സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന

keralanews plan to increase the price of milma milk in the state

തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന.വിലക്കൂട്ടുന്ന കാര്യം ആവശ്യപ്പെട്ട് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ല. ക്ഷീര കര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നുമാണ് മില്‍മയുടെ വിശദീകരണം.വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നുമാണ് മില്‍മ വ്യക്തമാക്കുന്നത്.നിരക്ക് വര്‍ദ്ധന സംബന്ധിച്ച്‌ പഠിക്കാന്‍ മില്‍മ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് മില്‍മ നിശ്ചയിക്കും. അതിനുശേഷം സര്‍ക്കാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് പിടിയിൽ

keralanews former vice president of the maldives was arrested while attempting to enter india on a freight ship

തൂത്തുക്കുടി:ചരക്കുകപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാലിദ്വീപിന്റെ മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്‌ദുല്‍ ഗഫൂര്‍ തമിഴ്നാട് പൊലീസിന്റെ പിടിയിലായി.വധശ്രമക്കേസില്‍ വിചാരണ നേരിടുന്ന അദീബിനെ തൂത്തുക്കുടി തുറമുഖത്ത് വച്ചാണ് പിടികൂടിയത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.ചരക്കുകപ്പിലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. വിവിധ കേസുകളില്‍ അദീബിനെ അടുത്തിടെ മാലിദ്വീപിലെ കോടതി കുറ്റവിമുക്തനാക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചില കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്‌പോര്‍ട്ട് മാലിദ്വീപ് അധികൃത‌ര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന വിചാരണയ്‌ക്ക് കോടതിയില്‍ ഹാജരാകാനും അദീബ് എത്തിയിരുന്നില്ല. ഇതിനിടെ അദീബ് ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന വിവരം മാലിദ്വീപ് അധികൃതര്‍ കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അദീബ് പിടിയിലായത്.

ജാർഖണ്ഡിൽ മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു

keralanews three year old girl gang raped and beheaded in jamshedpur

ജാർഖണ്ഡ്:ജാർഖണ്ഡിലെ ജംഷഡ്പൂരിൽ മൂന്ന് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു.കേസില്‍ ഉള്‍പ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊലയാളികളില്‍ ഒരാള്‍ 2015ല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയതാണ്.ഇക്കഴിഞ്ഞ  ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.ഇതു സംബന്ധിച്ച്‌ കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി പരിശോധനയില്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതായി കാണുന്നുണ്ട്.തന്റെ ഭര്‍ത്താവിനെ സംശയിക്കുന്നതായാണ് ആദ്യം കുട്ടിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളാണ് കുറ്റവാളികളെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്. വിച്ഛേദിക്കപ്പെട്ട ശേഷം പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം റെയില്‍വേ സ്റ്റേഷനു നാലു കിലോമീറ്റര്‍ ദൂരത്തുള്ള കുറ്റിക്കാട്ടില്‍ വച്ചാണു ചൊവ്വാഴ്ച രാത്രി കണ്ടെത്തിയത്.

മു​ത്ത​ലാ​ഖ് ബി​ല്ലി​ന് മു​ന്‍​കാ​ലപ്രാ​ബ​ല്യ​ത്തോ​ടെ രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

keralanews president give approval for muthalaq bill

ന്യൂഡൽഹി:മുത്തലാഖ് ബില്ലിന് മുന്‍കാല പ്രാബല്യത്തോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ  അംഗീകാരം.ഇതോടെ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റമായി മാറി. നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗീകാരത്തോടെ നിയമമായത്.മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബില്‍(മുത്തലാഖ് നിരോധന ബില്‍) കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് പാസാക്കിയിരുന്നു.2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വരുന്നത്.പലതവണ രാജ്യ സഭയുടെ പടി കയറിയ മുത്തലാഖ് ബില്‍ ജൂലൈ 30 നാണ് പാസായത്. ബില്ലിനെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 84 പേരായിരുന്നു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ചാണ് മുത്തലാഖ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പാസാക്കിയത്.മുസ്ലീം പുരുഷന്‍ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും

കുട്ടികൾക്കായി ‘തനി നാടൻ’ ഗെയിമുമായി സംസ്ഥാന സർക്കാർ

keralanews state govt with local game for children

തിരുവനന്തപുരം:കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന ഗെയിമുകൾക്ക് പകരം മലയാളിത്തമുള്ള തനിനാടന്‍ ആനിമേഷന്‍ ഗെയിമുകള്‍ തയ്യാറാക്കാന്‍ പദ്ധതിയിടുകയാണ് സര്‍ക്കാര്‍.സാംസ്‌കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് മൂല്യമുള്ള ചലിക്കുന്ന ഗെയിമുകള്‍ തയ്യാറാക്കുന്നത്.വെടിവെയ്പ്, ബോംബിങ്, അക്രമങ്ങള്‍ തുടങ്ങിയ ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍ നിറഞ്ഞവ ആസൂത്രണം ചെയ്യുന്നതിനു കേന്ദ്രമൊരുക്കുകയാണ് സാംസ്‌കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു.വിഷ്വല്‍ ഇഫക്‌ട്സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്ത് ഗെയിമുകള്‍ തയ്യാറാക്കും. ആനിമേഷന്‍ വിഷ്വല്‍ ഇഫക്‌ട്സില്‍ അന്താരാഷ്ട്രനിലവാരമുള്ള സ്റ്റുഡിയോകളുടെ സഹകരണവും തേടും. പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് 23 ലക്ഷം രൂപ ചെലവുവരും. അടുത്തവര്‍ഷം ഗെയിമുകള്‍ പുറത്തിറക്കാമെന്നാണു പ്രതീക്ഷ.

ഉന്നാവോ അപകടം;കാറിലിടിച്ച ട്രക്കിന്റെ ഉടമ യു.പി മന്ത്രിയുടെ മരുമകൻ

keralanews unnao accident identified the owner of truck which hit the car

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിംഗ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിസ്ഥാനത്തുള്ള അരുണ്‍ സിംഗ് ബി.ജെ.പി നേതാവും ഉന്നാവ് ബ്ലോക് പ്രസിഡന്റുമാണ്.ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇടിച്ച ലോറിയുടെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ചു മായ്ച്ച നിലയിലായിരുന്നുവെന്നു നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്‌ത്രീകള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതേസമയം, കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച്‌ ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും.

സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

keralanews flood cess will be imposed in the state from today

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന പ്രളയ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ.ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. 12, 18, 28 ശതമാനം ചരക്ക് സേവന നികുതി ബാധകമായ 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരി, പഞ്ചസാര, ഉപ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി അഞ്ച് ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുകള്‍ ബാധകമായ നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടല്‍ ഭക്ഷണം,ബസ്,ട്രയിന്‍ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.സെസ് പ്രാബല്യത്തില്‍ വന്നതോടെ കാര്‍, ബൈക്ക്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൊബൈല്‍ഫോണ്‍, മരുന്നുകള്‍, സിമന്‍റ്, പെയ്ന്‍റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി വരെയുള്ള ചെറുകിട വ്യാപാരികള്‍ വിറ്റഴിക്കുന്ന സാധനങ്ങളെ സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്കാകും സെസ് പിരിക്കുക. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ് ബാധകമാകുക.രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രളയസെസ് ഈടാക്കുന്നതിനുള്ള മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റ്‌വേറുകളില്‍ വരുത്താന്‍ നികുതി വകുപ്പ് വ്യാപാരികളോട് നേരത്തേതന്നെ അഭ്യര്‍ഥിച്ചിരുന്നു. അതത് മാസത്തെ പ്രളയസെസ് സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട ഫോം മുഖേന www.keralataxes.gov.in എന്ന വെബ്‌സൈറ്റുവഴി സമര്‍പ്പിക്കാനും സംസ്ഥാന ജി.എസ്.ടി. കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.