ് ബില്ലിലെ ശുപാര്‍ശ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായും ഉയര്‍ത്തി.
പുതുക്കിയ പിഴകള്‍ ( പഴയത് – പുതിയത് ): ലൈസന്‍സില്ലാതെ ഡ്രൈവിങ് 500 – 5000 രൂപ, അയോഗ്യതയുള്ളപ്പോള്‍ ഡ്രൈവിങ് 500 – 10000, അമിതവേഗം 400 – 2000 , അപകടകരമായ ഡ്രൈവിങ് 1000 – 5000, മദ്യപിച്ച് വാഹനമോടിക്കല്‍ 2000 – 10000, മല്‍സരിച്ചുള്ള ഡ്രൈവിങ് 500 – 5000, പെര്‍മിറ്റില്ലാത്ത വാഹനത്തിന് 5000 – 10000, ഹെല്‍മറ്റ്/ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 100 – 1000.
3.1 കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി കണ്ണൂര്‍ കുറ്റ്യാട്ടൂർ സ്വദേശി
കണ്ണൂർ:മൂന്നുകോടി പത്തുലക്ഷം രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി കുറ്റിയാട്ടൂര്‍ സ്വദേശി.മെഴ്‌സിഡസ് ബെന്‍സില്‍നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിക്കുന്ന ഈ വാഹനം കേരളത്തിലെ രണ്ടാമത്തേതാണ്. കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ അംജത് സിത്താരയാണ് കോഴിക്കോട്ടെ ഡീലറായ ബ്രിഡ്ജ് വേ മോട്ടോര്‍സില്‍നിന്ന് കഴിഞ്ഞദിവസം വാഹനം കുറ്റിയാട്ടൂരിലെത്തിച്ചത്. രണ്ടുകോടി പത്തുലക്ഷം രൂപയാണിതിന്റെ ഷോറൂം വില. കൂടാതെ ചില ഘടകങ്ങളുടെ പ്രത്യേക നിര്‍മിതിക്കായി 40 ലക്ഷം രൂപകൂടി ചെലവാക്കിയാണ് വാഹനം നിരത്തിലിറക്കിയിട്ടുള്ളത്.റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍നിന്ന് എഴുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും റോഡ് നികുതിയിനത്തില്‍ 48 ലക്ഷം രൂപയും ഇതിന് അംജദ് സിത്താര ചെലവഴിച്ചു. കണ്ണൂര്‍ റോഡ് ട്രോന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നാണ് വാഹന രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
നാലുകിലോമീറ്റര്‍ മാത്രം മൈലേജുള്ള ഈ വാഹനത്തില്‍ പെട്രോളാണ് ഇന്ധനം. 20 ദിവസം വരെ തുടര്‍ച്ചയായി ഓടിയാലും വണ്ടി ചൂടാകില്ല. മാക്‌സിമം സ്പീഡ് 220 കിലോമീറ്ററുള്ള വാഹനത്തില്‍ അഞ്ചുപേര്‍ക്ക് യാത്രചെയ്യാം.ബിരുദധാരിയായ അംജദ് സിത്താര യ.എ.ഇ.യിലെ ബി.സി.സി. എന്ന നിർമ്മാണക്കമ്പനിയിൽ സി.ഇ.ഒ. ആയി ജോലി ചെയ്യുകയാണ്.അവിടെ ഓഫീസില്‍ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹമാണ് കാര്‍ വാങ്ങുന്നതിനുപിന്നിലെന്ന് അംജദ് പറഞ്ഞു.
ശംഖുമുഖത്ത് പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാർഡ് ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം;കുടുംബത്തിന് 10ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും നൽകും
തിരുവനന്തപുരം: ശംഘുമുഖം കടപ്പുറത്ത് അപകടത്തിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.ജോണ്‍സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ തീരുമാനിച്ചു. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാവും ജോലി നല്‍കുക.പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന് ബോധം നഷ്ടമായി. തുടര്‍ന്ന് ജോണ്‍സനെ കാണാതാവുകയായിരുന്നു. പിന്നീട് രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ജോൺസന്റെ മൃതദേഹം കണ്ടെത്തിയത്.
തലശ്ശേരി സ്വദേശിയായ യുവാവ് ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു
ദുബായ്:തലശ്ശേരി സ്വദേശിയായ യുവാവ് ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു.ദുബായില്‍ സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29 ) ആണ് മരിച്ചത്.ജബല്‍ അലിയില്‍ ജോലിക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു. ലിഫ്റ്റുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം.കോടിയേരി മുല്ലോളി രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റനീഷ്, റന്യ.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പയ്യന്നൂരിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കാണാതായി;കണ്ടെത്തിയത് പഴയങ്ങാടിയിൽ വീട്ടുമതിലിൽ ഇടിച്ച നിലയിൽ
പയ്യന്നൂർ:ചൊവ്വാഴ്ച രാത്രി പയ്യന്നൂർ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് പഴയങ്ങാടിയിലെ ഒരു വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തി.കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മേധാവി മോട്ടോർസ് കമ്പനിയുടെ സ്റ്റാർ ലൈറ്റ് ബസ്സാണ് രാത്രിയിൽ കാണാതായത്.പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണിത്.പയ്യന്നൂർ രാജധാനി തീയേറ്ററിന് സമീപത്തുള്ള പെട്രോൾ പമ്പിലാണ് രാത്രി ഓട്ടം കഴിഞ്ഞ ശേഷം ബസ് നിർത്തിയിട്ടിരുന്നത്.രാത്രി പത്തുമണിയോടെയാണ് പമ്പ് അടച്ചത്.പിന്നീട് പുലർച്ചെ നാലുമണിയോടെ പമ്പിലെത്തിയ ജീവനക്കാരാണ് ബസ് കാണാതായ വിവരം അറിയുന്നത്.തുടർന്ന് ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് ബസ് പഴയങ്ങാടി എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം വീട്ടുമതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മുൻപ് ബസ്സിലെ ക്‌ളീനരായിരുന്ന നാറാത്ത് ആലിങ്കീൽ സ്വദേശിയും പരിയാരത്ത് താമസക്കാരനുമായ ലിധിനെ(25) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.മദ്യലഹരിയിലാണ് ബസുമായി പോയതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.ബസ് മതിലിൽ ഇടിച്ചതിനെ തുടർന്ന് കൈക്ക് പരിക്കേറ്റ ഇയാൾ പരിയാരത്ത് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ബസ് നിർത്തിയിട്ടിരുന്ന പമ്പിലെ സിസിടിവി ക്യാമറയിൽ മുഖം ടവ്വൽ കൊണ്ട് മറച്ചയാൾ രാത്രി പമ്പിലെത്തി ബസുമായി പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു.രാത്രി 12.54 നു പമ്പിലെത്തിയ ഇയാൾ 1.02 ന് ബസ് റോഡിലെത്തിച്ച് തിരിച്ച് ബസ്സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്.
കണ്ണൻ ഗോപിനാഥന്റെ രാജി സ്വീകരിക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ;ജോലിയിൽ തിരികെ പ്രവേശിക്കാൻ നോട്ടീസ്
ന്യൂഡൽഹി:രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെതന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.രാജിക്കാര്യം അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ദാമന്‍ ദിയു ഭരണകൂടമാണ് നോട്ടീസ് അയച്ചത്. കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതരഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.നോട്ടീസ് ലഭിച്ചെന്നറിയിച്ച കണ്ണന്‍ പ്രതികരണമറിയിക്കാന്‍ തയ്യാറായിട്ടില്ല.’20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവില്‍ സര്‍വീസ് തടസ്സമാകുന്നു’ എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്തില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.’ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കണ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്.കലക്ടറായാണ് കണ്ണന്‍ രണ്ടുവര്‍ഷം മുന്‍പ് ദാദ്രനാഗര്‍ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന.2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷന്‍ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണന്‍ പ്രവര്‍ത്തനത്തിനെത്തിയത്. ഒടുവില്‍ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്.