കോഴിക്കോട്:വടക്കൻ കേരളത്തിൽ ശക്തമായി പെയ്യുന്ന മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കലക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.രാത്രി മുതല്‍ കനത്ത മഴയാണ് വടക്കന്‍ ജില്ലകളില്‍ ലഭിക്കുന്നത്. നിലമ്പൂരിൽ 11 സെന്റിമീറ്ററും കോഴിക്കോട്ട് ഒന്‍പതു സെന്റിമീറ്ററും വടകരയില്‍ എട്ടു സെന്റിമീറ്ററും മഴ ലഭിച്ചു.മണിക്കൂറില്‍ 50 കി.മി വരെ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.അതേസമയം കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ കുറിച്യർ മലയിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലുണ്ടായതിനേത്തുടര്‍ന്ന് ഇവിടെ രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൂനെയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;കണ്ണൂർ സ്വദേശിയായ യുവാവിനെ കാണാതായി
പൂനെ:മഹരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും കൂടെയുണ്ടായ മലയാളിയെ കാണാതാവുകയും ചെയ്തു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെയാണ്(40) കാണാതായത്. വൈശാഖിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിതീഷ് ഷേലാരുവാണ് മരിച്ചത്.നിതീഷും വൈശാഖും കൂടി കൊയ്‌ന അണക്കെട്ടിലേക്ക് വിനോദ യാത്ര പോയതായിരുന്നു. ശനിയാഴ്ച രാത്രിയോടെ പബല്‍ നാല എന്ന സ്ഥലത്തുവച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ അപകടത്തില്‍പ്പെട്ട കാര്‍ കാണുന്നത്.സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിതീഷിന്റെ മൃതദേഹം കാറില്‍ നിന്ന് ലഭിച്ചു.അതേസമയം പൊലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്താനായില്ല.കുടുംബസമേതം ന്യൂസിലാൻഡിൽ താമസിക്കുന്ന വൈശാഖ് ഔദ്യോഗിക ആവശ്യത്തിനായി അടുത്തിടെയാണ് പൂനെയിലെത്തിയത്.
ഡൽഹിയിലെ ഫ്ലാറ്റിൽ വൻ തീപിടുത്തം;രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു മരണം
ന്യൂഡൽഹി:ഡൽഹിയിലെ സാക്കിർ നഗറിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തതിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർ മരിച്ചു.11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആളുകൾ തിങ്ങിപ്പാർത്തിരുന്ന കെട്ടിടത്തിലാണ് അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. പൂലർച്ചെ 2 മണിയോടെ, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവൻ വ്യാപിക്കുകയായിരുന്നു.പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന് ചുറ്റും നിർത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തിൽ കത്തി നശിച്ചു. എട്ട് ഫയർ എഞ്ചിനുകൾ രാത്രി മുഴുവൻ ശ്രമിച്ചാണ് തീ പൂർണമായും അണയ്ക്കാനായത്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫ ഫിറോസിന്റെ മൊഴി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ വാഹനപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ സുഹൃത്ത് വഫ ഫിറോസിന്റെ മൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വഫ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.സംഭവം നടന്ന അന്ന് തന്നെ വഫയുടെ മൊഴി പോലീസ് മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിരുന്നു.അമിത വേഗതയിലാണ് ശ്രീറാം കാര്‍ ഡ്രൈവ് ചെയ്തത്. വേഗത കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രീറാം ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും വഫ നല്‍കിയ മൊഴിയില്‍ പറയുന്നു.എന്നാല്‍ വഫയുടെ മൊഴി പുറത്തുവന്നതോടെ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.കേസിലെ പ്രധാന സാക്ഷിയാണ് അപകട സമയത്ത് വാഹനത്തില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ.
എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു
കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.കൊച്ചിയിലെ സിനിമാ – ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി.ലണ്ടൻ സ്കൂൾ ഓഫ് മ്യൂസികിൽ നിന്ന് 8th ഗ്രേഡിൽ പിയാനോ കോഴ്‍സ് പാസ്സായ അനിത മികച്ച പിയാനോ വിദഗ്‍ധയുമായിരുന്നു. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അവർ.മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.
ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസാണ് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ട് കേരളത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത് ആദ്യത്തെ സംഭവമാണെന്നാണ് വിവരം. നിലവില്‍ സര്‍വെ ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.
കേസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മെഡിക്കല്‍ കൊളേജിലെ സെല്ലില്‍ നിന്ന് ശ്രീറാമിനെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയെന്നാണ് വിവരം.ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാല്‍ അടുത്ത 72 മണിക്കൂര്‍ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ വെക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.
സംഘർഷ സാധ്യത;കശ്മീരില്‍ 8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ആം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍.8000 അര്‍ധ സൈനികരെയാണ് വ്യോമസേനയുടെ സി-17 യാത്രാവിമാനത്തില്‍ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ് അര്‍ധസൈനികരെ കശ്മീരിലേക്ക് കൊണ്ടുപോയത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മുപ്പത്തി അയ്യായിരത്തിലധികം അര്‍ദ്ധസൈനികരെ കേന്ദ്രം ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു.നിലവില്‍ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളെല്ലാം തന്നെ വിച്ഛേദിക്കപ്പെട്ടു കഴിഞ്ഞു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ രാജ്യസഭയില്‍ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.
അഭിനന്ദൻ 151 പ്ലാനുമായി ബിഎസ്എൻഎൽ;ഡാറ്റ അലോട്ട്മെന്റ് പ്രതിദിനം 1.5 ജി.ബി ഡാറ്റയായി ഉയര്‍ത്തി
ന്യൂഡൽഹി:ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ വീണ്ടും രംഗത്ത്.കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലോട്ട് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ അഭിനന്ദൻ 151 എന്ന പ്ലാൻ ആവിഷ്‌ക്കരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇത് കൂടുതല്‍ മത്സരാത്മകമാക്കുന്നതിന്, ബി.എസ്.എന്‍.എല്‍ ഉപഭോക്താവിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഇത് പരിഷ്കരിച്ചിരിക്കുകയാണ്. നേരത്തെ ഈ പാക്കിൽ ദിവസേന 1gb ഡാറ്റയാണ് ബിഎസ്എൻഎൽ നൽകിയിരുന്നത്.എന്നാൽ ഇപ്പോൾ ഇത് 1.5 GB ആയി ഉയർത്തിയിരിക്കുകയാണ്.ഈ പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ, ദിനവും 1.5 ജി.ബി ഡാറ്റ, 100 എസ്.എം.എസ് എന്നിവയാണ് ലഭിക്കുക. ഡൽഹി, മുംബൈ അടക്കം ബി.എസ്.എൻ.എല്ലിൻറെ എല്ലാ മേഘലകളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും. ബി.എസ്.എൻ.എൽ 151 രൂപ പ്ലാനിൻറെ സമയപരിധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്.എം.എസും 24 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ കണക്ഷൻ ഉള്ളവർക്കും പുതുതായി കണക്ഷൻ എടുക്കുന്നവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം.345 ദിവസ്സം വരെ ലഭ്യമാകുന്ന ഓഫറുകളും BSNL പുറത്തിറക്കിയിരുന്നു.1,188 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന മാതുറാം പ്രീ പെയ്ഡ് ഓഫറുകളാണിത് .1188 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോക്താക്കൾക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു.കൂടാതെ 1,200 SMS മുഴുവനായി ഇതില്‍ ലഭ്യമാകുന്നതാണ്.345 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത് .
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും തീരുമാനം
ശ്രീനഗർ:ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനും തീരുമാനമായി. ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കാനാണ് തീരുമാനം.കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370 ആം വകുപ്പ്.ജമ്മു കശ്മീരിനെ സംബന്ധിച്ച് മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് രാജ്യസഭ അധ്യക്ഷന്‍വെങ്കയ്യ നായിഡു പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കുകയായിരുന്നു. നേരത്തെ ഒരു ബില്‍ മാത്രമാണ് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.അതേസമയം, വിഷയത്തില്‍ രാജ്യസഭയില്‍ കടുത്ത പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിര്‍ണായ നീക്കം നടത്തിയത്.കാശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പത്രികയിലും ബി.ജെ.പി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:-
* ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രതേക പദവിയില്ല.
* ജമ്മു-കശ്മീര്‍ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരില്‍ നിയമസഭ ഉണ്ടായിരിക്കും.
* ലഡാക്ക് ഇനി കശ്മീരിന്‍റെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല.
ആർട്ടിക്കിൾ 35A:
1954ല്‍ രാഷ്ട്രപതിയുടെയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് 35ആം അനുച്ഛേദം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത്. ജമ്മു കാശ്മീരിലെ പൗരന്മാര്‍ക്ക് പ്രത്യേക അധികാരവും അവകാശങ്ങളും നല്‍കുന്നതാണ് ഈ നിയമം. ഈ നിയമം അനുസരിച്ച് പുറത്തുനിന്നും ഒരാളെ വിവാഹം കഴിക്കുന്ന ജമ്മു കാശ്മീരിലെ ഒരു യുവതിക്ക് ജമ്മു കാശ്മീരിലുള്ള തന്റെ സ്വത്തുക്കളില്‍ അവകാശം ഉണ്ടായിരിക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്ന സ്ത്രീയ്ക്ക് മാത്രമല്ല അവരുടെ അനന്തരാവകാശികള്‍ക്കും ഈ സ്വത്തുക്കളില്‍ അവകാശം ഉന്നയിക്കാനാകില്ല. മാത്രമല്ല പുറത്ത് നിന്നും കാശ്മീരിലേക്ക് എത്തുന്നവര്‍ക്ക് സ്ഥലം, വീട് പോലുള്ള സ്വത്തുക്കള്‍ സമ്ബാദിക്കാന്‍ ഈ നിയമം അനുവദിക്കുന്നില്ല. ഇവര്‍ക്ക് അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്ത് താമസിക്കാനോ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാകാനോ സാധിക്കില്ല. സ്ഥിരതാമസക്കാരല്ലാത്തവരെ സര്‍ക്കാരില്‍ ജോലിക്കെടുക്കുന്നതിനും ഈ നിയമം അനുസരിച്ച് വിലക്കുണ്ട്.ഈ വ്യവസ്ഥ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല.1954ല്‍ നെഹ്രു മന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.ജമ്മുകാശ്‌മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയില്‍ മാറ്റം വരുത്താന്‍ രാഷ്‌ട്രപതിക്ക് അധികാരം നല്‍കുന്ന 370 (1) (ഡി ) വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്.ഭരണഘടനയിലെ 368 (i) വകുപ്പ് പ്രകാരം പാര്‍ലമെന്റിന് മാത്രമാണ് ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരം.
ആര്‍ട്ടിക്കിള്‍ 370:
ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് സ്വയംഭരണാധികാരം നല്‍കുന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 370. എന്നാല്‍ ഇത് ‘താല്‍ക്കാലിക’ നിയമമാണ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മേല്‍നോട്ടത്തിലാണ് ഈ നിയമം നിലവില്‍ വരുന്നത്. ഈ നിയമം അനുസരിച്ച് കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപഭരണഘടനയുമുണ്ട്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളില്‍ മാത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നത്.മറ്റു വകുപ്പുകളില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്.പക്ഷെ ഈ പദവികള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല. പ്രത്യേക പദവികള്‍ ഉണ്ടെങ്കിലും 1952 ലെ ഡല്‍ഹി കരാര്‍ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലേതിന് സമാനമായ മതേതരത്വം നിയമവിധേയമായ സംസ്ഥാനമാണ് കാശ്മീര്‍.മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ ഭരണഘടനാ വ്യവസ്ഥകളും ജമ്മുകാശ്‌മീരിന് ബാധകമല്ല. ജമ്മുകാശ്മീരിന് സ്വന്തം ഭരണഘടനയുണ്ട്.പ്രതിരോധം, വിദേശകാര്യം, ധനകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവ ഒഴികെ എല്ലാ നിയമങ്ങളും ജമ്മുകാശ്മീരില്‍ ബാധകമാക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ അനുമതി വേണം.പൗരത്വം, സ്വത്ത് ഉടമസ്ഥാവകാശം, മൗലികാവകാശം തുടങ്ങിയവയിലെല്ലാം സംസ്ഥാനത്തിന് സ്വന്തം നിയമങ്ങളാണ്.ഭരണഘടനയിലെ 360 ആം വകുപ്പ് പ്രകാരമുള്ള സാമ്ബത്തിക അടിയന്തരാവസ്ഥ കാശ്‌മീരില്‍ ഏര്‍പ്പെടുത്താന്‍ 370 ആം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമില്ല.യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാല്‍ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ.ആഭ്യന്തര സംഘര്‍ഷമുണ്ടായാലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല.
മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: അനുവദനീയമായതിൽ കൂടുതല്‍ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഫുഡ് സെഫ്റ്റി കേരള വഴി പുറത്തുവിട്ടു. അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിദ്ധ്യം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് S&S ഫുഡ് ഇൻഡസ്ട്രീസ് തൃശൂർ ഉദ്പാദിപ്പിക്കുന്ന മാക്ഡോവൽഡ്രിങ്കിങ് വാട്ടർ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്നും അശാസ്ത്രീയമായി ഇവര്‍ വെള്ളം പാക്കേജ് ചെയ്ത് നല്‍കുകയാണെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.ഇത്തരത്തില്‍ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ മാര്‍ക്കറ്റില്‍ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്‍റെ വില്‍പ്പന തടയാനും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.