വയനാട്:തിരുനെല്ലി നെട്ടറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി വയനാട് കളക്ടര്‍ക്ക് കത്തെഴുതി.പാലം പണിയുടെ കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.വയനാട്ടിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായ തിരുനെല്ലിയിലെ കാളിന്ദി പുഴയ്ക്ക് കുറുകെയുള്ള നെട്ടറ പാലം 2006 ലാണ് തകരുന്നത്. സമീപത്തെ കോളനിയിലെ കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ പാലം. കഴിഞ്ഞ 13 വര്‍ഷമായി പുഴയ്ക്ക് കുറുകെ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക മരപ്പാലമാണ് കോളനി നിവാസികള്‍ ഉപയോഗിച്ചിരുന്നത്.മഴക്കാലത്ത് ഈ മരപ്പാലം തകരുന്നത് പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രളയ സമയത്ത് ഉള്‍പ്പടെ ഈ കോളനിയിലെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ടായി.പിന്നീട് മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പുതിയ പാലം നിര്‍മ്മാണത്തിമായി 10 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പുരോഗതിയൊന്നുമില്ലെന്നും കത്തിൽ പറയുന്നു.ഈ സാഹചര്യത്തില്‍ നെട്ടറ ആദിവാസി കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കണമെന്നും ഈ സമയത്ത് കോളനി നിവാസികള്‍ക്ക് മറ്റ് ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു.ജൂലായ് 31 നാണ് രാഹുല്‍ എം.പി എന്ന നിലയില്‍ ജില്ലാ കളക്ടടര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം;പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന;ശ്രീറാമിന്റെ രക്തസാംപിള്‍ എടുക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിപ്പിച്ചതായും ആരോപണം
തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ച് തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകള്‍ ദുര്‍ബലമാകാന്‍ സാധ്യതയെന്ന് സൂചന. ശ്രീറാമിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലമെന്നാണ് വിവരം. രക്തസാംപിള്‍ എടുക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിപ്പിച്ചത് ശ്രീരാമിനെ തുണയ്ക്കുമെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.രക്തത്തില്‍ മദ്യത്തിന്‍റെ അംശമില്ലെന്ന വിവരം ലാബ് അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്‍റെ അംശം ഇല്ലാതിരിക്കാന്‍ കാരണം. അപകടംനടന്ന് 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്. അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിള്‍ എടുക്കാനും ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ മണമുണ്ടായിരുന്നെന്ന് കുറിച്ചു.ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു സാംപിള്‍ എടുത്തത്. അതിനിടെ മദ്യത്തിന്‍റെ അംശം കുറക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകള്‍ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ബാക്കിയാണ്.
സുരക്ഷാഭീഷണി;അമര്‍നാഥ് തീര്‍ഥാടകര്‍ ഉടൻ തന്നെ താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍
ശ്രീനഗർ:സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയും പെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍.അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന്‍ സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടതിന് പിന്നാലയാണ് സര്‍ക്കാര്‍ നിര്‍ദേശം.അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന്‍ നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി സൈന്യം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീര്‍ഥയാത്രാപാതയില്‍നിന്ന് പാക്സൈന്യത്തിന്റെ കുഴിബോംബും ടെലിസ്‌കോപ്പ് ഘടിപ്പിച്ച എം 24 അമേരിക്കന്‍ സ്നൈപ്പര്‍ തോക്കും കണ്ടെത്തിയതായി ചിന്നാര്‍ കോര്‍പ്സ് കമാണ്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കശ്‌മീരിലെ സമാധാനം നശിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും ധില്ലന്‍ പറഞ്ഞു. കശ്മീരില്‍ കൂടുതലായി സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കരസേന വാര്‍ത്താസമ്മേളനം വിളിച്ചത്.
ഉന്നാവ് അപകടം; ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസന്വേഷിക്കുന്ന സിബിഐ ഇന്ന് ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗറിനെ ചോദ്യം ചെയ്തേക്കും.സീതാപൂര്‍ ജയിലില്‍ കഴിയുന്ന എം എല്‍ എ യെ ചോദ്യം ചെയ്യാന്‍ ലാഹോര്‍ കോടതി അനുമതി നല്‍കിയിരുന്നു. എം എല്‍ എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകനും അപകടം ഉണ്ടാക്കിയ ട്രക്കിന്റെ ഉടമയുമായ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും.ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.അപകടസ്ഥലം കേന്ദ്ര ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തും.യുപി റായ്‍ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്.അപകടത്തിൽ രണ്ടുപേർ മരിച്ചു.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിലാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കാതെ ആദ്യം വിട്ടയച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍ പോലും പോലീസ് തയ്യാറായത്.വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.
കുതിപ്പിനൊരുങ്ങി ഇലക്ട്രിക്ക് കാർ വിപണി;5 ബ്രാൻഡുകളിലുള്ള പുതിയ ഇലക്ട്രിക്ക് കാറുകൾ ഇന്ത്യൻ നിരത്തിലേക്ക്
അടുത്തിടെ ഹ്യുണ്ടായി തങ്ങളുടെ ഇലക്ട്രിക്ക് കാറായ കോന ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുകയുണ്ടായി.ഏകദേശം 25.30 ലക്ഷം രൂപ വിലവരുന്ന ഈ കാറിന് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്.വെറും 10 ദിവസത്തിനുള്ളിൽ 120 കറുകൾക്കുള്ള ബുക്കിംഗ് നേടിയെടുക്കാൻ കമ്പനിക്ക് സാധിച്ചു.ഹ്യുണ്ടായി മാത്രമല്ല മറ്റ് പ്രമുഖ കാർനിർമാണ കമ്പനികളും തങ്ങളുടെ ഇലക്ട്രിക്ക് വേർഷൻ കാറുകൾ വിപണിയിലെത്തിക്കാനുള്ള പദ്ധതിയിലാണ്.ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് കാറുകൾ അവതരിപ്പിക്കാനൊരുങ്ങുന്ന അഞ്ച് ഇലക്ട്രിക്ക് കാറുകളുടെ ലിസ്റ്റാണ് ഇവിടെ നൽകുന്നത്.
മഹീന്ദ്ര eKUV100:
മഹീന്ദ്രയുടെ ഇലക്ട്രിക്ക് വേർഷൻ കാറായ KUV 100 2018 ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.ഈ പുതിയ മോഡൽ ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറായിരിക്കുകയാണ്.അടുത്തിടെ വിപണിയിൽ നിന്നും നിർത്തലാക്കിയ മഹീന്ദ്ര e20 പകരമായാണ് പുതിയ KUV 100 വിപണിയിലെത്തുന്നത്. 2020 ന്റെ ആദ്യ പകുതിയിലായിരിക്കും eKUV 100 വിപണിയിലിറക്കുക.നിലവിലുണ്ടായിരുന്ന e2O ഇലക്ട്രിക്ക് കാറിനെ അപേക്ഷിച്ച് പരിഷ്‌കരിച്ച, കൂടുതല്‍ മെച്ചപ്പെട്ട ഇലക്ട്രിക്ക് മോട്ടറുകളും ഘടകങ്ങളുമായിരിക്കും വാഹനത്തില്‍ വരുന്നത്. 120 Nm torque ഉം 40 kWh കരുത്തും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് e-KUV -ക്ക് മഹീന്ദ്ര നൽകിയിരിക്കുന്നത്.15.9 kWh ബാറ്ററികളാവും വാഹനത്തില്‍ വരുന്നത്.പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള കഴിവാണ് ഈ ബാറ്ററിക്കുള്ളത്.
മഹീന്ദ്ര XUV 300 ഇലക്ട്രിക്ക്:
മഹീന്ദ്ര തങ്ങളുടെ XUV 300 അടിസ്ഥാനമാക്കിയുള്ള All Electric Compact SUV പുറത്തിറക്കാനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.2020 ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ ഈ SUV അവതരിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.2020 ന്റെ പകുതിയോടെ കാർ വിപണിയിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാറിന്റെ പ്രത്യേകതകൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 250kmph ദൂരം XUV300 ഇലക്ട്രിക്ക് വേർഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല 11 സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 kmph വേഗത ആർജ്ജിക്കുകയും പരമാവധി 150 kmph വേഗത കൈവരിക്കാനാകുമെന്നുള്ളതും XUV 300 ഇലക്ട്രിക്ക് കാറുകളുടെ പ്രത്യേകതകളാണ്.
എംജി EZS:
ചൈനീസ് വാഹന നിർമ്മാതാക്കളായ SAIC (ഷാങ്ഹായി ഓട്ടോമോട്ടീവ് ഇന്ഡസ്ട്രി കോർപറേഷൻ) ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ബ്രാന്ഡായ എംജി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് eZS ഇലക്‌ട്രിക് എസ്യുവി. ആദ്യ മോഡലായ ഹെക്റ്റർ മികച്ച ജനപ്രീതി നേടിയതിന് പിന്നാലെ പുതിയ ചെറു ഇലക്‌ട്രിക് എസ്.യു.വി കൂടി എത്തുന്നതോടെ ഇന്ത്യൻ വിപണിയിൽ അടിത്തറ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് എംജി.ഈ വർഷം അവസാനത്തോടെ eZS ഇലക്‌ട്രിക് ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഒറ്റ ചാർജിൽ 262 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ചെറു ഇലക്‌ട്രിക് എസ്.യു.വിക്ക് സാധിക്കും. എംജി നിരയിലെ ഏറ്റവും സാങ്കേതിക തികവേറിയ മോഡലാണിതെന്ന് കമ്പനി പറയുന്നു. ഇലക്‌ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേൺ ബാറ്ററിയും ചേർന്ന് 143 പിഎസ് പവറും 353 എൻ എം ടോർക്കും വാഹനത്തിൽ ലഭിക്കും.സ്റ്റാൻഡേർഡ് 7kW ഹോം ചാർജർ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാം.റെഗുലർ പെട്രോൾ ZS മോഡലിന്റെ അതേ രൂപമാണ് ഇതിന്റെ ഇലക്‌ട്രിക്കിനും. കോനയുടെ എക്സ്ഷോറൂം വില 25 ലക്ഷം രൂപയാണ്. അതേസമയം eZSന് ഇതിനും താഴെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബറോടെ ബ്രിട്ടീഷ് വിപണിയിലെത്തുന്ന eZSന് 21,495-23,495 പൗണ്ട് (18.36-20.07 ലക്ഷം രൂപ) വരെയാണ് വിലയെന്നും എംജി വ്യക്തമാക്കിയിട്ടുണ്ട്.
ടാറ്റ അൾട്രോസ് EV:
2019 ജനീവ മോട്ടോർ ഷോയിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആൾട്രോസ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. 2020 ൽ ഇവി ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിതീകരിച്ചിട്ടുണ്ട്.60 മിനിറ്റിനുള്ളില് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുന്ന പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറാണ് അൾട്രോസ് ഇ വിയിൽ സജ്ജീകരിച്ചിരിക്കുന്നത്.ഒരൊറ്റ ചാർജിൽ 250-300 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് ഒരു പടി മേലെ നില്‍ക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ആള്‍ട്രോസിനുള്ളത്. താഴ്വശം പരന്ന തരത്തിലുള്ള സ്റ്റിയറിങ് വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.ഡാഷ് ബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക്ക്, മികച്ച ഓഡിയോ സിസ്റ്റം, പിന്‍ ഏസി വെന്റുകള്‍ എന്നിവ ആള്‍ട്രോസിന്റെ അകത്തളത്തെ ശ്രേണിയില്‍ ഏറ്റവും ആഢംബരം നിറഞ്ഞതാക്കുന്നു.ടാറ്റയുടെ ഏറ്റവും പുതിയ ഇമ്പാക്ട് 2.0 ഡിസൈനാണ് ആട്രോസിനുള്ളത്.
മാരുതി വാഗൺ ആർ ഇ വി:
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2020 ൽ ഓൾ-ഇലക്ട്രിക് വാഗൺ ആർ ഹാച്ച്ബാക്ക് വിപണിയിലെത്തിക്കും.വാഗണ്‍ ആര്‍ ഹാച്ച്‌ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കുമിത്. ഇതിന് ഏകദേശം 10 ലക്ഷം രൂപ വിലവരും. ആദ്യ ഘട്ടത്തില്‍ സിറ്റി കാറായി പുറത്തിറക്കുന്ന വാഗണ്‍ ആര്‍ ഇലക്‌ട്രിക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും
അമ്പൂരി കൊലക്കേസ്;കൊലനടത്താനുപയോഗിച്ച കയറും മൺവെട്ടിയും കണ്ടെടുത്തു
തിരുവനന്തപുരം:അമ്പൂരി കൊലക്കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും പിന്നീട് മൃതദേഹം മറവുചെയ്യാൻ കുഴിയെടുക്കുന്നതിന് ഉപയോഗിച്ച മൺവെട്ടിയും കണ്ടെടുത്തു.കേസിലെ മുഖ്യപ്രതി അഖിലിന്റെ വീടിന്റെ പരിസരത്തു നിന്നാണ് കയറും പിക്കാസും കണ്ടെത്തിയത്.അഖിൽ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ച് കൊടുത്തത്.നാട്ടുകാരുടെ പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ പൊലീസ് കൂടുതൽ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്‍റെ വീട്ടിലായിരുന്നു തെളിവെടുപ്പ്.തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പും കണ്ടെത്തി. കഴിഞ്ഞ തവണ അഖിലിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞിരുന്നു. ഇത്തവണ നാട്ടുകാർ പൊലീസിന് ജയ് വിളിച്ചു.രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴിയിൽ വിതറാനായി ഉപ്പ് വാങ്ങിയ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി.അതേസമയം, രാഖിയുടെ വസ്ത്രങ്ങളും മൊബൈലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നാണ് പൊലീസ് കരുതുന്നത്.
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി:കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.ചീഫ് ജസ്‌റ്റിസ് ഋഷികേഷ് റോയ് , ജസ്‌റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.കേസ് ഡയറി പോലും പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. 2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂര്‍ റെയിഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജി ഫെബ്രുവരി 27ന് സിംഗിള്‍ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാര്‍ച്ച് ആറിനാണ്. അടുത്ത ദിവസമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹര്‍ജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധി. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ബെഞ്ച് വിധി മാര്‍ച്ച് 14ന് തന്നെ സ്റ്റേ ചെയ്തിരുന്നു.
റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാൻ;ആഗസ്റ്റ് 5 മുതല്‍ 31വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിെന്‍റ ഭാഗമായി സംസ്ഥാനത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ 31വരെ സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്തും.ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാണ് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്ത പരിശോധനകള്‍ മറ്റ് വിഭാഗങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കുന്നത്.ആഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലൈന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നല്‍ ജംപിങ്ങും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്‌ട് കാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന. പരിശോധനകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനതലത്തില്‍ ഐ.ജി ട്രാഫിക്കിനെ നോഡല്‍ ഓഫിസറായും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), ചീഫ് എന്‍ജിനീയര്‍ (എന്‍.എച്ച്), ആരോഗ്യ, വിദ്യാഭ്യാസവകുപ്പ് മേധാവികള്‍ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലതലത്തില്‍ കലക്ടര്‍ ചെയര്‍മാനും ജില്ല പൊലീസ് സൂപ്രണ്ട് നോഡല്‍ ഓഫിസറായും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്) തുടങ്ങിയവര്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികള്‍ ആഴ്ചതോറും നടപടികള്‍ അവലോകനം ചെയ്യും.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡൽഹി:കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.രാജ്യത്തെ ജനങ്ങളുടെ 39 ശതമാനത്തോളം വരുന്ന കട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വനിതാ – ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. രാജ്യസഭ നേരത്തെതന്നെ പാസാക്കിയ ബില്‍ ഇനി രാഷ്ട്രപതി അംഗീകരിച്ചാല്‍ നിയമമാകും. ഈ വര്‍ഷം ജനുവരി 8ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികളില്ലാതെ വീണ്ടും കൊണ്ടുവരുന്നത്.പുതിയ ഭേദഗതി പ്രകാരം കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാം. അതേപോലെ കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.ഇതിന് പുറമെ ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്‍റെ പരിധിയില്‍ വരും.പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍.